ബേഗ്

 

download

 

അബ്ദുൾബേഗും ഹമീദ്ബേഗും സഹോദരന്മാരാണ്‌.  ഇനിയും രണ്ടുസഹോദരന്മാരും സഹോദരിമാരുമുണ്ട്  അവക്ക്.

എല്ലാവരും കല്യാണംകഴിച്ച്    കുട്ടികളുമുണ്ട്.

അവരുടെ കുട്ടികൾ കളിച്ചുംചിരിച്ചും തമ്മിൽതല്ലിയും ഒരു കുടുംബത്തിലാണ്‌ കഴിഞ്ഞിരുന്നത്.

അവർ കെട്ടിക്കൊണ്ടുവന്ന ബീവിമാരും ഇടയ്ക്കിടെ പാത്രങ്ങൾ തട്ടിയുടയുന്നതുപോലെ കലപിലകൂടാറുണ്ട്. എന്നിരുന്നാലും അതൊക്കെ വസ്ത്രങ്ങൾമാറുന്ന ലാഘവത്തോടെ മനസ്സിൽനിന്നു മാറ്റിക്കളയും.

അബ്ദുൾ ബേഗിന്റെ വീട്ടിൽ എല്ലാസഹോദരന്മാർക്കും പ്രത്യേകമുറികളുണ്ട്.  മുറികൾ എന്നുപറഞ്ഞാൽ കല്ലും സിമന്റും കൊണ്ടുണ്ടാക്കിയതല്ല. മുളവാരികൾ പിണഞ്ഞെടുത്ത് അതിനു രണ്ടുപുറവും മണ്ണുതേച്ചുപിടിച്ചുണ്ടാക്കിയ ഭിത്തികളുള്ള മുറികൾ.

മുളവാരികൾതന്നെ നെയ്തെടുത്ത വാതിൽപാളികളും. ചൂടുകാലത്ത് അതിനിടയിൽക്കൂടി തണുത്തകാറ്റു കടന്നുവരും.

പകൽമുഴുക്കെ പണിയെടുത്ത ആലസ്യതയ്ക്ക് ഉശിരേകി ആകാറ്റ് അവരെതഴുകി സ്വച്ഛന്ദമായുറക്കും.

 

വൈകിട്ട് അവരുടെ ബീവിമാരും കുട്ടികളുമ്പാടെ അവരുടെ മുറിയിൽ രാത്രികഴിക്കും.

കിട്ടികൾ എല്ലാവരും ഇടകലർന്ന് അവരുടെ ഇഷ്ടത്തിനു സൗകര്യമ്പോലെ കിടക്കാറാണ്‌പതിവ്.

അവർക്ക് സ്കൂളില്ല  പുസ്തകമില്ല മാഷന്മാരില്ല.  ആകെപോയിരിക്കുന്നതു മദ്രസ്സയിൽമാത്രം. ഓത്തുപള്ളിയിൽ മൊല്ലാക്ക ചൊല്ലിക്കൊടുക്കുന്ന വേദങ്ങൾ ഏറ്റുപറഞ്ഞുള്ള പഠിപ്പുമാത്രം.

അത്രയെവേണ്ടു. കുലത്തൊഴിലു പഠിക്കാൻ വീട്ടിലെ കാരണവന്മാരുടെ കൂടെപ്പോകും.

ആദ്യമൊക്കെ അവർ പണിയെടുക്കുന്ന സ്ഥലങ്ങളിൽ മണ്ണുവാരിക്കളിക്കും. മണ്ണുകുഴച്ചു ചേറിൽകിടന്നുരുളും. മണ്ണപ്പംചുടും .വട്ടുകളിക്കും. കൈമുട്ടിന്റെ എല്ലുനുറുങ്ങുന്നവരെ വട്ടുകൊണ്ടുള്ള അടികിട്ടും. വട്ടുകൊണ്ടു വട്ടിനടിക്കുമ്പോൾ പിഴക്കാറാണുപതിവ്. എന്നാൽ കൈമുട്ടിനു ഉന്നംപിഴക്കാതെതന്നെ അടികിട്ടും.

സ്വാതന്ത്ര്യമുണ്ടായിരുന്നു. മനസ്സുതുറന്നു കൂട്ടുകാരുമൊത്തുപൊട്ടിച്ചിരിച്ചിരുന്നു.

എല്ലാം നോക്കികാണുന്ന വാപ്പമാർ തങ്ങളുടെ ഉള്ളിന്റെയുള്ളിൽ ചിരിതൂകുമായിരുന്നു. തങ്ങളുടെ മക്കൾ എത്രമാത്രം സമർത്ഥന്മാരാണെന്ന് അവർ സ്വയം വിലയിരുത്തുമായിരുന്നു.

വള്ളിപൊട്ടിയ നിക്കറിട്ട് ഓടിക്കളിക്കും. ചിലപ്പോൾ സ്വന്തമല്ലാത്ത നിക്കറുവരെ ഇടേണ്ടതായിവരാറുണ്ട്.

