ബപ്പ

 

 

ganapathi

ജുമകഴിഞ്ഞു മടങ്ങുമ്പോഴാണ്‌ പന്തലിടുന്നത് സമീർ കണ്ടത്. അവനറിയാം ആ കെട്ടിയുണ്ടാക്കുന്ന പന്തലുകളെല്ലാം എന്തിനാണെന്ന്.

സമീറിന്റെ വീട്ടിൽനിന്നു സ്കൂളിലേക്കു പോകുന്ന വഴിയാണ്‌ ഗണേശവിഗ്രഹങ്ങൾ ഉണ്ടാക്കുന്ന കാർഖാന (കമ്പനി). സ്കൂളുവിട്ടു തിരിച്ചുവരുമ്പോൾ അവൻ കൂട്ടുകാരുടെ കൂട്ടംവിട്ട്  കാർഖാനയുടെ പരിസ്സരത്ത് അച്ചിൽ വാർത്തെടുത്തുവെച്ചിരിക്കുന്ന ഗണേശവിഗ്രഹങ്ങളെ  ദൂരെനിന്നു വീക്ഷിക്കും. പിന്നെപിന്നെ ദൂരം കുറച്ച് അടുത്തുപോയി കണ്ടറിയാൻ തുടങ്ങി.

മൂർത്തികളെ നോക്കി നില്ക്കുന്ന തന്നെക്കണ്ട് കാർഖാനയുടെ കാര്യസ്ഥൻ തന്നെ പലകുറി ആട്ടിപ്പായിച്ചു. മിക്കപ്പോഴും ആ പരിസ്സരത്ത് തുടർച്ചയായി തന്നെ  കാണാൻ തുടങ്ങിയപ്പോൾ കാര്യസ്ഥൻ തന്നെ ആട്ടിപ്പായിക്കുന്നതു മതിയാക്കി.

ചെറുതുമുതൽ വലിയ ഗണേശവിഗ്രഹങ്ങൾ അവിടെയുണ്ടാക്കിവെച്ചിരിക്കുന്നു.  രാവും പകലും അവ കാർഖാനയുടെ പരിസ്സരത്തുതന്നെയാണ്‌  കുടികൊള്ളുന്നത്.

ദിവസ്സവും സ്കൂളുകഴിഞ്ഞു വരുമ്പോൾ മൂർത്തികളുടെ എണ്ണവും കൂടിവന്നു. ഒത്തിരി ഗണേശന്മാർക്കു മുന്നിൽ താനെന്ന കുഞ്ഞു സമീർ.  ഞാൻ അവരെയെല്ലാം മാറിമാറി നോക്കി. ഇസ്ലാമിൽ വിഗ്രഹങ്ങളെ ആരാധിക്കാറില്ല. എങ്കിലും ആ രൂപങ്ങൾ തന്റെ മനസ്സിൽ കയറിക്കൂടി. മൃഗശാലയിൽ കണ്ട ആനക്കുട്ടിയേപ്പോലെ അവയെല്ലാം തന്റെ കണ്മുന്നിൽ കൂത്താടി കളിക്കുന്നതുപോലെ തോന്നി. ആ കാഴ്ച കണ്ടെന്റെ മനസ്സ് പുളകംകൊണ്ടു. ഞാൻ കുടുകുടെ ചിരിച്ചു.

പരിസ്സരം മറന്നുള്ള ചിരി കാർഖാനയുടെ കാര്യസ്ഥൻ കേട്ടുവോ എന്നു തലയുയർത്തിനോക്കി.  അതുവരെ തന്റെ മുന്നിൽ കൂത്താടിനിന്നിരുന്ന ഗജബാലന്മാർ ഇപ്പോൾ നിശ്ചലമായിരിക്കുന്നു. എവിടെയും മൂകത തളംകെട്ടി നിൽക്കുന്നതുപോലെ തോന്നി.

നേരം നന്നേ വൈകിയിരിക്കുന്നു. ഗണപതിമാരുടെ കുസൃതികൾ കണ്ടുനിന്ന് സമയമ്പോയതറിഞ്ഞില്ല. വീട്ടിൽ ചെന്നാൽ അമ്മിജാൻ  പൊതിരെ തല്ലുമെന്നുള്ളതിനു സംശയലേശമില്ല. അബ്ബുജാൻ തല്ലിയതായി ഓർമ്മയില്ല. അമ്മിജാനാണ്‌ ഉള്ളതിനും ഇല്ലാത്തതിനുമൊക്കെ തല്ലുന്നത്.

ചിലപ്പോൾ മുഖമടച്ചായിരിക്കും അടി. അപ്പോൾ നക്ഷത്രങ്ങൾ കണ്ണിനുമുന്നിൽ മിന്നാമിനുങ്ങുകളെപ്പോലെ ഒളിമിന്നുന്നതു കാണാറുണ്ട് !.  ഒപ്പം അടികിട്ടിയതിന്റെ അസഹ്യമായ വേദനയും പുകച്ചിലും.

ഇന്നല്പം നുണപറയേണ്ടി വരുമെന്നുതോന്നുന്നു. നുണ പറയുന്നവർക്ക് “സുബർക്കത്തിൽ” (സ്വർഗത്തിൽ)  പോകാൻ കഴിയില്ലെന്നറിയാം. അബ്ബുജാൻ അതൊക്കെ പറഞ്ഞു തന്നിട്ടുണ്ട്.  ഓത്തുപള്ളീലെ മൊല്ലാക്കയും അങ്ങനെതന്നെ പറഞ്ഞു തന്നിട്ടുണ്ട്.

എന്താണ്‌ അമ്മിജാനോടു പറയേണ്ടതെന്ന് ആലോചിച്ചു. കാർഖാനയിൽ നിരത്തിവെച്ചിരിക്കുന്ന ഗജമുഖന്മാരെ നോക്കിനിൽക്കുകയായിരുന്നു എന്നുപറഞ്ഞാൽ അടിയും കിട്ടും പിന്നെ പട്ടിണിക്കും ഇട്ടെന്നിരിക്കും. പള്ളിക്കലിരുന്ന് ഖുറാൻ വായിച്ചു എന്നൊരു കള്ളം പറയാം. പടച്ചോനുവേണ്ടിയൊരു കള്ളം പറയുമ്പോ പടച്ചോൻ തന്നെ കാത്തുകൊള്ളും എന്നു സമീർ മനസ്സിൽ കരുതി.

മനസ്സിൽ കരുതീതുപോലെതന്നെ അമ്മിജാൻ  കലിതുള്ളി തിരക്കി

“എവിടേർന്നട ഇസ്കൂള്‌ കഴിഞ്ഞ് ഇത്ര തോനെ നേരം…?”

