ഏഴാംക്ലാസിലെ ബഞ്ച്

മാധവേട്ടൻ ഓർമ്മയായി.
സോഷ്യൽ മീഡിയയിൽ ആരോ എഴുതിയ വാർത്തയിൽ കണ്ണുടക്കി.
വാർത്തയിലെ മാധവേട്ടൻ ആരാണെന്നോ എന്തുപറ്റിയതാണെന്നോ ആലോചിക്കുന്നതിനും മുമ്പ് മനസ്സിൽ ഒരു മാധവേട്ടൻ്റെ ചിത്രം തെളിയുന്നു.
എൻ്റെ ഓർമ്മകളിൽ ഒരു മാധവേട്ടനേയുള്ളു ലോകത്തിൽ.
വെളുത്തു് മെല്ലിച്ച ഒരു യുവാവാണ് ആ മാധവേട്ടൻ.
ഞാൻ പഠിച്ച സ്‌കൂളിലെ പ്യൂൺ ആയിരുന്നു ഞാനറിയുന്ന മാധവേട്ടൻ.മലബാറിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെ ഒരു ചെറിയ യു.പി.സ്‌കൂൾ,ഞാൻ അവിടെ ഒരു വർഷം മാത്രമേ പഠിച്ചിട്ടുള്ളു.സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ എൻ്റെ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞപ്പോഴേക്കും ഞാൻ അഞ്ചു് സ്കൂളുകൾ പൂർത്തിയാക്കിയിരുന്നു.
അങ്ങിനെ എൻ്റെ സ്‌കൂൾ യാത്രയിൽ ഏഴാംക്ലാസിൽ ഞാൻ പഠിച്ച തിമിരി യു.പി.സ്കൂളിലെ പ്യൂൺ ആയിരുന്നു എൻ്റെ ഓർമ്മയിലുള്ള മാധവേട്ടൻ.
സ്‌കൂൾ തുറന്ന ആദ്യദിവസം പരിഭ്രമിച്ചു് സ്കൂൾ വരാന്തയിൽ നിൽക്കുന്ന ഒരു പന്ത്രണ്ടു വയസ്സുകാരൻ്റെ ചിത്രം മനസ്സിൽ വരുന്നു.ക്ലാസ്സ് ഏതാണ് എന്നുചോദിക്കാൻ പോലും ധൈര്യമില്ല.ഒരു ചെറുപ്പക്കാരൻ അടുത്തുവന്ന് എന്തോ ചോദിച്ചു,തനി മലബാർ ഭാഷയാണ് .ആ കാലങ്ങളിൽ എനിക്ക് യാതൊരു പിടിപാടുമില്ലാത്ത കാര്യമായിരുന്നു അത് .ഭാഷ മനസിലാകുന്നില്ല എന്ന് മനസിലാക്കി “പുതിയതായി ചേർന്നതാണോ? ഏതാ ക്ലാസ്സ് ?”
ഞാൻ പറഞ്ഞു,”ഏഴാം ക്ലാസ്സ് .”
“ദാ, അവിടെ അറ്റത്തെ ക്‌ളാസ് റൂം ആണ്.”അയാൾ വിരൽ ചൂണ്ടി.
ഏഴാംക്‌ളാസ്സിൽ പുതിയതായി വന്ന കുട്ടി എന്ന നിലക്ക് എനിക്ക് പ്രത്യക പദവി തന്നെയുണ്ടായിരുന്നു.
ഉദാഹരണത്തിന് മാത്തമാറ്റിക്സിൽ ഹോം വർക്ക് ചെയ്യാതെ വന്നാൽ ദാമോദരൻസാർ എല്ലാവരെയും തല്ലുമ്പോൾ എന്നെ തല്ലില്ല,”പോട്ടെ,പുതിയ കുട്ടിയല്ലേ,”
വളരെ കുറച്ചു കുട്ടികളുള്ള ഒരു സ്‌കൂൾ ആയിരുന്നു തിമിരി യു .പി.സ്‌കൂൾ, ഓരോ ക്ലാസ്സും ഓരോ ഡിവിഷൻ മാത്രം.ആ കാലങ്ങളിൽ ദേവസ്വം ബോർഡുകളെ ബാധിച്ചിരുന്ന ക്ഷീണം ദേവസ്വം ബോർഡിനുകീഴിലുള്ള ഞങ്ങളുടെ സ്‌കൂളിനും ഉണ്ടായിരുന്നു.