ബട്ടൺസു പൊട്ടിപ്പോയ നിക്കറിന്റെ വിടവില്ക്കൂടി എത്തിനൊക്കാറുള്ള പുഞ്ഞാണി മറച്ചിടാനുള്ള തത്രപ്പാട്. വീട്ടിലെയും അയൽ പക്കത്തെയും പെൺകുട്ടികൾ അർദ്ധനഗ്നയായി തങ്ങളുടെകൂടെ കളിച്ചിട്ടുണ്ട്. അതൊന്നും ഒരുകുറച്ചിലായി ആരും കണ്ടിരുന്നില്ല. ഒരിക്കലും ഇന്നത്തേപ്പോലെ വേണ്ടായ്മകൾ മനസ്സിൽ തോന്നുകയോ അനർത്ഥങ്ങൾ സംഭവിക്കുകയോ ഉണ്ടായിട്ടില്ല.  മറിച്ച് സഹോദരങ്ങളേപ്പോലെയായിരുന്നു.

ഒരു നല്ല നിക്കർ എന്ത്യേ വാപ്പാൻ മേടിച്ചു തരാഞ്ഞു എന്നുപറഞ്ഞൂ വാപ്പാനെ പ്രാകിയിട്ടില്ല.

ശുണ്ഠിപിടിച്ചിട്ടില്ല.

 

ഉച്ചയൂണിനു കയറുമ്പോൾ കൂടെയുള്ളകുട്ടികളുടെ കയ്യെല്ലാം കഴുകിച്ച്കൂടെയിരുത്തും. ആദ്യ ഉരുളകൾ തങ്ങളുടെ കുട്ടികൾക്കുകൊടുക്കും. അടുത്തിരിക്കുന്നത് അനുജന്റയോ ചേട്ടന്റയോകുട്ടികൾ എന്നൊന്നുമില്ല. ആ ഉരുളകളിൽ വാപ്പാന്റെ സുഗന്ധവും സ്നേഹവും എല്ലാം അടങ്ങിയിരുന്നു.

അവർ ജേഷ്ടാനുജന്മാർ തമ്മിൽ നല്ല ലോഹ്യത്തിലാണെപ്പോഴും. ഒരുപക്ഷെ ബീവിമാർ മറ്റൊരാളുടെ കുറ്റംപറയാൻ ഭാവിച്ചുപോയാൽ അതവിടംകൊണ്ടുതന്നെ ഉന്മൂലനംചെയ്യും.

അച്ഛനും മക്കളും എല്ലാവരും ചേർന്നിരുന്നു ഒരേപാത്രത്തിൽനിന്നു കഴിക്കും. വക്കുപൊട്ടിയ കിണ്ണങ്ങളിൽ വലിയുമ്മ കഞ്ഞിവിളമ്പുമ്പോൾ ചുറ്റുംകൂടിയിരിക്കുന്ന കുട്ടികൾ.

അടുപ്പിൽനിന്നു ചുട്ടെടുക്കുന്ന പപ്പടം ഓരോന്നു ചൂടോടെ വല്യുമ്മ കയ്യിൽത്തരും. കഞ്ഞിക്കൊപ്പം അതു കടിച്ചുകൂട്ടും.

ചൂടുള്ള കഞ്ഞി കുടിച്ച് വിയർത്തൊലിക്കും. പുറത്തെ ചാലുവഴി വിയർപ്പെല്ലാം നിക്കറിന്റെ മൂട്ടിലൊഴുകിയെത്തും.

അബ്ദുൾബേഗും ഹമീദ്ബേഗും മേസ്തിരിമാരാണ്‌.മറ്റുസഹോദരങ്ങൾ മരപ്പണിക്കാരും ഒരാൾതാക്കോൽ ഉണ്ടാക്കികൊടുക്കുന്നവനുമാണ്‌. അടുത്തുള്ള ഒരു വർക്ക്ഷോപ്പിലാണ്‌അയാൾ ജോലിചെയ്യുന്നത്.

അവർ മക്കളെല്ലാവരും വാപ്പാന്റെ കയ്യിൽ ഒരു നിശ്ചിതതുക എല്ലാമാസ്സവും കൊടുക്കും. അതൊരു ഡിപ്പോസിറ്റുപോലെ വാപ്പാൻ തന്റെ ട്രങ്കുപെട്ടിയിൽ പൂട്ടിവെയ്ക്കും. ഒരു ബാങ്കു ഡിപ്പോസിറ്റുപോലെ അതുകുന്നിച്ചുവരും.

കാലദോഷങ്ങളൊ മറ്റോവന്നാൽ ആപൈസയാണ്‌ ചിലവാക്കുന്നത്.

ആഷ്ടിയിൽനിന്നും ഏതാണ്ട് അമ്പത്തൊന്നു കി.മീ വരും മാൻങ്കേഷർ ദർഗ്ഗയിലേയ്ക്ക്. വാഹനങ്ങൾ ഉണ്ടെന്നു പറയാൻമാത്രം. മെറ്റൽവിരിച്ച റോഡുണ്ട്. അതിൽക്കൂടി കാളവണ്ടികൾ വയലിലേയ്ക്ക്പൊകുന്നതും വരുന്നതുംകാണാം.