കരുതിവെച്ച നുണ നാക്കിൻ തുമ്പത്ത് ഉടക്കി നിന്നു. പകരം ഗണപതിതന്നെ  നാവിൻ തുമ്പത്തിരുന്നു പറഞ്ഞു “ ഗണപതികളെ കണ്ടു നില്ക്കേർന്നു…!”

സമീർ പറഞ്ഞുതീരലും അടി തുരുതുരെപൊട്ടിയതും ഒപ്പമായിരുന്നു. തോളിൽകിടന്ന പുസ്തകസഞ്ചി അമ്മിജാൻ കോലായിലേക്ക് വലിച്ചെറിഞ്ഞു. എന്നിട്ട് സമീറിനെ തള്ളിയിട്ടു. അബ്ബുജാൻ നിസ്സഹായനായി നോക്കിനിന്നു. അബ്ബു ജാനനറിയാം ഇടയ്ക്കു കയറിയാൽ അമ്മിജാൻ നല്ല ചീത്ത പറയുമെന്ന്.

”എങ്കിലും തന്നെ അടികൊള്ളീച്ചൂല്ലോ ഗണപതികളെ….!”  എന്ന് സമീർ മനസ്സിൽ കുണ്ഠിതപ്പെട്ടു. ഗദ്ഗദങ്ങൾ ഏങ്ങലടിയായി പുറത്തുവന്നു.

താൻ ഇബിലീസ്സിന്റെ മോനാണെന്നും മറ്റും അമ്മിജാൻ ഉറക്കെ പറയുന്നുണ്ടായിരുന്നു. അമ്മിജാൻ ഉറക്കെയുറക്കെ പറയുന്നത് അടുത്ത വീട്ടിലെ കുട്ടികൾ കേട്ട് തന്നെ ഒരു കുറ്റവാളിയേപ്പോലെ  നോക്കിനിന്നു !.

അമ്മിജാനും  അബ്ബുജാനും  പടച്ചോന്റെ പ്രതിരൂപങ്ങളാണെന്നല്ലെ ഖുറാനിൽ പറയണെ…!  അപ്പോപിന്നെ അമ്മിജാനെ  വേദനിപ്പിച്ചിട്ട്  ഇനി താൻ ഗണപതികളെ കാണാൻ പോകില്ല എന്നു മനസ്സിൽ തീരുമാനമെടുത്തു.

ഒരു ദേഷ്യത്തിന്‌ അടിച്ചെങ്കിലും അമ്മിജാന്റെ നെഞ്ചിൽ തനിക്കായി സ്നേഹം നീക്കിവെച്ചിട്ടുണ്ടെന്നു തനിക്കറിയാം.  അമ്മിജാൻ തന്നെ അരുകിൽ ചേർത്തുനിർത്തി പറഞ്ഞു.

“ഇനിന്റെ കുട്ടി അവിടെങ്ങും പോയി അതുങ്ങളെ ഒന്നും  നോക്കി നിക്കണ്ടാട്ടോ….!”

രാത്രി വൈകിയിട്ടും ഉറങ്ങിയില്ല.  കണ്ണടയ്ക്കുമ്പോൾ ഒരായിരം  ഗണപതിക്കുട്ടികൾ തന്റെ കണ്മുമ്പിൽ നിന്നു കുസൃതികാണിക്കുന്നതായി തോന്നി.

അതിന്റെ തുമ്പിക്കയ്യുകൊണ്ട് തന്നെ ചുറ്റിപ്പിടിക്കുന്നു. തന്റെ നെറ്റിയിൽ അതിന്റെ നെറ്റി ഉരസ്സുന്നു. തന്റെ മുന്നിൽ മുട്ടുമടക്കി കിടക്കുന്നു. പുറത്തു കയറ്റുന്നു. കാർഖാനയിൽനിന്നു ചിരിച്ചതുപോലെ കുടുകുടെ ചിരിച്ചു. ചിരിയോടുകൂടി സ്വപ്നത്തിൽ നിന്നുണർന്നു. അമ്മിജാൻ വിളക്കു തെളിയിച്ചു ചോദിച്ചു.

“ നീ സ്വപ്നം കണ്ടിരിക്കണുല്ലേ കുട്ട്യേ…?”

എന്താണു സ്വപ്നം കണ്ടതെന്നു അമ്മിജാൻ തിരക്കി. പകുതി ഉറക്കത്തിൽ ഇനിയും അടികിട്ടണ്ടാ എന്നു കരുതി അറിഞ്ഞുകൊണ്ടു പറഞ്ഞു

“ എന്താ സ്വപ്നം കണ്ടതെന്ന് ഓർക്കണില്ല..!”

സ്കൂളു കഴിഞ്ഞു മടങ്ങുമ്പോൾ മനസ്സിനെയും  കാൽപ്പാദങ്ങളെയും തിരിച്ചുവിട്ട് നടക്കാൻ ശ്രമിച്ചു. കാർഖാനയുടെ മുന്നിൽ എത്തിയപ്പോൾ കണ്ണുകളോടു പറഞ്ഞു   “ആ ഭാഗത്തേയ്ക്ക് നോക്കിപ്പോകരുതെന്ന്”.

പക്ഷെ അറിയാതെ നോക്കിപ്പോയി. അവിടെയിരുന്നൊരു ഗണപതിക്കുട്ടി തുമ്പിക്കയ്യുയർത്തി തന്നെ അങ്ങോട്ടു ക്ഷണിക്കുന്നതായി തോന്നി.  മുന്നോട്ടുവെച്ച കാലുകൾ പറിച്ചെടുത്ത് ഗണപതിക്കുട്ടിയുടെ അടുത്തേക്ക് പാഞ്ഞുചെന്നു.  കുടുകുടെ ചിരിക്കുകയും കണ്ണിൽനിന്നു കണ്ണുനീരുതിരുകയും ചെയ്തു.

ആ വിഗ്രഹങ്ങളിലെല്ലാം തൊട്ടുതലോടി. ചെവിക്കുപിടിച്ചു നോക്കി. തുമ്പിക്കയ്യിൽ കയ്യോടിച്ചു. മിനുത്ത കുടവയറിൽ തടവി. ഇക്കിളികൊണ്ട് ഗണപതിക്കുട്ടി അതിന്റെ മസ്തകം തന്റെ ചുമലിൽ ചേർത്തുവെച്ചു നിന്നു. എന്നിട്ട് തന്റെ ചെവിയിൽ അതു മന്ത്രിച്ചു

“ സമീർ പൊയ്ക്കൊ….അമ്മിജാൻ കാത്തിരിപ്പുണ്ടായിരിക്കും. വൈകിയാൽ ഇന്നലെ കിട്ടിയപോലെ ഇന്നും അടി കിട്ടും….!”

