പാസ്റ്റ്ര്‍ തോമസ് സുവിശേഷകരില്‍ പാവം ! പഞ്ചപാവം എന്ന വാക്ക് ശരി. പാസ്റ്റര്‍ തോമസ് സുവിശേഷം വഴി ഒരു നിസ്സാര രോഗം പോലും മാറ്റിയിട്ടില്ല. എന്നാലിതൊന്നും കൊണ്ടല്ല പാസ്റ്റര്‍ തോമസ് പഞ്ചപാവം ആകുന്നത്. തനിക്ക് രോഗം സുഖപ്പെടുത്താനും മറ്റും കഴിവില്ലാ എന്ന് ധ്യാന സഭയില്‍ വ്യക്തമായി വിളിച്ചു കൂവുന്നതിനാല്‍ ! എല്ലാ പാസ്റ്റര്‍മാരുടേയും സ്ഥിതി ഇങ്ങനെയൊക്കെയാണെങ്കിലും തങ്ങള്‍ക്ക് ചില അത്ഭുത സിദ്ധികളൊക്കെയുണ്ടെന്ന് വരുത്തിതീര്‍ക്കുവാന്‍ ചില മന:ശാസ്ത്ര ടെക്നിക്കുകള്‍ അവര്‍ പയറ്റും. പൈശാചിക ബാധയിറക്കി എന്നു വരുത്താന്‍ സ്ഥിരം നമ്പറുകളും അതിനുള്ള ‘ടൂള്‍സ്”ആയി ചില ‘ മന്ദ’ കളേയും അവര്‍ രംഗത്തിറക്കും. പാസ്റ്റര്‍ തോമസ് ഇതൊന്നും ചെയ്യില്ല. അദ്ദേഹം പറയുന്നു
” സുവിശേഷം ഘോഷിക്കാന്‍ മാത്രമേ എനിക്കറിയൂ. രോഗം മാറ്റല്‍ ഡോക്ടര്‍മാരുടെ പണിയാ. തീരെ മാറാത്ത രോഗങ്ങള്‍ രോഗികളുടെ മന:സ്ഥിതിക്കനുസരിച്ച് കര്‍ത്താവ് മാറ്റട്ടെ. ഇതില്‍ രണ്ടിലും കൈ കടത്താനെനിക്ക് മേലാ. എനിക്കതിനു കഴിവും ഇല്ല. ഓരോ വ്യക്തിക്കും കര്‍ത്താവില്‍ പ്രാര്‍ത്ഥനാധികാരോം അവകാശോം ഉണ്ട്. കര്‍ത്താവിന്റെ മുന്നില്‍ ഒരാള്‍ക്കും വേറൊരാളേക്കാള്‍ അവകാശമില്ല. അപ്പോഴെന്താ ഡോക്ടര്‍മാര്‍ക്ക് മാറ്റാന്‍ പറ്റുന്ന രോഗങ്ങള്‍ അവര്‍ മാറ്റട്ടെ. അല്ലാത്ത രോഗങ്ങള്‍ കര്‍ത്താവിന്റെ കൃപയുണ്ടെങ്കില്‍ മാറട്ടെ. അതിന് തക്ക പ്രാര്‍ത്ഥന അതത് വ്യക്തികള്‍ തന്നെ ചെയ്യട്ടെ. ചെറിയൊരു സപ്പോര്‍ട്ട് പ്രാര്‍ത്ഥന ഞാനും ചെയ്യാം. സോസ്ത്രം പാടി കര്‍ത്താവിനെ സ്തുതിച്ച് എന്റെ പ്രാര്‍ത്ഥന മുഴു ലോകര്‍ക്കും വേണ്ടിയുള്ളതാണ്. കേവലം എന്റെ സഭയില്‍ വരുന്നോര്‍ക്കു വേണ്ടി മാത്രമല്ല ”
പാസ്റ്റര്‍ കുടിപാര്‍ക്കുന്ന’ സുവിശേഷ മൂല’ യില്‍ പാസ്റ്ററുടേത് കൂടാതെ മറ്റ് നാല് പാസ്റ്റര്‍മാരുടെ കൂടി സുവിശേഷ സഭകള്‍.
ഓരോ സഭയും തമ്മില്‍ രണ്ട് വീടകലം. അവരെല്ലാം തന്നെ പാസ്റ്റര്‍ തോമസിനു ശേഷം ‘ സുവിശേഷ മൂലയില്‍ ‘ എത്തിപ്പെട്ടവര്‍ ‘ സുവിശേഷ മൂല’ സുവിശേഷക്കച്ചവടത്തിന് നഗരത്തിലേറ്റം വളക്കൂറുള്ള മണ്ണ്.
‘ വര്‍ഗശത്രു, കര്‍ത്താവിന്റെ വെല ഇടിച്ചു താഴ്ത്താന്‍ പിറന്ന ‘ പിശാശ്’ നിലവാരം ഇല്ലാത്തോന്‍’ എന്നിവ മറ്റു പാസ്റ്റര്‍മാര്‍ പാസ്റ്റര്‍ തോമസിനു കനിഞ്ഞേകിയ വട്ടപ്പേരുകള്‍. പോരാത്തതിന് എന്നും പുലര്‍ച്ചെ പാതിരാ നേരങ്ങളില്‍ ‘ സ്നേഹമാലിന്യങ്ങള്‍ പാസ്റ്റര്‍ തോമസിന്റെ വീട്ടു മുന്നിലിട്ട് അവര്‍ കര്‍ത്താവിന്റെ ശക്തി നിരന്തരം പാസ്റ്റര്‍ തോമസിനെ ബോധ്യപ്പെടുത്തുന്നു.
” ഇതൊരാശുപത്രിയല്ല ക്രിമിനല്‍ മൈന്റ് മാറ്റിയെടുക്കാന്‍ ഇതൊരു ദുര്‍ഗുണ പരിഹാരപാഠ ശാലയുമല്ല. പ്രാര്‍ത്ഥന മാത്രമേ ഇവിടുള്ളു. നമുക്ക് പരസ്പരം പ്രാര്‍ത്ഥിക്കാം. പണിയെടുക്കുവാന്‍ നന്നായി ജീവിക്കുവാന്‍, നല്ല ചികിത്സ തേടാന്‍ ഉപകരിക്കുക്കുന്ന ഒരു മനസുണ്ടാകാന്‍ പ്രാര്‍ത്ഥന… പ്രാര്‍ത്ഥന അതിനായി നമുക്ക് നടത്താം. നിരന്തരം ‘ചില്ലിക്കാശ് വിധവയുടെ’ മനംമുട്ടി പ്രാര്‍ത്തന നിഷ്ക്കളങ്കമായ ശുദ്ധ പ്രാര്‍ത്ഥന.
ഓരോ സുവിശേഷ യോഗങ്ങളിലും പാസ്റ്റര്‍ തോമസ് നയം വ്യക്തമാക്കുന്നു. അത്ഭുതങ്ങളൊന്നും നടന്നു കാണാത്തതിനാല്‍ പാസ്റ്റര്‍ തോമസിന്റെ അടുക്കല്‍ സുവിശേഷം കൂടുവാന്‍ ‘ ചില്ലിക്കാശ് വിധവ’ മാതിരിയുള്ള സാധു മനുഷ്യരെ ഉള്ളൂ ( ഇതര പാസ്റ്റേഴ്സിന്റെ ഭാഷയില്‍ ചാവാലികള്‍)അതും കൈവിരലിലെണ്ണാവുന്നവര്‍!