കുടുംബത്തിലുള്ളവർ മിക്കവരും കാളവണ്ടിയിൽ കാണും.

ആടും കന്നുകളും പട്ടിയും എല്ലാം കാളവണ്ടിയെ അനുഗമിക്കും.

സന്ധ്യവരെ അവ പാടത്ത്സോല്ലാസം വിഹരിക്കും.

അബ്ദുൾബേഗും ഹമീദ്ബേഗും ചേർന്നാണ്‌ മാൻങ്കേഷർ ദർഗ്ഗയിൽ ദുവാ വാങ്ങാൻ (അനുഗ്രഹം വാങ്ങാൻ)  പോകണമെന്നു തീരുമാനിച്ചത്.

 

അതുകഴിഞ്ഞ് അബ്ദുൾബേഗിനു ബോംബെയ്ക്കുപോകണം. അയാൾക്കവിടെ കുറച്ചുനാളത്തേ ക്ക് ജോലി തരപ്പെട്ടിട്ടുണ്ട്. നല്ല കസർത്തുള്ള ജോലിക്കാരനായിരുന്നു അയാൾ. ഭിത്തികെട്ടുന്നതുകണ്ടാൽ ആരും നോക്കിയിരുന്നുപോവും. അത്രകണ്ട് അയാൾക്കു കൈ   വശമായിരുന്നു അയാളുടെ ജോലി.

അബ്ദുൾബേഗും ഹമീദ്ബേഗും ചേർന്നു സൈക്കിളിലാണ്‌മാൻങ്കേഷർ ദർഗ്ഗയിലേക്കു പുറപ്പെട്ടത്.

മെറ്റൽ റോഡിന്റെ അരികുപറ്റിയുള്ള നടപ്പാതയിൽക്കൂടി അവർ മാറിമാറി സൈക്കിൾ ചവുട്ടി.

അവരുടെ ചുണ്ടുകളിൽ  “ അള്ളാഹു അക്ബർ” എന്നു ജപിച്ചുകൊണ്ടിരുന്നു.

സൈക്കിൾ നടവഴിയിൽക്കൂടി പാഞ്ഞുകൊണ്ടിരുന്നു. കയറ്റത്തിൽ രണ്ടുപേരും ചേർന്നു പെഡൽ ചവുട്ടി.

വഴിയോരങ്ങളിൽ കാരമുള്ളുകളും കള്ളിമുള്ളുകളും തലയുയർത്തി നില്ക്കുന്നുണ്ടായിരുന്നു.  പച്ച പുതച്ചു നില്ക്കുന്ന വേപ്പു മരങ്ങൾ ഉടനീളമുണ്ട്.

ചീങ്കൻകല്ലുകൾനിറഞ്ഞ മൊട്ടക്കുന്നുകൾ. കുന്നുകൾ നിരത്തി പലസ്ഥലങ്ങളിലും കൃഷിചെയ്തിട്ടുണ്ട്.  കുന്നുകളുടെ താഴ്വാരങ്ങളിൽ വെള്ളക്കെട്ടുള്ളിടങ്ങൾ പച്ചപുതച്ചുനില്ക്കുന്നു. അവിടെ തോട്ടവിളകളും ധാന്യവിളകളും ധാരാളമായി കൃഷിചെയ്തിട്ടുണ്ട്.

 

വീട്ടിൽനിന്നു തിരിക്കുമ്പോൾ അവരുടെ ബീവിമാർ അവർക്കു പശുവിൻനെയ്യുപുരട്ടിയ ചപ്പാത്തിയും ചമ്മന്തിയും മറ്റും പൊതികെട്ടി കൊടുത്തയച്ചിട്ടുണ്ട്.

വഴിയോരത്തെ തണലിലിരുന്ന് അതു സമയത്തിനു കഴിക്കും.

രണ്ടാമത്തെ ദിവസ്സം മാൻങ്കേഷർ ദർഗ്ഗയിൽ എത്തി രണ്ടുപേരും ദുവ വാങ്ങി.

ദർഗ്ഗയുടെ മിനാരത്തിലും മറ്റും കയറിയിറങ്ങി. ഭക്തർ ചാദറു (പച്ചപ്പുതപ്പ്) നേർച്ചയായി അർപ്പിച്ചു.

ഉറുസ്സ് (ഊത്സവം/പെരുന്നാള്‌) ദിവസ്സത്തിൽ പച്ച ചാദറു (പുതപ്പുമായി) ജനങ്ങൾ ഗ്രാമത്തിൽ മുഴുക്കെ രാത്രിനീളുന്ന പ്രദക്ഷിണം നടത്തും.

അതിൽ പങ്കെടുക്കാനാണ്‌ അവർ പോയതും. രാത്രിനീണ്ട പ്രതിക്ഷണവും കഴിഞ്ഞ് അവർ ദർഗ്ഗയുടെ വരാന്തയിൽ വിശ്രമിച്ചു.