ഗണപതിക്കുട്ടി പറഞ്ഞപാടെ സമീർ പൊട്ടിക്കരഞ്ഞു. അവന്റെ ഉള്ളിൽ അത്രകണ്ട് ദുഖം തങ്ങിനിന്നിരുന്നു.  തുമ്പിക്കയ്യിൽ പിടിച്ചു സമീർ  മനസ്സില്ലാമനസ്സോടെ പറഞ്ഞു.

“ ന്നാ ഞാൻ പൊകുവ്വാണ്‌…”  അപ്പോൾ ഗണപതിക്കുട്ടി തലയിളക്കി അനുമതി നൽകി.

തന്നെ അമ്മിജാൻ അടിച്ചതും ശകാരിച്ചതുമെല്ലാം  ഗണപതിക്കുട്ടി എങ്ങനെ അറിഞ്ഞുവെന്ന് വഴിനീളെ ചിന്തിക്കുകയായിരുന്നു സമീർ. ഉത്തരം കിട്ടാത്ത ചോദ്യവുമായി സമീർ വീട്ടിലെത്തി. അബ്ബുജാനോടു ചോദിച്ചുനോക്കിയാലോ എന്നു സമീർ നിനച്ചു. പക്ഷെ അമ്മിജാനറിഞ്ഞാൽ ചീത്ത വിളിക്കും അതുകൊണ്ട് അതിനു തുനിഞ്ഞില്ല.

അമ്മിജാനും  അമ്മിജാന്റെ  വീട്ടുക്കാരും പ്രാകൃത ചിന്താഗതിക്കാരാണ്‌.  മറ്റുദൈവങ്ങളെ കണ്ണെടുത്തു നോക്കുന്നതുപോലും പാപമായി കാണുന്നവരാണ്‌.

ദുനിയാവില്‌  “ദൈവം ഒന്നല്ലേയുള്ളു” എന്നെല്ലാവർക്കും അറിയാം. എന്നിട്ടും ഭ്രാന്തുപിടിപ്പിക്കുന്ന മനുഷ്യന്മാരുടെ ഓരോരോ പൊല്ലാപ്പുകൾ.  ഇനി ദൈവം തന്നെ വന്നുപറയട്ടെ “ദൈവം ഏതു ജാതിക്കാരനാണെന്ന്…!”  അപ്പൊഴെ അമ്മിജാനും വിശ്വാസം വരുള്ളു. സമീറിന്റെ ചിന്തകൾ കുഴഞ്ഞുമറിഞ്ഞു.

ഇന്നു കാർഖാന പതിവിലും നേരത്തെതന്നെ തുറന്നിരിക്കുന്നു. ധാരാളം പണികൾ ചെയ്തുതീർക്കാനുണ്ടെന്നു തോന്നുന്നു. സ്കൂളുവിട്ടു തിരിച്ചുവന്നപ്പോൾ വർണ്ണവിസ്മയം തീർത്തിരുന്നു കാർഖാനയുടെ പരിസ്സരത്ത്. നാനാവിധ വർണ്ണങ്ങൾകൊണ്ട് ജീവൻ തുടിക്കുന്നവയാക്കി മാറ്റിയിരിക്കുന്നു ആ മൂർത്തികളെയൊക്കെ.

തന്റെ ഗൺപതിക്കുട്ടിയെ തിരിച്ചറിയാൻ കഴിയുന്നില്ല. കാർഖാനയുടെ ജോലിക്കാർ ജോലികളിൽ വ്യാപൃതരാണ്‌.  ഇപ്പോൾ തന്നെ കാര്യസ്ഥൻ ആട്ടിപ്പായിക്കാറില്ല. തന്റെ പേരെടുത്താണ്‌ ഇപ്പോൾ കാര്യസ്ഥൻ തന്നെ വിളിക്കുന്നത്. ജീവൻ തുടിക്കുന്ന വൈവിധ്യമായ വിഗ്രഹങ്ങൾ എങ്ങനെയുണ്ടാക്കുന്നുവെന്ന് ചോദിച്ചതിനു അയാൾ അതൃപ്തി പ്രകടിപ്പിച്ചു.

“അതൊന്നും കുട്ടി അറിയണ്ടാ..” എന്നയാൾ മുഖം മുഷിഞ്ഞു പറഞ്ഞു.

കാര്യസ്ഥനിൽ നിന്നകന്നുമാറി തന്റെ കുട്ടിഗജമുഖനെ തിരിച്ചറിയാൻ പറ്റുമോ എന്നു പരതി നോക്കി. ഇന്നലെവരെ തിരിച്ചറിഞ്ഞതായിരുന്നു. ഇന്നു കഴിയുന്നില്ല.

കളറുകൾ പൂശി മിനുക്കിയപ്പോൾ പലതിന്റെയും സ്ഥാനംമാറ്റിയാണ്‌ ജോലിക്കാർ വെച്ചിരിക്കുന്നത്. സമീറിന്റെ മനസ്സു വ്യസനിക്കാൻ തുടങ്ങിയിരുന്നു. ഒരുവട്ടംകൂടി തേടിനോക്കാമെന്നു മനസ്സിലുറച്ച് പിന്നെയും തന്റെ സ്വപനത്തിൽ ഓടിയെത്തുന്ന കുട്ടിഗജമുഖനെ തേടിനടന്നു.  കണ്ടില്ല. ഇനി തേടിയിട്ട് കാര്യമില്ലെന്നുറച്ച് സമീർ വീട്ടിലേക്കു മടങ്ങാൻ തുടങ്ങി. അപ്പോൾ പുറകിൽ നിന്നാരോ വിളിക്കുന്നതുപോലെ തോന്നി.

“സമീർ ..”

തന്നെ വഴക്കുപറഞ്ഞ കാര്യസ്ഥന്‌ ഒരുപക്ഷെ അലിവുതോന്നി തന്നെ അനുരഞ്ജിപ്പിക്കാൻ വിളിച്ചതായിരിക്കുമെന്നു കരുതി തിരിഞ്ഞുനോക്കി. പക്ഷെ കാര്യസ്ഥനെയല്ല തന്റെ കുട്ടിഗജമുഖനെയാണ്‌ കണ്ടത്. അതു തലയിളക്കി തന്നെ വിളിക്കുകയയിരുന്നു. മനസ്സിൽ കുറെ വർണ്ണങ്ങൾ പൂത്തുലഞ്ഞു. സന്തോഷംകൊണ്ട് മതിമറന്ന നിമിഷങ്ങളായിരുന്നു അപ്പോൾ.

