എൻെറ ബംഗാൾ പ്രേമം തുടങ്ങിയത് കൗമാരത്തിൽ എപ്പോഴോ ആണ്. ഭ്രാന്തമായ പ്രേമം. മാതൃഭൂമി ആഴ്ചപ്പതിത്തിൽ വന്ന ആശ പൂർണ ദേവിയുടെ ബകുളന്റെ കഥ ആയിരുന്നു തുടക്കം എന്ന് തോന്നുന്നു. പിന്നെ അത് ബംഗാളി സിനിമയിലേക്ക് കുടിയേറി. സത്യജിത് റേയുടെ സീമാബദ്ധ, എനിക്ക് ബംഗാളി സിനിമാലോകത്തേക്കുള്ള ഒരു ജാലകമായി.
കഥകളിലൂടെയും , സിനിമകളിലൂടെയും, കവിതകളിൽകൂടിയും കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ ഇരുന്നു കൊണ്ട് ഞാൻ കൊൽക്കത്തയിൽ ജീവിച്ചു.
തിരക്കേറിയ കാളിഘട്ടിന്റെ സ്പന്ദനങ്ങൾ എനിക്ക് ചുറ്റും പ്രസരിച്ചു. ഇന്ത്യൻ കോഫി ഹൗസിലെ വറുത്ത കാപ്പികുരുവിന്റെ മണം പരക്കുന്ന മുറികളിൽ അലയടിച്ചിരുന്ന ചർച്ചകളുടെ മുരൾച്ചയും എൻറെ ചെവികളിൽ കേട്ടുകൊണ്ടിരുന്നു. വിക്ടോറിയൻ ശൈലിയിലുള്ള പഴയ കെട്ടിടങ്ങളും, സോനാഗഞ്ചിയിലെ ഇരുണ്ട മുറികളും വൃത്തിഹീനമായ തെരുവുകളും എൻെറ കണ്ണുകൾക്ക് മുമ്പിൽ നൃത്തം ചെയ്തു.
നഗരത്തിൽ എപ്പോഴും തങ്ങി നിൽക്കുന്ന ഡീസൽ പുകയുടെ മണവും, പകൽ സമയങ്ങളിൽ ഹൗറ പാലത്തിൽ കൂടെ നടക്കുമ്പോൾ കേൾക്കുന്ന റിക്ഷകളുടെ കാതടപ്പിക്കുന്ന ശബ്ദവും രാത്രിയിൽ താഴെ ഗംഗയുടെ മന്ദമായ ഒഴുക്കും പാലത്തിൻെറ അഭൗമിക സൗന്ദര്യവും ആസ്വദിച്ചു കൊണ്ടുള്ള തോണി യാത്രകളും, വർണശബളമായ തെരുവുകളും, നഗര നടുവിൽ കൂടി ഓടുന്ന ട്രാമുകളുടെ വശ്യതയും ഞാൻ അനുഭവിച്ചുകൊണ്ടിരുന്നു.
കമ്യൂണിസം രക്തത്തിൽ അലിഞ്ഞു ചേർന്ന, ബുധിജീവികളെന്ന് അഹങ്കരിക്കുന്ന, ഫുട്ബോൾ പ്രേമികളും പൊതുവെ മടിയന്മാരുമായ പുരുഷന്മാരും , നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കൈമുതലായുള്ള, വെള്ളയിൽ ചുവന്ന കരയുള്ള സാരികൾ ചുറ്റി കുങ്കുമ നിറത്തിൽ ഉള്ള വളകളോട് ചേർന്ന് ശംഖു വളകളും അണിയുന്ന അതിസുന്ദരികളായ സ്ത്രീകളും എനിക്ക് വളരെ പരിചിതരായിരുന്നു.
ചോറും കടുകെണ്ണയിൽ ഉണ്ടാക്കുന്ന മീൻ കറിയുടെ രുചിയും മിഷ്ടി ഡോയ്യുടെ പ്രേത്യേക മധുരവും എൻെറ നാവിൻ തുമ്പിൽ!
