
മഴയത്ത്
ഉലത്തീ പോലെ
ആളുന്ന,
വെയിലത്ത്
പെരുമഴ പോലെ
കനക്കുന്ന
ഓരോ വാക്കിലും
ഒരിക്കലും തിരിച്ചുവരാത്ത
ഒരാളെ ഞാൻകാത്തിരിക്കുന്നു
ഇരുണ്ട
മൗനങ്ങൾക്കപ്പുറത്ത് നിന്ന്
വരണ്ട
ഏകാന്തകൾക്കപ്പുറത്ത്
നിന്ന്
അയാൾ ഒരിക്കലും പുറപ്പെടില്ല
എന്നോടൊപ്പം
അയാളെ
കാത്തിരുന്ന
കവിതകൾ
ചിറകുകളുള്ള മുറിവുകൾ
ശവക്കച്ചയിട്ട
പ്രതീക്ഷകൾ
വിളറി മഞ്ഞിച്ച കിനാവുകൾ
ഇപ്പോൾ
എവിടെയാണെന്നറിയില്ല
മരണത്തിൻറെ
നീലഞരമ്പിൽ
ഒരു തീവണ്ടി
പാളം തെറ്റുന്നു
അതിലായാളുണ്ടാവാം
അയാളിൽ
ഞാനുണ്ടാവാം