ബലിയാടുകൾ

d2b678daa3815c6488bac3040a5eadc2

ദൈവപ്രീതിക്കായി
ബലിക്കല്ലിൽ
കൈകാലുകൾ അടക്കിവെച്ച്
ശ്വാസം അടക്കിപ്പിടിച്ച്
കണ്ണുകളിറുക്കിയടച്ച്
കഴുത്തു നീട്ടി
കിടക്കുന്നുണ്ട്
ബലിയാടുകൾ…

ദൈവപ്രീതിക്കായി
മിണ്ടാട്ടം നിർത്തി
വാലാട്ടി നടന്നിരുന്ന
ഗതകാല സ്മരണകൾ
അയവിറക്കി,
ജീവനെടുക്കാൻ
പാഞ്ഞടുക്കുന്ന
മൂർച്ചയേറിയ കത്തിയെ കണ്ടു
പുഞ്ചിരിക്കാൻ
പാടുപെടുന്നുമുണ്ട്..

നടക്കാൻ മടിച്ചപ്പോൾ
പഴുത്തില കാട്ടി
മോഹിപ്പിച്ച ആരാച്ചാരെ
രക്ഷകനായി കണ്ടു
ദിവ്യബലിക്കായി
സ്വയം തയ്യാറായിരുന്നു..

ജീവരക്തം
കുതിച്ചു ചാടി
തറയെ ചെഞ്ചായമണിയിക്കുമ്പോൾ
ദൈവഭക്തന്മാർ
കൈകൂപ്പി
രക്ഷകനെ വാഴ്ത്തിപ്പാടുന്നു..

ആടുകൾ
ബലി നൽകാനായി
പിറവിയെടുത്തവരാണ്..
ദൈവപ്രീതിക്കായി
ആത്മാവിനെ സമർപ്പിച്ചു
വിട കൊള്ളാനായി
ജനിച്ചു വീണവർ..

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here