സാറിനും തരാം ഒരവാർഡ്..

article-2095624-11901ea2000005dc-270_634x721

രാവിലെ കയ്യിൽ ഡയറിയുമായി രണ്ടു പേർ വീട്ടിലേക്ക് കടന്നു വരുന്നത് കണ്ടപ്പോൾ ഒന്നു സംശയിച്ചു.ഒറ്റനോട്ടത്തിൽ ഏതോ രാഷ്ട്രീയക്കാരാണെന്ന് തോന്നുന്നു.തിരഞ്ഞെടുപ്പ് സമയമല്ലാത്തതിനാൽ രാഷ്ട്രീയക്കാർ വരേണ്ട കാര്യം കാണുന്നില്ല.ഇനി പെട്ടെന്ന് വല്ല തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു കാണുമോ?ഇപ്പോൾ എല്ലാം പെട്ടെന്നങ്ങ് പ്രഖ്യാപിക്കുകയാണല്ലോ? തലേദിവസം വരെ രാജകുമാരൻമാരെപ്പോലെ കൊണ്ടു നടന്ന അഞ്ഞൂറും ആയിരവുമൊക്കെ ഒരുരാത്രി പ്രഖ്യാപനം കഴിഞ്ഞതോടെയാണല്ലോ കടലാസ് വില പോലുമില്ലതെ അനാഥരായത്.
അധികമാലോചിക്കാൻ സമയം  കിട്ടിയില്ല,ആഗതർ പൂ മുഖത്തെത്തി .

