ബാണാസുര സാഗര്‍ ഡാം

 

 

 

വയനാട് മാറിയിട്ടില്ല. എന്നാല്‍ കോവിഡ് -19 രോഗാണു മനുഷ്യന്റെ സ്വഭാവിക രീതികളെ മാറ്റാന്‍ പര്യാപ്തമായതാണ്. അങ്ങനെ സംഭവിച്ച് കൊണ്ടിരിക്കുകയാണ്. ശാരീരിക അകലം, കൈകള്‍ വൃത്തിയാക്കല്‍, മുഖാവരണം ധരിക്കല്‍ എന്നിവ വിലയേറിയ സ്വഭാവ സവിശേഷതകളായി മാറി. എന്നാല്‍ നമ്മുടെ വയനാട് ഇപ്പോഴും നാണം കുണുങ്ങിയായ പെണ്‍കുട്ടിയായി , ഉല്ലാസവതിയായി നില്കുന്നു.

കഴിഞ്ഞ ദിവസം ഒരിക്കല്‍ വലിയ ജനവാസമേഖലയായിരുന്നതും, ഇപ്പോള്‍ മനുഷ്യവാസമില്ലാത്തതുമായ ഒരിടത്തേക്ക് പോവാന്‍ സാധിച്ചു. ബാണാസുര സാഗര്‍ ഡാം സ്ഥിതിചെയ്യുന്ന പടിഞ്ഞാറത്തറയിലേയ്ക്ക് പോവുമ്പോള്‍ ഓര്‍മ്മ വരിക തരിയോട് എന്ന സ്ഥലമാണ്. ബാണാസുര ഡാം പദ്ധതി പണിയപ്പെട്ടത്, തരിയോടിന്റെ മനോഹാരിതക്ക് മുകളിലൂടെയാണ്. ബാണാസുരമല കാവല്‍ നില്കുന്ന , ഡാമിലൂടെയുള്ള യാത്ര എപ്പോള്‍ നടത്തിയാലും അത് ആദ്യമായി ചെയ്യുന്നതുപോലെയും, പുതുമ നിറഞ്ഞതുമാണ്.

മാസ്മരികതയും, നിഗൂഗതയും ഇഴചേര്‍ന്ന് നില്കുന്ന മൊട്ടക്കുന്നുകളും, തുരുത്തുകളും, മലഞ്ചെരിവുകളും ശാന്തമായ നീലജലാശയത്തില്‍ നിഴല്‍ ഭംഗി അളക്കാറുണ്ട് . അങ്ങനെ ഞങ്ങളുടെ യാത്ര ഇത്തവണ വൈകിട്ടോടെയായിരുന്നു. ഏകദേശം മൂന്നര- നാല് മണിയോടെ ബോട്ട് യാത്ര ആരംഭിച്ചു. വിശാലം എന്നത് കാഴ്ചകളുടെ ഇടുക്കത്തിലേക്ക് കടന്നുകയറി. വൈകിട്ടുള്ള ബോട്ട് യാത്രയാണ് സുഖകരം, രസകരവും. വയനാട്ടിലെ പ്രധാന ടൂറിസം കേന്ദ്രമായ ബാണാസുര ഡാമില്‍ ഒരു കുടുംബത്തിന് മണിക്കൂറുകള്‍ ചിലവഴിക്കാന്‍ ഉള്ള കാര്യങ്ങള്‍ ഉണ്ട്. ബോട്ടിംഗ് കൂടാതെ, പാര്‍ക്ക്, ഫിഷ് സ്പാ, പൂന്തോട്ടം, അങ്ങനെയൊത്തിരി.

തിരികെ വരാം, ബോട്ടില്‍ അങ്ങനെ പോവുമ്പോള്‍ ബാണാസുര മല, കുറിച്ച്യാര്‍മല എന്നീ മലകളെ നന്നായി ആസ്വദിക്കാന്‍ സാധിക്കും. ട്രക്കിംഗ് പ്രിയരുടെ നെഞ്ചിനുള്ളില്‍ തിരയിളക്കം ഉണ്ടാക്കാന്‍ തക്കവണ്ണം അങ്ങനെ നില്കുകയാണ് ബാണാസുര മല. എത്ര കിലോമീറ്ററുകള്‍ അങ്ങനെ മെട്ടകുന്നുകളെ, മലകളെ , കാടുകളെ കണ്ട് മുന്നോട്ട് പോയെന്ന് അറിയില്ല. മനോഹരം, വ്യക്തത, ശാന്തം. കൂടാതെ,
മറ്റ് ഡാമുകളെ അല്ലെങ്കില്‍ മുന്‍പ് ചെയ്ത ബോട്ടിംഗിനെ ഉപമിച്ച് ഇവിടെ വരരുത്. ഓരോ സ്ഥലവും വ്യത്യസ്ഥവും, ഭംഗിയേറിയതുമാണ്. നമ്മളെ പോലെ തന്നെ!. മുന്‍ധാരണകള്‍ മാറ്റിയാല്‍ മനോഹരിയായ പ്രകൃതിയെ പൂര്‍ണ്ണതയില്‍ ആസ്വദിക്കാനും , ശാന്തതയെ വീണ്ടെടുക്കാനും സാധിക്കുന്ന മികച്ചയിടം തന്നെയാണ് ബാണാസുര സാഗര്‍ ഡാം.

