ചുരുളീ എന്ന എന്ന പേരില്‍ ഒരു നവസിനിമ പുറത്തിറങ്ങി. രാത്രിയുടെ മറവില്‍ ഒളിസേവക്കിറങ്ങിയിരുന്ന ഫ്യൂഡല്‍ പകല്‍മാന്യത്തമ്പുരാക്കളെ പോലെ തലയില്‍ മുണ്ടിട്ട ഒരു തരം സുന്ദര സദാചാര മാന്യന്മാര്‍ പ്രസ്തുത സിനിമക്കു നേരെ ഡെമോക്ലസിന്റെ വാളൂമായി വരുന്നു . കുട്ടികളെ വഴി തെറ്റിക്കും ചുരുളീ എന്നു വരെ വാദമുയരുന്നു . അതിനാല്‍ ചുരുളീ ‘ നിരോധിക്കണം ‘ എന്നാവശ്യപ്പെട്ട് വരെ പൊതു താത്പര്യ ഹര്‍ജി വരുന്നു. അന്വേഷിച്ചു റിപ്പോര്‍ട്ടടിക്കാന്‍ പോലീസ് സേന നിയുക്തമാക്കപ്പെടുന്നു . യഥാര്‍ത്ഥത്തില്‍ , ഇത്തരത്തിലുള്ള നേരം പോക്ക് സാമൂഹ്യസേവനകേസുകള്‍ നിഷ്ക്കരുണം തള്ളപ്പെടേണ്ടതാണ്.
ചിതലുകളും സമൂഹത്തിന് ആവശ്യമാണന്നല്ല, അത്യന്താപേക്ഷിതമാണ് എന്ന ചിന്താശൂന്യതയിലേക്ക് നീതിന്യായ വ്യവസ്ഥയും അപനയിക്കപ്പെട്ടിരിക്കുന്നു. അല്പ്പം നര്‍മ്മബോധം ഉള്ളവര്‍ക്ക് പ്രസ്തു തരം ഹര്‍ജിക്കാരെ ‘ ആചാരവെടി’ നല്കി
ആദരിക്കണമെന്നു സര്‍ക്കാരിനോടൂം , അതിനു സര്‍ക്കാര്‍ തയാറാവുന്നില്ലെങ്കില്‍ പ്രസ്തുത ആചാരവെടി മേല്‍ ചൊന്ന തരം വ്യക്തികള്‍ക്ക് ഉടന്‍ നല്‍കാന്‍ സര്‍ക്കാരിന് ഉത്തരവ് കൊടുക്കാന്‍ മറ്റൊരു പൊതു താത്പര്യ ഹര്‍ജി നല്‍കാവുന്നതാണ്.
മനുഷ്യര്‍ വിലപിടിപ്പുള്ള ഭക്ഷ്യപാനീയങ്ങള്‍ തിന്നാനും കുടിക്കാനും പാത്രമേ പാടൂള്ളു, മൂത്രം വഴിയോ മലം വഴിയോ അവയിലെ വേസ്റ്റ് പുറന്തള്ളീക്കൂട എന്നും വാദിച്ച് പൊതു താത്പര്യ ഹര്ജി വരുമോ എന്നറിഞ്ഞുകൂട. കലികാലമല്ലേ അതും സംഭവിച്ചേക്കാം . അത്തരം കുത്സിതവൃത്തികളും വിലമതിക്കപ്പെട്ടേക്കാം ( ഗതികേടിന്റെ ഉച്ചകോടിയത്രേ ഇത്!)
ഇനി ചുരുളീയിലേക്ക്, ശ്രീ പത്മരാജന്റെ ‘ ഒരു ഫയല്‍വാന്റെ കഥ’ എന്ന ചിത്രത്തിനു ശേഷം ഗ്രാമീണതയുടെ വന്യസൗന്ദര്യ ഒരു എഡിറ്റിംഗും കൂടാതെ ദൃശ്യഘോഷിക്കപ്പെടുന്ന അപൂര്വ്വ സിനിമാ സംരംഭമാണൂ ചുരുളി. ഒരു വീടിനു ഊണുമുറി പോലെ പ്രധാനപ്പെട്ടതാണ് കക്കൂസും. അതുകൊണ്ട് ഡൈനിംഗ് ഹാളില്‍ നടക്കുന്നത് ചിത്രീകരിക്കാമെങ്കില്‍ കക്കൂസിനുള്ളിലെ ജീവിതാവസ്ഥയും ദൃശ്യവത്ക്കരിക്കുന്നതില്‍ തെറ്റൊന്നുമില്ല.
