അംബേദ്കറുടെ നൂറ്റിയിരുപത്തെട്ടാം ജന്മവാര്‍ഷികം ആഘോഷിച്ചു: പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരായ സംരംഭകര്‍ എല്‍പിജി ബള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ബിസിനസ് രംഗത്തേക്ക്

 

 

ദലിത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഡിഐസിസിഐ) യുടെ നേതൃത്വത്തില്‍ ഡോ. ബി.ആര്‍. അംബേദ്കറുടെ ജന്മവാര്‍ഷികവും ഡിഐസിസിഐയുടെ 14 ാം സ്ഥാപകദിനവും ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി ഡിഐസിസിഐ കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ 16 എല്‍പിജി ബള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ട്രക്കിന്റെ ഫ്‌ളാഗ് ഓഫ് ആലുവ അശോക് ലൈലാന്‍ഡ് യാര്‍ഡില്‍ നടന്നു.

ഡിഐസിസിഐ സൗത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് പി.കെ. സുധീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തങ്ങളങ്ങാഴി ഡി. സാബു എല്‍പിജി ബുള്ളറ്റ് ടാങ്കര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ബാങ്ക് ഓഫ് ബറോഡ ഡെപ്യൂട്ടി റീജ്യണല്‍ ഹെഡ് ടോണി എം. വെമ്പിള്ളി, ഇന്ത്യന്‍ ബാങ്ക് ഡെപ്യൂട്ടി സോണല്‍ മാനേജര്‍ കേശവ് ലാല്‍, അശോക് ലൈലാന്‍ഡ് ഏരിയ സെയില്‍സ് മാനേജര്‍ എസ്. കൃഷ്ണന്‍, ഡിഐസിസിഐ കേരള ചാപ്റ്റര്‍ പ്രസിഡന്റ് എം. സുഭാഷ്, പട്ടികജാതി വിഭാഗക്കാരായ സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരായ സംരംഭകര്‍ ആദ്യമായാണ് എല്‍പിജി ബള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ബിസിനസ് രംഗത്തേക്ക് പ്രവേശിക്കുന്നത്. ഇന്ത്യയിലുടനീളം 1500 ട്രക്കുകള്‍ ഈ രംഗത്തേക്ക് പ്രവേശിച്ചു. കേരളത്തിലെ ആദ്യ ബാച്ചിലെ 16 ട്രക്കുകള്‍ ടെന്‍ഡര്‍ യോഗ്യത നേടി. അടുത്ത 146 ട്രക്കുകളുടെ രണ്ടാം ബച്ച് റീടെന്‍ഡര്‍ കാത്തുനില്‍ക്കുകയാണ്.

സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ സ്‌കീം വഴി ബാങ്ക് ഓഫ് ബറോഡയും ഇന്ത്യന്‍ ബാങ്കുമാണ് സാമ്പത്തിക സഹായം ലഭ്യമാക്കിയത്. ഒരു ട്രക്കിന് 40 ലക്ഷം രൂപയാണ് വില.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here