പുണ്യംകിട്ടിയ നിർവൃതിയോടെ അവർ മടങ്ങി. പത്തു കി.മീ ദൂരത്തുള്ള ബൂം എന്ന സ്ഥലത്ത് ജേഷ്ടനെവിട്ട്  ഹമീദ് വീട്ടിലേക്കു മടങ്ങി..

ദർഗ്ഗയിൽനിന്നു വാങ്ങിയ വള്ളിമിട്ടായിയും കടലമിട്ടായിയും സ്ത്രീകൾക്കും പെൺ കുട്ടികൾക്കുമായി  പച്ചനിറത്തിലുള്ള കുപ്പിവളകളും മറ്റുംവാങ്ങിയത് അനുജന്റെ കയ്യിൽകൊടുത്തയച്ചു.

ദൂരദിക്കിലേക്കു പുറപ്പെടുന്ന ജേഷ്ടന്റെ വിയോഗത്തിന്റെ ഹൃദയവ്യത അനുജൻ മനസ്സിലാക്കിയിരുന്നു.

“സബ്കാ ഹയാൽ രക് നാ  ബയ്യാ… കുദാ ഹാഫിസ്സ്”    ( എല്ലാവരെയും നോക്കിക്കോളണം സഹോദരാ…ദൈവത്തിനു സ്തുതി ) എന്നുപറഞ്ഞയാൾ അനുജനെ പറഞ്ഞയച്ചു.

 

****

ബൂമിൽനിന്നും ബസ്സുപിടിച്ചു കർഡ എന്ന സ്ഥലത്തെത്തിയാൽ അവിടെ നിന്നാണ്‌ബോംബെയ്ക്കു നേരിട്ടു ബസ്സുകിട്ടുക.

കർഡയിൽ അയാൾ പലപ്പോഴും വന്നിട്ടുണ്ട്. ആ നാട്ടിലെ ജനങ്ങളുടെ പൊതുസ്വഭാവം ബേഗിനു നന്നായ് അറിയാം.

പുറത്തുനിന്നു ചെല്ലുന്നവർക്കുമേൽ അവിടത്തെ ആൾക്കാർക്കു ഒരു കണ്ണുണ്ടായിരിക്കും.

നമ്മൾ അറിയാതെതന്നെ നമ്മളെ അവിടത്തുകാർ സി.സി.ടി.വി ക്യാമറപോലെ നിരീക്ഷിച്ചുകൊണ്ടിരിക്കും.

ലോഹ്യങ്ങൾ പറഞ്ഞ് അടുത്തുവരും. നിങ്ങൾ സഞ്ചരിക്കുന്ന ദിക്കിലേക്ക് ഒരു സഹയാത്രികനെന്നപോലെ കൂടെ യാത്ര ചെയ്യും.

നിങ്ങളുടെ പക്കലുള്ള പണവും പണ്ടവും അവൻ എപ്പോൾ അടിച്ചുകൊണ്ടുപോയി എന്നു വീട്ടിൽ എത്തിയാലെ അറിയുള്ളു. അത്രകണ്ട് മോഷണത്തിൽ ചാതുര്യതയുള്ളവരായിരുന്നു കർഡക്കാർ.

ബോംബയ്ക്കു പോകുന്നതുകൊണ്ട് ബേഗ് അല്പം കാശ് കയ്യിൽ കരുതിയിരുന്നു. വണ്ടിക്കൂലി അവിടെ ചെന്നാൽ താമസ്സിക്കുന്നതിനായി ഒരു കോളി (മുറി) എടുക്കണം. ശമ്പളം കിട്ടുന്നതുവരെയുള്ള ഭക്ഷണത്തിനു എല്ലാംകൂടി കുറച്ചു കാശ് കരുതിയിട്ടുണ്ട്.

വണ്ടിക്കൂലിക്കും അത്യാവശ്യം ചായ തമ്പാക്കു (പുകയില) എന്നിവയ്ക്കുള്ള പൈസമത്രം അയാൾ ഷർട്ടിന്റെ പോക്കറ്റിൽ കരുതി.  ബാക്കിയുള്ളത് പ്ളാസ്റ്റിക് കവറിൽ ഭദ്രമായി  പൊതിഞ്ഞ് അക്കത്തിട്ടിരിക്കുന്ന കോപ്റി (കോട്ടൺ തുണികൊണ്ട് തയ്ച്ചെടുക്കുന്നത്. ഉൾവശത്ത് പോകറ്റും ഉണ്ടായിരിക്കും) ബനിയനു പകരമായി ഉപയോഗിക്കുന്ന വസ്ത്രം. .

കർഡയിൽ എത്തുന്നതിനു മുമ്പെ അതെല്ലാം ചെയ്തിരുന്നു. കർഡയിലെത്തി ഒരു ചായ കുടിക്കാനായി തട്ടുകടയ്ക്കു മുന്നിലേക്കു നീങ്ങുമ്പോൾ അയാളെ ആരോ പിന്തുടരുന്നതായി തോന്നി. ഒരുപക്ഷെ തോന്നൽ മാത്രമായിരിക്കുമെന്നയാൾ കരുതി.