“ മനുഷ്യർ ദൈവത്തെ തിരിച്ചറിഞ്ഞില്ലെങ്കിലും ദൈവം മനുഷ്യരെ തിരിച്ചറിയുന്നുണ്ട് ” എന്നു മനസ്സു മന്ത്രിച്ചു. അടുത്തുചെന്നപ്പോൾ കുട്ടിഗണപതി പറഞ്ഞു

“ നീ എന്നെത്തേടി ഒത്തിരി അലഞ്ഞൂല്ലേ…?!  നീ എന്റെ അടുത്തുകൂടി പലതവണ കടന്നുപോയി..! എന്നിട്ടും നീ എന്നെ തിരിച്ചറിഞ്ഞില്ല…! എന്നെ കണ്ടപ്പോൾ നിന്റെ സങ്കടം മാറിയില്ലെ..?   ഇനി സമയം വൈകിക്കണ്ടാ പൊയ്ക്കോളു….അമ്മിജാൻ കാത്തിരിക്കുന്നുണ്ടാവും….!!”

അടുത്ത ദിവസം സ്കൂളിലേക്കു പോകുമ്പോൾ കാർഖാനയുടെ പരിസ്സരത്തുണ്ടായിരുന്ന മൂർത്തികൾ ഒന്നുംതന്നെ അവിടെ ഉണ്ടായിരുന്നില്ല. ചങ്കുപൊട്ടുന്ന വേദനതോന്നി. പൊട്ടിപ്പൊട്ടിക്കരഞ്ഞു. തന്റെ കുട്ടിഗണപതിയും ഏതോ ദിക്കിലേക്കുപോയിക്കഴിഞ്ഞിരുന്നു.

കാർഖാനയുടെ കാര്യസ്ഥന്റെ മുഖവും ശരീരവും അള്ളിപ്പറിക്കണമെന്ന ത്വര മനസ്സുനിറയെ കുമിഞ്ഞുവന്നു. നിസ്സഹായനായി തേങ്ങുവാൻ മാത്രമെ സമീറിനു  കഴിഞ്ഞുള്ളു . കണ്ണീരുമൊലിപ്പിച്ച് സ്കൂളിലേക്കുള്ള വഴിയെ നടന്നു. പാതിവഴിയിൽവെച്ച് സ്കൂളിലേക്കുള്ള പോക്കുമതിയാക്കി. മദ്രസ്സയുടെ തിണ്ണയിൽ കുത്തിയിരുന്നു. കഴിഞ്ഞതെല്ലാം മിഥ്യയായിരുന്നുവെന്ന് വിശ്വസ്സിക്കാൻ ശ്രമിച്ചു. എങ്കിലും മനസ്സിൽ നിന്നൊന്നും മാഞ്ഞുപോകുന്നില്ല.

കരതോറും പന്തലുകൾ അണിയിച്ചൊരുക്കി. പന്തലുകൾക്കരുകിൽ സഘാടകരുടെ പടങ്ങളുള്ള ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അവരുടെ പ്രശസ്തിക്കുവേണ്ടിയാണ്‌ ഫ്ളക്സ്സു ബോർഡുകൾവെച്ചിരിക്കുന്നത്.

പന്തലുകളും പരിസ്സരങ്ങളും ആലക്തിക ദീപങ്ങൾകൊണ്ട് അലങ്കരിച്ചു.

തെരുവുകൾ നിറയെ ചെറുതുമുതൽ വലിയതുവരെയുള്ള ഗജമുഖന്മാരെക്കൊണ്ട് നിറഞ്ഞു. തട്ടുകളിലും കട്ടിലുകളിലും നിരത്തിവെച്ചിരിക്കുകയാണു ഗണപതി വിഗ്രഹങ്ങളെ വില്പനയ്ക്കായി.

പെരുംകാട്ടിൽ ഒറ്റപ്പെട്ടുപോയതുപൊലെയുള്ള അവസ്ഥയായിരുന്നു അതിനിടയിൽക്കൂടി നടക്കുമ്പോൾ. തലയ്ക്ക് ഓളം പിടിച്ച തെരുവു നായേപ്പോലെ  സമീർ തന്റെ ഗജമുഖനെത്തേടിയലഞ്ഞു. ഇന്നത്തെ ദിവസ്സം കൂടിക്കഴിഞ്ഞാൽപ്പിന്നീട് തനിക്കു പ്രിയപ്പെട്ട ആ ഗണപതിക്കുട്ടിയെ കാണാൻ കഴിഞെന്നുവരില്ല. കാരണം വാങ്ങുന്നവർ ദൂരെ ദിക്കിൽനിന്നുള്ളവരാണെങ്കിൽപ്പിന്നെ തനിക്കൊരിക്കലും തന്നോടു കുസൃതി കാട്ടുന്ന തന്റെ പ്രിയപ്പെട്ട ഗണപതിക്കുട്ടിയെ കാണാൻ പറ്റില്ല.

ഇന്നു തനിക്ക് അമ്മിജാന്റെ കയ്യിൽനിന്ന് എത്ര തല്ലുകിട്ടിയാലുംവേണ്ടില്ല കണ്ടുപിടിക്കുന്നതുവരെ ഗണപതിക്കുട്ടിയെ തേടുകതന്നെയെന്നു സമീർ തീരുമാനിച്ചു.

എല്ലാ കച്ചവടക്കാരും വെച്ചിരിക്കുന്ന ഗണപതിക്കൂട്ടങ്ങൾക്കു മുന്നിൽപ്പോയി സമീർ തിരഞ്ഞു. തന്നെക്കാണുമ്പോൾ അവൻ തീർച്ചയായും വിളിക്കാതിരിക്കില്ല. അവൻ ഗ്രാമത്തിലെ സർവ്വ കച്ചവട സ്ഥലങ്ങളിലും അലഞ്ഞുതിരിഞ്ഞു. പരിശ്രമങ്ങളെല്ലം വിഫലമായിപ്പോയി. മനസ്സിൽ തേങ്ങലുമായി സമീർ വീട്ടിലേക്കു മടങ്ങി.

