യാത്രയിലൊരിടത്ത്

 

 

വെളാങ്കണ്ണിയിലെ പള്ളികള്‍ കയറിയിറങ്ങി വെയിലിന്റെ തിളക്കത്തില്‍, മിന്നുന്ന തിരമാലകളെയുംകണ്ട്… വിയര്‍ത്തില്ല, പക്ഷേ വാടിപ്പോയിരുന്നു കുട്ടികള്‍. കൂട്ടുപ്രായക്കാരോടൊപ്പം അവര്‍ വെയിലിന്റെ കാഠിന്യം അവഗണിച്ചു. അപ്പനും അമ്മയ്ക്കും വല്യമ്മമാര്‍ക്കും വല്യപ്പന്മാര്‍ക്കും സമപ്രായക്കാരായ ബന്ധുക്കള്‍ക്കുമൊപ്പമുള്ള ഈ യാത്ര അവരേറെ ആസ്വദിക്കന്നുണ്ട്.
തൃശ്ശൂരിലേക്കുള്ള മടക്കയാത്രയില്‍ അവധിക്കാല പ്രത്യേക തീവണ്ടിയിലെ റിസര്‍വ്വ് ചെയ്ത കംപാര്‍ട്ട്‌മെന്റില്‍ ആളുകള്‍ കുറവായിരുന്നു. അനുവദിച്ച ബര്‍ത്തിലൊതുങ്ങാതെ കുട്ടികള്‍ അതവരുടെ വീട്ടുമുറ്റമാക്കി കളിച്ചുനടന്നു. പുറത്തെ കാഴ്ചകള്‍ക്ക് ഇരുട്ട് മറയായപ്പോള്‍ അവര്‍ അകം കളികളിലേക്ക്…

തിരുച്ചിറപ്പള്ളിയില്‍ നിന്നും ഏകദേശം ആറുമാസം പ്രായമുള്ള കുഞ്ഞുമായി ഒരു തമിഴ് സ്ത്രീ കയറിയിരുന്നു. നിറംകൊണ്ട് ഒരു യാചകസ്ത്രീയെന്നു തോന്നുമെങ്കിലും കയ്യിലെ കുഞ്ഞുമായ് ചേര്‍ക്കുമ്പോഴും അവരുടെ നിസ്സംഗഭാവവും ഒരു യാചകയ്ക്ക് ചേരുന്നതായി തോന്നിയുമില്ല.
ആ അമ്മ കുഞ്ഞുമായി പൊറുതിമുട്ടിയിരുന്നു. വാങ്ങിവെച്ച ഭക്ഷണപ്പൊതിയില്‍നിന്നും കുഞ്ഞിന് കുറേശ്ശെയായി അവര്‍ കൊടുക്കുന്നുണ്ട്. കുസൃതി അത് തട്ടിക്കളയുന്നുമുണ്ട്, ചിലപ്പോഴൊക്കെ. എല്ലാംകൂടി ഞാനിപ്പോ കളയുമെന്നര്‍ത്ഥത്തില്‍ തമിഴില്‍ കുഞ്ഞിനോട് കയര്‍ക്കുന്നുമുണ്ട്, അപ്പോഴൊക്കെ കരച്ചിലിന്റെ ശക്തി കൂട്ടുന്ന കുഞ്ഞും.

കുട്ടികള്‍ കരഞ്ഞുതിമിര്‍ക്കുന്ന കുഞ്ഞിന് ചുറ്റും വന്നെത്തി. ബാല്യങ്ങളുടെ കൊഞ്ചിയുള്ള ചോദ്യങ്ങളില്‍ ശൈശവം കരച്ചിലടക്കി. പിന്നെ ചിരിച്ചു. അതിലൊരു കുട്ടി കുഞ്ഞിനെ എടുക്കുവാന്‍ കൈകള്‍ നീട്ടി. കുഞ്ഞുമോണകള്‍ കാണിച്ച് അവള്‍ ചിരിച്ചു. കുട്ടിയുടെ ഒക്കത്തിരുന്ന് ആനപ്പുറത്തിരിക്കുന്ന പാപ്പാനെപ്പോലെ പതുക്കെ ഇളകിയാടി. പിന്നെ, കുട്ടികള്‍ കൂട്ടമായി കുഞ്ഞിനെ അടുത്ത സീറ്റില്‍ കൊണ്ടിരുത്തി കളിപ്പിച്ചുതുടങ്ങി.
വലിയ ഒരു ഭാരം ഒഴിഞ്ഞതുപോലെ അവര്‍ തന്റെ സീറ്റില്‍ സ്വസ്ഥതയോടെയിരുന്നു. വാങ്ങിവെച്ച ഭക്ഷണപ്പൊതിയിലെ ശേഷിച്ചത് കഴിച്ചുതുടങ്ങി.