ബേഗ് ബോംബെയ്ക്കുള്ള ബസ്സിനെ ലക്ഷ്യമാക്കി നടന്നു. ചായക്കടയിൽ നിന്നും ബേഗ് സംശയിച്ചയാൾ അതേ വണ്ടിയിൽ കയറിക്കൂടി.  ഇപ്പോൾ ബേഗിന്റെ സംശയത്തിനു ആക്കം കൂടിവന്നു.

വണ്ടി പുറപ്പെട്ടു. ബേഗിനെ  അനുഗമിക്കുന്നയാൾ അറിയാതെ ബേഗ് ബോംബെയ്ക്കു പകരം ജാംക്കേഡ് എന്ന സ്ഥലത്തേയ്ക്കാണു ടിക്കറ്റെടുത്തത്. കൂടെ കയറിയയാൾ നേരിട്ട് ബോംബെയ്ക്കും ടിക്കറ്റെടുത്തു.

യാത്രാമദ്ധ്യെ അടുത്തിരുന്ന യാത്രക്കാരൻ ഇറങ്ങി. ഈ തക്കം നോക്കിയായിരിക്കണം ബേഗിനെ അനുഗമിക്കുന്നവൻ ബേഗിനടുത്തുതന്നെ വന്നിരുന്നയത്. ബേഗ് ചെറുതായി മയങ്ങിയിരുന്നു. വണ്ടിയിളകിയപ്പോൾ ബേഗ് കണ്ണുതുറന്നു. അയാൾ അടുത്തിരിക്കുന്നു.  ഉള്ളിൽ ആധി കയറിയതുപോലെ ബേഗിനു തോന്നി. അരുകിൽ വെച്ചിരുന്ന സഞ്ചി ബേഗ് കഴുത്തിലൂടെയിട്ട്  നെഞ്ചത്ത്  ഒതുക്കിവെച്ചു.

ഇനി കണ്ണടയ്ക്കാൻ സമയമില്ല. വണ്ടി ജാംക്കേഡിൽ എത്താൻ കുറച്ചു സമയംകൂടി മതി.

 

ജാംക്കേഡിൽ വണ്ടിയെത്തിയപ്പോൾ ബേഗിറങ്ങി. കൂടെയിരുന്നയാളും അവിടെത്തന്നെയിറങ്ങി. ബീഡി വലിയോ തംബാക്കു തീറ്റയോ കഴിഞ്ഞു ആ വണ്ടിയിൽത്തന്നെ തിരിച്ചു കയറുന്നതും നോക്കി അടുത്തിരുന്നയാൾ അകലെ നിന്നു.

കണ്ടക്ടർ ഡബിൾ ബെല്ലടിച്ചു. അയാളുടെ നെഞ്ചിലും ഡബിൾ ബെല്ലടിച്ചു. ബോംബെയ്ക്കാണയാൾ ടിക്കറ്റെടുത്തിരിക്കുന്നത്.  പക്ഷെ ബേഗ് വണ്ടിയിൽ കയറാത്തതുകൊണ്ട് അയാളും വണ്ടിയിൽ കയറിയില്ല.  വണ്ടി വിട്ടു. അയാൾ അവിടെത്തന്നെ നിന്നു.  ബേഗ്  അപ്പോൾ മനസ്സിൽ ഊറിയൂറിച്ചിരിക്കുന്നുണ്ടായിരുന്നു.

 

ഇനി അടുത്ത വണ്ടി ജാംക്കേഡിൽ നിന്നും ബോംബെയ്ക്കുള്ളതാണ്‌. അതിൽ അയാൾ കയറി. തന്ത്രപരമായി  ബേഗ് പൂനയ്ക്കുള്ള ടിക്കറ്റാണെടുത്തത്. പക്ഷെ അയാളെ പിന്തുടരുന്നയാൾ ബോംബെയ്ക്കുതന്നെ ടിക്കറ്റെടുത്തു.

ഇപ്പോൾ പിന്തുടരുന്നയാളിന്റെ കാശു ഏതാണ്ട് തീരാറായിട്ടുണ്ട്. കഷ്ടിച്ച് ബോംബെവരെ എത്തിച്ചേരാൻ കഴിയും.

അയാളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച്  ബേഗ് പൂനയിൽ വണ്ടിയിറങ്ങി.