ഇതര പാസ്റ്റര്‍മാര്‍ പരിഹസിക്കുന്നു.
‘ ഒക്കെയും നരകത്തിലെ വെട്ടുകുഴിയിലേക്കുള്ളവര്‍’ അവര്‍ക്ക് വഴികാട്ടി പാസ്റ്റര്‍ തോമസ്’
”കിക്കിളി കിളി കിളി ” അതോര്‍ത്ത് ചിരിയടക്കവയ്യാതെ ഇതര പാസ്റ്റര്‍മാര്‍ ”കിളി കിളി കിളി കിളി ”. ഇതര സഭകളിലെ കുഞ്ഞാടുകള്‍ പാസ്റ്റര്‍മാരെ അതേ സ്വരത്തില്‍ പിന്‍തുടരുന്നു. അങ്ങനെ ചെയ്യുന്നവര്‍ പറുദീസാ സ്വര്‍ഗ്ഗത്തില്‍ ഒന്നാം സ്ഥാനം. അല്ലാത്തവര്‍ക്ക് പാസ്റ്റര്‍ തോമസിന്റെ കൂടെ നരകം നിത്യ നരകം.
ഗൗരവം ചിനച്ച് പാസ്റ്റര്‍മാര്‍ അത്ഭുത പ്രവൃത്തികളിലേക്ക് തിരിയുന്നു. അദൃശ്യരായി സഭക്കുള്ളീല്‍ കയറി വന്ന സാത്താന്മാരെ തഴുകി പുറത്താക്കുന്നു. പുതുതായി സഭയിലേക്കു കടന്നു വന്ന സാത്താന്‍മാരെ ഉപചാരമാദരിച്ച് ‘ പുത്തന്‍’ മനുഷ്യരാക്കി മാറ്റുന്നു. ഉഷാറ് സോസ്ത്രം വിളികളുടെ അകമ്പടിയോടെ.! അതോടെ സഭാതളത്തിലണിനിരന്ന കുഞ്ഞാടുകളുടെ സകലമാന ജീവിതപ്രശ്നങ്ങളും മാറുകയായി. ആകയാല്‍ പാസ്റ്റര്‍ തോമസ് ഒഴികെയുള്ള സുവിശേഷ സ്ഥാനങ്ങളില്‍ പേപ്പട്ടിയെ തല്ലിക്കൊല്ലാന്‍ ഓടിക്കൂടുന്ന മനുഷരുടത്ര ആള്‍പ്പെരുപ്പം.
‘ സുവിശേഷ മൂല’ ചെന്നന്ത്യപ്പെടുന്നത് ആകപ്പാടെ ചടച്ച ഭദ്രകാളിക്ഷേത്രത്തിനു മുമ്പില്‍. ഈ ക്ഷേത്രമാണ് സുവിശേഷ മൂലയുടെ കര്‍ത്താവിന്റെ പൊതു ശത്രുവായ സാത്താന്റെ താവളം എന്ന് പാസ്റ്റര്‍ തോമസ് ഒഴിച്ചുള്ള പാസ്റ്റര്‍മാരുടെ രഹസ്യ പ്രഖ്യാപനം. ആ ക്ഷേത്രം അടച്ചു പൂട്ടിയാല്‍ സുവിശേഷ മൂല ഉള്‍ക്കൊള്ളൂന്ന നാടും നഗരവും മൊത്തം രക്ഷപ്പെടും. നാക്കൊക്കെ പുറം തള്ളിയ ഭ്രദ്രകാളി ഒരു പിശാശ് തലൈവി ആണെന്നും അതിന്റെ നാക്കറുത്ത് അതിന്റെ ചൈതന്യം ഇല്ലാതാക്കിയാലേ സുവിശേഷ മൂലയിലെ കര്‍ത്താവ് പൂര്‍ണ്ണ ശക്തിയില്‍ വെളീപ്പെടു എന്നും പാസ്റ്റര്‍ തോമസ് ഒഴിച്ചുള്ള പാസ്റ്റര്‍മാര്‍ വക ഏകകണ്ഠാഭിപ്രായം !
എന്നാല്‍ പാസ്റ്റര്‍ തോമസ് പറയുന്നു.
”കര്‍ത്താവിന്റെ ശക്തി അങ്ങേ അറ്റം അപാരം. ഒരു സാത്താനും അവന്റെ മുന്നില്‍ നില്ക്കക്കള്ളിയില്ല. അതുകൊണ്ട് ഒരു സത്താനേയും നമ്മള്‍ ഭയക്കണ്ട. സാത്താനെ ഭയക്കുന്നവര്‍ കര്‍ത്താവിനെ അറിയുന്നില്ല. സ്വാര്‍ത്ഥതക്കു വേണ്ടി സുവിശേഷം ദുരുപയോഗം ചെയ്യണവരേ സദാ സാത്താനെക്കുറിച്ചു ചിന്തിക്ക് സാത്താനെ ഭയപ്പെടു.”
എല്ലാം മറകൂടാതെ പരസ്യമായി വിളീച്ചു പറയുന്നതിനാല്‍ സുവിശേഷ മൂലയിലെ ഇതര പാസ്റ്റര്‍മാര്‍ സകലരും പാസ്റ്റര്‍ തോമസിന്റെ ആജീവനാന്ത ശത്രുക്കള്‍ ( അവര്‍ പരസ്പരം ശത്രുക്കളാണ് എന്നാല്‍ പാസ്റ്റര്‍ തോമസ് എന്ന പൊതു ശത്രുവിനെതിരെ അവരെല്ലാം ഒറ്റക്കെട്ട്)
” യേശു കര്‍ത്താവ് ക്ഷമിക്കാന്‍ പറഞ്ഞിട്ടുള്ളതുകൊണ്ട് മാത്രമാണ് ഇല്ലാരുന്നെങ്കില്‍ പാസ്റ്റര്‍ തോമസിനെ എന്നേ കൈകാര്യം ചെയ്തേനേ ഞങ്ങള്‍. കര്‍ത്താവിന്റെ പേരില്‍ സാത്താനെ പ്രോത്സാഹിപ്പിക്കുന്ന ചെറ്റ. വെറ്തയല്ല ഗതിപിടിക്കാത്തത്”
ഇതര പാസ്റ്റേഴ്സ് സഭകളില്‍ പാസ്റ്റര്‍ തോമസിനെതിരെ ഒരേ നയം പ്രസ്താവിക്കുന്നു. പാസ്റ്റര്‍ സഭാപരിസരമെത്തിയാല്‍ കുരിശ് വരയ്ക്കണമെന്നും തോമസിനെ കാണുകയാണെങ്കില്‍ അത വിചാരിതമായാലും വിചാരിതമായാലും ആ പക്ഷം ഇടത്തോട്ട് കാറിത്തുപ്പി യേശുവേ സ്ത്രോസ്ത്രം എന്ന് ജപിക്കണമെന്നും മറ്റു പാസ്റ്റര്‍മാര്‍ സഭാവിശ്വാസികളെ ( വിശ്വാസിനികളെ പ്രത്യേകമായും) ഒരേ സ്വരത്തില്‍ ആഹ്വാനം ചെയ്യുന്നു.
