ഭൂമിയുടെ ചരിവ്

 

ഭൂമിക്കൊരു ചരിവുണ്ടത്രേ!
ചരിഞ്ഞുനോട്ടക്കാർക്കു മാത്രം തിരിയുന്ന
ആദിയിൽനിന്നന്തിയിലേക്ക് നീളുന്ന ചരിവ്
അതാണെല്ലാത്തിനും കാരണമത്രേ
ഋതുക്കളിങ്ങനെയച്ചടക്കമില്ലാതെ
വഴുതിപ്പോകുന്നത്
മേഘസ്ഫോടനത്താൽ നിലമൊഴുകി
കടലിൽ ലയിക്കുന്നത്
ജര വിണ്ടുകീറുന്നത്
താണ നിലത്ത് നീരോടുന്നത്
മുട്ടിനുകീഴെ നീട്ടിയൊരുന്നം
നെഞ്ഞ്പിളർന്നു പായുന്നത്
കഴുത്ത് പാകമാകയാൽ* കഴുവേറ്റിയവൻ്റെ
കാൽവിരൽത്തുമ്പിലുടെ പ്രാണൻ
പരാതിയില്ലാതിറ്റ് പോകുന്നത്
ഹെലിൻ ബോലികിൻ്റെയന്നം
തുർക്കിയുടെയാകാശത്തിലെ-
പ്പെരുമീനായുയരുന്നത്
മലാലയുടെശ്ശിരസ്സിനു പലതരം
വിലകളാൾകൂട്ടപ്പെരുവഴിയിൽപ്പേശുന്നത്
താങ്ങുവിലകൾ കുതറിയിറങ്ങി
മറ്റൊരു’താങ്ങായി’യതിർത്തി
നിറയുന്നത്.
പൗരാപരവേലികൾനൂഴാൻ ഐലാൻ കുർദിമാർ
കടൽമണ്ണ് തിന്നൊടുങ്ങുന്നത്
അസുരാധിപത്യങ്ങളൂക്കായ് നിറയുമ്പോൾ
തെരുവിലൊക്കെയും സ്വരങ്ങളായിരം
നെഞ്ഞ് നീട്ടിത്തടുത്ത് വെറുതേയസ്തമിക്കുന്നത്.
പേർത്തും പേർത്തും വെടിയേൽക്കാനായ്ക്കൊറ്റികൾ
പിന്നെയുമാകാശമാകെ നിറയ്ക്കുന്നത്…
ഒക്കെയുമൊക്കെയുമീച്ചരിവിനാലത്രേ!
അതിനാൽ നമുക്കീ ചെരിവ് നികത്തേണ്ടതുണ്ടു്
ആരെങ്കിലുമാരെയെങ്കിലുമതിന്നായ് വരുത്തൂ
ഭഗീരഥനോ സിസിഫസോ ഹെർക്കു്ലിസോ
ആരെങ്കിലുമീയുത്തോലകമെടുക്കു
ശൂന്യാകാശത്തിൽ ഭൂമിക്കു കീഴെ
ചുറ്റുന്നൊരായിരമുപഗ്രഹങ്ങളിലൊന്നിൽ
ചവിട്ടി നിന്നൊട്ട്പതിയെയൊരുതിക്കൽ മതി.
പിന്നെ ഋതുക്കളെല്ലാം സമം
ലോകമമ്പെയുംസമ്പത്തൊഴുകി –
യൊരേപോൽപ്പരക്കുമത്രേ.
അധികാരക്കൊതിയമ്പേയൊടുങ്ങി
ഛത്രപതിമാർ നിലാവുപോലെശാന്തരാകും.
ജലപീരങ്കികളും തോക്കുകൾതന്നെയും
മൃദുവായ്ക്കാൽമുട്ടുകൾക്കു കീഴെ
മാത്രമായുന്നമടയുന്നകാലമാകും
താഴുകളെല്ലാം താക്കോലുകൾക്കൊപ്പം
കിണറുകളിലേക്കിറങ്ങിയൊരുനീണ്ടയാത്രപോകും
കുന്നിൻമ്മുകളിൽനിന്നു നോക്കിയാലൊക്കെയും
മെല്ലാമൊരുപോൽനിരപ്പിലാകും
കുറ്റമായൊന്നുമേയുരിയാടാനാകാതെയന്നിൻ്റെ
വായ്കളൊക്കെയും പൊത്തിമരിക്കുന്നകാലമാകും.

——

* മരുഭൂമികൾ ഉണ്ടാവുന്നത്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here