പുതുമയിലേയ്ക്കുള്ളയോട്ടം
എല്ലാം മറന്നുള്ള ഭ്രാന്തമാം ഓട്ടം
ഹൃദയം നുറുക്കിയ വേദനയോരോന്നും
വിസ്മരിക്കാനായൊരോട്ടം
കടിപിടികൂടുന്നതലകളുണ്ടായിരം
എന്നുടെ ചുറ്റിലായ് കാണുന്നു ഞാന്‍ സദാ
ഓടുവാന്‍ മനസ്സില്ലയെങ്കിലീ ഞാനും
അവരിലൊരാളായി മാറണം നിശ്ചയം
ഓടിയാലും രക്ഷപ്രാപ്യമല്ലെങ്കിലും
ഓടാതെ ഇതു കണ്ട് നില്‍ക്കുവാനാകുമോ
ചിലനാളു മുന്‍പ് അവരെന്നെ പിടിച്ചിട്ട്
അവരുടെ നായകനാക്കി മാറ്റി
ചെറുതിനെ തട്ടിക്കളഞ്ഞു കൊണ്ടന്നു ഞാന്‍
വലുതിനായ് നന്നായി ചാടി നോക്കി
സാധ്യമല്ലായ്കയാല്‍ എന്നുടെ സഹജന്റെ
തോളും ശിരസ്സും പടവുകളാക്കി ഞാന്‍
സ്വന്തമായ് കരുതിയ ഭാഗ്യങ്ങളൊക്കെയും
ലാളിച്ചു ഞാനന്ന് മിഥ്യയെന്നറിയാതെ
മനസ്സു മരവിച്ച് പിണമെന്ന പോലെയായ്
എങ്കിലും ജീവിച്ചു ചില നാളവള്‍ക്കൊപ്പം
എല്ലാം വലിച്ചെറിഞ്ഞോടുവാനായന്ന്
വെമ്പലായെന്നുടെ ഉള്ളിലപ്പോള്‍
കൈകളുംകാല്‍കളും കൊട്ടികുടഞ്ഞു
എന്നിട്ടുമെന്നെ പിരിയാത്തതെന്തു നീ
നേടിയ സൗഭാഗ്യമെല്ലാം പറന്ന് പോയ്
പോകാത്തതെന്നുടെ പാപക്കറ മാത്രം
അധികാരമൊക്കെയും തട്ടിയെടുത്തു കൊ-
ണ്ടപമാനമെന്റെ മേല്‍ ഇട്ടു പോയവള്‍
ഒരു നാളിലുയരുവാന്‍ ഞാന്‍ കണ്ട പടവുകള്‍
എന്നെ തളക്കുന്ന കച്ഛ ഭൂവായ് മാറി
എന്റെ തലയെന്ന പടവുകള്‍ കണ്ടെത്തി
എന്നിലും ക്രൂരരാം മറ്റു ചില മനുഷ്യന്‍
ഓര്‍ക്കുവാനാഗ്രഹമില്ലെ നിക്കൊട്ടും
ഇരുളു നിറഞ്ഞതാം ഭൂതകാലം
ഇരുളായിത്തന്നെ ഇരിക്ക നീ എപ്പോഴും
കണ്ണുകള്‍ പൂട്ടിയുറങ്ങു നീ എന്നെന്നും
എന്നു ഞാന്‍ വീണുവീ ശോണിതസാഗരേ
ബാല്യമോ കൗമാര യൗവ്വനകാലത്തോ
അമ്മതന്‍ മാറില്‍ പറ്റിക്കിടന്ന ഞാന്‍
എങ്ങനെ ഇവ്വിതം പാതാളവാസിയായ്
വാത്സല്യമല്ലേ എന്നമ്മ പകര്‍ന്നത്
സ്നേഹമല്ലേ നിന്‍ കുചാഗ്രം പൊഴിച്ചത്
പാല്‍ നുകര്‍ന്നന്നു നിന്‍ മാറത്തടിച്ചപ്പോള്‍
ചുംബനമല്ലേ നീ കവിളില്‍ പകര്‍ന്നത്
എന്നന്യമായെനിക്കീ നല്ല നന്മകള്‍
എന്തിനാണെന്നെ ഞാന്‍ വിറ്റുതുലച്ചത്
കണ്ണുകള്‍ക്കിമ്പമായ് തോന്നിയതെല്ലാനും
എന്നിലെ മോഹമായ് മാറിയ നേരത്തോ
മോഹവിഷവിത്തു പാകിയ നയനമേ
നിന്നുള്ളിലുള്ള വെളിച്ചം ഭയാനകം
കാപട്യമുള്ള നിന്‍വെട്ടം തെളിക്കുവാന്‍
കത്തിയമരുന്നു എന്നിലെ നന്മകള്‍
ശിശുവായിരുന്ന ഞാന്‍ എത്രയോ സുന്ദരന്‍
കന്മഷമില്ലാത്ത നയനങ്ങളുള്ളവന്‍
ബാല്യമേ നിന്നെ തിരികെ ലഭിക്കുകില്‍
പകരം ഞാനേകിടാം എന്നുടെ സര്‍വ്വവും
ബാല്യമേ നിന്നെ തിരികെ ലഭിക്കുകില്‍
പകരം ഞാനേകിടാം എന്നുടെ സര്‍വ്വവും