ഇതൊക്കെ നല്ലവണ്ണം അറിയുന്നു പാസ്റ്റര്‍. എന്നിട്ടും ‘ കമ’ ന്നൊരക്ഷരം ഇത്ര പാസ്റ്റേഴ്സിനെതിരെ ഉരിയാടുന്നില്ല.
‘ തന്റെ പണീ സുവിശേഷം പറയലാണ്. ബാക്കിയെല്ലാം കര്‍ത്താവാകട്ടെ. പാസ്റ്റര്‍ വിചാരിച്ചു.
ഫലം ഇതര പാസ്റ്റേഴ്സ് കൂടുതല്‍ സ്നേഹമാലിന്യം തോമസിന്റെ വീട്ടുപടിക്കല്‍ നിക്ഷേപം കൂട്ടി. തോമസിന്റെ സഭയില്‍ പട്ടികള്‍ ഓരിയിടും പോലെയാണ് സ്ത്രോസ്ത്രം പാടുന്നതെന്നും ഇത് യേശുകര്‍ത്താവിന്റെ നേരെയുള്ള കടുത്ത അവഹേളനം ആണെന്നും കഴിയുന്നത്ര പാടി നടന്നു. അടുത്തത് തന്നെ യേശു കര്‍ത്താവ് തോമസിന്റെ സഭക്കു മേല്‍ കടുത്ത ശിക്ഷയിറക്കുമെന്നും അവര്‍ പ്രചരിപ്പിച്ചു. ആ സുദിനത്തിനായി കണ്ണിലെണ്ണ ഒഴിക്കാതെ കാത്തിരുന്നു ( കണ്ണീലെണ്ണ ഒഴിച്ചു കാത്തിരിക്കുന്നത് നന്നല്ല. ഈ എണ്ണ ഒഴിക്കല്‍ വിജാതീയരുടെ ( പിശാച്) ആരാധന കര്‍മ്മമല്യോ – പാസ്റ്റേഴ്സ്)
പരസ്യമായും രഹസ്യമായും കക്കുകയോ വ്യഭിചരിക്കുകയോ ചെയ്യാത്തതിനാല്‍ ശിക്ഷ ഭയക്കുന്നില്ലെന്നും വഞ്ചന കാപട്യം ഇവകള്‍ വഴി ധന സമ്പാദിക്കായ്കയാല്‍ ഏത് പരീക്ഷണവും നേരിടാന്‍ തയാറാണെന്നും പാസ്റ്റര്‍ തോമസ് പസ്യമായി പ്രസ്താവിച്ചു. കര്‍ത്താവ് ക്ഷമ കൈക്കൊള്ളാന്‍ പറയുകയാല്‍ താന്‍ തന്നെ ദ്രോഹിക്കുന്ന ഏവരോടും പൊറുക്കയാണെന്നും ഇനി ക്ഷമ കര്‍ത്താവിന്റെ മാര്‍ഗം അല്ലായിരുന്നു എന്നു വരികിലും താന്‍ ക്ഷമ കൈക്കൊള്ളുക തന്നെ ചെയ്യും എല്ലായ്പ്പോഴുമെന്നും പാസ്റ്റര്‍ തോമസ് ഉറപ്പിച്ചു പറഞ്ഞു.
” സന്മനസുള്ളോര്‍ക്ക് കര്‍ത്താവ് മാനസാന്തരം നല്‍കട്ടെ. പരോപകാരികള്‍ക്ക് കരുത്തും ദ്രോഹികള്‍ക്ക് കഷായ മരുന്നും ”
പാസ്റ്റര്‍ തോമസ് ഉപസംഹരിച്ചു. ഒരത്ഭുതം നിവര്‍ത്തിച്ചു കാണാന്‍ ഉള്ളാല്‍ അക്ഷമം അസഹ്യം കാത്തിരുന്നു. പുറമേക്ക് ഭാവഭേദങ്ങളിലാതെ വലിയ അത്ഭുതം നടന്നു കാണാന്‍ കൊതിയും, വെറിയും പൂണ്ടിരുന്നു, പാസ്റ്റര്‍ തോമസ്.
അത്ഭുതം ജനിക്കുന്നു
—————————
ഇരുളടഞ്ഞ രാത്രിയുടെ പ്രാരംഭയാമം ആയിരുന്നു. സന്ധ്യതൊട്ടേ ഇരുളേ ഉണ്ടായിരുന്നുള്ളൂവെന്ന് സംഭവസ്ഥര്‍ പറയുന്നു. അല്പ്പസ്വല്പ്പം ഇടിമുഴക്കം ഉണ്ടായിരുന്നെന്നും കിംവദന്തിയുണ്ട്. അന്ന് പാസ്റ്റര്‍ തോമസ് പതിവിലേറെ ഫോമിലായിരുന്നുവെന്ന് പാസ്റ്റര്‍ തോമസ് തന്നെ ഓര്‍ക്കുന്നു. യേശുവിനുള്ള സ്തോത്രം പറച്ചില്‍ പക്ഷെ വല്ലാതെ താഴ്ന്ന സ്വരത്തിലായിരുന്നു. ചുവടുകളാകട്ടെ ശീഘ്രഗതിയിലും. സുവിശേഷ വേല ബ്രേക്ക് ഡാന്‍സ് ആകുന്നുവെന്നുവരെ ആളെണ്ണം കുറഞ്ഞ സഭാവിശ്വാസികള്‍ സംശയിച്ചു. ( എല്ലാ വിശ്വാസികളും ‘ വിധവയുടെ ചില്ലിക്കാശ്’ സമ്പാദ്യമുള്ളവര്‍!)എന്തോ , ഒരു തരം ലഹരിയില്‍ താന്‍ തുളുമ്പുകയായിരുന്നുവെന്ന് പാസ്റ്റര്‍ തോമസിന്റെ ഓര്‍മ്മ. കണ്ണുകള്‍ അടഞ്ഞടഞ്ഞു പോകുകയായിരുന്നു. ചുവടുകള്‍ അങ്ങേയറ്റം ദ്രുത താളത്തിലും. ആ നിമിഷം മങ്ങിയ കാഴ്ചയുടെ കണ്ണടവട്ടത്തിലൂടെ പാസ്റ്റര്‍ തോമസ് കണ്ടു.
‘ വല്ലാതെ നഗനമായ സ്ത്രീരൂപം. തുടയറ്റം വരെ തലയോട്ടി മാല. പുറം തുറിച്ച നാക്ക്!
‘ഏശുവേ സോസ്ത്രം ‘ പാസ്റ്റര്‍ തോമസ് ഉച്ചത്തില്‍ നിലവിളീച്ചു. ഇപ്രാവശ്യം താഴ്ന്നിരുന്നു ശബ്ദം ക്രമാതീതം പൊന്തി പുറത്തു വന്നു.
