അടുക്കളയിൽ നിന്നുയരുന്ന പരാതികളുടെ ശബ്ദം കേട്ടില്ലെന്നു നടിച്ച് അയാൾ തന്റെ സഞ്ചിയും തൂക്കി തെരുവിലേക്കിറങ്ങി. പിറകെ ഓടി വന്ന മകളുടെ നെറ്റിയിൽ ഒരു ഉമ്മ നൽകി അയാൾ തെരുവിൻറെ പ്രഭാത തിരക്കിൽ എങ്ങോ മറഞ്ഞു. കയ്യിലെ പഴകിയ സഞ്ചിയും, നീളമുള്ള ഒരു കോലും അയാളെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കി.
കവലയിൽ നിന്നും ഇന്നും ബസ് കേറിയ അയാളെ കണ്ട് കണ്ടക്ടർ പരിചയത്തിൻറെ പുഞ്ചിരി തൂകി ചോദിച്ചു
“ബേബിയെ, എങ്ങോട്ടേക്കാ ഇന്ന് ?”
“നമ്മുടെ നെല്ലുവേലി പള്ളിയില് പെരുന്നാൾ അല്ലേ, അങ്ങോട്ടേക്കാ”.
ടിക്കറ്റിനുള്ള പണം നൽകിക്കൊണ്ട് ബേബി പറഞ്ഞു.
“സർവ്വ സന്നാഹവും ഉണ്ടല്ലോ” യാത്രക്കാരിൽ ചിലർക്ക് അലോസരം ഉണ്ടാക്കുന്ന ആ നീളമുള്ള ഉള്ള വടിയോടുള്ള ഉള്ള നീരസം നർമ്മത്തിൽ ഒതുക്കി കണ്ടക്ടർ പറഞ്ഞു. മറുപടിയായി ലക്ഷണമൊത്ത ഒരു പുഞ്ചിരി നൽകി ബേബി തൻറെ ചിന്തകളുടെ ലോകത്തിലേക്ക് അ തെന്നിമാറി.
പ്രാരാബ്ധങ്ങളുടെ ഭാരം പേറിയുള്ള ഈ യാത്രകൾ തുടങ്ങിയത് അയാളുടെ ഒൻപതാം ക്ലാസ്സിൽ ആയിരുന്നു. അന്ന് അവനെ ക്ലാസ്സിൽ നിന്നും ഇടയ്ക്ക് വീട്ടുകാർ വിളിച്ചു കൊണ്ടു പോയത് ഡ്രൈവറായ അച്ഛൻറെ മൃതദേഹത്തിനരികിലേക് ആയിരുന്നു. പഠനം എന്ന മോഹവും അധ്യാപനം എന്ന സ്വപ്നവും എല്ലാം അവിടുത്തെ മെഴുകുതിരികളോടൊപ്പം ഉരുകി ഇല്ലാതെയായി. പിന്നീടങ്ങോട്ട് കുടുംബം പുലർത്താനുള്ള ഉള്ള നെട്ടോട്ടമായിരുന്നു. സഹോദരിയുടെ വിവാഹം, സ്വന്തം വിവാഹം, അമ്മയുടെ മരണം, മകളുടെ ജനനം അങ്ങനെ പല കാര്യങ്ങൾ കടന്നു പോയി. അയാൾ ഓടുകയാണ് ജീവിതം എന്ന പന്തയം ജയിക്കാനല്ല, തോൽക്കാതിരിക്കാൻ.
ബസ് സാവധാനം നെല്ലുവേലി കവലയിൽ നിർത്തി. ബേബി തൻറെ സഞ്ചിയും, വടിയും യും എടുത്ത് ശ്രമപ്പെട്ട് പുറത്തേക്കിറങ്ങി. വഴിക്കിരുവശവും വച്ചുപണികടകൾ നിരന്നിരുന്നു. വഴിക്ക് മുകളിലായി തിരുനാൾ നിറവിൽ അലങ്കരിക്കപ്പെട്ട സെൻറ് ആൻറണീസ് ദേവാലയം പ്രൗഡിയോടെ കാണപ്പെട്ടു. തൻറെ കച്ചവടം തുടങ്ങാൻ പറ്റിയ സ്ഥലം കണ്ടുപിടിച്ച അയാൾ സഞ്ചിയിൽ നിന്നും പല രൂപത്തിലുള്ള വർണ്ണത്തിലുള്ള ബലൂണുകൾ പുറത്തെടുത്തു. അതെ, അയാൾ ഇന്നൊരു ബലൂൺ വിൽപ്പനക്കാരനാണ്.
ബലൂണുകളിൽ കാറ്റുനിറച് അത് ഉയരമുള്ള വടിയിൽ കെട്ടിവച്ചുകൊണ്ടിരുന്നപ്പോൾ അയാൾ പിന്നെയും ചിന്തകളിലാണ്ടു. ബേബി ഒരു ബലൂൺ വിൽപ്പനക്കാരൻ ആയിരുന്നില്ല. അയാൾ ആദ്യം ഒരു തെങ്ങുകയറ്റക്കാരൻ ആയിരുന്നു. എന്നാൽ ഏഴു വർഷം മുൻപുണ്ടായ ഒരു അപകടം അയാളെ ആ തൊഴിലിൽ നിന്നും അകറ്റി. അപകടത്തിനുശേഷം തന്നെ നിതാന്തം പിന്തുടരുന്ന പുറം വേദന കാരണം പല ജോലികളും അയാൾക്ക് ഉപേക്ഷിക്കേണ്ടിവന്നു. അങ്ങനെയാണ് അയാൾ അവസാനം ബലൂൺ വിൽപ്പനയിൽ എത്തിയത്. ഭീമമായ ലാഭം ഉണ്ടായിട്ടല്ല മറ്റു വഴികൾ ഇല്ലാത്തതുകൊണ്ട്മാത്രം.
