ഊതി വീർപ്പിച്ച പെരുംനുണയുടെ
ബലൂണുകൾ
ഇനിയും വലുതാനാവാതെ
കാതടപ്പിക്കുന്ന സ്വരത്തിൽ
പൊട്ടിത്തകരുന്നു.
നിറം കൊടുത്തിരുന്ന പുള്ളികൾ
ഇനിയും വളരാനാവാതെ
വികൃതമാവുന്നു.
രാത്രിയിൽ ഇരുട്ടിനെ കൂട്ടുപിടിച്ച്
മേലോട്ടെറിഞ്ഞ്
കടൽക്കാറ്റിന്റെ
ഉപ്പുരസത്തിൽ
തപ്പിത്തടഞ്ഞ്
ഇനിയും പൊങ്ങി നടക്കാൻ
കഴിയുമായിരുന്നില്ല.
ഉദയസൂര്യന്റെ കിരണങ്ങൾ
കണ്ടപ്പോൾ തന്നെ
ഉള്ളം നടുങ്ങിത്തുടങ്ങിയിരുന്നു.
ഉച്ചയായപ്പോഴേക്ക്
ചൂടുകാറ്റും
ഉള്ളിലുറഞ്ഞ
പെരുംനുണയുടെ ഗന്ധവും
തമ്മിൽ നടന്ന രൂക്ഷമായ
സംഘട്ടനത്തിൽ
ഒന്നു നിലവിളിക്കാൻ പോലുമാവാതെ
ഹൃദയം പൊട്ടാനായിരുന്നു വിധി.
വൈകുന്നേരങ്ങളിൽ
കക്ക പെറുക്കി നടക്കുന്നവർ
ബലൂണിന്റെ
പൊട്ടിച്ചിതറിയ കഷ്ണങ്ങളുമായി
നാളെ തെരുവുകളിൽ
ഓടി നടക്കുന്നുണ്ടാവും..