സി വി ബാലകൃഷ്ണൻ മലയാളിയുടെ വായനപരിസരത്തിലേക്ക് എത്തിയിട്ട് 50 വർഷം കഴിഞ്ഞിരിക്കുന്നു.തലസ്ഥാന നഗരിയിൽ സി വിയുടെ എഴുത്തു ജീവിതത്തെ ആദരിക്കാനായി ഇന്ന് മുതൽ ആഘോഷ പരിപാടികൾ തുടങ്ങുന്നു.
ചെറുകഥാകൃത്തായും ,നോവലിസ്റ്റായും ,തിരക്കഥാരചയിതാവായും നമ്മുടെ ഏകാന്തതകളിലേക്ക് ഈ എഴുത്തുകാരൻ കടന്നു വന്നിട്ടുണ്ട്
കണ്ണൂരിലെ പയ്യന്നൂരിൽ ജനിച്ച ബാലകൃഷ്ണൻ ചെറിയ പ്രായത്തിൽ തന്നെ വായനയും അധ്യാപനവും തുടങ്ങുകയും ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിൽ 1979 ൽ കൽക്കട്ടയിലേക്ക് നാടുവിടുകയും ചെയ്തു. കൽക്കട്ടയിലെ സെന്റ് പോൾസ് കത്തീഡ്രലിൽ വച്ചാണ് ബാലകൃഷ്ണൻ ആയുസ്സിന്റെ പുസ്തകം എന്ന നോവൽ എഴുതുവാനാരംഭിച്ചത്, എഴുത്തുജീവിതത്തിലെ സുപ്രധാനമായ കൃതിയായി പിന്നീടത് മാറി.
ജീവിതം ,മരണം ,രതി എന്നിങ്ങനെ ജീവിതത്തതിന്റെ ആധാരശിലകളെ ചുറ്റിപ്പറ്റിയാണ് ബാലകൃഷ്ണന്റെ രചനാലോകം മുന്നോട്ടു നീങ്ങുന്നത്. ഗദ്യത്തിന്റെ സ്വാഭാവികത വായനയെ സുതാര്യവും ആനന്ദപ്രദവുംമാക്കുന്നു
എം ടിക്ക് ശേഷം ലോക സാഹിത്യത്തെക്കുറിച്ച് ഇത്ര കൃത്യതയോടെ സംസാരിക്കാനാവുന്നവർ വിരളമാണ്.അതിനേകാലുപരി എഴുത്തിലെ വൈവിധ്യമാണ് ഒരാളെ ആകർഷിക്കുന്നത്.
നിലവിളികളില്ലാതെ ,സ്വയം നിർമിക്കുന്ന വിവാദങ്ങളില്ലാതെ എഴുത്തിനെ മാത്രം പുസ്തകങ്ങളെ മാത്രം പ്രണയിക്കുന്ന ഒരാൾ ഇന്ന് നമുക്ക് അത്ഭുതമാകാം. എന്താണ് സി വി ബാലകൃഷ്ണന്റെ ലെഗസി. നോവലുകൾക്കും ശ്രദ്ധിക്കപ്പെട്ട കഥകൾക്കും അപ്പുറം എഴുത്തിനോടും വയനയോടുമുള്ള വിട്ടുവീഴ്ച്ചയില്ലാത്ത അഭിനിവേശം തന്നെയാണത്.