ബേഗിനെ പിന്തുടരുന്നയാൾ ആകെ മനസ്സികമായി അസ്വസ്ഥനായിരിക്കുന്നു. താൻ ഉദ്ദേസിച്ച കാര്യം ഇതുവരെ നടന്നിട്ടില്ല. ജീവിതത്തിൽ ആദ്യമയാണ്‌ തനിക്കുതുപോലൊരു സാഹചര്യം ഉണ്ടായിരിക്കുന്നത്. കള്ളനു കഞ്ഞിവെച്ചവനുമാത്രമെ ഇതുപോലെ സാധിക്കുകയുള്ളു.  തന്നെ വലച്ചിരിക്കുന്നു. അയാൾ പൂനയിൽനിന്നും ബോംബെയ്ക്കുള്ള വണ്ടിയിൽ കയറുന്നതിനു മുമ്പുതന്നെ താനുദ്ദേശിച്ച കാര്യം നടന്നിരിക്കണം. ഇല്ലെങ്കിൽ ഇതില്പ്പരം അപമാനം തന്റെ ജീവിതത്തിൽ വരാനില്ല. അയാളുടെ പക്കൽ നിന്നും എല്ലാം അടിച്ചുമാറ്റിയില്ലെങ്കിൽ തന്റെ ഇത് അവസ്സാനത്തെ പ്രയത്നമായിരിക്കും ! എന്നെല്ലാം അയാൾ മനസ്സിൽ കരുതി ബേഗിനെ നിരീക്ഷിച്ചുകൊണ്ടിരുന്നു.

മനസ്സിൽ ഊറുന്ന ചിരിയുമായി ബേഗ് പൂനയിൽനിന്നും ബോംബെയ്ക്കുള്ള അടുത്ത വണ്ടിയിൽ കയറി. ബേഗ് പിന്തുടരുന്നയാളുടെ ഓരോ ചെയ്തികളിലും കണ്ണുവെച്ചിരുന്നു. അയാൾ കയ്യിലുള്ള തുച്ഛമായ പൈസ എണ്ണിനോക്കുന്നത് ബേഗ് ശ്രദ്ധിച്ചിരുന്നു.

 

ബോംബെയ്ക്കുള്ള വണ്ടിയിൽ കയറി. ഇപ്പോൾ അവർ പരസ്പരം പരിചയക്കാരായിക്കഴിഞ്ഞിരുന്നു.  സധാരണ യാത്രാമദ്ധ്യെ പരിചയപ്പെടുന്ന ചങ്ങാതിമാരെപ്പോലെ അവർ ഒരോന്നും  സംസാരിച്ചു.

താന്റെ പണിയിലുള്ള സാമർത്ഥ്യം കണ്ട് തന്നെ ഒരു സേട്ട് ബോംബെയിലേക്കു പണിക്കു വിളിച്ചിരിക്കുകയാണെന്നും മറ്റും ബേഗ്  പറഞ്ഞു.

തന്റെ അനുജൻ ഹമീദും ഒരു നല്ല പണിക്കാരനാണെന്നും തങ്ങളുടെ കുടുംബത്തിൽ സ്ത്രീകളൊഴിച്ച് എല്ലാവരും എല്ലുമുറിയെ പണിത് കുടുംബം പോറ്റുന്നവരാണെന്നും ബേഗ് അയാളോടു പറഞ്ഞു. സമൂഹത്തിൽ പണിയെടുക്കാതെ മറ്റുള്ളവരെ വഞ്ചിച്ചു കഴിയുന്നർ ഒരിക്കലും സമാധാനമില്ലാതെ അലയുന്നവരാണെന്നും അവരുടെ കുടുംബങ്ങളിൽ എപ്പോഴും സ്വസ്ഥത നഷ്ടപ്പെട്ടു കഴിയുന്നവരായിരിക്കുമെന്നു ബേഗ് കൂട്ടിച്ചേർത്തു.

“തന്നെക്കുറിച്ച് ഇയാൾക്കെങ്ങനെ അറിയാം” എന്നയാൾ തന്റെ മനസ്സിനോടു ചോദിച്ചു.

ബേഗു പറഞ്ഞതിനോട് അയാൾ യോജിക്കുകയായിരുന്നു. മനസ്സിന്റെ അടിത്തട്ടിൽ പാപഭാരങ്ങൾ ഉരുണ്ടുകൂടുന്നതുപോലെതോന്നി.

ബേഗ് മുസ്ലീമായിരുന്നിട്ടും അയാളോടു ചോദിച്ചു

“ നിങ്ങൾക്ക് വാല്മീകിയെ അറിയുമോ ?” എന്ന്.

അയാൾക്കതൊന്നും അറിയില്ലായിരുന്നു. മറ്റുള്ളവരെ കബളിപ്പിച്ച് അല്ലെങ്കിൽ മോഷ്ടിച്ച് ജീവിതം കഴിക്കുന്നു. തെറ്റുകളെന്തെന്നു അയാൾക്കറിയില്ല. പണം നഷ്ടപ്പെടുന്നവരുടെ ഹൃദയ വ്യതയെതെന്ന് അയാൾക്കറിയില്ല.

ബേഗ് അയാൾക്കു  വാല്മീകി യുടെ കഥ പറഞ്ഞു കൊടുത്തു.