നമ്മുടെ തൊട്ടയല്‍വാസികളായ തമിഴര്‍ ഇത്രെയോ മുന്‍പ് യഥാതഥമായി ആവിഷ്ക്കരിച്ചിരിക്കുന്നു . തെറി എന്ന തമിഴ് ചലചിത്രത്തെ ‘തെരി’ എന്ന ശീര്‍ഷകത്തിലേക്കു മാറ്റി പ്രതിഷ്ഠിച്ച മലയാളികളുടെ സദാചാരബുദ്ധിയെ ഹാ! കഷ്ടം എന്നേ വിശേഷിപ്പിക്കാനാവൂ.
എന്നാല്‍ പുതുതലമുറ കലാകാരന്മാര്‍/ കലാകാരികള്‍ ഈ വക തീട്ടൂരങ്ങളെ ലംഘിക്കാനുള്ള ധീരത കാട്ടുന്നുണ്ടെങ്കില്‍ നാം ആശ്വസിക്കുക അതുകൊണ്ട് ക്രാന്തദര്‍ശിയായ ചലചിത്രകാരന്‍ പദ്മരാജന് സാധിക്കാത്തത് ചുരുളീയുടെ ശില്പ്പികള്‍ക്ക് സാധിക്കുന്നു.
ഏതാനും ദിവസത്തേക്ക് മനോമാലന്യങ്ങള്‍ ഒഴുക്കി കളയാനുതകുന്ന കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനെ നിരോധിക്കാന്‍ മുന്‍കയ്യെടുത്ത ഉത്തമ ( യഥാര്ത്ഥത്തില്‍ അധമ) സമൂഹമാണ് കേരളീയ ജനത. ‘ കെട്ടിക്കിടക്കുന്ന തെറിവാക്ക് ചുമന്നെന്റെ കണ്ഠം കഴയ്ക്കുന്നു’ എന്ന് ഒരു ക്രാന്തദര്‍ശകവി – കെ. ജി. ശങ്കരപ്പിള്ള – എഴുതിയ തരം ദുസഹായാവസ്ഥയില്‍ വീര്പ്പുമുട്ടാനേ കപട സദാചാരത്തില്‍ നിന്നും പ്രാമുഖ്യം നല്കുന്ന കപട മഹിത മാന്യ മലയാളി സഹൂഹത്തിനാകു.
യഥാര്ത്ഥ സദാചാരവൃത്തര്‍ യുവജനതയുടെ നിഷേധവാസനയെ യൗവനത്തിന്റെ പൊതു സ്വഭാവമെന്നു കരുതി അത്തരം കാലാനുബന്ധിയായ പ്രവൃത്തികള്‍ക്കു നേരെ, ആ പരിഷ്ക്കരണ ത്വരക്കു നേരെ സഹിഷ്ണുതാ മൗനം പാലിക്കയേ ഉള്ളു എന്നും മനസിലാക്കുക.
സ്വഭാവിക തെറി ഭാഷണങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ എന്തെന്ത് ചാരുതയുള്ള സമ്പന്നദൃശ്യങ്ങളാണ് (സാമ്പത്തിക സമ്പന്നതയല്ല ഇവിടെ വിവക്ഷ) ചുരുളി പ്രേക്ഷകര്‍ക്കു നല്കുന്നതെന്ന് ഓര്‍ക്കുക. പെണ്ണിനു വരെ അസഭ്യം പറയുവാന്‍ തന്റേടം പ്രവര്‍ത്തിക്കുവാന്‍ അവസരം നല്കിയ മറ്റേത് സിനിമയാണ് മലയാളത്തില്‍ ഉണ്ടായിരിക്കുന്നത്? എല്ലാ മിത്തുകളും ദുരന്തഹാസപര്യവസായിയാണ് എന്ന സത്യം ചുരുളിയുടേ ശില്പ്പികള്‍ മനസിലാക്കുകയും അതേ അര്‍ത്ഥത്തില്‍ നമ്മെ അനുഭവിപ്പിക്കുകയും ചെയ്യുന്നു. ; കുലസ്ത്രീകളേയും ഒറ്റ തന്തയുള്ള വാര്‍പ്പ് നായകരേയും’ കണ്ടു ശീലിച്ച മലയാളിക്ക് ഇതു ദഹിക്കില്ല അതിലത്ഭുതം കൊള്ളാനുമില്ല.