‘ ഏശുവേ സ്തുതി’ ! വിധവയുടെ ചില്ലിക്കാശ് പ്രഭാവമുള്ള വിശ്വാസികള്‍ പാസ്റ്റര്‍ തോമസിന്റെ തീവ്രതയില്‍ നിലവിളീച്ചു. പക്ഷെ ശബ്ദം ഒട്ടും പുറത്തു വന്നില്ല. പാസ്റ്റര്‍ തോമസിന്റെ നാക്ക് വല്ലാതെ പുറത്തേക്ക് ഉന്തിയുന്തി വന്നു. ആ നാക്ക് വെച്ച് പാസ്റ്റര്‍ യേശുവിനു സ്തുതി പറഞ്ഞു. വികൃതമായ സ്തുതി! സഭാവിശ്വാസികള്‍ കൂടുതല്‍ ഉച്ചേന സ്തോസ്ത്രം നിലവിളിച്ചു. ഇത്തവണ അവരില്‍ നിന്നും പൂച്ചക്കരച്ചിലിന്റെയത്ര സ്തോസ്ത്രം പുറം ഗമിച്ചു. ദ്രുതഗതിയില്‍ പട്ടിണിപ്പാവങ്ങളും അനാരോഗ്യരുമായ വിശ്വാസികളുടെ ഉച്ചിയില്‍ പാസ്റ്റര്‍ തോമസ് തന്റെ നീണ്ട നാക്ക് തൊട്ടുഴിഞ്ഞൂ. തത്ക്ഷണം അവരെല്ലാം ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയും ആരോഗ്യസ്ഥിതിയും കൈവരിച്ചു.
പിന്നീടുള്ള ദിവസങ്ങളില്‍ തുടരെ തുടരെ അത്ഭുതങ്ങള്‍ പ്രവഹിക്കുകയായിരുന്നു. ധ്യാനസമയത്തു മാത്രം അതും എടുപിടീന്ന് പാസ്റ്റര്‍ തോമസിന്റെ നാക്കു നീളുന്നു എന്നതാണ് അത്ഭുതം. സുവിശേഷ യോഗം അവസാനിക്കുമ്പോള്‍ നാക്ക് താനേ ഇലാസ്റ്റിക് പരുവത്തില്‍ ഉള്ളിലേക്കു ചുരുണ്ടു മടങ്ങുന്നു .
]
ഇങ്ങനെ താനേ നീളുകയും ചുരുങ്ങുകയും ചെയ്യുന്ന ഈ നാക്ക് ആരുടേയെല്ലാം നെറുകയില്‍ സ്പര്‍ശിച്ചോ ആ വ്യക്തിയുടെ സാമ്പത്തിക വിഷമങ്ങള്‍, രോഗങ്ങള്‍, വിരൂപത, ദാമ്പത്യ പ്രശ്നങ്ങള്‍ എല്ലാം തത്ക്ഷണം ഇല്ലാതാവുകയായി. കാന്‍സര്‍ ഉള്‍പ്പെടെ മാരകരോഗങ്ങള്‍ പാസ്റ്റര്‍ തോമസിന്റെ നാക്ക് സ്പര്‍ശം ഒന്നുകൊണ്ടു മാത്രം മാറിയതായി റിപ്പോര്‍ട്ടുണ്ട്.
എയ്ഡ്സ് സുഖപ്പെട്ടതായും പറയുന്നു. ( പാസ്റ്റര്‍ തോമസിന്റെ ഭക്തര്‍- കര്‍ത്താവിന്റെ അല്ല- ആയ ഡോക്ടര്‍ സംഘം ഇവയെല്ലാം തെളിവു സഹിതം സാക്ഷ്യപ്പെടുത്തുന്നുണ്ട്)
സുവിശേഷമൂലയിലെ ഇതര പാസ്റ്റര്‍മാര്‍ ആകെ വെപ്രാളത്തിലായി. തങ്ങളുടെ കീഴില്‍ മുടക്കു കൂടാതെ വന്നിരുന്ന സകല പണച്ചാക്കുകളും അധികാരച്ചാക്കുകകളും നാക്കു നീണ്ട ശേഷം പാസ്റ്റര്‍ തോമസിന്റെ കസ്റ്റമേഴ്സാണ്. മുന്‍പ് പാസ്റ്റര്‍ തോമസിന്റെ സഭയില്‍ ഇടപാടു വിശ്വാസികള്‍ ആയിരുന്ന വിധവയുടെ ചില്ലിക്കാശിനോടടുത്ത് സമ്പാദ്യമുള്ളവരേ തങ്ങളുടെ അടുക്കല്‍ ധ്യാനം കൂടാന്‍ വരുന്നുള്ളു. അത് തന്നെ പാസ്റ്റര്‍ തോമസിന്റെ സഭയിലെ തിരക്ക് കാരണം.
ഇനിയും മിണ്ടാതിരുന്നാല്‍ തങ്ങളുടെ സുവിശേഷ ഭാവി മാത്രമല്ല വര്‍ത്തമാനവും ഇരുളടയും. തങ്ങളുടെ ഭാര്യമാര്‍വരെ പാസ്റ്റര്‍ തോമസിന്റെ സഭയില്‍ ചേക്കാറാന്‍ ധൃതിപ്പെടുന്നുണ്ട്. തങ്ങളെ ഭയന്ന് പ്രത്യക്ഷത്തില്‍ അവര്‍ അതിനൊരുമ്പെടുന്നില്ലെന്ന് മാത്രം. എന്നു വച്ച് അവരെ എത്രകാലം അടക്കി നിര്‍ത്താനാകും.
പെണ്ണൊരുമ്പട്ടാല്‍ യേശു ബ്രഹ്മാവിനു പോലും തടുക്കാന്‍ കഴിയില്ല. അവരെങ്ങാനും തോമസിന്റെ ഇടപാടുകാരായാലത്തെ അവസ്ഥ ! സ്വന്തം പെണ്ണൂങ്ങളെ പോലും കൂടെ നിര്‍ത്താനാവാത്ത പാസ്റ്റര്‍മാരുടെ അടുക്കല്‍ ആര് (അ)സത്യവിശ്വാസം കൂടാന്‍ വരും? പാസ്റ്റര്‍മാര്‍ പ്രതിരോധത്തിലായി. കൂട്ടായി ഒരാരോപണ പത്രിക സ്വയം കോഴികളായി കൂട്ടം കൂവി പരസ്യപ്പെടുത്തി.
