അയ്യോ എന്നെ തല്ലല്ലേ

 

 

 

 

 

പങ്കി മുത്തശി പഴക്കച്ചവടക്കാരിയാണ്. ഒരു ദിവസം മുത്തശ്ശി കുട്ടയില്‍ മാമ്പഴവും ചുവന്നു വഴിയോരത്തുകൂടി മാമ്പഴം വേണോ മാമ്പഴം വേണോ എന്നു വിളീച്ചു ചോദിച്ചു കൊണ്ടു നടന്നു. രാവിലെ തുടങ്ങി ഉച്ചവരെ നടന്നിട്ടും ആരും മാമ്പഴം വാങ്ങിയില്ല. നടന്നു ക്ഷീണീച്ച മുത്തശി ഒരു മരച്ചുവട്ടില്‍ കുട്ട ഇറക്കി വച്ച് വിശ്രമിച്ചു.

ഈ സമയത്ത് എല്ലും തോലുമായ ഒരു അനാഥബാലന്‍ അവിടെ വന്നു . അവന്‍ കുട്ടയില്‍ നിന്നും ഒരു മാമ്പഴം തട്ടിയെടുത്ത് ഓടാന്‍ നോക്കി. മുത്തശി അവനെ കൈയോടെ പിടി കൂടി. ദേഷ്യപ്പെട്ട് കള്ളന്‍ എന്നു വിളിച്ച് അടിക്കാനായി കൈയോങ്ങി .

ആ ബാലന്‍ കരഞ്ഞുകൊണ്ട് പറഞ്ഞു.

‘ അയ്യോ എന്നെ തല്ലല്ലേ ഇന്ന് ഞാന്‍ ആഹാരം കഴിച്ചിട്ടില്ല . വിശന്നു ചാകാറായതുകൊണ്ട് ഒരു മാമ്പഴം എടുത്തു പോയതാണ്. മേലില്‍ ഞാനിതു ആവര്‍ത്തിക്കില്ല’

ആ ബാലന്റെ ദയനീയ ഭാവവും കരച്ചിലും കേട്ടപ്പോള്‍ മുത്തശിക്ക് സഹതാപം തോന്നി . മുത്തശി ബാലനെ കൈകാട്ടി വിളിച്ചു.

‘ മോനേ , നീ ചെയ്തത് തെറ്റാണെന്നു തോന്നുന്നുണ്ടോ ? ആരുടേയും ഒരു സാധനവും മോഷ്ടിക്കരുത് . മോന്‍ മുത്തശിയോടു ചോദിച്ചിരുന്നെങ്കില്‍ ഒരു മാമ്പഴം തരുമായിരുന്നില്ലേ ?’

‘ മുത്തശി എന്നോടു ക്ഷമിക്കു ഞാന്‍ ഇനി വിശന്നു ചത്താലും ആരുടേയും ഒന്നും കട്ടെടുക്കില്ല ‘

അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി . അതു കണ്ട് മുത്തശിയുടെ മനസലിഞ്ഞു . അവര്‍ അവനെ ചേര്‍ത്തു പിടിച്ച് നെറുകയില്‍ തലോടി.

‘ എന്റെ പൊന്നു മോനെ ഞാന്‍ അപ്പോഴത്തെ ദേഷ്യത്തിനു പറഞ്ഞു പോയതാണ് ഞാന്‍ നേരം വെളുത്തപ്പോള്‍ തുടങ്ങി ഇതു ചുമന്നുകൊണ്ടു നടന്നിട്ട് ഒരു മാമ്പഴം പോലും വില്‍ക്കാന്‍ കഴിഞ്ഞില്ല. ആകെ വിഷമിച്ചിരിക്കുകയായിരുന്നു . അപ്പോഴാണ് നീ മാമ്പഴം തട്ടിയെടുക്കാന്‍ ശ്രമിച്ചത്. അതുകൊണ്ടു പറഞ്ഞു പോയതാണ് . നീ അതു കാര്യമാക്കേണ്ട . വിശപ്പു സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ എടുത്തു പോയതാണെന്നു അറിഞ്ഞപ്പോള്‍ എനിക്കു സങ്കടമായി എന്റെ സന്തോഷത്തിനു വേണ്ടി ഇതാ നിനക്ക് രണ്ടു മാമ്പഴം ഞാന്‍ തരുന്നു നീ വാങ്ങിക്കൊള്ളു’