“വാല്മീകി – രത്നക്കര എന്നായിരുന്നു വാല്മീകിയുടെ ആദ്യ പേര്‌. മാതാപിതാക്കളോടൊപ്പം കാട്ടിലൂടെ പോകുമ്പോൾ രത്നക്കര വനത്തിൽ നഷ്ടപ്പെട്ടു. പിന്നീട് അതിലെ വന്ന ഒരു വേട്ടക്കാരനാണ്‌ ആ കുട്ടിയെ എടുത്തു വളർത്തിയത്.  തന്റെ സ്വന്ത മാതാപിതാക്കളെ ആ കുട്ടി പിന്നീട് മറക്കുകയും വേട്ടാക്കാരനെയും അയാളുടെ ഭാര്യയെയും മാതാപിതാക്കളായി കരുതുകയും ചെയ്തു. അയാൾ യൗവ്വനത്തിലേക്കു കടന്നപ്പോൾ രത്നക്കരയെ ഒരു നല്ല വേട്ടക്കാരനായി അഭ്യസിപ്പിച്ചെടുക്കുകയും ചെയ്തു.

വിവാഹം പ്രായം വന്നപ്പോൾ വേട്ടക്കാരന്റെ മകളെ വേളികഴിച്ചുകൊടുത്തു.

കുടുംബം വളർന്നതോടുകൂടി ഭക്ഷണത്തിനു വക കണ്ടെത്താൻ അയാൾ കണ്ടുപിടിച്ച മാർഗം മോഷണമായിരുന്നു.  ഗ്രാമത്തിൽനിന്നു ഗ്രാമങ്ങൾ കടന്നു മോഷണവും പിടിച്ചുപറിയും നടത്തി ജീവിക്കാൻ തുടങ്ങി.

ഒരു ദിവസ്സം  നാരദൻ കാട്ടിലൂടെ നടക്കുമ്പോൾ രത്നക്കര  നാരദനെ ആക്രമിച്ചു.

നാരദൻ തന്റെ വീണയിൽ സ്തുതി പാടുന്നതുകേട്ട് അയാളിൽ ചെറിയ പരിവർത്തനം ഉണ്ടായി. നാരദൻ രത്നക്കരയോടു ചോദിച്ചു നീ ചെയ്യുന്ന അപരാധങ്ങൾക്കെല്ലാം നീ ആർക്കെല്ലാംവേണ്ടി ഈ പ്രവൃത്തിചെയ്യുന്നുവോ അവരും ഇതിൽ പങ്കാളികളായിരിക്കുമോ എന്നു നീ നിന്റെ വീട്ടിൽപ്പൊയി ചോദിക്കുവിൻ എന്നു പറഞ്ഞു.

രത്നക്കര വീട്ടിൽപ്പൊയി നാരദൻ പറഞ്ഞതുപോലെ തന്റെ ഭാര്യയോടും മക്കളോടും ചോദിച്ചു. പക്ഷെ അവരെല്ലം അയാൾ ചെയ്യുന്ന പ്രവർത്തിയുടെ പാപത്തിൽ പങ്കാളികളായിരിക്കില്ലെന്നു പറഞ്ഞു.

ഇത്രയും കാലം താൻ ആർക്കുവേണ്ടി ഇതെല്ലാം ചെയ്തുവോ അവരെല്ലാം തന്നെ കയ്യൊഴിഞ്ഞിരിക്കുന്നു. എല്ലാ പാപങ്ങൾക്കും ഉത്തരവാദി താൻ മാത്രമാണ്‌.  തനിക്കുണ്ടി താൻ ഒന്നും സ്വരൂപിച്ചു കൂട്ടിയില്ല. പാപമെന്ന രണ്ടക്ഷരം തന്നെ ദഹിപ്പിച്ചുകളയുന്നതായി രത്നക്കരയ്ക്കുതോന്നി. അയാൾ അവസ്സാനമായി ഒരു തീരുമാനമെടുത്തു പാപത്തിൽനിന്നും പിന്തിരിഞ്ഞു സന്മാർഗത്തിലേക്കു കടക്കുകയെന്ന്. രത്നക്കര എല്ലാമുപേക്ഷിച്ച് നീണ്ട ധ്യാനത്തിൽ ലയിച്ചുചേർന്നു.

വർഷങ്ങളോളമുള്ള തപസ്സിനു ശേഷം നാരദൻ വീണ്ടും അയാളെ കാണുകയും അയാൾക്ക് വാല്മീകി എന്നു പുതിയ നാമകരണം ചെയ്യുകയും ചെയ്തു !”.

ബേഗ് വാല്മികിയുടെ  കഥ പറഞ്ഞു കഴിഞ്ഞപ്പോൾ വണ്ടി ബോംബെയിൽ എത്തിക്കഴിഞ്ഞു.

രത്നക്കരയേപ്പോലെ അയാൾക്കും എന്തോ മാറ്റം വന്നിരിക്കുന്നതുപോലെ ബേഗ് മനസ്സിലാക്കി.

അവസ്സാനത്തെ ചില്ലിക്കാശും കൊടുത്താണ്‌ അയാൾ ബോംബെവരെ വന്നിരിക്കുന്നത്. ഇനി തിരിച്ചുപൊകാൻ കയ്യിൽ കാശില്ല.  ജീവിതത്തിൽ ഒരിക്കലും ഇതുപോലെ സംഭവിച്ചിട്ടില്ല.

