വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനാചരണത്തിന്റെ ഭാഗമായി ബേപ്പൂരിൽ സംഘടിപ്പിക്കുന്ന ബഷീർ ഫെസ്റ്റിന് ഇന്ന് തുടക്കമാകും.
ഉദ്ഘാടനം വൈകീട്ട് 5.30-ന് ബേപ്പൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മുൻമന്ത്രി എം.എ. ബേബി നിർവഹിക്കും. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാവും. മേയർ ഡോ. ബീനാ ഫിലിപ്പ്, അപ്പുണ്ണി ശശി, പി.കെ. പാറക്കടവ് തുടങ്ങിയവർ സംബന്ധിക്കും.
രാവിലെ 9.30-ന് ബഷീർ കാൻവാസ് ചിത്രരചന ചിത്രകാരൻ സുനിൽ അശോകപുരം ഉദ്ഘാടനം ചെയ്യും. കോഴിക്കോട്ടെ ചിത്രകാരൻമാർ ബഷീർ കഥാപാത്രങ്ങളെ കാൻവാസിൽ പകർത്തും. ബഷീർ ഫോട്ടോപ്രദർശനം 12.30-ന് മുൻ എം.എൽ.എ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യും. ബഷീറിന്റെ ജീവചരിത്രങ്ങളാണ് പ്രദർശിപ്പിക്കുക.
ഭക്ഷണപ്രിയരായവർക്കായി ഭക്ഷ്യമേള ബേപ്പൂർ ഹൈസ്കൂളിന് മുൻവശത്ത് സജ്ജമാക്കിയ സ്ഥലത്ത് വൈകീട്ട് നാലിന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ് ഉദ്ഘാടനം ചെയ്യും.
വൈകീട്ട് നാലിന് മാന്ത്രികൻ പ്രദീപ് ഹുഡിനോവിന്റെ മായാജാലപ്രദർശനം അരങ്ങേറും. 6.30-ന് രാജശ്രീയുടെ നേതൃത്വത്തിൽ പൂതപ്പാട്ടും തുടർന്ന് സമീർ ബിൻസിയും സംഘവും അവതരിപ്പിക്കുന്ന ഖവാലിയും നടക്കും.
7.37 കോടിരൂപ ചെലവിൽ ബേപ്പൂരിലെ ബി.സി. റോഡിൽ ബഷീർ സ്മാരകത്തിന്റെ നിർമാണപ്രവർത്തനം ഞായറാഴ്ച വൈകീട്ട് അഞ്ചിന് ബേപ്പൂർ ഗവ. ഹയർ സെക്കൻഡി സ്കൂളിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
മേയർ ഡോ. ബീനാ ഫിലിപ്പ് അധ്യക്ഷയാവും.നാലിന് വൈലാലിൽ സാഹിത്യകാരൻ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിൽ നടക്കുന്ന യുവസാഹിത്യ ക്യാമ്പ് കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. അഞ്ചുമണിക്ക് സാംസ്കാരികസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
ജൂലായ് അഞ്ചിന് ബഷീർ ചരമവാർഷികദിനത്തിൽ രാവിലെ ഒമ്പതിന് വൈലാലിൽ നടക്കുന്ന അനുസ്മരണസമ്മേളനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മേയർ ഡോ. ബീനാ ഫിലിപ്പ്, എം.പി. അബ്ദുസമദ് സമദാനി, ആലങ്കോട് ലീലകൃഷ്ണൻ, കെ.വി. മോഹൻകുമാർ തുടങ്ങിയവർ സംബന്ധിക്കും.
Click this button or press Ctrl+G to toggle between Malayalam and English