പകുത്തു നമ്മളിന്ത്യയെ
പകുത്തു നമ്മൾ ഗാന്ധിയെ
പകുക്കുവാനായപ്പവും
ഉടുപ്പുമെവിടെ തോഴരെ
പൊറുത്തു നമ്മൾ മുഗളരെ
പൊറുത്തു നമ്മൾ വെള്ളക്കാരവർകളെ
പൊരുത്തപ്പെട്ടുപോകുവാൻ
സുമനസ്സ് തരുവതാരുവാൻ
മറവ് ചെയ്തു സത്യത്തെ
ഗ്രന്ഥാലയങ്ങളിൽ നമ്മൾ
അന്വേഷണ പരീക്ഷകളെ
ദഹിപ്പിച്ചു തരിശിറമ്പിൽ
കവലകളിൽ പ്രതിമയാക്കി
നോട്ടുകളിൽ ചിത്രമാക്കി
ചർക്കയുടെ കദനകഥ
കാതിനുമയിത്തമാക്കി
വെറുമുപചാരങ്ങളിൽ
ഗാന്ധിപൂജ ലഹരിയാക്കി
കണ്ണടഞ്ഞുപോയവന്
കണ്ണടയിനിയെന്തിന്
മരിച്ചവന്റെ കണ്ണടയ്ക്കായി
മല്ലിടുന്നു നമ്മളന്ധർ
പകുക്കുവാൻ ബാക്കിയുണ്ട്
മ്യൂസിയത്തിൽ മുളവടി
ഊന്നുവടിയെടുത്തടിച്ചൊടിച്ചിടാം
ഉഗ്രഭീകരന്റെ വാരിയെല്ലുകൾ
ക്രാന്തി കൊണ്ടുവന്നതു
ഗാന്ധിയാണെന്നോർക്കുക
മാന്തി മാന്തി ഇനിയുമിന്ത്യയെ
വ്രണിതമാരുമാക്കൊലാ
ചോറിവിടെയെങ്കിലോ
കൂറുമിവിടെയാകണം
ഈശ്വർ അള്ളാ തേരെ നാം
ദേ ഭഗവാൻ സൻമതി
അഹിംസതൻ രഥങ്ങളിൽ
നേരിൻ ഞാണൊലി മുഴക്കിയും
നീറും ദളിത മർദ്ദിതന്റെ
കണ്ണിലും കരളിലും
സാന്ത്വനാമൃതം തളിച്ചും
കൂര നൽകിയും വിശപ്പകറ്റിയും
സ്നേഹദീപപ്രഭ ചൊരിഞ്ഞും
നീ, നയിക്ക, ഗാന്ധിദേശമേ,
തുല്യനീതിയാൽ പതിതപുത്രരെ!
മികച്ച രചനകളാൽ സമ്പന്നമായ അങ്ങയുടെ ഈ രചനയിൽ ഗാന്ധിജിയുടെ സന്ദേശം ഉടനീളം പ്രതിപാതിച്ചിരിക്കുന്നു. ഗാന്ധിജിയുടെ ഓർമകളിലേക്ക് കൈപിടിച്ച് നടത്തുന്ന മികച്ച നിലവാരമുള്ള രചന. ഹൃദയസ്പർശിയായ രചനക്ക് ശ്രീ വേണു നമ്പ്യാർക്ക് ഹർദവമായാ അഭിനന്ദനങ്ങൾ.