ബലൂണുകൾ നിറക്കുന്നതിനിടയിൽ അയാളുടെ കണ്ണുകൾ അങ്ങുമിങ്ങും എന്തോ എന്തോ ആശങ്കയോടെ തിരയുന്നുണ്ടായിരുന്നു. അവിടെയുള്ള വഴിയോരക്കച്ചവടക്കാർ പലരും ബേബിക്ക് സുപരിചിതരാണ്. ഉത്സവപ്പറമ്പുകളിലും, പെരുന്നാൾ പരിസരത്തുമെല്ലാം ഇവർ തങ്ങളുടെ പരിചയം പുതുക്കാറുണ്ട്. സമാനതകൾ ഉള്ള കഥകൾ, പരിചിതമായ യാഥാർത്ഥ്യങ്ങൾ.
ഒടുവിൽ അയാളുടെ കണ്ണുകൾ എന്തോ ഒരു കാഴ്ചയിൽ ഉടക്കി. ഭയത്തിന്റയും, നിരാശയുടെയും കാർമേഘം അയാളുടെ കണ്ണുകളിൽ നിഴലിച്ചു. പണ്ടേ ഭാഗ്യദേവത തിരിഞ്ഞുനോക്കാത്ത തന്റെ ജീവിതത്തിലെ ഏറ്റവും ഒടുവിലത്തെ പ്രതിസന്ധി. നിരവധി വർണ്ണങ്ങളിൽ, രൂപങ്ങളിൽ ആകാശത്ത് പാറിക്കളിക്കുന്ന വൈവിധ്യമാർന്ന ഹൈഡ്രജൻ ബലൂണുകൾ!
ഉയർന്നു പറക്കുന്ന ഇത്തരം ബലൂണുകൾ കുട്ടികളുടെ മനസ്സിൽ കയറി കൂടിയപ്പോൾ നാടുകടത്തപ്പെട്ടത് ബേബിയുടെ ചിറകില്ലാത്ത ബലൂണുകളാണ്. ഇന്നിപ്പോൾ ബേബിയുടെ കച്ചവടം നാമമാത്രമായി. പഴയകാല സ്മരണകളിൽ ഒരു ആചാരം പോലെ തന്റെ ബലൂണുകൾ വാങ്ങിക്കുന്ന ചുരുക്കം ചിലർ ഒഴിച്ചാൽ മറ്റാരും തന്നെ തന്റെ ഭാഗത്ത് തിരിഞ്ഞു നോക്കാറില്ല എന്ന് അയാൾ വേദനയോടെ ഓർത്തു. ചിലപ്പോൾ ഈ തൊഴിലും തന്നെ പിരിയാൻ നിർബന്ധിക്കുന്നതായിരിക്കുമെന്ന് ബേബിക്ക് തോന്നി.
വളരെനേരം കാത്തിരുന്നിട്ടും ആരും വരായ്കയാൽ, അയാൾ അവിടുത്തെ പടികെട്ടിൽ സാവധാനം ഇരുന്നു. ചുറ്റും വലിയ ആൾക്കൂട്ടം, ചിലയിടത്ത് വാശിയുടെ ചെറു ച പിണക്കങ്ങളും അവയെ നേരിടുന്ന ചെറു ശകാരങ്ങളും, മറ്റു ചിലടത്ത് മോഹഭംഗങ്ങൾ. അങ്ങനെ പല ഭാഗങ്ങളിൽ പല ഭാവങ്ങൾ ദൃശ്യമായി. അങ്ങനെ പുറംകാഴ്ചകൾ കണ്ടിരിക്കുമ്പോൾ ഒരു കുട്ടി ഒറ്റയ്ക്ക് അയാളുടെ അടുത്തെത്തി. അയാൾ വലിയ താല്പര്യത്തൊടുകൂടി കുട്ടിയെ നോക്കി.
“കറുത്ത ബലൂൺ ഉണ്ടോ ചേട്ടാ?”
കുട്ടിയുടെ പ്രതീക്ഷയോടെയുള്ള നിഷ്കളങ്കമായ ചോദ്യം കേട്ട് ബേബി തെല്ലൊന്നു നടുങ്ങി. മുൻവിധിയോടെ അയാൾ തന്റെ വടിയിലേക്ക് നോക്കി. ഇല്ല. കറുത്ത ബലൂൺ തന്റെ പക്കലില്ല. അയാൾ കുട്ടിയുടെ മുഖത്തേക്ക് നിരാശയോടെ നോക്കി. ആ നോട്ടത്തിലെ അർത്ഥം മനസ്സിലാക്കി എന്നോണം കണ്ണുകൾ താഴ്ത്തി ആ കുട്ടി നടന്നു നീങ്ങി.
കറുത്ത ബലൂണുകൾ. ഇതുവരെ അത്തരം ബലൂണുകളേകുറിച്ചുള്ള ചിന്തകൾ തന്റെ ഉള്ളിൽ കടന്നു വരാത്തത് എന്തുകൊണ്ട് എന്ന് അയാൾ ആലോചിച്ചു. ഒരുപക്ഷേ, തൻറെ ജീവിതം ഒരു ബലൂൺ ആയി രൂപാന്തരപ്പെട്ടാൽ, അതിൻറെ നിറം എന്താകും? കറുപ്പാകുമോ? തന്റെ ബലൂണുകളേപോലെ വിലയില്ലാതായിമാറിയ ഇത്തരം ചോദ്യങ്ങളും പേറി പിന്നെയും കുറെ നേരം അയാൾ അവിടെ നിന്നു.