പുറത്തെ കട്ടപിടിച്ച ഇരുട്ടിലൂടെ തീവണ്ടിയുടെ വെളിച്ചം തുളഞ്ഞുകയറി തീവണ്ടിക്ക് പോകാനുള്ള വഴിയൊരുക്കി. വഴിയരികിലെ ചെറുവെളിച്ചങ്ങള്‍ അതിഥിയായി പാഞ്ഞുപോകുന്ന തീവണ്ടിവെളിച്ചത്തെ പുഞ്ചിരിയോടെ യാത്ര പറഞ്ഞുകൊണ്ടിരുന്നു.
തീവണ്ടി തൃശ്ശൂരെത്താറായി. കുട്ടികൂട്ടത്തിലൊരാളുടെ അപ്പന്‍ ‘ദേ… ആ കിടാവിനെ കൊടുത്തിട്ട് നിങ്ങള്‍ ഇറങ്ങാന്‍ നോക്ക്ട്ടാ, ബേഗൊന്നും മറക്കണ്ട.. അധികം നേരൊന്നും നിറുത്തില്ലാ തൃശൂര്.’
കുട്ടികള്‍ കുഞ്ഞിനെ മാറിമാറി എടുക്കുകയും കളിപ്പിക്കുകയുമായിരുന്നു. അവരിലൊരാള്‍ അപ്പനില്‍നിന്നും കിട്ടിയ കല്‍പ്പന കൂട്ടുകാര്‍ക്ക് കൈമാറി.
‘ദേടീ… ആ ബേഗ്.. എട്‌ത്തോ… ഇതിന്റെ ചിരി കണ്ടോടീ.. ചേച്ചിമാര് പൂവാ.. ടാറ്റാ..’
‘നെന്നോട് പറഞ്ഞത് കേട്ടില്ലേ… ആ കിടാവിനെ കൊടുക്കാന്‍’ ഓര്‍മ്മവന്ന് അപ്പന്റെ കല്‍പ്പനയ്ക്ക് ശക്തികൂട്ടി.
കുഞ്ഞിനെ കൈമാറാനായി നോക്കിയപ്പോള്‍ കുഞ്ഞിന്റെ അമ്മ ഇരുന്നിടത്ത് അവരെ കാണുന്നില്ല. നേരത്തെ കുഞ്ഞിനെ വീശാന്‍ എടുത്ത തമിഴ് വാരിക മാത്രമുണ്ട് ആ സീറ്റില്‍.
ആന്റി ടോയ്‌ലറ്റില്‍ പോയതാണ്ന്നാ തോന്നുന്നത്. നമ്മളിറങ്ങുമ്പോഴേക്കും വരില്ലേ’
‘ആന്റി കൊറേ നേരായല്ലോ, പോയിട്ട്’ -വേറൊരു കുട്ടി.
‘ഏയ് നീ ശ്രദ്ധിക്കാണ്ടാവും’
‘നിങ്ങള് ആ ക്ടാവിനെ കൊടുത്തില്ലേ… നോക്ക്, വണ്ടി എത്താറായീട്ടാ’ … അപ്പന്‍ അതും പറഞ്ഞ് വേഗത്തില്‍ അപ്പുറത്ത് ഇരിക്കുന്നവര്‍ക്ക് ധൃതി പകരനായി കടന്നുപോയി.
‘ആന്റീനെ ടോയ്‌ലറ്റിലൊന്നും കാണ്ണില്ല്യാട്ടാ’
ടോയ്‌ലറ്റില്‍പോയി നോക്കിവന്ന കുട്ടി അങ്കലാപ്പോടെ അറിയിച്ചു. – ‘അവിടെ ആരൂല്യ’
‘ഇഞ്ഞിപ്പോയെന്തു ചെയ്യും’ – കുട്ടികള്‍ മുതിര്‍ന്നവര്‍ ഇരിക്കുന്ന ഭാഗത്തേക്കു നടന്നു.
‘അവരെ കണ്ടപ്പോഴേ ഒരു വശപ്പെശക് തോന്ന്യതാ… ഈ ചെറ്യ ക്ടാവുമായി ഒറ്റക്ക്…’
‘നിങ്ങള്‍ ഏന്തൂട്ടിനാ ആ ക്ടാവിനെ എട്‌ത്തേ.. ഓരോരോ പുലിവാലുകളേ’
‘ഇമ്മക്കാണെങ്കില്‍ എറങ്ങാറായല്ലോ തമ്പ്‌രാനെ’
‘ഇതിനെ ഒറ്റയ്ക്കിട്ട് പോവാന്‍ പറ്റ്വോ’ – അമ്മമാരിലൊരാള്‍ കുട്ടികളുടെ കൂട്ടിനെത്തി, കുഞ്ഞിനെയെടുത്തു.
തീവണ്ടി ഒരു ഞെരക്കത്തോടെ സ്‌റ്റേഷനില്‍ നിന്നു. കൂട്ടത്തില്‍ മുതിര്‍ന്ന അപ്പന്‍ -‘അതേയ്.. ആ ക്ടാവിനെയങ്ങെടുത്തോ… റെയില്‍വേ പോലീസില് ഏല്‍പ്പിക്കാം. – എന്തൂട്ടാച്ചാ കാട്ടട്ടെ.’
മുന്നു കുടുംബങ്ങളും തൃശ്ശൂര്‍ സ്റ്റേഷനില്‍ കുഞ്ഞിനെയുമെടുത്ത് ഇറങ്ങി.
തീവണ്ടി സൈറണ് മുഴക്കി യാത്ര തുടര്‍ന്നു.
കുഞ്ഞ് കുസൃതി കാണിക്കണോ, കരയണോ എന്ന ആശങ്കയില്‍ കൊച്ചുചേച്ചിമാരെ നോക്കി ചിരിച്ചും ചിരിക്കാതെയുമാണ് ഇരിക്കുന്നത്.