മുത്തശി കൊടുത്ത മാമ്പഴം വാങ്ങാന്‍ അവന്‍ മടിച്ചു. മുത്തശി നിര്‍ബന്ധപൂര്‍വം മാമ്പഴം അവന്റെ കയ്യില്‍ കൊടുത്തു. സംഭവം കണ്ടു നിന്ന ഒരു വഴിയാത്രക്കാരന്‍ പറഞ്ഞു.

‘ നാം മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിച്ചാല്‍ ദൈവം നമ്മുടെ തെറ്റുകളും പൊറുക്കും . കുട്ടികള്‍ തെറ്റുകള്‍ ചെയ്താല്‍ അവരെ ഉപദേശിച്ച് നേരെയാക്കേണ്ടത് മുതിര്‍ന്നവരുടെ കടമയാണ്. ഈ ബാലന്‍ അവന്റെ തെറ്റു മനസിലാക്കി ക്ഷമായാചനം നടത്തിയില്ലേ’?

ഈ വിവരണം കേട്ടപ്പോള്‍ മുത്തശിക്കു സങ്കടം വന്നു. അവര്‍ ബാലനെ അരികില്‍ വിളീച്ചു പറഞ്ഞു.

‘മോനേ , നീ എന്റെ കൂടെ വരു നിനക്ക് ഞാന്‍ ഭക്ഷണം തരാം ‘
മുത്തശി മാമ്പഴക്കുട്ട എടുത്തു തലയില്‍ വയ്ക്കാന്‍ പോയപ്പോള്‍ ബാലന്‍ പറഞ്ഞു.

‘അമ്മൂമ്മേ മാമ്പഴക്കുട്ട ഞാന്‍ ചുവന്നു കൊള്ളം അമ്മുമ്മയെ ഞാന്‍ സഹായിക്കാം’

‘ വേണ്ട മോനെ , നിന്റെ തല വേദനിക്കും’

ഇങ്ങനെ പറഞ്ഞു നിന്നപ്പോള്‍ ഒരു കാറ് അവിടെ വന്നു നിന്നു. കാറില്‍ നിന്നിറങ്ങിയവര്‍ മാമ്പഴത്തിന്റെ വില ചോദിച്ചു. മുത്തശി വില പറഞ്ഞു.

കാറില്‍ വന്നവര്‍ മാമ്പഴം വാങ്ങാന്‍ ചന്തയിലേക്കു പോകുന്നവരായിരുന്നു . നല്ല മാമ്പഴം കണ്ടപ്പോള്‍ അവര്‍ മുത്തശി പറഞ്ഞ വിലക്ക് കുട്യിലുണ്ടായിരുന്ന എല്ലാ മാമ്പഴവും വാങ്ങി കൊണ്ടു പോയി .

രണ്ടു മാമ്പഴം വെറുതെ കൊടുത്തപ്പോള്‍ എല്ലാ മാമ്പഴവും വില്‍ക്കാന്‍ കഴിഞ്ഞു .

ഒരു മാമ്പഴം പോലും വില്‍ക്കാന്‍ കഴിയാതെ വിഷമിച്ചിരുന്നപ്പോള്‍‍ എല്ലാ മാമ്പഴവും ഒരുമിച്ചു വില്‍ക്കാന്‍ സാധിച്ചത് മുത്തശിക്കു വലിയ സന്തോഷമായി . അവര്‍ ബാലനു ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിക്കൊടുത്ത് സന്തോഷത്തോടെ പറഞ്ഞു വിട്ടു. അപ്പോള്‍ മുത്തശിയുടെ മനസ് ശാന്തമായിരുന്നു .

കൊടുക്കുമ്പോള്‍ നമ്മള്‍ യഥാര്‍ഥത്തില്‍ നേടുകയാണ് ചെയ്യുന്നത്.

‘ കൊച്ചിയില്‍ കൊടുത്താല്‍ കൊല്ലത്തും കിട്ടും’ എന്നാണല്ലോ പഴമൊഴി.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here