ദൂരത്തുള്ള കടലിലെ തിരമാലകൾ കടൽ ഭിത്തികളിൽ തട്ടിയുടയുന്ന സബ്ദം കേൾക്കാം. കടൽക്കാറ്റു നന്നായ് വീശിയടിച്ചുവരുന്നുണ്ട്. കറുത്ത മേഘങ്ങൾ ആകാശത്ത് ഉരുണ്ടുകൂടുന്നുണ്ട്. മഴയ്ക്കുള്ള ലക്ഷണമാണ്‌. ഇരുട്ടു പരക്കാൻ തുടങ്ങിക്കഴിഞിരുന്നു.  വഴിവിളക്കുകൾ കണ്ണുചിമ്മിത്തുറന്നു. വഴിയോരത്തെ തിരക്കിനിനിയും ശമനം വന്നിട്ടില്ല. അവസ്സാനവട്ട കച്ചവടവും പൊടിപൊടിച്ചു നടക്കുകയാണ്‌.

മനസ്സിൽ ഭയത്തിനു കട്ടിപിടിച്ചു. അമ്മിജാൻ വടിയുമായി  തന്നെ കാത്തുനില്ക്കുന്നുണ്ടായിരിക്കും എന്ന ഭയം ഒരുവശത്ത്. മറുവശത്ത് തനിക്കു നഷ്ടപ്പെട്ടുപോയ തന്റെ ഗണപതിക്കുട്ടിയെക്കുറിച്ചും.

തന്റെ കോളനിയിൽ കുട്ടികളും വലിയവരും ചേർന്നു പന്തലൊരുക്കുന്നതും മറ്റും കണ്ടു. പക്ഷെ സന്തോഷം തോന്നിയില്ല. മനസ്സുനിറയെ ഗണപതിക്കുട്ടിയെ കാണാതെപോയതിലുള്ള ദുഖം സമീറിനെ മഥിക്കുകയായിരുന്നു.

കൂട്ടുകാർ വിളിച്ചിട്ടും ഗൗനിക്കാതെ വീട്ടിലേക്കുള്ള വഴിയെ നടന്നു. അല്പ നിമിഷങ്ങൾകൂടിക്കഴിഞ്ഞാൽ തന്റെ പുറത്ത് അമ്മിജാന്റെ വടിപ്പത്തൽ തുരുതുരെ വീഴും.

ഓടിവരുന്ന അമ്മിജാനെക്കണ്ട് തിരിഞ്ഞോടണമെന്നു തോന്നി. എങ്ങനെയോ ധൈര്യം സംഭരിച്ച് അമ്മിജാന്റെ മുന്നിലേക്കുചെന്നു. പക്ഷെ അമ്മിജാൻ കരഞ്ഞുകൊണ്ട് ഓടിവന്നു തന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.

“എന്റെ കുട്ടിതെവിടേർന്നു ഇത്ര നേരോം..? . അമ്മിജാന്റെ ചങ്കിൽ തീ കത്തുകേർന്നു….!  ചന്ത നടക്കുന്ന ഈ ജനക്കൂട്ടത്തിനിടയിലെങ്ങാൻ എന്റെ കുട്ടീനെ കാണാതെപോയിരിക്ക്വൊന്ന് ഭയന്നേർന്നു….! എന്റെ കുട്ട്യാകെ തളർന്നിരിക്കണുല്ലോ ന്റെ പടച്ചോനെ…!!”.

സമീറിന്റെ പകുതി ജീവൻ തിരിച്ചു കിട്ടിയ പ്രതീതിയായിരുന്നപ്പോൾ.

മൂർത്തികൾ വാങ്ങേണ്ടവരെല്ലാം വാങ്ങിക്കഴിഞ്ഞിരുന്നു. ഭംഗിയായി ഒരുക്കിയ മണ്ഢപങ്ങളിൽ ഗണപതി പ്രതിഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണെല്ലാവരും.  പത്തുദിവസ്സം നീളുന്ന ഉത്സവമേളമായിരിക്കും ഇനി എല്ലായിടത്തും.

സമീറിന്റെ കൂരപ്പുരയിൽനിന്നു നോക്കിയാൽ ഗണപതിയെ വെയ്ക്കാനൊരുക്കിയിരിക്കുന്ന മണ്ഢപം കാണാം. തനിക്കു നഷ്ടമായതിനേക്കുറിച്ചോർത്ത് സമീർ നിരുത്സാഹിയായിരുന്നു. പുറത്ത് ഉത്സവത്തിമിർപ്പിന്റെ ലഹരിയിൽ ജനം ആഹ്ളാദചിത്തരായി. ഗണപതിവിഗ്രഹങ്ങളെ യഥാസ്ഥാനങ്ങളിൽ സ്ഥാപിച്ചു എല്ലാവരും വീടുകളിലേക്കു മടങ്ങിക്കഴിഞ്ഞു.

ഇപ്പോൾ രാവു നന്നേ അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു. തവളകളുടെ പേക്രോ ശബ്ദവും ചീവീടുകളുടെ കാതു തുളക്കുന്ന ശബ്ദവും ഉയർന്നു കേൾക്കുന്നുണ്ട്.

സമീർ തിരിഞ്ഞു മറിഞ്ഞും കിടന്നു. എപ്പോഴാണുറക്കത്തിലേക്ക് വഴുതി വീണതെന്നറിയില്ല. തന്റെ ഗജമുഖനെ കാണാതെപോയതിൽ സമീറിന്റെ ഉള്ളം കിടുകിടുക്കുന്നുണ്ടായിരുന്നു .

നല്ല ഉറക്കത്തിലാണ്‌ സമീർ സ്വപ്നംകണ്ടത്. തന്റെ വീടിന്റെ പരിസ്സരത്തുള്ള മണ്ഢപത്തിൽ തന്റെ കുട്ടിഗണപതി വിരാജ്മാനായിരിക്കുന്നുവെന്ന് !.

കണ്ണുതിരുമ്മി പായിൽ നിന്നെഴുന്നേറ്റു. ആരുമറിയാതെ വാതിലിന്റെ കൊളുത്തുനീക്കി പുറത്തുള്ള പന്തലിനടുത്തേയ്ക്കു ചെന്നു. പന്തൽ തുണികൊണ്ട് മൂടിയാണിട്ടിരിക്കുന്നത്. തുണിമറ മെല്ലെ മാറ്റി അകത്തുകടന്നു. അതാ തന്റെ കുട്ടിഗണപതി തന്നെക്കണ്ട സന്തോഷംകൊണ്ട് തലയിളക്കുന്നു. തനിക്കു ജനങ്ങൾ നേദിച്ചുവെച്ചിരുന്ന പ്രസാദമെല്ലം കുട്ടിഗണപതി സമീറിനു കൊടുത്തു. എന്നിട്ടു സമീറിന്റെ നെറ്റിയിൽ കുങ്കുമം തൊടുവിച്ചു. സമീർ അനന്ദാതിരേകത്താൽ ഭ്രാന്തുപിടിച്ചവനേപ്പോലെ കരയുകയും ഒപ്പം കുടുകുടെ ചിരിക്കുകയും ചെയ്തു. അപ്പോൾ ഗണപതി പറഞ്ഞു.