 

തീവണ്ടി നീങ്ങിതുടങ്ങുമ്പോഴെക്കും – എന്റെ കുഞ്ഞിനെ തായോ തായേ – എന്ന തമിഴ് അലറലോടെ കൈകള്‍ പുറത്തേക്ക് നീട്ടി തമിഴ് പെണ്ണ് വിളിച്ചുകരയുമെന്ന് അവര്‍ പ്രത്യാശിച്ചു.
എല്ലാവരും നടന്ന് റെയില്‍വേ പോലീസിന്റെ മുറിയിലെത്തി. -‘അതേയ് സാറേ, ഈ ക്ടാവിനെ തീവണ്ടീന്ന് കിട്ടിയതാ.. ഒരു തമിഴത്തീന്റെ കൂട്യാ ഇണ്ടാര്‍ന്നത്. ഇവറ്റകള്‌ടെ പണ്യാ ഇതിനെയെടുത്തത്.’
-കുട്ടികളെ ചൂണ്ടി മൂത്തവരില്‍ ഒരാള്‍ പറഞ്ഞു.
‘സാരല്യ – നമുക്ക് കണ്ടുപിടിക്കാം. -അത്, അവര് ബോധപൂര്‍വ്വം ഉപേക്ഷിച്ചതാകുമോ?’
‘ഒരു പിടുത്തോം കിട്ടണില്ല്യ സാറെ… എന്തോ പ്രശ്‌നം തോന്ന്ണു.’ – അയാള്‍ പിന്നെയും കുട്ടികളെ ദേഷ്യത്തോടെ നോക്കി.
‘ആ തമിഴത്തി എവിട്ന്നാ കേറീത്’ – പോലീസ് ചോദ്യം.
‘തിരുച്ചിറപ്പള്ളീന്ന് കയറിയതാവും’
-മുതിര്‍ന്ന അപ്പന്‍ സംശയത്തിന് തിരികൊളുത്തി.
‘കരുതിക്കൂട്ടി ഉപേക്ഷിച്ചതാവും… എങ്കില്‍ എതെന്തിനാണെന്നാ അറിയേണ്ടത്. – എന്താണെടോ, ഒരു പോംവഴി’ –
പോലീസുകാർ പരസ്പര ചോദിച്ചുകൊണ്ടിരുന്നു.
‘ നിങ്ങള്.. നിങ്ങള് ഒരു കാര്യം ചെയ്യ് പേരു൦ വിലാസവും തരണ൦. ആവശ്യമുള്ളപ്പോള്‍ വിളിപ്പിക്കും. അപ്പോ വരണ൦’
മൂന്നു കുടു൦ബങ്ങളു൦ പരസ്പര നോക്കി.. നാഥൻമാരു൦ നാഥകളു൦ അമ്പരപ്പോടെ നിന്നു.
അവരെനോക്കി പോലീസുകാരൻ-‘ ‘ആരെങ്കിലും ഒരുത്തരവാദിത്ത൦ പറയണമല്ലോ.. ആര്ടെ പേരാ തരുന്നെ’ പോലീസുകാരൻ പേന വിരലുകൾക്കിടയിൽ ഇട്ടു വട്ട൦കറക്കി.
കൂട്ടത്തിൽ പ്രായം കുറഞ്ഞ കുടുംബനാഥൻ, ജയി൦സ് മുന്നോട്ടുവന്നു, അയാളുടെ ഭാര്യയുടെ നോട്ടത്തെ വകവെയ്ക്കാതെതന്നെ. അതിനു മറുപടിയായെന്നവണ്ണ൦ ഇങ്ങിനെപറഞ്ഞു- കൊലപാതക കേസ്സൊന്നുമല്ലാലൊ. എന്റെ പേരു൦ വിലാസോ൦ തരാം. ഒരു ക്ടാവിനെ വെറുതെയങ്ങട് അനാഥമായി വിടാണ്ട്ന്ന്ച്ചിട്ട് ചെയ്തതിനുള്ള ശിക്ഷയല്ലേ.. അതങ്ങിനെയായ്ക്കോട്ടെ’
‘ നിങ്ങള് ദേഷ്യ൦ പിടിച്ചിട്ട് കാര്യൊന്നൂല്യ.. ഇതിന്റെ ഒരു രീതിയാ’
പോലീസുകാരൻ അയാൾക്ക്നേരെ എഴുതാനുള്ളകടലീസു൦ പേനയു൦ നീട്ടി.
പേരു൦ വിലാസവും എഴുതി പേനയോടൊപ്പ൦ തിരികെകൊടുക്കുമ്പോൾ ജയി൦സ് പറഞ്ഞു-വിവര കിട്ടിയാൽ അറിയിക്കണേ സാർ’
‘ഷുവർ.. താങ്ക്യൂ സാർ’
ഉപചാര വാക്കുകള്‍ പരസ്പര പറഞ്ഞ് അവർ പിരിഞ്ഞു.