ബോട്ടില്‍ പോവുമ്പോള്‍ , ഓര്‍ക്കുക, ഒരു വലിയ ജനസമൂഹം ഒരിക്കല്‍ ജീവിച്ചിരുന്ന വീടുകള്‍, ആരാധന ആലയങ്ങള്‍, ഒത്തുകുടിയിരുന്ന കളി സ്ഥലങ്ങള്‍ എന്നിവയ്ക്ക് മുകളിലൂടെയാണ് നമ്മള്‍ പോവുന്നത്. ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പ് തരിയോട് ഒരു ആരാധാന ആലയത്തില്‍ പോയത് ഓര്‍മ്മ വരുന്നു. ഇന്ന് അതിന് മുകളിലൂടെ ഒരു ബോട്ടില്‍ യാത്രചെയ്യുമ്പോള്‍ ഞാന്‍ താഴെക്ക് നോക്കി. നീലജലാശയത്തനടിയില്‍ എവിടെയോ പ്രാര്‍ത്ഥന മുഴങ്ങുന്നുണ്ടോ?

കരമാന്‍ തോട് എന്ന ചെറിയ പുഴ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല, അവരുടെ ജലം ഇത്രത്തോളം ശേഖരിക്കപെടുമെന്നും, കനത്ത ജലശേഖരമായി അത് മാറുമെന്നും. ഒരു ഡാം എപ്പോഴും തര്‍ക്കങ്ങള്‍ക്ക് വിധേയമാണ്.

തരിയോടിലൂടെയുള്ള കരമാന്‍ തോടിനെ തടഞ്ഞ് ഡാം സൃഷ്ടിച്ചപ്പോല്‍ ആ നീല ജലാശയത്തിനടിയില്‍ ധാരാളം കഥകളും ഓടി നടക്കാന്‍ തുടങ്ങി.  നൂറ്റാണ്ടുകള്‍ക്ക് അപ്പുറത്ത് ബ്രിട്ടീഷുകാര്‍ക്ക് സ്വര്‍ണ ഖനനം നടത്താന്‍ പദ്ധതിയുണ്ടായിരുന്നുവെന്നും , ടിപ്പു സുല്‍ത്താന്‍ കുതിരപാണ്ടി എന്നറിയപെട്ടിരുന്ന തരിയോട് വൈത്തിരി റോഡിലൂടെ പടയോട്ടം നടത്തിയിരുന്നുവെന്നും, പതിറ്റാണ്ടുകള്‍ മുമ്പ് തന്നെ, അതായത് വയനാട്ടിലെ മറ്റിടങ്ങളില്‍ ബസ് ഓടിതുടങ്ങും മുന്നെ , തരിയോടില്‍ ബസ് ഓടിയിരുന്നുവെന്നും ഒക്കെ. രസകരവും, ചിന്തനീയവുമായ ഇത്തരം സംഭവ വികസാങ്ങള്‍ ഓളപരപ്പില്‍ വരച്ചെടുക്കാം.  നാളുകള്‍ക്ക് മുമ്പേ കാര്‍ഷിക കുടിയേറ്റകാരുടെ കേന്ദ്രം കൂടിയായിരുന്നു തരിയോട് എന്ന സ്ഥലം. എന്നാല്‍ ഡാം പദ്ധതിയുടെ ഭാഗമായി അവിടെയുണ്ടായിരുന്ന ആളുകള്‍ കേരളത്തിന്റെ വിവിധയിടങ്ങളിലേയ്ക്ക് താമസം മാറി അല്ലെങ്കില്‍ പുനരധിവസിപ്പിക്കപ്പെട്ടു.

തിരിക വരുമ്പേള്‍  ഇനിയും വീഴാതെ നില്കുുന്ന രണ്ട് ഉണക്ക മരങ്ങളിലും കിളികള്‍(നീര്‍ക്കാക) നിറയെ കൂടുകള്‍ കെട്ടിയിരിക്കുന്നു.‍ അല്പസമയം അവിടെ ബോട്ട് നിര്‍ത്തി. മറ്റൊരാളുടെ കുടുംബകാര്യമല്ലേ, കൂടുതല്‍ നോക്കിനില്കാതെ ഞങ്ങള്‍ തിരികെപിടിച്ചു. ഡാമിലെ വെള്ളം കുറയുമ്പാേള്‍ തുരുത്തുകളിലെ പച്ചപ്പിനായി ആനകളും , കാട്ടുപോത്തുകളും നീന്തി വരാറുണ്ടത്രെ. കാണാന്‍ ആഗ്രഹമുണ്ട്. നല്ല ഭംഗിയായിരിക്കും തുരുത്തുകളില്‍ ഇങ്ങനെ മൃഗങ്ങളെ കാണാന്‍. ഇനിയെന്നെങ്കിലും ഒരു വേനല്‍ കാല യാത്രയില്‍ ഒരു പക്ഷേ കാണാമായിരിക്കും.

കോവിഡിന് ശേഷം ഉള്ള ജീവിതം കൂടുതല്‍ മികച്ചതും, സ്വാതന്ത്രം അനുഭവിക്കുന്നതും ആവണം.വയനാട് ഒരുങ്ങുകയാണ്, നമ്മളെ ഒരോരുത്തരെയും കാണുവാന്‍, നാളുകള്‍ക്ക് ശേഷം. എത്ര ദിവസമാ ഇങ്ങനെ ഇരിക്കുക, അല്ലേ?. നമുക്ക് യാത്ര ചെയ്യാം, പോയ ഇടങ്ങളിലേക്ക്, പോവാത്ത ഇടങ്ങളിലേക്ക്, അങ്ങനെയൊത്തിരി പുതിയ കാഴ്ചകള്‍ നേടിയെടുക്കാന്‍ നമുക്കാവട്ടെ. പക്ഷേ കോവിഡിനെ മാത്രം കൂടെ കൂട്ടരുത്…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here