പ്രശസ്ത ഫോറന്‍സിക് സര്‍ജനും എഴുത്തുകാരനുമായ ഡോ.ബി.ഉമാദത്തന്‍ (73) അന്തരിച്ചു. ബുധനാഴ്ച രാവിലെ ഒന്‍പത് മണിക്ക് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു.
1946 മാര്‍ച്ച് 12ന് സംസ്‌കൃത പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന പ്രൊഫ.കെ.ബാലരാമപ്പണിക്കരുടെയും പവര്‍കോട് ജി.വിമലയുടെയും മകനായാണ് ഉമാദത്തന്‍ ജനിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ നിന്നും എം.ബി.ബി.എസും എം.ഡിയും പാസ്സായി. 1969-ല്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ട്യൂട്ടറായി ജോലിയില്‍ പ്രവേശിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ എന്നീ മെഡിക്കല്‍ കോളെജുകളില്‍ പ്രൊഫസറും വകുപ്പ് തലവനും പൊലീസ് സര്‍ജനുമായിരുന്നു. ഗവ. മെഡിക്കോ ലീഗല്‍ എക്‌സ്‌പെര്‍ട്ട് ആന്റ് കണ്‍സള്‍ട്ടന്റ്, കേരള പൊലീസിന്റെ മെഡിക്കോ ലീഗല്‍ ഉപദേശകന്‍, ലിബിയ സര്‍ക്കാരിന്റെ മെഡിക്കോ ലീഗല്‍ കണ്‍സല്‍ട്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995-ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജിന്റെ പ്രിന്‍സിപ്പലായി. സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ പദവിയില്‍ നിന്നും 2011-ല്‍ റിട്ടയര്‍ ചെയ്തു. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് റിസര്‍ച്ച് സെന്റര്‍ മെഡിക്കല്‍ കോളെജില്‍ ഫോറന്‍സിക് മെഡിസിന്‍ പ്രൊഫസറും വകുപ്പു തലവനുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
പല പ്രമാദമായ കൊലപാതകകേസുകളും കുറ്റകൃത്യങ്ങളും കണ്ടെത്താന്‍ അദ്ദേഹത്തിന്റെ സേവനം പൊലീസിനെ സഹായിച്ചിട്ടുണ്ട്. നിരവധി ശാസ്ത്രീയലേഖനങ്ങളും കുറ്റാന്വേഷണസംബന്ധിയായ ഗ്രന്ഥങ്ങളും ഡോ.ബി.ഉമാദത്തന്‍ രചിച്ചിട്ടുണ്ട്. ഒരു പൊലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ (ഓര്‍മ്മക്കുറിപ്പ്), അവയവദാനം-അറിയേണ്ടതെല്ലാം, കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം, കേരളത്തിന്റെ കുറ്റാന്വേഷണചരിത്രം ഡൈവിങ് കവചവും ചിത്രശലഭവും(വിവര്‍ത്തനം) എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.