” തോമസ് പാസ്റ്ററുടെ സിദ്ധി വിശേഷം തികച്ചും പൈശാചികം. പരിശുദ്ധാത്മാവ് ശരീരത്തില്‍ പ്രവേശിച്ചാല്‍ നാവ് പുറത്തേക്കു നീളുന്ന പ്രതിഭാസം ചരിത്രത്തില്‍ ഇന്നോളം ഇല്ല. വിശുദ്ധ പൗലോസിന്റെ കാലം മുതല്ക്കേ പൈശാചികാവേശത്തിന്റെ ലക്ഷണങ്ങളാണ് നാക്കുനീട്ടവും കണ്ണ് തുറിപ്പും ഒക്കെ. പാസ്റ്റര്‍ തോമസ് രഹസ്യമായി ദുര്‍മന്ത്രവാദം ചെയ്തിരുന്നത് യേശുകര്‍ത്താവ് പുറത്തു കൊണ്ടു വന്നതിന്റെ ലക്ഷണങ്ങളാണിവയൊക്കെ”
ഇനി തോമസ് പാസ്റ്ററിന്റെ നാക്ക് യേശുകര്‍ത്താവിന്റെ അത്ഭുത ഉപകരണമാണെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ മേരിയുടെ പാണ്ടു രോഗം ഈ നാക്കുപയോഗിച്ച് മാറ്റുവാന്‍ പാസ്റ്റര്‍ക്കു സാധിക്കുന്നില്ല? മേരിയുടെ പാണ്ട് പാസ്റ്റര്‍ തോമസിന്റെ നാക്ക് തൊട്ടുഴിയുകയും തോറും വര്‍ദ്ധിച്ചുവരികയുമാണ്. പാസ്റ്റര്‍മാര്‍ക്ക് ചാരര്‍മാര്‍ വഴി കിട്ടിയ വിവരം സത്യ സാക്ഷ്യം ചെയ്യുന്നു. അതുകൊണ്ട് പാസ്റ്റര്‍ തോമസ് ഈശോ വിശ്വാസികളെ വഞ്ചന ചെയ്കയാണ്. ഈശോ വിശ്വാസികള്‍ മാത്രമല്ല നഗരവാസികള്‍ മൊത്തം തോമസിനെതിരെ അതിവേഗം
ബഹുദൂരം സംഘടിച്ചേക്കുക. ഇല്ലായെങ്കില്‍ നാടും നഗരം മൊത്തം വഴി പിഴച്ചു നശിക്കാന്‍ ഇടവരുത്തും അത് !
സുവിശേഷ മൂലയിലെ ഇതര പാസ്റ്റര്‍മാര്‍ തോമസിനെതിരെ കനത്ത യുദ്ധ കാഹളം മുഴക്കി. ആളുകള്‍ പക്ഷെ തോമസിനെതിരെയുള്ള ആരോപണങ്ങള്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. പാസ്റ്റര്‍മാര്‍ക്കെല്ലാം അസൂയയാണ്. അനുദിനം പാസ്റ്റര്‍ തോമസിന്റെ സഭ ദ്രുത്ര വളര്‍ച്ചയിയിലാണല്ലോ. മറ്റു പാസ്റ്റേഴ്സ് അസൂയപ്പെടുക സ്വഭാവികം. ഇതൊക്കെ യേശുകര്‍ത്താവിന്റെ കാലം മുതല്‍ക്കുള്ള ആത്മീയ പ്രതിസന്ധികളാണ്.
അല്ലെങ്കിലും യേശുകര്‍ത്താവിനെ ക്രൂശിക്കുവാന്‍ ഏറ്റവുമധികം ശ്രമിച്ചിട്ടുള്ളത് നിഷേധികളോ അവിശ്വാസികളൊ അല്ല. സദാസമയം ദൈവസേവ നടത്തുന്നുവെന്ന നാട്യക്കാരായ പുരോഹിത വര്‍ഗ്ഗം തന്നെയാണ്. അതിനാല്‍ തോമസിനെ നോക്കി ഇതര പാസ്റ്റര്‍കുറുക്കന്മാര്‍ ഓരിയിട്ടുകൊള്ളട്ടെ മൈന്റ് ചെയ്യേണ്ട കാര്യമില്ല. വല്ലാണ്ടതിക്രമം കാണിച്ചാല്‍ തക്കതായ നടപടികള്‍ സ്വീകരിക്കും. യേശു കര്ത്താവിന്റെ അല്ല പാസ്റ്റര്‍ തോമസിന്റെ ഭക്തര്‍ ഉറച്ചു തീരുമാനിച്ചു. പാസ്റ്റര്‍ വിഷമിക്കേണ്ടെന്നും കണ്ണിനുള്ളിലെ കൃഷ്ണമണി പോലെ തങ്ങള്‍ പാസ്റ്ററെ സംരക്ഷിച്ചു കൊള്ളാമെന്നും അവര്‍ പരസ്യ പ്രതിജ്ഞ ചെയ്തു.
പാസ്റ്റര്‍ തോമസ് വ്യസനിച്ചു. ഇതര പാസ്റ്റര്‍മാരുടെ ആരോപണങ്ങളല്ല അവര്‍ പറഞ്ഞതിലെ ഒരു വാസ്തവമാണ് തോമസിന്റെ കണ്ണില്‍ സദാ കുത്തുന്ന കരടായത്. താനെത്ര നെറുക നക്കിയിട്ടും ഭാര്യ മേരിയുടെ പാണ്ട് മാറുന്നില്ല. എന്നു തന്നെയല്ല പാണ്ട് ക്രമാതീതം കൂടി വരികയുമാണ്. ഇനിയും നക്കിയാല്‍ മുഴുപാണ്ടാകും എന്നു പേടിച്ച് രോഗശ്രുശ്രൂഷയില്‍ നിന്ന് മേരിയെ ഒഴിവാക്കി തോമസ് . തന്റെ അനുഗ്രഹനാക്കിലേക്കും പാണ്റ്റ് വന്നു കൂടുമോയെന്ന് ഭയന്ന് സഭയില്‍ നിന്നു തന്നെ രഹസ്യമായി മേരിയെ വിലക്കി. ഒരല്പ്പം മനുഷ്യത്വം ശെഷിക്കുന്നതുകൊണ്ടാ ഇല്ലായിരുന്നെങ്കില്‍ സിദ്ധികൂടിയ അന്നേ മേരിയെ ഡൈവോഴ്സ് ചെയ്തേനേ താന്‍ ! പാസ്റ്റര്‍ തോമസ് നിരാശാവിചാരിതനായി.
”സ്വന്തം ഭാര്യയുടെ രോഗം മാറ്റാന്‍ കൂടി കഴിവില്ലാത്ത കള്ള യൂദാസ് പാസ്റ്റര്‍ തോമസ് സുവിശേഷ വേലയില്‍ നിന്നും ഉടന്‍ വിരമിക്കുക” ! എന്ന പോസ്റ്റര്‍ സുവിശേഷമൂലയുടെ മതിലുകളില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോള്‍ പാസ്റ്റര് തോമസ് അഗാധചിന്തിതനായി. സഭയില്‍ ഉടനടി ഒരു വിശദീകരണ യോഗം വിളിച്ചു കൂട്ടാന്‍ ഒപാസ്റ്റര് തോമസ് നിര്‍ബന്ധിതനായി. സഭാ വിശ്വാസികളില്‍ കൂടി ഈ വക ചിന്തകളുദിക്കും മുന്‍പെ മുളയിലെ അതിനുള്ള സാധ്യത നുള്ളണം. പാസ്റ്റര്‍ തോമസ് വിചാരിച്ചു.
അനന്തരം അടിയന്തിരം വിളിച്ചു കൂട്ടപ്പെട്ട സുവിശേഷ യോഗത്തില്‍ പാസ്റ്റര്‍ വിളിച്ചു കൂവി. വെളിപാടുണ്ടായിരിക്കുന്നു. യേശുകര്‍ത്താവ് നേരില്‍ സ്വപ്നത്തിലിറങ്ങി വന്ന് തന്നേച്ചും പോയ വെളിപാട്. നിങ്ങള്‍ എല്ലാവരും ശ്രദ്ധിച്ചു കേക്കണം.