ഒരു വർഷമേ പഠിച്ചുള്ളൂവെങ്കിലും എൻ്റെ സ്‌കൂൾ യാത്രയിലെ ഓർമ്മിക്കുന്ന ധാരാളം സുഹൃത്തുക്കളെ എനിക്ക് അവിടെ നിന്നും കിട്ടി.
അദ്ധ്യാപകർ എല്ലാവരേയും എനിക്കിഷ്ടമായിരുന്നു.കവിതകൾ ചൊല്ലുന്ന ഗോപാലൻ മാഷ്,ഒരു ഉറുമ്പിനെപോലും നോവിക്കാത്ത നാണു മാഷ് , ചെല്ലമ്മ ടീച്ചർ,ഹിന്ദി പഠിപ്പിക്കുന്ന പൊന്നമ്മ ടീച്ചർ, അപ്പുക്കുട്ടൻ മാഷ് അങ്ങനെ പഠിപ്പിച്ചവരും അല്ലാത്തവരുമായ എല്ലാ അദ്ധ്യാപകരെയും എനിക്ക് ഇഷ്ടമായിരുന്നു,അതിനൊപ്പം മാധവേട്ടനെയും.
ചങ്ങമ്പുഴയുടെ വാഴക്കുലയും വൈലോപ്പിള്ളിയുടെ മാമ്പഴവും എല്ലാം ഗോപാലൻ മാഷ് ചൊല്ലിക്കേൾപ്പിക്കും.
അത് എത്ര സമയം വേണമെകിലും കേട്ടിരിക്കാൻ ഞാൻ തയ്യാറായിരുന്നു.ഞങ്ങളുടെ ക്ലാസ് ടീച്ചറും ഹെഡ്‌മാസ്റ്ററും ആയിരുന്നു ദാമോദരൻ മാഷ്.
മാധവേട്ടൻ ആരോടും ദേഷ്യപ്പെട്ടു കണ്ടിട്ടില്ല.കുട്ടികളുടെ കുസൃതികൾ മാഷ് മാർക്ക് പറഞ്ഞുകൊടുത്തു തല്ലുകൊള്ളിച്ചിട്ടുമില്ല.സ്കൂളിൽ എവിടെയും മാധവേട്ടൻ്റെ സാമീപ്യം അനുഭവപ്പെട്ടിരുന്നു.സർവ്വവ്യാപിയായി എവിടെയും മാധവേട്ടൻ ഓടി നടക്കുന്നത് കാണാം.
പ്രൈമറി ക്ലാസ്സ്‌കാർക്ക് ഉപ്പുമാവ് ഉണ്ടാക്കാനും മറ്റും മാധവേട്ടൻ നേതൃത്വം കൊടുത്തു.
ഏഴാം ക്ലാസ്സിലെ കുട്ടികൾക്ക് ഉപ്പുമാവ് ഇഷ്ടമാണെങ്കിലും അത് കഴിക്കുന്നതിനുള്ള “എലിജിബിലിറ്റി”, ഉണ്ടായിരുന്നില്ല.എന്നിരുന്നാലും ഇടക്കിടക്ക് ഞങ്ങൾക്കും കിട്ടും ഉപ്പുമാവ്.
ഞങ്ങളുടെ ക്ലാസ്സ് റൂമിലെ ഒരു ബഞ്ച് ഇളകി കുട്ടികൾ ഇരിക്കുമ്പൾ മറിഞ്ഞു വീഴുമായിരുന്നു.അത് നന്നാക്കൻ കയ്യിൽ ഒരു ചുറ്റികയും ആയി വരുന്ന മാധവേട്ടനേയും ഏഴാം ക്ലാസ്സിലെ ആ ഇളകി ആടുന്ന ബെഞ്ചും എൻ്റെ മനസ്സിൽ ഉറച്ചുപോയ ചിത്രങ്ങളാണ്.
