ആയിശുമ്മാന്റെ ഉംറ

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വീട്ടിൽ ബന്ധുക്കളുടെ തിരക്കായിരുന്നു. ഉമ്മാന്റെ ഉംറ യാത്രയോട് അനുമ്പന്ധിച്ചുള്ള ദുആയിക്കും യാത്രയുമായി ബന്ധപെട്ട് സലാം പറയാനുമത്തിയ കൂട്ടുകുടുംബക്കാർ. പല പുതിയ തലമുറക്കാരെയും എനിക്കും അവർക്ക് തിരിച്ചും അറിയില്ലായിരുന്നു.

“ഇവനെ നിനക്കറിയാമോ മമ്മതേ”? ഉമ്മ ഒരു മെലിഞ്ഞ പയ്യനുമായി അടുത്തേക്കു വന്നു.

”ഇതമ്മടെ വളാലിലെ കുഞ്ഞിക്കാദറിക്കാന്റെ പേരകുട്ടിയാണ്, ഓൻ അന്റെ പോളിടെക് കോളേജീലാ പഠിക്കുന്നേ….”

പയ്യൻ മുഖമൊന്നുയർത്തി വിളറിയ ചിരി മമ്മതി നേരെ ഉതിർത്തു… കഴിഞ്ഞയാഴ്ച്ച സമരം ചെയ്ത വിദ്യാർത്ഥികൾ കോളേജ് ലൈബ്രറിയിൽ കയറി അവിടെയിരുന്ന പെൺകുട്ടികളെ ഇറക്കിവിടുന്നതിന്റെ ഭാഗമായി ചാണകം തളിച്ചിരുന്നു. ലൈബ്രേറിയൻ ആയതു കൊണ്ട് മമ്മതിന് അതിൽ വാദിയും സാക്ഷിയുമൊക്കെ ആകേണ്ടി വന്നിരുന്നു. അന്നത്തെ പ്രതികളിലൊരാളെ ഇത്തരത്തിൽ കാണേണ്ടി വന്നപ്പോൾ മമ്മതിനു ചിരി വരാതിരുന്നില്ല.

തിങ്കളാഴ്ച രാവിലെ പത്തുമണിക്കാണ് കരിപ്പൂരിൽ നിന്ന് ഫ്ലൈറ്റ്. ഞായറാഴ്ച്ച അസറിനുശേഷം മൊയില്യാരുടെ ദുഅ കഴിഞ്ഞപാടെ ബന്ധുക്കളും സുഹൃത്തുക്കളും ആയിശുമ്മാനെ കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു പോയി. പള്ളീൽക്ക് മൊയില്യാരുമായി പോകുമ്പോ ഉമ്മാൻ വിഷമത്തോടെ റോഡിലേക്ക് കണ്ണുംനട്ട് നിൽക്കുന്നത് കണ്ടു. എന്നാൽ മൊയില്യാരെ കൊണ്ടാക്കിയിട്ട് പൊരേലേക്ക് കേറിയ മമ്മദ് ഉമ്മാന്റെ ഹാളിലിരുന്നുള്ള ഉറക്കെയുള്ള ചിരിയും വർത്തമാനങ്ങളും കേട്ട് അത്ഭുതപ്പെട്ടു.

മമ്മദ് അകത്തേക്ക് തലയിട്ടു. “ഏടാ മമ്മതേ …ഇയ്യ് ഇവരെനെ ഒക്കെ അറിയുമോ? ഇന്റ ക്ലാസ്മേറ്റ്സ് ആണ്!!!

” ഇത് മീനാക്ഷി കുട്ടി, അത് ലീല, അപ്പറെ ഇരിക്കണത് ജമീല., ഞങ്ങൾ എല്ലാരും പഴയ നാലാം ക്ലാസുകാരാ!!! ജനത ഗവ.എൽ.പി.സ്കൂളിൽ!!!.

