ബി ഹാപ്പി

ഏറെക്കാലത്തിനു ശേഷമാണ് സ്വന്തം ഗ്രാമത്തില്‍ കാല് കുത്തുന്നത്. നഗരത്തിലേക്ക് ജീവിതം പറിച്ചു നട്ടിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുന്നു.

” അമ്മ തനിച്ചു ബസില്‍ പോകുമോ? യാത്ര സണ്ഡേയാക്കു ഞാന്‍ കൊണ്ടു വിടാം ” മകന്‍ പറഞ്ഞ താണ്.

” വേണ്ട എനിക്കു ബസില്‍ പോകണം. വണ്ടിയിറങ്ങി നാട്ടു വഴിയിലൂടേ നടക്കണം ”

” ഓ ഗൃഹാതുരത്വം ഗൃഹാതുരത്വം ” മകന്‍ പരിഹസിച്ചു. നാട്ടിന്‍ പുറത്തെ ബന്ധങ്ങളുടെ വില നഗരവാസിയായ അവനെങ്ങനെ അറിയാന്‍.

” ഇനി വൈകീട്ട് തലവേദന കാലുവേദന എന്നൊന്നും പറഞ്ഞേക്കരുത്” മകന്റെ സ്നേഹം നിറഞ്ഞ ശാസനക്ക് ചെവി കൊടുക്കാതെ ബസ് സ്റ്റോപ്പിലേക്കു നടന്നു.

ബസിറങ്ങി നാട്ടുവഴിയിലൂടെ നടക്കുമ്പോള്‍ മനസ് വല്ലാതെ തുള്ളിത്തുളുമ്പി . മകന്‍ പറഞ്ഞതു പോലെ ഗൃഹാതുരത്വം . ഏറ്റവും മൃദുലവും ആര്ദ്രവുമായ ഈ വികാരത്തിന് ഇങ്ങനെയൊരു കഠിനവാക്ക് കണ്ടു പിടിച്ചത് ആരാണാവോ?

ഒട്ടും ധൃതി വയ്ക്കാതെ റോഡിനിരുവശത്തേക്കും കണ്ണയച്ചു നടന്നു . ഗ്രാമത്തിനു കാര്യമായ മാറ്റമൊന്നുമില്ല . പഴയ കടനിരകളില്‍ ചിലത് പൂട്ടിക്കിടക്കുന്നു. പഴമയുടെ എല്ലാ ലക്ഷണങ്ങളും പ്രകടമാക്കിയാണെങ്കിലും അവ അവിടെ ഇപ്പോഴും ശേഷിക്കുന്നല്ലോ എന്നോര്‍ത്ത് വിസ്മയിച്ചു . വര്‍ഗീസ് ചേട്ടന്റെ പഴക്കട, അന്തപ്പന്‍ മാപ്പിളയുടെ പലചരക്കു കട, ചന്ദ്രന്‍ വൈദ്യന്റെ പച്ചമരുന്നു കട . അതിനോടു ചേര്‍ന്നുള്ള റേഷന്‍ കട. ഓര്‍മ്മകള്‍ക്കെന്തു തെളീച്ചം.

അമ്പലത്തിനു മുന്നിലെ ആലത്തറയിലെത്തിയപ്പോള്‍ പൊടുന്നനെ താനൊരു പതിനേഴുകാരിയായതു പോലെ. പട്ടു പാവാടയിട്ട് പു ചൂടി അമ്പലത്തില്‍ പോയിരുന്ന നാളുകള്‍ ആല്‍ത്തറയിലെ സൗഹൃദ സംഘങ്ങള്‍ക്കിടയില്‍ തന്നെ കാണാന്‍ കാത്തിരിക്കുന്ന നാളുകളില്‍ കൊടിയേറ്റവും ഉത്സവമേളവുമെല്ലാം തങ്ങളുടെ മനസിലായിരുന്നല്ലോ. ഓര്‍ത്തപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു. ജീവിതത്തിന്റെ നിറം മാറ്റങ്ങള്‍ എത്ര പെട്ടന്നാണ്!

റോഡില്‍ നിന്ന് ഒഴിഞ്ഞു നില്ക്കുന്ന വായനശാല അതു പോലെ തന്നെയുണ്ട്. അവിടത്തെ രജിസ്റ്ററില്‍ ഇപ്പോഴും ഞങ്ങളുടെ രണ്ടാളുടേയും പേര് ആരും മറിച്ചു നോക്കാനില്ലാതെ അനാഥമായി കിടക്കുന്നുണ്ടാകുമോ?

മുന്നോട്ടു നടക്കുമ്പോള്‍ നഷ്ടബോധത്തിന്റെ ഒരു വലിയ നിര വന്നു തന്നെ പൊതിയുന്നതു പോലെ തോന്നി. എതിരെ വന്നവരില്‍ പരിചിത മുഖങ്ങളെ തിരഞ്ഞു.