“ നീ എന്നെ തേടി അലയുന്നതു ഞാൻ കണ്ടിരുന്നു.. എന്നെക്കാണഞ്ഞതിലുള്ള അഗാത ദുഖവുംപേറി നീ വ്യാകുലപ്പെടുന്നതും ഞാനറിഞ്ഞു.  ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാരാണ്‌ അവർ ദൈവത്തെ കാണും….അതുകൊണ്ടാണു ഞാൻ നിന്നെത്തേടി നിന്റെ വീടിനടുത്തുള്ള മണ്ഢലിയിൽതന്നെ വന്നത്…ഇവിടെ വന്നവരെല്ലാം പൊയ്മുഖങ്ങളണിഞ്ഞവരായിരുന്നു. ..വെറും പ്രഹസനങ്ങൾ…..ശുദ്ധമനസ്ഥിതിയില്ലാത്തവർ..  ….. ഭക്തി നടിക്കുന്നവർ…!  ഇനി സമീർ പൊയ്ക്കൊള്ളു അമ്മിജാൻ അറിയണ്ടാ… നിന്റെ വരവും കാത്ത് ഞാനിവിടെത്തന്നെയുണ്ടാകും… പയ്ക്കോളൂന്ന്..!”.

മനസ്സില്ലാ മനസ്സോടെ സമീർ തിരിച്ചുപോയി.

ദിവസ്സവും സന്ധ്യാനേരത്ത് ആർത്തിയുണ്ട് (ആരതി-പൂജയുണ്ട്). അമ്മിജാൻ കാണാതെ ആർത്തി നടക്കുന്നതിന്റെ കൂട്ടത്തിൽപോയിനിന്നു. ആർത്തികഴിഞ്ഞപ്പോൾ പ്രസാദം വിളംബി. ആരും കാണാതെ പ്രസാദം അകത്താക്കി കുടിലിലേക്കു പാഞ്ഞു. അമ്മിജാൻ സമീറിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അടുപ്പിനോടു ചേർന്നുകിടന്ന വിറകെടുത്ത് സമീറിന്റെ നേരെ അമ്മിജാൻ ആക്രോശിച്ചു ചെന്നു.

“നീ ഇബിലീസ്സിന്റെ മോനായിപ്പോയി… അതാണ്‌ പടച്ചോനെപ്പോലും ഓർക്കാതെ ഇതിനെല്ലാം എറങ്ങി പൊറപ്പെട്ടിരിക്കണെ…!”

ഒന്നും മിണ്ടിയില്ല. മിണ്ടിയാൽ വിറകുകൊള്ളികൊണ്ട് അടി ഉറപ്പാണ്‌.  എന്നിട്ടുംകിട്ടി കൈകൊണ്ട് പുറത്തിനിട്ട് രണ്ടെണ്ണം.

രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല.  കടൽ ഇരമ്പുന്നതും തിരമാലകൾ കടൽ ഭിത്തിയിൽ ആഞ്ഞടിച്ചു തകരുന്നതും കേൾക്കാമായിരുന്നു.. അമ്മിജാൻ അടിക്കുമ്പോൾ തന്റെ ചങ്കു തകരുന്നതുപോലെയായിരുന്നു ആ തിരമാലകളും തകർന്നുടയുന്നതെന്നുതോന്നി.

അമ്മിജാനും അബ്ബുജാനും നല്ല ഉറക്കത്തിലാണ്‌. വാതിലിന്റെ കൊളുത്തെടുത്ത് പുറത്തുനിന്നു വാതിൽചാരി.

പുറത്ത് നല്ല കാറ്റടിക്കുന്നുണ്ട്. ചാറ്റൽ മഴയും ചെറുതായുണ്ട്. കാർമേഘങ്ങൾക്കിടയിൽക്കൂടി ചന്ദ്രനും നക്ഷ്ത്രങ്ങളും എത്തിനോക്കുന്നുണ്ട്.

പന്തലിന്റെ തുണിമറമാറ്റി അകത്തുകടന്നു.  കുട്ടിഗണപതി ഇന്നല്പം നീരസ്സത്തിലാണെന്നു തോന്നുന്നു. തുമ്പിക്കയ്യിൽ പിടിച്ച് എന്തു പറ്റിയെന്നു സമീർ തിരക്കി.

അപ്പോൾ ഗണപതി പറഞ്ഞു  “ എന്നെപ്രതി നീ ഒത്തിരി കഷ്ടപ്പാട് സഹിക്കുന്നുണ്ട് ല്ലേ…..!?”

സമീറിനു സങ്കടം പിടിച്ചു നിർത്താനായില്ല. അമ്മിജാൻ അടിക്കുന്നതും ശകാരിക്കുന്നതുമെല്ലാമോർത്ത് സമീർ കരഞ്ഞു.

“ സാരമില്ല….ദൈവത്തിന്റെ അടുത്തു ചെല്ലണമെങ്കിൽ ഇതുപോലുള്ള ക്ളേശങ്ങൾ സഹിക്കണം…” എന്നു പറഞ്ഞു തുമ്പികയ്യുകൊണ്ട് സമീറിന്റെ താടിപിടിച്ചുയർത്തി അവനെ ആശ്ളേഷിച്ചു.

“ ഒരുതവണ ഇതുപോലെ എപ്പോഴെങ്കിലും വന്നാൽ മതി.. ഇനി വരാൻ പറ്റിയില്ലാന്നുണ്ടെങ്കിൽ എന്നെ ഒരു കൂട്ടുകാരനെ ഓർക്കുന്നതുപോലെ വീട്ടിലിരുന്ന് ഓർത്താലും മതി. അപ്പോൾ ഞാനറിയും സമീർ എന്നെ ഓർക്കുന്നുണ്ടെന്ന്..! മഴ ഘനക്കാൻപോകുന്നു. അമ്മിജാനും അബ്ബുജാനും ചിലപ്പോൾ മഴകാരണം ഉണർന്നെ ന്നിരിക്കും….അതുകൊണ്ടു തിരിച്ചുപൊയ്ക്കോളു…”

സമീർ തിരിച്ചുചെന്ന് പായയിൽ കിടന്നപ്പോൾ മഴയ്ക്കു കട്ടിപിടിച്ചു. അമ്മിജാനും അബ്ബുജാനും വിളക്കുകൊളുത്തി. അപ്പോൾ സമീർ നല്ല ഉറക്കം നടിച്ചുകിടന്നു. മഴപെയ്യുന്നതു അവർ കുറച്ചുനേരം നോക്കി നിന്നു.  പിന്നെ വിളക്കണച്ചു അവരും കിടന്നു.