അയാൾ എല്ലാം തുറന്നു പറഞ്ഞു. താൻ പുറകെ കൂടിയത് കവർച്ചയ്ക്കായിരുന്നെന്നും തനിക്കു മാപ്പു തരണമെന്നും ബേഗിനോട് അപേക്ഷിച്ചു.

താങ്കളെ കണ്ടത് തന്റെ ജീവിതത്തിൽ വരാനിരുന്ന വഴിത്തിരിവിനായിരുന്നു. എനിക്കു തിരിച്ചുപോകാൻ പൈസയില്ല. കർഡയിൽ ചെന്നെത്തുവാനുള്ള പൈസ എനിക്കു തന്നു സഹായിക്കണം. ഞാനിനിയോരിക്കലും ആരെയും കവർച്ചചെയ്യില്ല. ഇതു സത്യമാണ്‌. നിങ്ങൾ തിരിച്ചു വരുമ്പോൾ ഞാനീ കാശു തന്നുകൊള്ളാം.

ബേഗ് അകത്തിട്ടിരിക്കുന്ന ബനിയന്റെ പോക്കറ്റിൽനിന്നും പൈസ എടുക്കുന്നത് നിറകണ്ണുകളൊടെ പാക്കറെ നോക്കി. അയാളുടെ പേര്‌ പാക്കറെ എന്നായിരുന്നു.  ബേഗ് തന്റെ കയ്യിൽനിന്നും അയാൾക്കുള്ള വണ്ടിക്കൂലിയും ചിലവിനുള്ള കാശും കൊടുത്തുവിട്ടു.

ബേഗു ബൊംബെയിൽനിന്നു പണികഴിഞ്ഞു തിരിച്ചെത്തുമ്പോൾ ആ പൈസ തന്നുകൊള്ളാമെന്നയാൾ വാക്കുകൊടുത്തു പിരിഞ്ഞു.

കുറെ നാളുകൾക്കു ശേഷം ബോംബെയിൽനിന്നും പണികഴിഞ്ഞു ബേഗ് കർഡയിൽ എത്തുമ്പോൾ അയാൾ ബേഗിനെ ബസ് സ്റ്റാന്റിൽ കാത്തു നില്ക്കുന്നുണ്ടായിരുന്നു. അയാളൊടൊപ്പം അയാളുടെ ഭാര്യയും കൂടെയുണ്ടായിരുന്നു.

അയാളുടെ ഭാര്യ ബേഗിന്റെ കാലിൽ തൊട്ടു വന്ദിച്ചുകൊണ്ടു പറഞ്ഞു

“ആപ് നെ മേരി പതിക്കാ ആങ്ക് കുൽ വാദിയാ…, അച്ചാ ഇൻസ്സാൻ ബനായാ.., ഇസ്ക്കേലിയെ  ആപ് കെ ചരണൊം പെ ചഡാനേക്കേലിയെ മേരാ മങ്കൾ  സൂത്ര് കെ അലാവ മേരെ പാസ്സ് കുച് നഹീ ഹെ ഭായ് ജാൻ… !”

( നിങ്ങൾ എന്റെ ഭർത്താവിന്റെ കണ്ണു തുറപ്പിച്ചു…., നല്ല മനുഷ്യനാക്കി മാറ്റി…, അതുകൊണ്ട് നിങ്ങളുടെ പാദത്തിൽ അർപ്പിക്കുവാനായി എന്റെ കെട്ടുതാലിയല്ലാതെ എന്റെ കയ്യിൽ വേറൊന്നുമില്ല സഹോദരാ…!).

അപ്പോൾ എല്ലാവരുടെയും കണ്ണുകൾ നനഞ്ഞിരുന്നു.

ബേഗ് പറഞ്ഞു.

“കുദാ ഹമേശാ ഹമാരെ സാത്ത് ഹെ….മഗർ രാസ് തെ പെ പഡാ പത്തർക്കി  തുക് ടേ കി തരാഹ് ഹം ഉസ് പത്തർ ക്കോ ടോക്കർ മാർത്തെ ഹെ …പഹിചാൻ കർനെക്കോ ഇൻങ്കാർ കർത്താ ഹെ..!”

(ദൈവം എപ്പോഴും നമ്മോടു കൂടെയുണ്ട്…, പക്ഷെ വഴിയിൽ കിടക്കുന്ന കല്ലിൻ കഷണത്തേപ്പോലെ  നമ്മൾ അതിനെ തൊഴിച്ചു തെറിപ്പിക്കുന്നു.  അതു ദൈവമായിരുന്നെന്നു തിരിച്ചറിയാൻ വിസമ്മതിക്കുന്നു…!)

നിറഞ്ഞ ചാരിതാർത്ഥ്യത്തോടെ ബേഗ് അനുജന്റെ സൈക്കിളിനു പുറകിലിരുന്നു തന്റെ ഗ്രാമത്തിലേക്കു പോകുന്നത് കർഡയിലെ പാക്കറെയും ഭാര്യയും നിറകണ്ണുകളൊടെ നോക്കിനിന്നു.

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here