” മീനുക്കുട്ടിയല്ലേ? എത്ര കാലമായി കണ്ടിട്ട് ഇപ്പോ എവിടാ?” എന്നൊരു സ്നേഹ സ്വരം ആരില്‍ നിന്നെങ്കിലും… ഇല്ല… എല്ലാം പുതിയ മുഖങ്ങള്‍.

ഇതു ഞാനാണ് നിങ്ങളുടെ മീനുക്കുട്ടി ഇതിന്റെ കൂടി ഗ്രാമമാണ്. ഈ വഴികളിലൂടെ എത്ര നടന്നിരിക്കുന്നു. ഇവിടുത്തെ കാറ്റിനും കല്ലിനുമെല്ലാം എന്നെ അറിയാം. ഞാന്‍ മൗനമായി പറഞ്ഞു.

സ്കൂളും പോസ്റ്റോഫീസും പിന്നിട്ട് മൂന്നും കൂടിയ വഴിയിലെത്തിയപ്പോള്‍ ഇടതു വശത്ത് തലയുയര്‍ത്തി നില്ക്കുന്ന ഇരു നില കെട്ടിടത്തിലേക്ക് നോക്കാതിരിക്കാനായില്ല. ഒരു ചെറു ബാലികയുടെ കൗതുകം മനസില്‍ നിറയുമ്പോള്‍ ചുണ്ടില്‍ ഒരു ചിരിയൂറി. ശ്രീഭവന്‍ എന്ന് മതിലില്‍ കൊത്തി വച്ച ആ വീടിനോട് ഒരു കാലത്ത് ഞങ്ങള്‍ കുട്ടികള്‍ക്ക് ഒരാധനനയായിരുന്നു. നാട്ടില്‍ ആദ്യമായിട്ടാണ് അത്രയും സുന്ദരമായ ഒരു വീടു പണിതു കാണുന്നത്. സ്കൂളിലേക്കുളള യാത്രയില്‍ അതിന്റെ മുന്നില്‍ നിന്ന് ശ്രീഭവന്‍ എന്ന് എന്നും വായിച്ചിരുന്നതോര്‍ത്തപ്പോള്‍ ചിരിക്കാതിരിക്കാനായില്ല.

ഓര്‍മ്മകളില്‍ സ്വയം നഷ്ടപ്പെട്ട് ഇങ്ങനെ നടന്നാല്‍ പറ്റില്ല. നടത്തത്തിനു വേഗത കൂട്ടി. എല്ലാവരേയും കാണണം. താന്‍ മുപ്പതു വര്‍ഷം ജീവിച്ച വീട്. വിശാലമായ പറമ്പില്‍ സ്വന്തം കയ്യാല്‍ നട്ടു നനച്ച മരങ്ങള്‍ പിന്നെ സ്നേഹവും നിഷ്ക്കളങ്കതയും കൈമുതലായ കുറെ അയല്ക്കാര്‍. എല്ലാവരെയും ഒന്നു കൂടി മനസില്‍ തുടച്ചെടുത്തു വച്ച് വൈകുന്നേരത്തിനു മുമ്പ് മടങ്ങണം.

ഇടവഴി കയറി വീടിരിക്കുന്ന തൊടിയിലേക്കു കാലെടുത്തു വയ്ക്കുമ്പോള്‍ ഹൃദയം പിടഞ്ഞു. തുണ്ടം തുണ്ടമായിപ്പോയ തൊടികള്‍. ഓരോന്നിലും ഓരോ വീടുകള്‍. തന്റെ പ്രിയപ്പെട്ട മരങ്ങള്‍ നിന്ന സ്ഥലം തിരിച്ചറിയാന്‍ പോലുമാകുന്നില്ല. തെക്കു വശത്തെ പുളിമരം മാത്രം കുറെ ഓര്‍മ്മകള്‍ ബാക്കി വച്ച് അവിടെ നില കൊള്ളുന്നുണ്ട്. ആ പുളി മരത്തോട് ഒരാത്മബന്ധമുണ്ട്. അതിന്റെ തണലിരുന്നാണല്ലോ പഠനം. പരീക്ഷക്കു മുമ്പുള്ള തന്റെ വേവലാതികള്‍ക്കും വെപ്രാളങ്ങള്‍ക്കും ദൃക്സാക്ഷിയായിരുന്നു ആ മരം.

നിറം മങ്ങി ഒരു മയക്കത്തിലെന്നപോലെ ഉന്മേഷമില്ലാതെ നില്ക്കുന്ന വീട്. കോളിംഗ് ബെല്‍ അടിച്ചപ്പോള്‍ പ്രായമായ ഒരു സ്ത്രീ ഇറങ്ങി വന്നു.

” ആരാ മനസിലായില്ലല്ലോ”

”ഞാന്‍… ഞാന്‍… ഇത്.. ഇത് എന്റെ വീടാണ്. അല്ല ആയിരുന്നു. മുമ്പ് ഇവിടെ താമസിച്ചിരുന്നു.”

”ഓ നിങ്ങളില്‍ നിന്ന് ഇതു വാങ്ങിയവര്‍ പല കഷണങ്ങളായി വിറ്റു. വീടിരിക്കുന്നിടം ഞങ്ങള്‍ വാങ്ങി.”

