രാവിലെ ഓഫീസിൽ വന്നപ്പോൾ കണികാണുന്നത് കത്തിയാണ്. കൂടെ ജോലി ചെയ്യുന്നവരെയോ സന്ദർശകരെയോ ഉദ്ദേശിച്ചല്ല .ഒറിജിനൽ കത്തിയുടെ കാര്യം തന്നെ. വെളുപ്പാൻ കാലത്ത് ഇദ്ദേഹമെന്തിന് കത്തിയുമായി ഓഫീസിൽ വന്നുനിൽക്കുന്നുവെന്ന് മനസ്സിലായില്ല. പോലീസുകാരെങ്ങാനും കണ്ടാൽ അയാളെ മാത്രമല്ല എന്നെയും അകത്താക്കുമെന്നതിൽ സംശയമില്ല. പല കേസുകളിലെയും പ്രതികളെ കിട്ടാതെ അവർ ഓടി നടക്കുകയുമാണ്. അകത്തായിക്കഴിഞ്ഞാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. ഗുണ്ടയല്ലെന്നും ക്വട്ടേഷൻ സംഘത്തിൽ അംഗമല്ലെന്നുമൊക്കെ തെളിയിക്കേണ്ട ബാധ്യത പിന്നെ നമ്മുടെതാകും.
‘’ സാറേ രാവിലെ കൈനീട്ടമായിട്ട് ഒരു കത്തിയെങ്കിലും എടുക്കണം.ഏത് ടൈപ്പ് വേണമെങ്കിലും തരാം.’’ അയാൾ എന്നെക്കൊണ്ട് കത്തി വാങ്ങിപ്പിച്ചേ അടങ്ങൂ എന്ന മട്ടിൽ നിൽക്കുകയാണ്.
‘’ എ മുതൽ ഇസഡ് വരെയുള്ള ഏതു തരം കത്തിയും തരാം. ഇനി മലയാള അക്ഷരങ്ങളുടെ മാതൃകയിലുള്ളത് വേണമെങ്കിൽ അതും ഉണ്ടാക്കിത്തരാം.’’
അയാൾ ഒരു മാതൃഭാഷാ സ്നേഹിയാണെന്ന് തോന്നുന്നു. കത്തിവെക്കൽ നിർത്തി സ്വയം വിരമിക്കുന്ന ലക്ഷണമൊന്നുമില്ലാതെ അയാൾ കത്തിക്കയറുകയാണ്.
‘’ സാറേ ഇത് സാധാരണ കത്തിയാണെന്ന് കരുതി എടുക്കാതിരിക്കരുത്.ഇതാണ് സൈമൺ കത്തികൾ.’’
ഏതോ ഐ.എസ്.ഐ.മുദ്രയുള്ള കത്തിയാണെന്ന് വിചാരിച്ച് ഞാൻ ചോദിച്ചു.
‘’എവിടെയാണ് ഈ കമ്പനിയുടെ ആസ്ഥാനം ‘’
‘’ അങ്ങനെ പ്രത്യേകിച്ച് ആസ്ഥാനമൊന്നുമില്ല.സൈമൺ എന്നത് എന്റെ പേരാണ്.ഞാൻ കൊണ്ട് നടക്കുന്നത് കൊണ്ട് ഞാനൊരു പേരിട്ടെന്നേയുള്ളു.’’
പിന്നെ അൽപ്പം ശബ്ദം താഴ്ത്തി സൈമൺ പറഞ്ഞു
.
’’ പ്രധാനപ്പെട്ട ക്വട്ടേഷൻകാരെല്ലാം കത്തിയും വാളുമൊക്കെ വാങ്ങുന്നത് എന്റെ കയ്യിൽ നിന്നാണ്. ‘’
ക്വട്ടേഷൻ എന്ന് കേൾക്കുന്നത് തന്നെ ഇപ്പോൾ പേടിയാണ്. പണ്ടൊക്കെ ആരെങ്കിലുമായി വാക്കുതർക്കമോ വഴക്കോ ഉണ്ടായാൽ നേരിൽ പറഞ്ഞോ കൂടിവന്നാൽ ഒന്ന് തല്ലിയോ തീർക്കലായിരുന്നു പതിവ്. കാലം മാറിയപ്പോൾ വഴക്കിൽ തോറ്റവൻ ക്വട്ടേഷൻ സംഘത്തെ തിരക്കിപ്പോകലാണ് പുതിയ പ്രവണത.നമ്മുടെ കാര്യം നോക്കി നടന്നാൽ നമുക്ക് നല്ലത്.
‘’ എന്താ സാറേ വല്ല ക്വട്ടേഷനും കൊടുക്കാനുണ്ടോ,ഓഫീസിലെ ശത്രുക്കളോ നാട്ടിലെ ശത്രുക്കളോ ഇനി ഭാര്യ തന്നെ അനുസരണശീലമില്ലാത്ത ആളാണെങ്കിൽ അതും ക്വട്ടേഷൻ വഴി ഒതുക്കാം.ഭീഷണി,തല്ല്,കൊല – ഏതു തരം വേണമെന്ന് പറഞ്ഞാൽ മതി.എന്തിനുമുള്ള ആളുകൾ നമ്മുടെ കയ്യിലുണ്ട്.’’
കത്തി വിൽപ്പനയുടെ മറവിൽ ക്വട്ടേഷൻ ഓർഡർ പിടിക്കാൻ നടക്കുകയാണോ ഇയാൾ.
’’എന്നോട് പറഞ്ഞതിരിക്കട്ടെ,മറ്റുള്ളവരോട് പറയുമ്പോൾ ആളും തരവുമൊക്കെ നോക്കി വേണം പറയാൻ.അല്ലെങ്കിൽ ജയിലിൽ പോയി കിടക്കേണ്ടി വരും. പോലീസുകാർ ക്വട്ടേഷൻകാരെയും ഏർപ്പാട് ചെയതവരെയും കത്തിയുണ്ടാക്കിയുണ്ടാക്കിയവരെയുമൊക്കെ തിരക്കി നടക്കി നടക്കുന്ന കാലമാണ്.’’
എന്റെ വിരട്ടലൊന്നും സൈമൺ കാര്യമാക്കിയ മട്ടില്ല.അയാൾ പോക്കറ്റിൽ നിന്നും ഒരു പേപ്പർ എടുത്തു കാണിച്ചു.
‘’സാറേ,ഇത് കണ്ടോ ‘’
‘’ ഇതെന്താ കത്തി വിൽപ്പനക്കുള്ള ലൈസൻസാണോ?‘’ ആകാംക്ഷയോടെ ഞാൻ ചോദിച്ചു.
‘’ലൈസൻസൊന്നുമല്ല,ഇതാണ് മുൻകൂർ ജാമ്യം…. ആരാണ്,എപ്പോഴാണ് പിടിക്കാൻ വരുന്നതെന്നറിയില്ല. അതുകൊണ്ട് ഒരെണ്ണം മുൻകൂർ റെഡിയാക്കി വെച്ചു. ‘’ സൈമന്റെ വിശദീകരണം കേട്ടപ്പോൾ ഞാൻ വിചാരിച്ചു, ഇത്തരം കത്തികളുടെ ഇടയിൽ കഴിഞ്ഞു പോകണമെങ്കിൽ നമ്മുടെ കയ്യിലും ഒരു മുൻകൂർ ജാമ്യമുള്ളത് നല്ലതാണ്
Click this button or press Ctrl+G to toggle between Malayalam and English