എന്നത്തേതുപോലെ ആർത്തി (ആരതി) തുടങ്ങി. സമീറിനു പോകാൻ കഴിഞ്ഞില്ല. അമ്മിജാൻ വാതിൽ പ്പടിയിൽത്തന്നെ കുത്തിയിരിക്കുന്നുണ്ടായിരുന്നു. വാതിൽപ്പടിയിൽ ഇരിക്കുന്ന അമ്മിജാന്റെ പുറകിൽനിന്നു ആർത്തി നോക്കിക്കണ്ടു. കിടക്കാൻ നേരം അമ്മിജാൻ അകത്ത്നിന്നു വാതിൽ താഴിട്ടു പൂട്ടിയിരുന്നു.

കുട്ടിഗണപതി പറഞ്ഞത് ഓർത്തു. ഒരു കൂട്ടുകാരനെ ഓർക്കുന്നതുപോലെ എന്നെ ഓർത്താൽ ഞാൻ അറിയുമെന്ന്. അതുകൊണ്ട് കുട്ടിഗണപതിയെ ഓർത്തുകിടന്നു.

നല്ല ഉറക്കത്തിൽ തന്നെ വിളിച്ചു.

“സമീർ…”

കണ്ണുതിരുമ്മി എണീറ്റു നോക്കുമ്പോൾ കുട്ടിഗണപതി തന്റെ മുന്നിൽ നില്ക്കുന്നു.

“നിനക്കെന്നെ വന്നുകാണാൻ പറ്റില്ലെന്നെനിക്കറിയാം….അതുകൊണ്ടാണ്‌ സമീറിനെ കാണാൻ ഞാൻ തന്നെ വന്നത്….തനിക്കു നേദിച്ച പഴങ്ങളും പലഹാരങ്ങളുമാണിതൊക്കെ…അതെല്ലാം നിനക്കായി ഞാൻ കൊണ്ടുവന്നതാണ്‌….!”

തുമ്പിക്കയ്യുകൊണ്ട് സമീറിന്റെ നെറ്റിൽ തലോടിയിട്ട് കുട്ടിഗണതി മടങ്ങി. സമീർ പായയിൽ ചുരുണ്ടുകൂടി നല്ല ഉറക്കത്തിലാണ്ടു.

പത്താമത്തെ ദിവസ്സം മൂർത്തികളെയെല്ലാം വിസർജ്ജൻ (നിമജ്ജനം) ചെയ്യേണ്ട ദിവസ്സമായി. സമീറിന്റെ മനസ്സുനിറയെ ദുഖം നിറഞ്ഞുനിന്നു. കുറേനാളുകളായി താൻ കാണുകയും സാമീപ്യമറിയുകയും ചെയ്തിരുന്ന കുട്ടിഗണപതി എന്നന്നേക്കുമായി നാളെ കടലിൽ നിമജ്ജനം ചെയ്യപ്പെടും. പിന്നെ തനിക്കൊരിക്കലും കാണാൻ കഴിഞെന്നുവരില്ല.

പക്കമേളക്കാരുടെയും ബാന്റുമേളക്കാരുടെയും  അകമ്പടിയോടെ ഗണപതികളെ  നിമജ്ജനം ചെയ്യുന്നതിനായി എടുത്ത് കടല്ക്കരയിലേക്ക് ജനങ്ങൾ ഒഴുകിത്തുടങ്ങി.

സമീറിന്റെ പടിക്കലുള്ള ഗണപതിക്കുട്ടിയെയും നിമജ്ജനം ചെയ്യുന്നതിനായി ഒരു ഓട്ടോ ടെമ്പോയിൽ എടുത്തുവെച്ചു. നിമജ്ജനം ചെയ്യാൻ പോകേണ്ടവർ എല്ലാം ടെമ്പോയിൽ കയറി. സമീർ നിസ്സഹായനായി വീട്ടുപടിക്കൽ നോക്കിനിന്നു. അവന്റെ കണ്ണുകൾ നനഞ്ഞിരുന്നു. ഗണപതിക്കുട്ടി സമീറിനെ മാടി വിളിച്ചു. അമ്മിജാന്റെ കയ്യുകൾ തട്ടിത്തെറിപ്പിച്ച് സമീർ ടെമ്പോയിൽ കയറിക്കൂടി. അമ്മിജാൻ പുറകിൽ നിന്നു വിളിക്കുന്നതു കേട്ടു.

“ഇബിലീസ്സിന്റെ മോനെ നീ ഇങ്ങട്ട് വരൂണ്ടി…നിനക്കു ഞാൻ വെച്ചിട്ടുണ്ട്…!!”

അപ്പോഴേയ്ക്കും ടെമ്പോ മുന്നോട്ടു പോയിക്കഴിഞ്ഞിരുന്നു.

കടൽ തീരത്ത് ചേരിതിരിഞ്ഞ് അവരവരുടെ ഗണപതികളെ നിമജ്ജനം ചെയ്യുന്നുണ്ട്.

കുട്ടിഗണപതിയെ നിമജ്ജനം ചെയ്യേണ്ട സമയമായി.  തിരമാല ശക്തിയായി അടിച്ചു വരുന്നുണ്ട്. കടലിലേക്കു കടന്നുചെല്ലാൻ ഭയംതോന്നി നിൽക്കുമ്പോൾ കുട്ടിഗണപതി സമീറിനെ ക്ഷണിച്ചു തന്നെ തലയിലേറ്റി നിമജ്ജനം ചെയ്യുന്നതിനായി.

സമീർ കുട്ടിഗണപതിയെ തലയിലേറ്റുമ്പോൾ  മണ്ഡലിയിലുള്ളവർ (കരയിലുള്ളവർ / ഗ്രൂപ്പിലുള്ളവർ) എതിർപ്പു പ്രകടിപ്പിച്ചു. പക്ഷെ സമീർ അതുവകവെയ്ക്കാതെ ഗണപതിയേയുംപേറി പാഞ്ഞുവരുന്ന തിരമാലയ്ക്കുള്ളിലേക്ക് കടന്നുപോയി. സമീറിനെക്കാണാതെ മണ്ഡലിക്കാർ ഭയവിഹ്വലരായി. ഉല്ക്കണ്ട നിറഞ്ഞ നിമിഷങ്ങൾ.