റീജിയണൽ എഞ്ചിനീയറിംഗ് കോളേജിൽ പ്രവേശനം കിട്ടിയപ്പോഴും എനിക്ക് സന്തോഷമായിരുന്നു. സഹപാഠികളായി ബംഗാളിൽ നിന്നും കുട്ടികൾ ഉണ്ടാകും. അവരുമായി ബംഗാളിനെ പറ്റിയും, സാഹിത്യം, സിനിമ, സംസ്കാരം എന്നിവയെ പറ്റിയും സംസാരിക്കാമല്ലോ. അതിനിടെ ഞങ്ങളുടെ അയൽവാസി ആയ ബംഗാളിയായ ചേച്ചിയിൽ നിന്നും കുറച്ചു ബംഗാളിയും ഞാൻ വശത്താക്കി.
ബംഗാളിൽ നിന്നും ഉള്ള കുട്ടികൾ കുറച്ചു വൈകിയാണ് ചേരുന്നത്. ഒരു മുഖർജ്ജീ, റോയ്, ചാറ്റർജി ക്ലാസ്സിൽ ഉണ്ടെന്നു പുതിയ വിദ്യാർത്ഥികളുടെ പട്ടികയിൽ നിന്ന് മനസിലായി. പിന്നെ അവർക്കു വേണ്ടിയുളള കാത്തിരിപ്പായി. ഒരു മാസം കഴിഞ്ഞതാണ് അവർ വന്നു ചേർന്നത്. ആദ്യത്തെ ദിവസം തന്നെ അവരെ പോയി പരിചയപെട്ടു. എന്നാൽ കൂടെ ഇരുന്നു സംസാരിക്കാൻ അവസരം കിട്ടിയത് ക്ലാസ്സിൽ നിന്നും ടൂർ പോയപ്പോഴാണ്. വളരെ ഉത്സാഹത്തോടെ റോയിയുടെ അടുത്ത് എൻെറ പ്രിയപ്പെട്ട വിഷയം ചർച്ച ചെയ്യാൻ ആരംഭിച്ചു. എന്നാൽ റോയിയുടെ പ്രതികരണം എന്നെ അമ്പരിപ്പിച്ചു. ആശ പൂർണ ദേവി ആരെന്നറിയാത്ത ഒരു ബംഗാളി! മഹസ്വേതാ ദേവി, താരാശങ്കർ, എന്തിനു പറയുന്നു റീഥ്വിക് ഘട്ടക്കിനെ പോലും അവന് അറിയില്ല! മുഖർജ്ജീയും ചാറ്റർജിയും അതെ കപ്പലിൽ തന്നെ. ഹൃഷികേശ് മുഖർജിയുടെ നായിക ഗുഡ്ഡിയെ പോലെ എനിക്കും ബുദ്ധിയുദിച്ചു. യാഥ്യാർത്ഥത്തിലേക്കു തിരിച്ചു വന്നു.
മുപ്പതു വർഷം കഴിഞ്ഞു . ബംഗാൾ പ്രേമം ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു. റ്റാങ്ത്, ജംദാനി, ബാല്ച്ചോരി, ധനിയ്ക്കലി,കാന്ത, ഫുള്ളിയ, ഖാദി, ഗറാഡ്, മുർഷിദാബാദ്, ബേഗംപൂർ സാരികളിൽ കൂടി…..
ഇത് വരെ എൻറെ പ്രിയപ്പെട്ട നഗരമായ കൊൽക്കത്ത ഞാൻ സന്ദർശിച്ചിട്ടില്ല. അവസരങ്ങൾ കിട്ടാഞ്ഞിട്ടല്ല. എൻറെ സങ്കൽപ്പത്തിൽ ഉള്ള കൊൽക്കത്തയും ശരിക്കും നിലവിലുള്ള കൊൽക്കത്തയും തമ്മിലുള്ള അന്തരം എന്നെ നിരാശപ്പെടുത്തിയാലോ?