അങ്ങേത്തലക്കലാ ഓർമ്മ തൻ കൈ
പുസ്തകം
ഞാൻ തുറന്നു പരതി നോക്കി.
നിറയെ ചിരിക്കുന്ന ചായങ്ങളിൽ തീർത്ത
സ്മരണകളെന്നെ തുറിച്ചു നോക്കി.
വളരെച്ചെറുതൊരു പൂമ്പൊടി മാതിരി-
-പ്പൈതലാമെന്നെയവർ വളർത്തി.
വലുതാക്കി ഞാനെന്ന ഇന്നിതാ കാണുന്ന
നിലയിൽ കരകേറ്റിയിവിടെയെത്തി.
ബലമുള്ള ബാപ്പാന്റെ കൈകളിൽ മാറത്ത്
ചേർത്ത് പിടിച്ച് വലുതായി നാം.
ഓരത്ത് ചേർന്നെപ്പൊഴും കൂടെയൊന്നിച്ച്
യാത്രകൾ ചെയ്ത് വിനോദമായി.
മഹനീയമാണാ പൂമരം നന്മയാൽ
തളിരിട്ട നനവുള്ള കാൽപാടുകൾ.
അരികിലിരുത്തി അറിവിന്റെ ബാല
പാഠങ്ങൾ പകർന്നൊരു ശിക്ഷകനും.
അലിവിന്റെ ആർദ്ര സ്വരൂപനാണൊത്തിരി
സ്നേഹ സൗമ്യത്തിന്റെ ഗൗരവവും
ക്ഷമയും സഹനവും ഉള്ളിൽ ഒളിപ്പിച്ച്
വിഷമങ്ങളൊക്കെ സഹിച്ച ദേഹം.
മക്കൾക്ക് മുന്നിലെ വീര്യവും ശൂര്യവും
അന്തർ ബലത്തിന്റെ നേർക്കാഴ്ചകൾ
മക്കൾക്ക് വേണ്ടിയാണീ ജീവിതം തന്നെ
നീക്കിവെച്ചുള്ളതീ പൊന്നുപ്പമാർ….