നിങ്ങളുടെ പണപ്പെട്ടിയുടെ താക്കോൽ
കള്ളന്റെ കരങ്ങളുമായി
ബന്ധിപ്പിക്കുക..
സംശയം വേണ്ട
സുരക്ഷിതരായിരിക്കുക..
നിങ്ങളുടെ കൃഷിയായുധങ്ങൾ
നിയമ പാലകരുടെ
തോക്കിൻ കുഴലുമായി ബന്ധിപ്പിക്കുക..
ജീവനിൽ വിശ്വാസമർപ്പിക്കുക.
നിങ്ങളുടെ
ചലിക്കുന്ന വിരലുകളെ
നിശ്ശബ്ദതയുമായി
ബന്ധിപ്പിക്കുക.
നിശ്ശബ്ദതയിലൂടെ
ശബ്ദോർജ്ജം
സംരക്ഷിക്കുക..
നിങ്ങളുടെ അറിവിനെ
അറിവില്ലായ്മയുമായി
ബന്ധിപ്പിക്കുക.
ഓർമ്മകളെ മറവിയുമായും
വെളിച്ചത്തെ
ഇരുട്ടുമായും ബന്ധിപ്പിക്കുക.
നിങ്ങളുടെ കാലുകൾ
ചങ്ങലക്കണ്ണികളുമായി
ബന്ധിപ്പിക്കുക.
അവസാനം
നിങ്ങളുടെ കഴുത്തിനെ
തൂക്കുമരത്തിലെ കയറുമായി
ബന്ധിപ്പിക്കുക..