മമ്മതിന്റെ തറവാട്ടു വീട്ടിനടുത്തുള്ള പഴയ സ്ക്കൂളാണ്. വർഷങ്ങൾക്കുമുമ്പാണ് അവർ ടൗണിലേക്ക് മാറിയൽ. കൂട്ടുകാരെ യാത്രയാക്കുന്ന സമയത്ത് ആയിശുമ്മ ഗദ്ഗദപെടുന്നത് അയാൾ ശ്രദ്ധിച്ചു..….

” എന്നാലും കുട്ട്യേ ഞാൻ നീരിച്ചു ഓളും ങ്ങടെ കൂടെ ബരീന്നു” ഇന്നലേം ഓളെ കിനാവ് കണ്ടാ ഉറങ്ങിത്”.

“ഓ ഇയ്യന്റെ ത്രേസ്യാമ്മന്റെ കാര്യം ഓർത്തോണ്ടിരിക്കാ…ഓള് ഇപ്പോ കൊയിലാണ്ടിയിൽ മോന്റെ ഒപ്പമാണ്.”

” എന്നാലും വല്ലപ്പോഴും ഓൾക്കൊന്നു വിളിച്ചുടെ …. പണ്ട് മമ്മതിന്റെ കല്യാണം വിളിച്ചില്ലാന്ന പിണക്കം മാറീല്ലാരിക്കും.”.  ആയിശുമ്മ പിന്നേം പതം പറഞ്ഞു കൊണ്ടിരുന്നു .

” ഞാൻ അറിഞ്ഞത് ശരിയാണോയെന്ന് അറിയില്ല.” ലീലാമ്മച്ചി ആയിശുമ്മയുടെ അടുത്തേക്ക് ചേർന്നു നിന്ന് ചെവിയിൽ മന്ത്രിച്ചു. കൂട്ടുകാരികൾ പോയതിനു ശേഷം ഉമ്മ ചിന്തയിലാണ്ടതുപോലെ മമ്മദിനു തോന്നി. അതിരാവില പോകേണ്ടതുള്ളതു കൊണ്ട് അയാൾ നിർബന്ധിച്ച് അവരെ ഉറങ്ങാൻ വിട്ടു….

രാവിലെ സുഹൃത്ത് അഷ്റഫ് കാറുമായി എത്തി. അതിൽ മമ്മദിന്റെ കൂടെ ആയിശുമ്മ കരിപ്പൂർക്ക് പുറപെട്ടു.

നാട്ടിലെ നല്ല ശമരിയാക്കാരി ആയതു കൊണ്ട് അയൽവാസികളും സുഹൃത്തുക്കളുമൊക്കെ ആയിശുമ്മാനെ യാത്രയയക്കാൻ എത്തിയിരുന്നു.
കാറിൽ ആയിശുമ്മ പതിവിലും നിശബ്ദയായി ഇരിക്കുന്നത് മമ്മദ് ശ്രദ്ധിക്കാതിരുന്നില്ല…

എയർ പോർട്ടിനടുത്തുള്ള ഹോട്ടൽ സ്വഫ്വാനക്കു മുമ്പിൽ അഷ്റഫ് കാർ ഒതുക്കി. ഡോർ തുറന്നു പുറത്തിറങ്ങിയപ്പോൾ വിസിറ്റേഴ്സ് ലോഞ്ചിൽ ടൂർ ഓപ്പറേറ്റർ മാനു മുസല്യാരും സംഘവും ഫോൺ വിളികളുടെ തിരക്കിൽ നിൽക്കുന്നതു കണ്ടു.

” അസലാമു അലൈക്കും” മമ്മദ് മുസല്യാരെ കണ്ട് സലാം പറഞ്ഞു….”

”വ അലൈക്കും … “സാഹിബ് ഒന്നു വരു” മുസല്യാർ മമ്മദിനെ വിളിച്ചു മാറി നിന്നു.

”ഒരു പ്രശ്നമുണ്ട് …. സൗദി അറേബ്യയിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉംറക്ക് താലക്കാലിക വിലക്ക് വരുന്നത്രെ!!
ഞമ്മൾ അതിന്റെ ക്ലിയറൻസിനു വേണ്ടി കാത്തിരിക്കുകയാണ് …. നിങ്ങൾ ദുഅ ചെയ്യിൻ ..”