പിറ്റേന്ന് രാവിലെ.
‘ജെയിംസേട്ടാ -ദാ, ആ ക്ടാവിന്റെ ഫോട്ടോ പത്രത്തില്’ -നിലത്ത് പത്രം വിരിച്ച് അതിന്മേല്‍ കൈകുത്തി കുനിഞ്ഞിരുന്ന് വാര്‍ത്തകള്‍ വായിക്കാറുള്ള ഭാര്യ അയാളെ അലറിവിളിച്ചു.
അയാള്‍ അവള്‍ക്കൊപ്പം താഴെ ചേര്‍ന്നിരുന്ന് പത്രവാര്‍ത്തയിലേക്ക് സൂക്ഷ്മതയോടെ നോക്കി.
-തിരുച്ചിറപ്പള്ളിയിലെ ഒരു ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളാണ് അവിടെ നടന്ന മോഷണം കണ്ടുപിടിക്കുവാന്‍ സഹായകമായത്. കുഞ്ഞിനെ ഒരു കട്ടിയുള്ള പുതപ്പ്‌കൊണ്ട് മൂടി അവയില്‍ ഒളിപ്പിച്ച് ജ്വല്ലറിയിലെ ആഭരണങ്ങള്‍ കവര്‍ച്ചചെയ്യുകയായിരുന്നു. ഇടയ്ക്ക് കുഞ്ഞിനെ നോവിക്കുകയും കരച്ചില്‍ നിര്‍ത്താത്ത കുഞ്ഞിനെ പുറത്തേക്കു കൊണ്ടുപോവുകയും ചെയ്തു. അതേസമയം പുറത്തുകാത്തുനില്‍ക്കുന്ന സംഘത്തില്‍പ്പെട്ട വേറൊരു സ്ത്രീയുടെ ബാഗിലേക്ക് സ്വര്‍ണ്ണമാലകള്‍ നിക്ഷേപിക്കുകയും ചെയ്യുന്ന രംഗമാണ് ക്യാമറയില്‍ പതിഞ്ഞത്. സംഭവത്തില്‍ പ്രതിയായ സ്ത്രീയെ പാലക്കാട്‌നിന്നും റെയില്‍വേ പോലീസ് പിടികൂടി. മോഷണത്തിന് ഉപകരണമാക്കിയ ആറുമാസം പ്രായമായ കുഞ്ഞിനെ കോയമ്പത്തൂരില്‍നിന്നും കടത്തിക്കൊണ്ടുവന്നതാണെന്ന് സംശയിക്കുന്നു. അതേസമയം വേളാങ്കണ്ണിയിലേക്ക് തൃശൂരില്‍നിന്നും പോയി മടങ്ങിവരുന്ന തീര്‍ത്ഥാടകസംഘം ഒറ്റയ്ക്ക് ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ തൃശൂരില്‍ റെയില്‍വേ പോലീസില്‍ ഏല്‍പ്പിച്ചതാണ് ഈ കേസിന് നിര്‍ണ്ണായകമായത്. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
-ജെയിംസിന്റെ ഉറക്കെയുള്ള പത്രവായന ശ്വാസമടക്കിപ്പിടിച്ചിരുന്ന് കേട്ടുകൊണ്ടിരിക്കുകയായിരുന്ന അയാളുടെ ഭാര്യ, ‘എന്റെയീശോയെ’
എന്ന് നെടുവീര്‍പ്പിട്ടു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here