ഇരുട്ട് ചിറകുവിടർത്തുകയും നടവഴികൾ കറുത്തുപോവുകയും ചെയ്യുന്ന തൃസന്ധ്യയ്‌ക്കു മുൻപേ ശൈലീരോഗങ്ങളെ അകറ്റാനായി നടക്കാനിറങ്ങിയതായിരുന്നു ഞാൻ. തൊട്ടുമുൻപിൽ സൈക്കിളിൽ വന്ന ഒരു മെല്ലിച്ച ചെക്കൻ, ചാക്കിൽനിന്ന് ഒരു വെളുത്ത പൂച്ചക്കുട്ടിയെ എടുത്തു വീഥിയിൽ വച്ചു. പൂച്ച ഒരുപാടു കരഞ്ഞു- അപരിചിതത്വം, നഗരത്തിന്റെ താൻപോരിമ, ചീറിപ്പായുന്ന വാഹനങ്ങളുടെ ഗർവ്വ്, മനുഷ്യന്റെ സ്വാർത്ഥത…അതു കരഞ്ഞുകൊണ്ടേയിരുന്നു. നഗരജീവിയായ ഞാൻ, പൂച്ചയെ എന്തുകൊണ്ട് എനിക്കു രക്ഷിക്കാനാവുന്നില്ല എന്നതിനു തക്കതായ കാരണങ്ങൾ കണ്ടുപിടിച്ചു നടന്നു.
പിറ്റേന്നു സന്ധ്യയിൽ, കറുത്ത ടാറിട്ട വീഥിയിൽ സ്‌റ്റഫു ചെയ്യപ്പെട്ട ഒരു പൂച്ചക്കുട്ടിയുടെ തോലുകണ്ട്, മൂക്കുപൊത്തി നടക്കുമ്പോൾ, ഞാൻ “ടോയൻബി”യുടെ നഗരം എങ്ങനെ ഗ്രാമത്തെ ചതിക്കുന്നു എന്ന നിഗമനങ്ങളെ ഓർക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.