ദേശാന്തര മലയാളകഥകൾ ലോക മലയാളത്തിന്റെ ആദ്യത്തെ ബൃഹത്തായ ആവിഷ്കാരം -ബെന്യാമിൻ

 

പ്രവാസി എഴുത്തുകാരനായ എം ഒ രഘുനാഥ് എഡിറ്റ്‌ ചെയത്, സമത പ്രസിദ്ധീകരിച്ച “ദേശാന്തര മലയാളകഥകൾ” ലോക മലയാളത്തിന്റെ ആദ്യത്തെ ബൃഹത്തായ കഥാസമാഹാരമാണെന്ന് പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ അഭിപ്രായപ്പെട്ടു.

പ്രവാസികളും കുടിയേറ്റക്കാരുമായ എഴുത്തുകാരുടെ വേറിട്ട സർഗ്ഗ സൃഷ്ടികളെ, വ്യത്യസ്ത ഭൂപ്രകൃതികളുടെ പശ്ചാത്തലങ്ങളിൽ വളരെ അടുക്കും ചിട്ടയോടുംകൂടി അണിയിച്ചൊരുക്കുവാൻ സാധിച്ചതാണ് സമാഹാരത്തിന്റെ പ്രധാന പ്രത്യേകതയും ശക്തിയുമെന്നും അദ്ദേഹം പറഞ്ഞു. ആറു വൻകരകളെ പ്രതിനിധാനം ചെയ്തുകൊണ്ട് ചൈന, റഷ്യ, സിങ്കപ്പൂർ, ആഫ്രിക്ക, യുഎസ്, യുകെ, ബ്രസീൽ, ജപ്പാൻ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ജർമ്മനി, അയർലൻഡ്, മാലിദ്വീപ്, സൗദി അറേബ്യ, ഒമാൻ, ഖത്തർ, യു.എ.ഇ. എന്നീ പതിനെട്ടു രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന കഥകൾ നമുക്ക് ഇന്നോളം പരിചിതമല്ലാത്ത പലതരം ജീവിതങ്ങളെ ആവിഷ്കരിക്കുകയാണ്.

മലയാളിയുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രവാസത്തിന്റെ അടരുകളുണ്ട്. കുടിയേറിയവരുടേയും കുടിയിറങ്ങിയവരുടെയും സംസ്കാരമാണ് മലയാളിയുടേത്. ഗൃഹാതുരത്വത്തിന്റെ ചങ്ങലയിൽപ്പെട്ട എഴുത്തായിരുന്നു ഒന്നാം തലമുറയിലെ പ്രവാസി എഴുത്തുകാരുടേതെങ്കിൽ, തങ്ങൾ ചെന്നെത്തിയ ഇടങ്ങളെ, അവിടങ്ങളിലെ മനുഷ്യരുടെ സംഘർഷഭരതമായ ജീവിതങ്ങളെ, സംസ്കാരത്തെയൊക്കെ കഥകളിലൂടെ അടയാളപെടുത്തുകയാണ് പുതുതലമുറയിലെ പ്രവാസി എഴുത്തുകാർ. അതുതന്നെയാണ് മറ്റു കഥാസമാഹാരങ്ങളിൽനിന്നും ദേശാന്തര മലയാളകഥകൾ എന്ന സമാഹാരത്തെ വേറിട്ടുനിർത്തുന്നതുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കേരള നിയമസഭാ പുസ്തകോത്സവവേദിയിലെ പ്രകാശന ചടങ്ങിൽ, നിയമസഭാ സ്പീക്കർ എ എൻ ഷംസീറിൽ നിന്ന് കഥാസമാഹാരത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ടി.എ ഉഷാകുമാരി സ്വാഗതം പറഞ്ഞു. ടി.ജി. അജിത അധ്യക്ഷത വഹിച്ചു. എം ഒ രഘുനാഥ്, മറുമൊഴിയും ടി അജികുമാരി നന്ദിയും രേഖപ്പെടുത്തി

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here