രാജ്യം സൗദി ആയതു കൊണ്ട് കാത്തിരിപ്പ് അധികം നീളേണ്ടി വന്നില്ല. ആയിശുമ്മായും സംഘവും കയറിയ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു മുൻപ് തന്നെ സൗദി ഭരണകൂടത്തിന്റെ നിരോധന തീരുമാനം ടീവിയിൽ ഫ്ലാഷ് ന്യൂസായി . നിരോധന സമയം എന്നു വരെയെന്ന് വ്യക്തമാക്കാത്തത് കൊണ്ട് തീർത്ഥാടകർ പലരും വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു.

മമ്മദ് ഉമ്മാന്റെടുത്തു എത്തുമ്പോൾ ആയിശുമ്മാന്റെ മുഖവും വാടിയിരുന്നു. പരിശുദ്ധ നാട് കാണാനും ഉംറ ചെയ്യുവാനും തന്റെ ആരോഗ്യം എത്ര നാൾ ഉണ്ടാകുമെന്ന ആകുലത ആവാം ഉമ്മാനെ അലട്ടുന്നതെന്ന് അയാൾക്ക് തോന്നി….

“മോനെ മ്മക്ക് തിരിക്കാം ”

ശരിയാ വെളുപ്പിനെ കരിപ്പൂർക്ക് തിരിച്ചതല്ലേ ഇപ്പം സമയം മൂന്നു മണി കഴിഞ്ഞിരിക്കുണു. മൂന്നു മണിക്കൂർ യാത്ര കൂടിയാകുമ്പോൾ ഉമ്മ ആകെ മെനകേടാക്കും. അയാൾ ഉമ്മയുമായി എയർ പോർട്ടിനു വെളിയിലേക്ക് നടന്നു ഉംറ യാത്രക്കാർ താല്പര്യപെടുന്നുവെങ്കിൽ കേരളത്തിലുള്ള തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് രണ്ടു ദിവസത്തെ യാത്ര പരിപാടി ഗ്രൂപ്പ് അമീർ അനൗൺസ് ചെയ്തെങ്കിലും ആയിശുമ്മ അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നത് മമ്മദിനെ അതിശയപെടുത്താതിരുന്നില്ല….മമ്മദിന് പുരോഗമനം അല്പം കൂടുതലാണെന്നാ ആയിശുമ്മായുടെ അഭിപ്രായം!!!!

“മോനെ അഷറു വേഗം വണ്ടി വിടെടാ…”

കാർ എയർപോട്ടു റോഡും കടന്ന് കക്കാടെത്തിയപ്പോൾ ആയിശുമ്മ ചിന്തയിൽ നിന്നുണർന്ന് മമ്മദിനോട് പറഞ്ഞു…

” മമ്മതേ ക്ക് ഒരാളെ കാണണന്നുണ്ട് വണ്ടി കോയിക്കാട്ടേക്ക് പോട്ടെ”

മമ്മദിന് യാത്രാക്ഷീണം ഉണ്ടായിരുന്നെങ്കിലും ഉമ്മാനെ ധിക്കരിക്കാൻ തോന്നിയില്ല.അഷ്റഫ് വണ്ടി കോഴിക്കോട്ടേക്ക് പറപ്പിച്ചു…. ആയിശുമ്മ മെല്ലെ ഉറക്കത്തിലേക്കു വീഴുന്നത് മമ്മദ് കണ്ടു.!!!…

“ഉമ്മാ നമ്മക്ക് കോഴിക്കോട് എവിടെ പോകാനാണ്”. നമ്മളിപ്പോ രാമനാട്ടുകരയായി”. അഷറുന്റെ ചോദ്യം കേട്ടാണ് ആയിശുമ്മ ഉണർന്നത്.