കഥാകൃത്തായ വിനോയ് തോമസും തിരക്കഥാകൃത്തായ എസ് ഹരീഷും ‘ രാജാവ് നഗ്നനാണ് ‘ എന്ന് വിളീച്ചു പറഞ്ഞ ‘ നഗ്നശിശുവിന്റെ നിഷ്ക്കളങ്കത ഉള്‍വഹിക്കുന്നു.
സംവിധായകനായ ശ്രീ. ലിജോ ജോസ് പല്ലിശ്ശേരി ആകട്ടെ മറച്ചു വെയ്ക്കപ്പെടേണ്ടതെന്നു കരുതുന്ന മനോമാലിന്യങ്ങള്‍ ദൃശ്യം ചെയ്യുക വഴി കാലാനുബന്ധി ആയ കലാ കര്‍ത്തവ്യം ധീരമായി പ്രവര്‍ത്തീകരിക്കുകയും ചെയ്തിരിക്കുന്നു. ഇവിടെ ബഷീറിന്റെ ഭഗവദ് ഗീതയും കുറെ മുലകളും ‘ എന്ന കഥയെ ഓര്‍ക്കാം . യുധ്ഹാദര്‍ശഘോഷണത്തിന്റെ ഗീതയേക്കാള്‍ ജീവദായികളായ മുലകള്‍ക്ക് പ്രാധാന്യം ചമച്ചു നല്‍കിയ ബഷീര്‍ ‘ഒരു ഭഗവത്ഗീതയും കുറെ മുലകളും’ എന്ന കഥയിലൂടെ ‘ പുവര്‍ മലയാളി കണ്ട്രീസിന്റെ ‘ കപട മാന്യതയുടെ മുഖത്ത് ആഞ്ഞു പ്രഹരിക്കുക തന്നെയാണു ചെയ്യുന്നത് . ചുരുളീ എന്ന സിനിമയുടെ ശില്പ്പികള്‍ അനുവര്‍ത്തിക്കുന്നത് ഇത്തരം മഹത്തായ ധീരകൃത്യം തന്നെ .
കച്ചവടത്തിനും ശുദ്ധകലാവാദത്തിനും മധ്യേ നട്ടം തിരിയുന്ന മലയാള സിനിമാ വേദിയില്‍ മുണ്ട് മാടിക്കുത്തി നില്‍ക്കുന്ന സിനിമയാകുന്നു ചരുളി. ചില ഭരതന്‍, പത്മരാജന്‍ സിനിമകളുടേ തത്സ്വഭാവി തന്നെ!
സരസമായി ചൊന്നാല്‍ ബ്രാഹ്മണ്യത്തിന് ഉത്തുംഗശ്രേഷ്ഠത നല്‍കിയ ഗീതയെ ചങ്കു തുറന്ന് തെറിപ്പദങ്ങള്‍ പാടിയ കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് എങ്ങനെ അതിശയിക്കുമോ ( നിരോധനം കൊണ്ടൊന്നും അതിന്റെ പ്രസക്തി മായുകയില്ല ) യേശുദാസിന്റെ വന്‍ ജനപ്രീതി നിലനില്‍ക്കെ തന്നെ അത്രയൊന്നും സ്വരശുദ്ധി അവകാശപ്പെടാനാകാത്ത ശയ:ശരമ്രനായ ശ്രീ. കലാഭവന്‍ മണി ജനഹൃദയങ്ങളില്‍ അംഗീകാരങ്ങളേറ്റു വാങ്ങിയതു പോലെ ഇത: പര്യന്തമുള്ള എല്ലാ ചലച്ചിത്ര സൃഷ്ടികളേയും ഒരു വക പുറം മോടിയും കൂടാതെ അമ്പരപ്പിക്കുന്നു ചുരുളീ.
അതെ മലയാള ചലച്ചിത്ര വേദിയിലെ ഒരു ഒന്നൊന്നര ‘കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് ‘ തന്നെ ചുരുളീ !