കാത് വട്ടം പിടിച്ച് കണ്ണന്തിച്ചിരിക്കുന്ന കുഞ്ഞാടുകളുടെ നേരെ തിരിഞ്ഞ് തികച്ചും നാടകീയൊച്ചയില്‍ പാസ്റ്റര്‍ തോമസ് തുടര്‍ന്നു.
”.ഭദ്രകാളി ഹിന്ദുക്കള് ദൈവമെന്ന് പറഞ്ഞാരാധിക്കും ഭദ്രകാളീ യഥാര്‍ത്ഥത്തില്‍ ഭദ്രകാളി അല്ല. സുവിശേഷം നടത്തി നാക്കു നീണ്ടു പോയ യേശുകര്‍ത്താവാണ്. ഉയിര്‍ത്തെണീപ്പിനു ശേഷം വിശുദ്ധ തോമാശ്ലീഹാന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട യേശുകര്‍ത്താവ് നാക്ക് പുറത്തുന്തിയ നിലയിലായിരുന്നു. വേളിപാടദ്ധ്യായത്തില്‍ പറയപ്പെട്ട തരം വിചിത്ര രുചികളിലൊന്ന്!”
ഒന്നു നിര്‍ത്തി വെള്ളം മടുമടാന്നിറക്കി പാസ്റ്റര്‍ തുടര്‍ന്നു.
”വിജാതീയ ഹിന്ദുക്കള്‍ നമ്മുടെ നാക്കുന്തിയ യേശുകര്‍ത്താവിനെ പെണ്ണായി തെറ്റിദ്ധരിച്ചതാണ് ( മിക്കവാറും ഈ വിജാതീയര്‍ ‘ വെള്ളമടിയും’ ഒക്കെയായി പാതി ബോധക്കാരാണല്ലോ സകല സമയവും!) അങ്ങനെ അവറ്റകള്‍ നമ്മുടെ യേശുകര്‍ത്താവിനെ പെണ്ണെന്നു കരുതി ഭ്രദ്രകാളീന്നൊരു പേരും ചാര്‍ത്തി ആരാധന തുടങ്ങി. കഴുത്തില്‍ തലയോട്ടികളും കുടല്‍ മാലയും അരയില്‍ കൈകളും തോരണം ചാര്‍ത്തി നമ്മുടെ നാക്കുന്തിയ യേശു കര്‍ത്താവിനെ ആരാധിക്കുകയായിരുന്നു അവര്. ( പാവം വിഡ്ഡികള്‍ അറിഞ്ഞോണ്ടാവില്ല ) ഇന്ത്യാ മഹാരാജ്യത്ത് നടക്കണ എല്ലാ ദുരന്തങ്ങള്‍ക്കും കാരണം ഇമ്മാതിരി അതിക്രമങ്ങളെന്ന് ഈ കൂട്ടര്‍ അറിയുന്നില്ല.
പാസ്റ്റര്‍ പ്രസംഗം നിര്‍ത്തി ശുശ്രൂഷ തുടങ്ങി. നിത്യരോഗികളുടെ സാമ്പത്തിക പ്രതിസന്ധിക്കാരുടെ പഠിക്കാന്‍ മിടുക്ക് പോരാത്ത വിദ്യാര്ത്ഥികളുടെ നെറുകയില്‍ നാക്കു നീട്ടി ഉഴിഞ്ഞു തുടങ്ങി. തത്ക്ഷണം നിത്യ രോഗികള്‍ പടക്കുതിരകളായി. സാമ്പത്തിക ഞെരുക്കമുള്ളവര്‍ ലക്ഷാധിപതികളും കോടിപതികളുമായി പഠിക്കാന്‍ മോശമുള്ള കുട്ടികള്‍ റാങ്ക് ഹോള്‍ഡെഴ്സ് ( എല്ലാറ്റിനും തെളിവ് ഹാജറുണ്ട് പാസ്റ്റര് തോമസിന്റെ ഓഫീസില്‍. നല്ല വിശ്വാസികള്‍ക്ക് അത്യാവശ്യമാണെങ്കില്‍ പരിശോധിക്കാം. പക്ഷെ നല്ല വിശ്വാസിയെന്ന് ഓഫീസില്‍ ബോദ്ധ്യം വരുത്തണമെന്നു മാത്രം)
പെട്ടന്ന് മേരി വാതില്‍ തുറന്ന് സഭാ തളത്തിലേക്കെത്തി നോക്കി . പുറം തുറിച്ച നാക്ക് വിലക്ക് മേരിയെ തത്ക്ഷണം അകത്താക്കി പാസ്റ്റര്. ” യേശുവേ സ്ത്രോസ്ത്രം” പാസ്റ്റര്‍ തോമസ് തന്റെ നാക്കു ബലത്തില്‍ യേശു കര്‍ത്താവിനെ പ്രഘോഷിച്ചു. സുവിശേഷം കൈയടിയില്‍ മുങ്ങി.
പ്രാര്‍ത്ഥനാനന്തരം നടത്തപ്പെട്ട രഹസ്യ മീറ്റിംഗില്‍ പാസ്റ്റര്‍ തോമസ് ഒരു കടലാസ് അവതരിപ്പിച്ചു.
” നോക്കു അല്ല കേള്‍ക്കു യേശു കര്‍ത്താവിന്റെ മഹത്തായ അനുഗ്രഹാണ് പ്രാര്‍ത്ഥനാസമയം മാത്രം പുറത്തേക്കു ഉന്തുന്ന എന്റെ നാക്ക്. സത്യത്തിലത് യേശു കര്‍ത്താവിന്റെ തിരുനാക്ക് തന്നെയാണ്. എന്നാല്‍ വിജാതീയര്‍ ആരാധിക്കുന്ന ഭദ്രകാളീയെന്ന പിശാചാണ് ശുശ്രൂഷാ സമയം നീളണ എന്റെ നാക്കിന്റെ കാരണംന്ന് യേശു കര്‍ത്താവിന്റെ നാമം വിളിക്കുകയും നേര്‍ വിപരീതം ജീവിക്കുകയും ചെയ്യണ നമ്മുടെ തൊട്ടയവപ്പക്ക പാസ്റ്റര്‍മാര്‍ അഥവാ കള്ള യൂദാസുകള്‍ പറഞ്ഞു പരത്തുന്നു. നമ്മളിതിനു തടയിടണം യേശുകര്‍ത്താവിന്റെ വെളീപാടാണ് ആര്‍ക്കെങ്കിലും എതിരഭിപ്രായമുണ്ടെങ്കില്‍ ഇപ്പോള്‍ പുറത്തു പോകാം ”!
ആരെങ്കിലും എഴുന്നേല്‍ക്കുന്നുണ്ടോ എന്ന് വെളീപ്പെടാന്‍ അഞ്ചു മിനിറ്റ് പാസ്റ്റര്‍ തോമസ് ഇടവേളയിട്ടു. ആരും എഴുന്നേല്ക്കുന്നില്ലായെന്നു കണ്ട് ദീര്‍ഘദീര്‍ഘം ആശ്വസിച്ചു. സന്തോഷിച്ചു. നിശ്വസിച്ചു.