അന്നത്തെ എൻ്റെ ക്ലാസ്സിൽ ഉണ്ടായിരുന്ന മിക്കവാറും എല്ലാവരെയും ഇപ്പോഴും ഓർമ്മിക്കുന്നു.ക്ലാസ്സിലെ മുതിർന്ന കുട്ടിയായ ഓ.വി. ബാലകൃഷ്ണൻ ഓട്ടംതുള്ളൽ അവതരിപ്പിച്ചപ്പോഴാണ് കുട്ടികൾക്കും ഇതൊക്കെ ചെയ്യാൻ സാധിക്കും എന്ന് മനസ്സിലാകുന്നത്.
വാസ്തവത്തിൽ ഓട്ടം തുള്ളൽ കാണുന്നതും ആദ്യമായിരുന്നു.
ഒറ്റ നോട്ട് ബുക്കിൽ എല്ലാ വിഷയവും എഴുതുന്ന അവിരാച്ചൻ എന്ന ഒരു മാന്ത്രികൻ ഞങ്ങളുടെ ക്ലാസ്സിൽ ഉണ്ടായിരുന്നു.അവിരാച്ചൻ്റെ കയ്യക്ഷരം ഒരു പ്രത്യകതരത്തിൽ ഉള്ളതായിരുന്നു.ഒരു കടുകുമണിയുടെ അത്രയേ വരൂ അക്ഷരങ്ങൾ. പക്ഷെ നന്നായി വായിക്കാൻ കഴിയും. കടുകുമണികൾ പെറുക്കി അടുക്കി വച്ചതുപോലെ ഇരിക്കും അക്ഷരങ്ങൾ .
ഒ.വി.ബാലകൃഷ്ണനാണ് സ്കൂളിൻറെ അടുത്തുള്ള അമ്പലത്തിലേക്ക് ആരും കാണാതെ പോകാനുള്ള ഗുഹ കാണിച്ചുതന്നത്.
സ്‌കൂളിന് ചുറ്റും ഒരു നാലാൾ പൊക്കത്തിൽ കമ്മ്യൂണിസ്റ്റു പച്ച വളർന്നു പൂത്തു കാടുപിടിച്ചു കിടക്കുകയാണ്.
അതിൻ്റെ അടിഭാഗത്തെ ചുള്ളികൾ മാത്രം ഓടിച്ചുമാറ്റി അവൻ ഒരു മുന്നൂറുമീറ്ററെങ്കിലും ദൂരം ഉള്ള അമ്പലത്തിലേക്ക് വഴി ഉണ്ടാക്കി. ഞങ്ങൾ അതിലൂടെ യാത്ര ചെയ്യുമ്പോൾ അവൻ കാണിച്ചു തന്നു മണ്ണിനടിയിൽ ഒരു” റ “ആകൃതിയിൽ ഒരു കുഴി.അത് മണ്ണ് മൂടി കിടക്കുകയാണ്, അവിടെ മാന്തി നോക്കിയാൽ ഒരു ഗുഹ കാണുമെന്നും അതിലൂടെ അമ്പലത്തിലേക്ക് രഹസ്യ വഴിയുണ്ടെന്നും അവൻ പറഞ്ഞു തന്നു.
എനിക്കാണെങ്കിൽ അമ്പലം എന്നുകേൾക്കുമ്പോൾ മുട്ടുകൾ കൂട്ടി ഇടിക്കും.
കഴുത്തിൽ പാമ്പ് ചുറ്റിയിരിക്കുന്നു ശിവനെ ആയിരുന്നു ഏറ്റവും ഭയം.ഇഷ്ട്ടപ്പെടാത്ത വല്ലതും ചെയ്യതാൽ കഴുത്തിൽ കിടക്കുന്ന പാമ്പിനെ നിലത്തിറക്കി വിടും എന്ന് ഞാൻ ഭയന്നു.