അവര്‍ എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു. മനസ് എങ്ങും നില്ക്കുന്നുണ്ടായിരുന്നില്ല.

”ഞാന്‍ ഒന്നകത്തു കയറിക്കോട്ടെ?” വല്ലാത്തൊരാഗ്രഹത്തോടെ ചോദിച്ചു.

”ഓ അതിനെന്താ”

അകത്തേക്കു കാലെടുത്തു വയ്ക്കുമ്പോള്‍ ഓര്‍മ്മകള്‍ ഒരു കടലല പോലെ തന്നെ ഒഴുക്കിക്കൊണ്ടു പോയി. എവിടെയോ ഒരു തേങ്ങല്‍ അത് എന്റേതു തന്നെ ആയിരുന്നു.

തന്റെ നിശ്വാസങ്ങള്‍, ചലനങ്ങള്‍ എല്ലാം തൊട്ടറിഞ്ഞയിടങ്ങള്‍. തന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും പൂത്തുലഞ്ഞതിവിടെയാണ്. തന്റെ നിരാശകള്‍, സങ്കടങ്ങള്‍ക്ക് സാക്ഷിയായ ഇടം.

കിടപ്പു മുറിയിലേക്ക് കാല്‍ വച്ചപ്പോള്‍ വല്ലാത്തൊരു വികാരക്ഷോഭത്തോടെ ഹൃദയം ത്രസിച്ചു. തന്റെ ആദ്യരാത്രി ഇവിടെയായിരുന്നല്ലോ. ഒരു മകനും മകളും ഉണ്ടായത് ഇവിടെയാണല്ലോ. അവര്‍ പിച്ച വച്ചത് എല്ലാം. ഇന്ന് തന്റെ പ്രിയപ്പെട്ടവന്‍ കൂടയില്ല. മക്കള്‍ വളര്‍ന്നു വലുതായി. ജീവിതത്തിന്റെ സായാഹ്നത്തില്‍ ഈ പടിവാതിലില്‍ തനിച്ചു നില്ക്കുമ്പോള്‍ ഹൃദയം വല്ലാതെ വിതുമ്പിപ്പോകുന്നു.

ഇറങ്ങും നേരം മുന്‍വശത്തെ ചെറിയ ഷോക്കേസിലേക്ക് അറിയാതെ നോട്ടം ചെന്നു. പൊടി പിടിച്ചു ചിതറിക്കിടക്കുന്ന എന്തൊക്കെയോ വസ്തുക്കള്‍ക്കിടയില്‍ കണ്ണുകളുടക്കി. ഹോ അത് ഇത് തനെയല്ലേ ഇത്രയും കാലം താന്‍ തിരഞ്ഞു കൊണ്ടിരുന്ന-

ധൃതിയില്‍ ഷോക്കേസിന്റെ ചില്ലു തുറന്നു അതു കയ്യിലെടുത്തു വീട്ടുടമസ്ഥ അമ്പരന്നു നില്ക്കെ പെട്ടന്നു പുറത്തേക്കിറങ്ങി.

”നിങ്ങള്‍ എന്താണീ കാണിക്കുന്നേ? ഇതൊക്കെ ഇവിടുത്തെ അപ്പൂന്റെയാ അവന്‍ വരുമ്പോള്‍ എന്നോടു കയര്‍ക്കും”

”ഇല്ല ഇത്.. ഇത്… അപ്പൂന്റെതല്ല എനിക്കുറപ്പുണ്ട്”

ബി ഹാപ്പി എന്ന് ഇംഗ്ലീഷില്‍ ആലേഖനം ചെയ്ത കയ്യിലൊതുങ്ങുന്ന ആ ശംഖ് തനിക്ക് അത്ര മാത്രം വിലപ്പെട്ടതാണ്. പ്രണയം മൊട്ടിട്ട നാളുകളില്‍ തന്റെ പ്രിയപ്പെട്ടവന്‍ നല്കിയ ആദ്യ സമ്മാനം. വീടുമാറുന്ന തിരക്കില്‍ എവിടെയോ നഷ്ടപ്പെട്ടത്.

തിരിഞ്ഞു നോകാതെ ധൃതിയില്‍ ഇടവഴി കയറുമ്പോള്‍ പുറകില്‍ നിന്നൊരു വിളി.

മീനൂസ് – ങേ… അത് അദ്ദേഹത്തിന്റെ സ്വരമാണല്ലോ. തന്നെ അങ്ങനെ വിളിക്കുന്നത് അദ്ദേഹം മാത്രമാണല്ലോ.

സന്തോഷമായിരിക്കു ഞാന്‍ കൂടെയുണ്ട് വീണ്ടും ആ സ്വരം.

ഉം… സന്തോഷമാണ് നിറഞ്ഞ കണ്ണൂകളോടെ ആ ശംഖ് മാറോട് ചേര്‍ത്ത് മെല്ലെ നടന്നു – മെല്ലെ ….!
———————————-

സന്തോഷ്കുമാരി കെ

കടപ്പാട് :- സായാഹ്നകൈരളി

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here