2018 ലെ മികച്ചവയുടെ ന്യൂയോര്‍ക്ക് ടൈംസ് പട്ടികയില്‍ കയറിയ നോണ്‍ ഫിക്ഷനുകളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ‘ബോധോദയം ഇപ്പോള്‍’. മനുഷ്യജീവിതം ഇപ്പോള്‍, സത്യാനന്തര കാലമെന്നൊക്കെ ഭയപ്പെടുന്നതിന് വിപരീതമായി, ആഗോളപരമായി കൂടുതല്‍ സുരക്ഷിതവും, ദീര്‍ഘവും, ആരോഗ്യകരവും, ഹിംസ കുറഞ്ഞതും, സഹിഷ്‌ണുതയുള്ളതും, വിദ്യാസമ്പന്നവും, മെച്ചവും, സന്തുഷ്ടവുമാണെന്ന് സമര്‍ത്ഥിക്കുന്ന പുസ്‌തകം.
യുക്തി, ശാസ്‌ത്രം, പുരോഗതി, മനുഷ്യത്വം പുഷ്ടിപ്പെട്ടു. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാവുന്നുണ്ട്, പക്ഷെ മുന്‍പത്തേക്കാളും അവയെ നിയന്ത്രിക്കാന്‍ വകയുണ്ട്. മരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നു.
100 വര്‍ഷം മുന്‍പ് മിന്നലാക്രമണത്തിലും പാമ്പുകടിയേറ്റും മരിക്കുന്നവരുടെ എണ്ണമാണോ ഇപ്പോള്‍? ഹിമപ്പുലി വംശനാശം നേരിടുന്ന മൃഗപ്പട്ടികയില്‍ ഇപ്പോഴില്ല. വസൂരി ഒരു മാരകരോഗമായിരുന്നു എന്നാണ് വിക്കിപീഡിയ പറയുന്നത്. മറിച്ചു ചിന്തിക്കുന്നവരാണ് ഏകാധിപത്യം ജനപ്രിയമാക്കിയത്. അതുകൊണ്ടാണ് കുറ്റം പറയുന്നവര്‍ക്ക് മാര്‍ക്കറ്റ്. പ്രശ്നങ്ങള്‍ പരിഹാര്യമാണെന്ന് വിചാരിക്കണം. പ്രതീക്ഷയുണ്ടെന്ന് വിചാരിക്കാന്‍ ഊര്‍ജ്ജം വേണം. അലസന്മാര്‍ക്ക് പ്രതീക്ഷിക്കാന്‍ എനര്‍ജിയില്ല; അവരെക്കൊണ്ട് പ്രതീക്ഷയുമില്ല. മരവീട് ആഗ്രഹിക്കുന്ന കുട്ടി അപ്പന്‍ കൊണ്ടത്തരും എന്ന് കരുതി മലര്‍ന്ന് കിടക്കരുത്. ചുറ്റികയെടുത്ത് ഇറങ്ങണം.
മികവില്‍ മികച്ച നോവലുകളിലെ വിഷയങ്ങളിലൂടെ ഓട്ടപ്രദക്ഷിണം ചെയ്യുകയാണ്. കല്യാണം കഴിഞ്ഞയുടനെ റേപ് കേസില്‍ തെറ്റായി അറസ്റ്റ് ചെയ്യപ്പെട്ട്, 12 വര്‍ഷക്കാലം ജയിലില്‍ കിടന്ന്, വിവാഹാനന്തര വര്‍ഷങ്ങള്‍ നഷ്ടമാവുന്ന കറുത്ത വര്‍ഗക്കാരുടെ കറുത്ത സങ്കടമാണ് ‘ഒരു അമേരിക്കന്‍ കല്യാണം’. അന്‍പതുകളില്‍ ‘ഗേ’ ആയി ജീവിച്ച ഒരു പിതാവ്, അങ്ങനെ തന്നെയായ മകന്‍ ഇപ്പോള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് നടത്തുന്ന പൊതു-സ്വകാര്യ താരതമ്യപ്പെടുത്തലുകളാണ് മറ്റൊരു നോവല്‍-പ്രമേയം.
വ്യാപകമായ മയക്കുമരുന്ന് ഉപയോഗവും ദുരന്തനാന്തര മനഃക്ലേശവും വയോധികരോടുള്ള സര്‍ക്കാര്‍ അവഗണനയും ‘ചെറി’ കൈകാര്യം ചെയ്യുന്നു. പുരാതന സാഹിത്യം പഠിപ്പിച്ച് വിരമിച്ച ജര്‍മ്മന്‍ പ്രഫസര്‍ സ്വന്തം നാട്ടില്‍ ആഫ്രിക്കന്‍ അഭയാര്‍ത്ഥികളെ നേരിടുന്ന സന്ദര്‍ഭമാണ് ‘പോ, പോയി, പൊയ്‌പ്പോയി’ എന്ന നോവലിലേത്. ഷേക്സ്പിയറിന്റെ ‘മാക്ബത്ത്’ സ്കോട്ട്ലന്‍ഡ് പശ്ചാത്തലത്തില്‍ പറയുന്ന നോവലില്‍ കൊലപാതകവും അഴിമതിയും പ്രധാന താരങ്ങള്‍.
വിഷമസന്ധിയിലായ സ്ത്രീ ജീവിതം തിരിച്ചു പിടിക്കാന്‍ ഒരു വര്‍ഷക്കാലം ഉറങ്ങുന്ന കഥയാണ് ‘എന്റെ വിശ്രമത്തിന്റെയും വിശ്രാന്തിയുടെയും വര്‍ഷം’. ഒരിക്കലും മരിക്കാതെ ജീവിക്കേണ്ടി വന്നാലത്തെ അവസ്ഥാശങ്കകള്‍ ചര്‍ച്ച ചെയ്യുന്നു ‘അനശ്വരജീവിതം’. ഉള്ള ജീവിതത്തെ ജീവിതയോഗ്യമാക്കുക എന്ന് നോവലിസ്റ്റ് പറയുന്നു.