എല്ലാം പറഞ്ഞുതരാൻ എം.സി.ചാക്കോയും ,ഒ.വി. ബാലകൃഷ്ണനും ഉള്ളപ്പോൾ എങ്ങനെ ഭയപ്പെടാതെയിരിക്കും?ആരോടും കൂട്ടുകൂടാത്ത എ.കെ.ബാലനും,എല്ലാവരോടും കൂട്ടുകൂടുന്ന നാരായണനും എല്ലാം ഉണ്ടായിരുന്ന ഞങ്ങളുടെ ക്ലാസ്സ് സംഭവബഹുലമായിരുന്നു.
മിക്സഡ് ക്ലാസ്സ് ആണെങ്കിലും ക്ലാസ്സിലെ ആൺ കുട്ടികളും പെൺകുട്ടികളും തമ്മിൽ മിണ്ടില്ല ഏറ്റവും രസകരമായിട്ടു തോന്നിയിരുന്നത് സഹോദരി സഹോദരന്മാരായ രണ്ടോ മൂന്നോ ഗ്രൂപ്പ് കൾ ക്ലാസ്സിൽ ഉണ്ടായിരുന്നു,എങ്കിലും തമ്മിൽ സംസാരിക്കില്ല.പെൺകുട്ടികളോട് സംസാരിക്കുന്നത് എന്തോ മോശം കാര്യമായിട്ടാണ് എല്ലാവരും ആ കാലങ്ങളിൽ കരുതിയിരുന്നത് എന്ന് തോന്നുന്നു.
ഒരു വർഷത്തെ പഠനം കഴിഞ്ഞു ഞാൻ അടുത്ത സ്‌കൂളിലേക്ക് മാറി.മാധവേട്ടൻ അടക്കം ആരെയും പിന്നെ ഒരിക്കലും കണ്ടിട്ടില്ല.ദാമോദരൻ മാഷെ മാത്രം വല്ലപ്പോഴും കാണും,കാണുമ്പൊൾ മാഷ് വിശദമായിട്ട് സംസാരിക്കുമായിരുന്നു.
കാലക്രമേണ ഞാൻ തിമിരി യു..പി.സ്കൂളിനെ മറന്നു.
കഴിഞ്ഞ വർഷം അവധിക്ക് ചെന്നപ്പോൾ അനിയൻ സംഭാഷണ മദ്ധ്യേ തിമിരി യു. പി.സ്കൂളിൻറെ കാര്യം പറഞ്ഞു.അപ്പോൾ ഒരു തോന്നലിന് ഞങ്ങൾ രണ്ടുപേരും കൂടി സ്‌കൂൾ കാണാൻ പോയി.വൈകുന്നേരം അഞ്ചു മണി ആയിരുന്നതുകൊണ്ട് സ്‌കൂളും പരിസരവും വിജനമായിരുന്നു.മനസ്സിൻ്റെ കോണിൽ ഉറങ്ങിക്കിടന്ന ആ പഴയ ബഞ്ചിൻ്റെ ചിത്രം തെളിഞ്ഞുവന്നു.
വാർത്തയിലെ മാധവേട്ടൻ്റെ റെ ഫോട്ടോയിലേക്ക് ഞാൻ സൂക്ഷിച്ചുനോക്കി.
അതെ,അതേ മാധവേട്ടൻ തന്നെ..
വാർദ്ധക്യസഹജമായ അസുഖങ്ങളാൽ മാധവേട്ടൻ യാത്രയായി.സ്നേഹംകൊണ്ട് കുട്ടികളുടെ മനസ്സു പിടിച്ചടക്കിയ മാധവേട്ടൻ .
പതുക്കെ ആ പഴയ ഓർമ്മകളിലേക്ക്, ഏഴാംക്ലാസ്സിലെ ഇളകിയാടുന്ന ബെഞ്ചും അത് നന്നാക്കാനായി കയ്യിൽ ഒരു ചുറ്റികയുമായി വരുന്ന മാധവേട്ടനും കടന്നു വരുന്നു.
ചിലർ അങ്ങനെയാണ്,അവരുടെ കൊച്ചു ജീവിതംകൊണ്ട് നമ്മൾ കൊണ്ടുനടക്കുന്നത് വെറും ഊതി വീർപ്പിച്ച കുമിളകളാണ് എന്ന് ബോധ്യപ്പെടുത്തിക്കളയും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English