കഴിഞ്ഞ ദിവസം കവി ബാലചന്ദ്രൻ ചുള്ളിക്കാട് പത്രസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഭാഷ അറിയാത്തവർ തന്റെ കവിത പഠിപ്പിക്കരുതെന്നും അത് സിലബസ്സിൽ നിന്നൊഴിവാക്കണമെന്നും ചുള്ളിക്കാട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ അനുകൂലിച്ചതും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിലടക്കം നിരവധി പ്രതികരണങ്ങൾ പുറത്തുവരികയും ചെയ്തു. കവി സച്ചിദാനന്ദനും ഈ വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തി. ചുള്ളിക്കാടിന്റെ പ്രസ്താവനയെ അക്ഷരാർഥത്തിൽ കാണേണ്ട എന്നും തന്റെ ശൈലിയിൽ ചുള്ളിക്കാട് നിലവിൽ ഭാഷ നേരിടുന്ന പ്രശ്നങ്ങളെ ചൂണ്ടിക്കാണിച്ചതാണെന്നും സച്ചിദാനന്ദൻ പറയുന്നു. നിലവിലെ മലയാള ഗവേഷണ വിഭാഗത്തിന്റെയും ഭാഷ അധ്യാപകരുടേയും അവസ്ഥയെപ്പറ്റിയാണ് ചുള്ളിക്കാട് പറഞ്ഞതെന്നും സച്ചിദാനന്ദൻ പറയുന്നു. കവി സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം
‘ബാലചന്ദ്രന്‍ ചുള്ളിക്കാട് നടത്തിയ പ്രസ് കോണ്‍ഫറന്‍സില്‍ പറഞ്ഞ അഭിപ്രായങ്ങളെക്കുറിച്ചു പലരും എന്നോട് ചോദിക്കുന്നുണ്ട്, പത്രക്കാര്‍ ഉള്‍പ്പെടെ. ഞാന്‍ അതിനെ അക്ഷരാര്‍ത്ഥത്തില്‍ അല്ലാ എടുക്കുന്നത്, ഒരു പ്രതീകാത്മകചേഷ്ട യായിട്ടാണ്. തന്റെ വിമര്‍ശനത്തെ ബാലന്‍ അവന്റെ രീതിയില്‍ നാടകീയമായി അവതരിപ്പിച്ചു എന്നേയുള്ളൂ. എന്നാല്‍ അതിലെ ചില പൊള്ളിക്കുന്ന സത്യങ്ങള്‍ കാണാതെ പോകരുത്. കവികള്‍ക്ക് വാമൊഴികളും മറ്റു മലയാളങ്ങളും ഉപയോഗിക്കാമെന്ന് ഡി അനില്‍കുമാര്‍, അശോകന്‍ മറയൂര്‍ തുടങ്ങി പല കവികളും അടുത്ത കാലത്ത് തെളിയിച്ചിട്ടുണ്ട്; എസ്സ്. ജോസഫ്, അന്‍വര്‍ അലിതുടങ്ങിയവര്‍ വാമൊഴി വഴക്കങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്, കടമ്മനിട്ടയെപ്പോലുള്ളവര്‍ ഗ്രാമ്യപദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. സമുദായഭാഷ, തൊഴില്‍ ഭാഷ, പ്രാദേശിക ഭാഷ, വാമൊഴികള്‍ ഇവയൊക്കെ കവിതയില്‍ ഉപയോഗിക്കാം, വൈലോപ്പിള്ളി പോലും ഇതു ചെയ്തിട്ടുണ്ട്.അത് ഭാഷയുടെ ജനാധിപത്യം. പിറകോട്ടു പോയാലും ഇത് കാണാന്‍ ആയേക്കും. എന്നാല്‍ മാനകമലയാളം ഉപയോഗിക്കുന്ന കവികള്‍ക്ക് അക്ഷരങ്ങളും പ്രാഥമിക വ്യാകരണവും ഉപയോഗിക്കുന്നതില്‍ തെറ്റ് വരുന്നുവെങ്കില്‍ ( ബോധപൂര്‍വം വരുത്തുന്ന മാറ്റങ്ങളുടെ കാര്യം വേറെ) നാം ജാഗ്രത പുലര്‍ത്തിയേ തീരൂ. പല തരുണകവികളും അഭിപ്രായതിന്നായി മാനകമലയാളത്തിലുള്ള കവിതകള്‍ അയക്കുമ്പോള്‍ ആദ്യം ഞാന്‍ പറയാറുള്ള കാര്യം അക്ഷരങ്ങളും വ്യാകരണവും പഠിക്കൂ എന്നാണു. ഇതൊന്നും എഴുത്തുകാരന്നു വേണ്ടെന്നു ബഷീറിനെയും മറ്റും ഉദ്ധരിച്ചു ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്, ബഷീര്‍ ഒന്നാംതരം മലയാളം ( ഇംഗ്ലീഷും- ബാല്യകാലസഖി ആദ്യം ഇംഗ്ലീഷില്‍ ആണല്ലോ എഴുതിയത് ) എഴുതാന്‍ കഴിഞ്ഞിരുന്ന ആളാണ്. അദ്ദേഹം ഒരു തമാശ പറഞ്ഞതാണ് .ഔപചാരികമായി വ്യാകരണം പഠിക്കണം എന്നില്ല അതിന്;, പ്രയോഗത്തിലൂടെ മനസ്സിലാക്കിയാല്‍ മതി. ഇവിടെ വിഷയം കവിത ആണ് താനും. ഇന്നത്തെ മലയാള പഠനത്തിന്റെയും അധ്യാപനത്തിന്റെയും ഒരു പൊതു വിമര്‍ശനമാണ് ബാലന്‍ നടത്തിയത്, അതില്‍ നേരുണ്ട് , അത് എല്ലാവരെയും കുറിച്ചല്ല താനും, പൊതുവായ ഒരു അപചയം .അത് സാഹിത്യത്തില്‍ മാത്രമല്ല, പത്രങ്ങളിലും ദൃശ്യാ മാധ്യമങ്ങളിലും ഒക്കെ കാണാം. പണ്ട് റേഡിയോവില്‍ ജോലി കിട്ടാന്‍ ഉച്ചാരണ പരീക്ഷ ജയിക്കണമായിരുന്നു. ഇന്നത്തെ അപചയം ചൂണ്ടിക്കാട്ടാന്‍ ഏതു മലയാളിക്കും അവകാശമുണ്ട്. എഴുതിക്കഴിഞ്ഞാല്‍ കവിതയ്ക്ക് മുകളില്‍ കവിക്ക് അവകാശം ഒന്നുമില്ലെന്നത് നേര്; പക്ഷെ ആ ഭാഗമല്ല ബാലന്റെ പ്രസ്താവത്തിന്റെ കാതല്‍ എന്നാണു എന്റെ വായന , മറിച്ച് ഭാഷയെക്കുറിച്ചുള്ള ഭാഗമാണ്. അതില്‍ ക്ലാസ്സുമുറിയുടെ സത്യസന്ധമായ ഒരു വിമര്‍ശനമുണ്ട്. അത് കേള്‍ക്കാതെ പോകരുത്.’