ഓളപ്പരപ്പിൽകൂടി സമീർ വളരെദൂരം ഉൾക്കടലിലേക്കുപോയിക്കഴിഞ്ഞിരുന്നു. സമീർ ഗണപതിക്കുട്ടിയെ മുറുകെപിടിച്ചു. കരയിൽ നിന്നവരുടെയെല്ലാം പരിഭ്രാന്തികൂടിവന്നു.  സമീറിന്റെ അമ്മിജാനും അബ്ബുജാനും വിവരമറിഞ്ഞു ഓടിയെത്തി. അമ്മിജാൻ കടൽക്കരയിൽ അലമുറയിട്ടു നെഞ്ചത്തടിച്ചു കരഞ്ഞു.

“ന്റെ കുട്ടീനെ നീ കൊണ്ടുപോയല്ലോ റബ്ബേ….” എന്നവർ വാവിട്ടു കരഞ്ഞു.

സമീറിനെ തിരക്കി. പക്ഷെ കണ്ടില്ല. മഴ തുടങ്ങിക്കഴിഞ്ഞു. തിരമാലകൾക്കു ശക്തികൂടിവന്നു. തിരകൾ തെറുത്തുവരികയും പിന്നെ കടലിലേയ്ക്കു മടങ്ങുകയും ചെയ്തുകൊണ്ടിരുന്നു. പല ദിക്കിൽനിന്നു വന്നവരെല്ലാം മടങ്ങിക്കഴിഞ്ഞു. എല്ലായിടത്തും രാത്രിപരന്നുകഴിഞ്ഞു.  ചക്രവാളവും കടലും സംഗമിക്കുന്നിടത്തുമാത്രം നിറങ്ങൾ കൂട്ടുകലർത്തി രേഖവരച്ചിരിക്കുന്നതുപോലെ കാണാം.

പാതിരാത്രിയായപ്പോൾ ഉൾക്കടലിൽനിന്നും ബോട്ടുകൾ മടങ്ങിവരുന്നുണ്ടായിരുന്നു. മത്സ്യബന്ധനവും കഴിഞ്ഞുവരുന്ന ബോട്ടുകളായിരുന്നു അതെല്ലാം. ഓരോ ബോട്ടുകൾ അടുക്കുമ്പോഴും  സമീറിന്റെ അമ്മി ഒരു ഭ്രാന്തിയേപ്പോലെ അതിന്റെ അടുത്തെക്ക് ഓടിയടുക്കും. എന്നിട്ട് അവരോടു ചോദിച്ചു.

“എന്റെ പൊന്നുങ്കുടത്തിനെ നിങ്ങളെങ്ങാൻ കണ്ടുവോ….?!”  കടൽത്തീരത്ത് അലഞ്ഞുനടക്കുന്ന ഏതെങ്കിലും ഭ്രാന്തിയാണെന്ന്  അവരെന്നു ബോട്ടിലുള്ളവർ ധരിച്ചു.

അവസ്സാനത്തെ ബോട്ടും വന്നുകഴിഞ്ഞു.

സമീറിന്റെ അമ്മിജാൻ അവിടെയും ഓടിയെത്തി.

ആ സമയം ബോട്ടിലുള്ളവർ വല വലിച്ച് വെളിയിൽ ഇടുകയായിരുന്നു.

അപ്പോഴാണ്‌ വലയിൽ കുടുങ്ങിക്കിടക്കുന്ന കുട്ടിയേയും ഗണപതിയും കണ്ടത്.

ഗണപതിയെ മുറുകെ പിടിച്ചിരിക്കുന്ന സമീറിനെ പുറത്തെടുത്തു. അമ്മിജാൻ സമീറിനെ കെട്ടിപ്പിടിച്ചു അലമുറയിട്ടു കരഞ്ഞു.

സമീറിന്റെ   ബോധം അല്പാല്പ്പമായി തെളിഞ്ഞുവന്നു.  എല്ലാവരും സന്തോഷത്തിൽ മതിമറന്ന നിമിഷങ്ങൾ.

അബ്ബുജാൻ സമീറിനെ തോളത്തു കയറ്റി നടക്കുമ്പോൾ, സ്വന്ത കുഞ്ഞിനെ ഒക്കത്തെടുത്തുകൊണ്ടുപൊകുന്ന ലാഘവത്തോടെ അമ്മിജാൻ ഗണപതികിട്ടിയെയും ഒക്കത്തുവെച്ച് അബ്ബുജാന്റെ പിന്നാലെ കുടിയിലേക്കു നടന്നു.  അപ്പോൾ ഗണപതി സ്തോത്രങ്ങൾചൊല്ലി മണ്ഡലിയുടെ ജനങ്ങൾ പിന്നാലെയും.

 

ജോയി നെടിയാലിമോളേൽ , അഹമദ്നഗർ, മഹാരാഷ്ട്ര., മൊബ. 9423463971 – 9028265759,   ഇമെയിൽ  :-  joy_nediyalimolel@yahoo.co.in

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleരക്ഷസ്സ്‌
Next article“തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര് ?”
ജനനം 1960. പതിനഞ്ചു വർഷത്തെ ആർമി (ആർമഡ് കോർപ്സിൽ) സേവനം. (ഏട്ടു വർഷം അഡ്മിനിസ്ട്രേഷനിലും ഏഴു വർഷം അക്കൗണ്ട്സിലും). ആർമിയിൽ നിന്നു സ്വയം വിരമിച്ചതിനു ശേഷം ഒരു കമ്പനിയിൽ ഇരുപതു വർഷത്തെ സേവനം. സീനിയർ മാനേജരായി റിട്ടയർ ചെയ്തു. ചിത്ര രചനയും എഴുത്തും പ്രധാന ഹോബികൾ. ഭാര്യ - വത്സല. മക്കൾ - ദർശന, ദിവ്യ. കൃതികൾ :- 1) ശിവാംഗി - ചെറുകഥാ സമാഹാരം (29 കഥകൾ). 2) ഒരു പട്ടാളക്കാരന്റെ ആത്മഗതങ്ങൾ - നോവൽ - 3) പലായനം - നോവൽ 4) തായ് വേരുകൾ - ചെറുകഥാ സമാഹാരം (24 കഥകൾ) 5) ഫാക്ടറി - നോവൽ താമസ്സം : അഹമദ്നഗർ, മഹാരാഷ്ട്ര. മൊബൈൽ : 9423463971 / 9028265759 ഇമെയിൽ : joy_nediyalimolel@yahoo.co.in

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here