പിന്നെ അസിസ്റ്റന്റ് പാസ്റ്റര്‍മാര്‍ക്ക് നേരെ തിരിഞ്ഞ് പാസ്റ്റര്‍ തോമസ് –
” നിങ്ങളുടനെ നമ്മുടെ ജില്ലാ പരിധിയിലുള്ള സകല ഭദ്രകാളീ ക്ഷേത്രങ്ങളിലും പോകണം. ഒരു കാരണവശാലും ഉള്ളില്‍ കേറരുത്. ഗേറ്റിനു പുറത്ത് ഗേറ്റിങ്കല്‍ ചേര്‍ന്നു നില്ക്കുക. എന്നിട്ട് അവിടെ തൊഴാന്‍ വരുന്നവര്‍ കേള്‍ക്കുമാറ് നീ യേശുവാണ് എന്നു മൂന്നു വട്ടം പറഞ്ഞ് പ്രഖ്യാപിക്കണം. കണ്ടമാനം ഒച്ച വേണ്ട മിതസ്വരം മതി. ഒരു കാര്യം പ്രത്യേകം ഓര്‍മ്മ വയ്ക്കണം ഇതെല്ലാം ആരാധനാസമയം നോക്കിത്തന്നെ ചെയ്യണം. കൃത്യമായ് പറഞ്ഞാല്‍ പുകലര്‍ച്ചയും സന്ധ്യയും ! അങ്ങനെ കുറച്ചു നാള്‍ തുടരുക. യേശുവാണ് യേശുവാണ് എന്നു കേട്ട് കേട്ട് ഡൗട്ടടിച്ച് നാണം കെട്ട് കുറച്ചു നാള്‍ കഴിഞ്ഞാല്‍ ഭദ്രകാളീക്ഷേത്രങ്ങള്‍ക്കുള്ളിലെ പിശാശ് ഠപ്പേന്നു സ്ഥലം വിടും. യേശുവിന്റെ ചൈതന്യം അവിടെ വിളങ്ങും. അങ്ങനെ നമുക്ക് മേല്‍ ആരോപണം ഉന്നയിക്കുന്നവരുടേ നാക്കടക്കുമാറ് വലിയ അത്ഭുതങ്ങള്‍ നടക്കും. യേശു കര്‍ത്താവിന്റെ വെളിപാടാണ് ഇത്. നിങ്ങള്‍ ഉപേക്ഷ വിചാരിക്കരുത് ”
പാസ്റ്റര്‍ തോമസ് മൊത്തം സംഹരിച്ചു നിര്‍ത്തി. അനന്തരം പാസ്റ്റേഴ്സിന്റെ ഗണവും ഇനവും തിരിച്ചു. ഏരിയ നിര്‍ണ്ണയിച്ചു. ദൗത്യ നിര്‍വഹണത്തിനായി നെറുകയില്‍ നാക്കു നീട്ടി ഉഴിഞ്ഞു അനുഗ്രഹിച്ചു.
പതിവായെന്നും പുലര്‍ച്ചയും സന്ധ്യക്കും വേഷവിധാനം കൊണ്ട് അഹിന്ദുക്കളെന്ന് വിളീച്ചു പറയുന്ന രണ്ടാളുകള്‍ ഗേറ്റിങ്കല്‍ വന്ന് എന്തോ ഉരുവിട്ടു പോകുന്നത് ക്ഷേത്രധാരികളും ദര്‍ശനത്തിനും അല്ലാതെയും വന്നു പോയിരുന്ന ഭക്തജന സംഘവും നല്ല വണ്ണം ശ്രദ്ധിച്ചു. ആദ്യമാദ്യം ഇത് ദേവിയുടെ സിദ്ധി ആണെന്നും അഹിന്ദുക്കളും ദേവിയുടെ ശക്തി വിശേഷം അംഗീകരിച്ചു തുടങ്ങുന്നതിന്റെ ലക്ഷണമാണെന്നും വിശ്വസിച്ചു പോയി അവര്‍ !
സ്വതേ ഭദ്രകാളിക്കു ശക്തിയധികമുണ്ടെന്നു വിശ്വസിക്കുന്നവരായിരുന്നില്ല അവര്‍! ലോട്ടറിയെടുക്കും പോല്‍ ആയിരുന്നു അവരുടെ വിശ്വാസ ബലം. കിട്ടിയാല്‍ കിട്ടി ഇല്ലേല്‍ പോയി അത്ര തന്നെ. പാസ്റ്റര്‍ തോമസ് അയച്ച ദൗത്യ സംഘത്തിന്റെ സാന്നിദ്ധ്യം ആദ്യം ഭദ്രകാളിയുടെ സിദ്ധി വിശേഷമായി തന്നെ അവരനുഭവിച്ചു. എന്നാല്‍ അവരുടുവിടുന്ന വിശേഷാല്‍ മന്ത്രം ഏതെന്നറിയുവാന്‍ ഉത്ക്കണ്ട പൂണ്ട് അവരുടെ കാല്‍ വന്ദിച്ചുയര്‍ന്ന ഭക്തക്കോമരങ്ങള്‍ ആ ദിവ്യമന്ത്രം കേട്ടറിഞ്ഞ നിമിഷം ആകെ ഇളകിവശായി ഭദ്രകാളീ ക്ഷേത്രത്തിനു മുന്‍പില്‍ നിന്ന് ” നീ യേശുവാണ് എന്നു ചൊല്ലിയാല്‍ ഭദ്രകാളീഭക്തരായവര്‍ക്ക് എങ്ങെനെ സഹിക്കാന്‍ ഒക്കും?
അല്ലെങ്കില് തന്നെ ‘ഉപദേശിക’ വന്ന് മുക്കിനു മുക്കിനു ധ്യാനം നടത്തി ദേവീ ദേവന്മാരുടെ ശക്തി ക്ഷയിച്ചു വരികയാണ്. യേശു എന്നു കേട്ടാല്‍ ആ നിമിഷം ദേവീ ദേവന്മാര്‍ വഴിയൊഴിഞ്ഞു മണ്ടും എന്നുമായിരുന്നു അവരുടെ വിശ്വാസം. ( അതുകൊണ്ട് തന്നെയാണ് വിജാതീയരുടെയിടയിലേക്ക് സുവിശേഷം കൊണ്ട് പാസ്റ്റര്‍മാര്‍ ഇറങ്ങിത്തിരിക്കുന്നത്) മുസ്ലീം പള്ളീകള്‍ അടുത്തുണ്ടങ്കില്‍ പറയുകയും വേണ്ട. ദേവീ ദേവന്മാരുടെ സഞ്ചാരം അലങ്കോലപ്പെടും. എന്തെന്നാല്‍ മുസ്ലീം വക വഴിയിലൂടേ ദേവീ ദേവന്മാര്‍ക്ക് സഞ്ചരിച്ചു കൂട. തമാശയല്ല അയോദ്ധ്യയില്‍ പള്ളി പൊളീച്ചതിന് ശേഷമാണ് ഭഗവാന്‍ ശ്രീരാമന്‍ അവിടെ കാലുകുത്താന്‍ കഴിഞ്ഞത്. നൂറ്റാണ്ടുകളുടെ പരിശ്രമം ഒന്നു കൊണ്ടു മാത്രമാണിത് സാധിച്ചത്. അത് വരെ ഭഗവാന്‍ പരദേശിയായി ഇന്ത്യയൊട്ടുക്ക് അലഞ്ഞൂ നടന്നു. ”ഭാഗ്യവശാല്‍ കൃസ്ത്യന്‍ പള്ളികളും ഉപദേശികള്‍ വക ധ്യാന കേന്ദ്രങ്ങളും പോലെ മുക്കിനു മുക്കിനു മുസ്ലീം പള്ളികള്‍ ഇല്ലാത്തതു കൊണ്ടു മാത്രം ദേവീ ദേവന്മാര്‍ ശുദ്ധവായു ശ്വസിച്ചു ജീവിച്ചു പോകുന്നു. ഓര്‍മ്മകളില്‍ അവര്‍ ഭക്തസംഘം ഒന്നു നിശ്വസിച്ചു.