“ഇയ്യ് മാലാപറമ്പിൽക്ക് വണ്ടി വിട്ടോളി”

ചിരപരിചിതയേപ്പോലെ ആയിശുമ്മ പറഞ്ഞത് കേട്ട് അഷറുനു മാത്രമല്ല മമ്മദിനും അത്ഭുതം തോന്നി …. മാലാപ്പറമ്പിൽ വണ്ടി എത്തിയപ്പോൾ അഷറു വീണ്ടും തന്നെ നോക്കുന്നത് ആയിശുമ്മ കണ്ടു.

” ഇയ്യ് കാറ് ആ കടേടെ അടുത്തു ഒന്നു നിർത്തെ”

“മോനെ ഈ കന്യാസ്ത്രികളുടെ ഒരു മഠമില്ലെ ഇവിടെ …. അതെവിടെയാണ്” കടയിൽ നിന്ന പയ്യനെ കൈമാടി വിളിച്ചിട്ടു ആയിശുമ്മ ചോദിച്ചു.

അയാൾ ചൂണ്ടി തന്ന വഴികളിലൂടെ അഞ്ചുമിനിട്ട് കാർ കറങ്ങി ഒരു പഴയ കെട്ടിടത്തിനു മുമ്പിൽ എത്തി.

“സ്നേഹ ഭവൻ”… മമ്മദ് മുഖമുയർത്തി ആയിശുമ്മാനെ നോക്കി. ഡോർ തുറന്ന് ആയിശുമ്മ ആ കെട്ടിടത്തിനുള്ളിലേക്ക് കയറിപോയി.

” നിങ്ങൾ ആരെ കാണാൻ വന്നതാണ്” കറുത്ത തിരുവസ്ത്രം ധരിച്ച ഒരു ഗൗരവക്കാരി സിസ്റ്റർ മമ്മദിനു മുമ്പിൽ പ്രത്യക്ഷപ്പെട്ടു.. മമ്മദ് മറുപടി പറഞ്ഞു കൊഴയാകുന്നതിനു മുൻപ് അകത്തു നിന്ന് ആയിശുമ്മ ഒരു വല്യമ്മയുടെ കൈപിടിച്ചു വരുന്നത് കണ്ടു..

“മോനെ അനക്കു മനസ്സിലായോ … ഇത് എന്റെ കൂട്ടുകാരി ത്രേസ്യ … ഞമ്മടെ നാട്ടിൽ നിന്നു കൊയിലാണ്ടിയിലേക്ക് പോയിട്ട് ഇരുപതു വർഷം കഴിഞ്ഞത്രേ … പക്ഷേങ്കില് ഇന്നലെ കണ്ട പോലാ ഇക്ക് ഓർമ്മ വരുന്നത്.

“ഇജ് ഇബിടാന്ന് ഇന്നലെ ലീലാമ്മ പറേമ്പഴാ ഞമ്മള് അറിഞ്ഞത്.” അന്റെ കുട്ട്യൾക്ക് അന്ന ബേണ്ടാങ്കി ഇയ്യ് എന്റെ ഒപ്പം പോരീ”

കൂട്ടുകാരിയെ സ്നേഹാലിംഗനം നടത്തി ത്രേസ്യാമ്മച്ചി സ്നേഹപൂർവ്വം അതു നിരസിച്ചു. തനിക്കിവിടെ പൂർണ്ണ സന്തോഷമാണെന്നും തന്നെപ്പോലുള്ളവരാണ് ഇവിടധികമെന്നും പറഞ്ഞു. മക്കൾ വല്ലപ്പോഴും വിളിക്കാറുണ്ടത്രെ…..

മടക്കയാത്രയിൽ ആയിശുമ്മ പഴയ സ്ക്കൂൾ ചരിത്രം അവേശപൂർവ്വം അഷറുനോട് പറഞ്ഞു കൊണ്ടിരിക്കുന്നത് മമ്മദ് പ്രദ്ധിച്ചു. ഉമ്മാന്റെ മുഖത്ത് ഒരു തേജസ് കളിയാടുന്നതായി അയാൾക്ക് തോന്നി. നൂറു ഉംറ ചെയ്ത പ്രസരിപ്പ്.!!!

by ഷാജി മല്ലന്‍

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

3 COMMENTS

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here