’’ഷൺമുഖൻ സാറല്ലേ.’’ അവരിലൊരാൾ ചോദിച്ചു.എന്താണവരുടെ ഉദ്ദേശമെന്ന് പിടികിട്ടിയില്ലെങ്കിലും ഷൺമുഖൻ സാറാണെന്ന കാര്യം ഞാൻ സമ്മതിച്ചു.’’സാറെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം സംസാരിക്കാനാണ് ഞങ്ങൾ വന്നത്.’’ മറ്റെയാൾ ശബ്ദം താഴ്ത്തി പറഞ്ഞു.അവരുടെ പരുങ്ങൽ കണ്ടപ്പോൾ സാറൊന്ന് സംശയിച്ചു.പുതിയ ഭീകര പ്രസ്ഥാനം വല്ലതുമുണ്ടാക്കി അതിന്റെ രക്ഷാധികാരിയാക്കാനുള്ള പ്ളാൻ വല്ലതുമാണോ?
‘’സാർ,ഞങ്ങളിവിടുത്തെ ‘സാഹിത്യ നഭോ മണ്ഡല’ ത്തിന്റെ പ്രസിഡന്റും സെക്രട്ടറിയുമാണ്.സാറിന് ഒരവാർഡ് തരാമെന്ന് കരുതി വന്നതാണ്…’’ പ്രസിഡന്റ് പറഞ്ഞു.
തനിക്കും അവാർഡോ,ഷൺമുഖൻ സാർ തല കറങ്ങി വീണില്ലെന്നേയുള്ളൂ.ഏതു വകുപ്പിലാന് അവാർഡെന്നറിയില്ല.അത്ര വലിയ എഴുത്തുകാരനൊന്നുമല്ല.നല്ല ഗൃഹനാഥൻ പോലുമല്ലെന്നാണ് ഭാര്യയുടെ അഭിപ്രായം.ഭാര്യയുമായി പത്തിരുപത് വർഷം കഴിഞ്ഞു കൂടിയതിന് വല്ല ‘സഹനശക്തി’ പുരസ്ക്കാരം തരാനാണെങ്കിൽ പിന്നെയും വകുപ്പുണ്ട്.
‘’അതിന് അവാർഡ് കിട്ടേണ്ട കാര്യമൊന്നും ഞാൻ ചെയ്തിട്ടില്ലലോ..’’ ഷൺമുഖൻ സാർ ചോദിച്ചു. ’’അതിന് പ്രത്യേകിച്ച് കാര്യമൊന്നും ചെയ്യേണ്ടതില്ല.അവാർഡുകൾ കൂടുതൽ ജനകീയവൽക്കരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.സാറ്` എപ്പോഴെങ്കിലും വല്ല കഥയോ കവിതയോ എഴുതിയിട്ടുണ്ടോ?’’ സെക്രട്ടറി ചോദിച്ചു.
‘’ഇടയ്ക്ക് എഴുതുമായിരുന്നു.ഒരു ദിവസം കയ്യെഴുത്ത് പ്രതികളെല്ലാം കൂടി ഭാര്യ എടുത്ത് ആക്രിക്കടക്കാരന് കൊടുത്ത് കാശ് വാങ്ങി..അങ്ങനെയെങ്കിലും ആർക്കെങ്കിലും പ്രയോജനമുണ്ടാകട്ടെ എന്നാണ് അവൾ പറഞ്ഞത്..’’ ഷൺമുഖൻ സാർ ദു:ഖത്തോടെ പറഞ്ഞു.’’എങ്കിലും അവൾ കാണാതെ വെച്ചിട്ടുള്ള മൂന്നു നാല് കവിതകളിരിപ്പുണ്ട്.’’
‘’അതു തന്നെ ധാരാളം.ഇനി ഒന്നുമില്ലെങ്കിൽ സാറിന്റെ പേരു വെച്ച് എഴുതി തരാനും ആളുണ്ട്.’ ’പ്രസിഡന്റ് പറഞ്ഞു.’’ഏതായാലും ഇത്തവണത്തെ ഞങ്ങളുടെ കാവ്യശ്രീ അവാർഡ് സാറിന് തന്നെ.’’ സെക്രട്ടറി പ്രഖ്യാപിച്ചു.ഷൺമുഖൻ സാറിന് സന്തോഷമായി.,ഓർക്കാപ്പുറത്താണ് ഒരവാർഡ് കിട്ടിയത്.ഇറങ്ങാൻ നേരം സെക്രട്ടറി പറഞ്ഞു.’’പിന്നെസാറേ അറിയാമല്ലോ പരിപാടിൽക്കെല്ലാം കൂടി കുറച്ചു ചിലവു വരും.അയ്യായിരം രൂപയെങ്കിലും തന്ന് സാറ് സഹായിക്കണം..’’
അവാർഡ് കുരുക്കിൽ പെട്ടു പോയില്ലേ,സാറിന് എന്തെങ്കിലും പറയാൻ പറ്റുമോ? ‘’ സാറ്` മൊത്തമായി തരേണ്ട,രണ്ടോ മൂന്നോ ഇൻസ്റ്റാളായി തന്നാൽ മതി..’’ അവാർഡ് പ്രഖ്യാപനവും പിരിവ് പ്രഖ്യാപനവും കേട്ട് അന്തം വിട്ടു നിൽക്കുന്ന സാറിനെ സാഹിത്യനഭോമണ്ഡലം പ്രസിഡൻറ് ആശ്വസിപ്പിച്ചു.
അവാർഡ് കിട്ടുമ്പോൾ കാശ് ഇങ്ങോട്ട് കിട്ടുമെന്നാണ് കേട്ടിട്ടുള്ളത്..അങ്ങോട്ട് കൊടുക്കുന്നതിനെപ്പറ്റി ഷൺമുഖൻ സാർ ആദ്യമായി കേൾക്കുകയാണ്.ങ്ഹാ,സാരമില്ല അവാർഡിന്റെ പേരിൽ ഫ്ളക്സ് വെക്കുന്നതും സ്വീകരണം കിട്ടുന്നതുമായ കാര്യങ്ങളോർത്ത് സാറ് പുളകം കൊണ്ടു.അഡ്വാൻസായി കയ്യിലിരുന്ന കാശ് തപ്പിപ്പെറുക്കിക്കൊടുത്തു.
‘’ലാസ്റ്റ് ഇൻസ്റ്റാൾ തന്നു കഴിയുമ്പോൾ അവാർഡ് പ്രഖ്യാപിക്കും.സാറിന്റെ കുറച്ചു ഫോട്ടോയും വേണം പത്രത്തിൽ കൊടുക്കാനാ..’’
പ്രസിഡന്റും സെക്രട്ടറിയും യാത്ര പറഞ്ഞിറങ്ങി.അവാർഡ് പ്രഖ്യാപനം വന്നപ്പോഴാണ് രസം.ഷൺമുഖൻ സാറിനോടൊപ്പം വേറെ പലർക്കും കാവ്യ ശ്രീ അവാർഡുകൾ! സാർ അങ്ങോട്ട് അവാർഡ് വിവരം പറയാൻ വിളിച്ച പലരും ഇങ്ങോട്ട് പറഞ്ഞു.’’സാറേ,എനിക്കുമുണ്ട് കാവ്യശ്രീ അവാർഡ്..’’ ഇതെന്തു മറിമായം.പുറത്തിറങ്ങിയാൽ കാവ്യശ്രീ അവാർഡ് കിട്ടിയവരുടെ തിരക്കു കൊണ്ട് വഴി നടക്കാൻ പറ്റാത്ത സ്ഥിതി!
സാഹിത്യ നഭോമണ്ഡലംകാരെ വിളിച്ച് കാര്യം തിരക്കി.’’സാറേ ഡൽഹിയിലുള്ള ഒരു സംഘടനയുടെ കേരള ഘടകമാണ് ഞങ്ങളുടെത്.ദെൽഹിയിൽ വെച്ചാണ് അവാർഡ് വിതരണം.ഏതായാലും ഡെൽഹിക്ക് പോകണം .ഒരു കോച്ച് ബുക്ക് ചെയ്താണ് എല്ലാ വർഷവും പോകുന്നത്.കോച്ച് ഫുള്ളാകാനുള്ള ആൾക്കാർ വേണ്ടേ?അതിനു വേണ്ടിയാണ് പല സ്ഥലങ്ങളിലായി ഇത്രയും പേർക്ക് അവാർഡ് കൊടുക്കുന്നത്.’’ പ്രസിഡന്റ് കാര്യം വിശദീകരിച്ചു.
അതായത് ഓരോ വർഷവും ഓരോ കോച്ച് അവാർഡ് ജേതാക്കൾ! ഡെൽഹിയിലെ സംഘടനയായത് കൊണ്ട് വേറെ സ്റ്റേറ്റിൽ നിന്ന് വരുന്നവർ വേറെയും കാണും.പലതരം സമ്മേളനങ്ങളെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും അവാർഡ് ജേതാക്കളുടെ ദേശീയ സമ്മേളനത്തെപ്പറ്റി ആദ്യം കേൾക്കുകയാണ്.ഏതായാലും പോയാൽ ക്യൂ നിന്ന് അവാർഡും വാങ്ങി വരാം.അങ്ങനെ നാണം കെട്ട് ഒരവാർഡ് വാങ്ങെണ്ടെന്ന് സാറ് തീരുമാനിച്ചു.കൊടുത്ത കാശ് തിരിച്ചു തന്നില്ലെങ്കിലും വേണ്ടില്ല ഈ അവാർഡ് തിരിച്ചു കൊടുക്കാൻ വല്ല മാർഗ്ഗവുമുണ്ടോയെന്ന് തിരക്കിക്കൊണ്ടിരിക്കുകയാണ് ഷൺമുഖൻ സാറിപ്പോൾ..

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഇടത്താഴത്തിന് അവൽ മിൽക്ക്
Next articleമീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here