ഭക്ത്യാവേശം ഇത്തിരി കൂടുതലുള്ള ഭക്ത ജനസംഘം ഭദ്രകാളിയെ യേശുവെന്ന് വിളീച്ചാക്ഷേപിച്ച പാസ്റ്റര്‍മാരെ നല്ലവണ്ണം കൈകാര്യം ചെയ്യണമെന്ന് താത്പര്യം പ്രകടിപ്പിച്ചു. ഈ ഭക്തജന സംഘം യഥാര്‍ത്ഥത്തില്‍ തൊഴാന്‍ വന്നു പോയിരുന്ന വിശ്വാസികളെ ആയിരുന്നില്ല. ഒരു ബഹളം കേട്ടാല്‍ ഓടിക്കൂടുന്ന മഹാത്മാക്കള്‍ തന്നെ ആയിരുന്നു ഇവര്‍. എന്നാലാക്കൂട്ടത്തില്‍ വിരലിലെണ്ണാവുന്നത്രയും വിവേകശാലികള്‍ ഉണ്ടായിരുന്നതുകൊണ്ട് പാസ്റ്റര്മാര്‍ അംഗഭംഗം കൂടാതെ രക്ഷപ്പെട്ടു. ഇനി അംഗഭംഗികളാകിലും യേശുവെന്ന തിരുനാമം നാക്കിന്തുമ്പ് വിട്ടുകളയുവാന്‍ അവര്‍ തയാറില്ലായിരുന്നു. ഇതറിയാവുന്നതുകൊണ്ടു തന്നെ വിവേകികളൂം യഥാര്‍ത്ഥ ഭക്തരുമായവര്‍ അവരോട് സംയമിച്ചതും.
അന്നു തന്നെ ജില്ലയില്‍ എല്ലാ ഭദ്രകാളിപ്പടിക്കലും ഈ രണ്ട് പാസ്റ്റേഴ്സ് വക സനാതന സേവാസംഘം വിഷയം സഗൗരവം ചര്‍ച്ചക്കെടുത്തു. ഭദ്രകാളിയെ ” നീ യേശുവാണ്” എന്നു വിളീക്കുന്നത് വിഗ്രഹത്തില്‍ പച്ചക്കു തുപ്പുന്നതിലും എത്രയോ ഭീകരം.
യഥാര്‍ത്ഥത്തില്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുകയാണ് വേണ്ടത്. യഥാക്രമം ഭദ്രകാളിയും യേശുദേവനും നിലവില്‍ ജീവനോടുള്ളവരല്ലാത്തതിനാല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യണ്ടായെന്ന് ഉടന്‍ തീരുമാനമായി. മിസ് ഭദ്രകാളിക്ക് മിസ്റ്റര്‍ യേശു ഇന്നതു നഷ്ട പരിഹാരം നല്കുവാന്‍ കോടതി കല്പ്പിച്ചാല്‍ പാസ്റ്റര്‍മാര്‍ മാത്രമല്ല ക്ഷേത്രാധികാരികളും കുടുങ്ങും ! ജസ്റ്റിസ് കര്‍ണ്ണനേ പോലുള്ള ജസ്റ്റിസുമാരല്ലേ കേസ് വിധിയെഴുതുകയെന്ന് ഉറപ്പിച്ച് പറയാവുന്നതുമല്ലല്ലോ.
അതുകൊണ്ട് ഉടനെ തന്നെ ദേവിഭദ്രകാളിയെ സംരക്ഷിക്കുവാന്‍ ഒരു സേന രൂപീകരിക്കലാണുചിതം അവര്‍ തീരുമാനിച്ചു. ശ്രീരാമസേന , ഹനുമാന്‍സേന എന്നൊക്കെ പറയും വിധം ഒരു ‘ഭദ്രകാളീ സേന ‘ നീ യേശുവാണ്’ എന്നു പുലമ്പിപ്പോകുന്ന പാസ്റ്റേഴ്സിന്റെ സ്വരമടക്കും വിധം ‘ നീ ഭദ്രകാളിയാണ് ‘ എന്ന് ഈ ഭദ്രകാളീസേന മുദ്രാവാക്യം മുഴക്കട്ടെ. അത്യാവശ്യ കാര്യങ്ങള്‍ തീരെ ശ്രദ്ധിക്കാതിരിക്കുകയും അനാവശ്യകാര്യങ്ങളീല്‍ വലിയ ഉത്കണ്ഠ വച്ചു പുലര്‍ത്തുകയും ചെയ്യുന്നവരുടേതായ നമ്മുടെ സമൂഹത്തില്‍ ഇതേ ഉചിതം !
പ്രമേയം സനാതനസേവസംഘം കൈയടിച്ചു അംഗീകരിച്ചു. ( സംഘം രജിസ്റ്റര്‍ ചെയ്തു വന്നപ്പോള്‍ സൂക്ഷ്മതക്കൂടുതല്‍ കൊണ്ടാകാം ; ഭദ്രകാളീസേന ‘ ഭദ്രകളിസേന ‘യായി)
അങ്ങനെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാസ്റ്റര്‍ തോമസിന്റെ പാസ്റ്റര്‍മാരും ഭദ്രകളീ സേനാംഗങ്ങളും തമ്മില്‍ രക്തരഹിതമെന്നാലും വലിയൊരു വാക്പോര് മേള തന്നെ നടന്നു. ‘ നീ യേശുകാണ്’ ‘ നീ ഭദ്രകാളിയാണ്’ എന്നിവ്വണ്ണം ഓരോ ഭദ്രകാളീപ്പടിക്കലും അരങ്ങേറിയ പുതിയ തരം ശബ്ദാഘോഷം മതേതരപടുക്കളൂടേ സമൂഹം തീരെ ശ്രദ്ധിക്കാതിരുന്നില്ല. എന്നാലൊരു നല്ലൊരു മതേതര സമൂഹത്തില്‍ ഇമ്മാതിരി കലാ(പ) പരിപാടികള്‍ തികച്ചും സ്വാഭാവികമായതിനാലും സ്ഥിതിഗതികള്‍ രക്തരഹിതമായതിനാലും അവര്‍ അന്തം കമ്മികളായ മതേതര ? മതരഹിത മാനവവാദികള്‍ മിസ്റ്റര്‍ യേശുവിന്റെ കുരിശുകളൂം മിസ് ഭ്രകാളിയുടെ വാനരസേനയും തമ്മിലുള്ള വാക്പോരില്‍ മനസും കാതും സര്‍വോപരി മൂര്‍ച്ചവറ്റിയ നാക്കും അര്‍പ്പിക്കുവാന്‍ തയാറായതേ ഇല്ല !!
പപ്പു ബിന്‍