അവയവദാനം

ഒന്ന്

ആശുപത്രിക്കിടക്കയില്‍ തനിച്ചാക്കി പോന്ന മകനെ കുറിച്ചായിരുന്നു നീണ്ട ബസ് യാത്രയില്‍ മുഴുവന്‍ യൂസഫിന്റെ ചിന്ത. അവസാന സ്റ്റോപ്പായ ആശുപത്രിപ്പടിയില്‍ ബസ് ചെന്ന് നില്‍ക്കുമ്പോഴും ചിന്തകളുടെ മുള്‍പ്പടര്‍പ്പിനുള്ളില്‍ നിന്നും അയാള്‍ പുറത്ത് കടന്നിരുന്നില്ല. അത് കൊണ്ടാണ്, പല്ലുകള്‍ക്കിടയില്‍ പെട്ട തെറി വാക്കുകള്‍ കടിച്ചു പൊട്ടിച്ചു കൊണ്ട്, കണ്ടക്ടര്‍ക്ക് അയാളെ ചെന്ന് തട്ടിയുണര്‍ത്തേണ്ടി വന്നത്.

ബസില്‍ നിന്നിറങ്ങി തല നിവര്‍ത്തിയത് ആശുപത്രിയുടെ പഴകി ദ്രവിച്ച ബോര്‍ഡിലേക്കാണ്. “ആദിവാസികള്‍ക്കായി കേന്ദ്ര ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടം” എന്ന കറുത്ത അക്ഷരങ്ങള്‍ മാഞ്ഞും തെളിഞ്ഞും നിരന്ന മഞ്ഞ ബോര്‍ഡിന് താഴെ തറയില്‍ ചിലര്‍ ഇരിക്കുന്നുണ്ട്. സിമന്റ് തേപ്പിളകി ചെങ്കല്ലുകള്‍ വെളിപ്പെട്ട ചുവരും മേല്‍ക്കൂരയിലെ തുരുമ്പെടുത്ത തകര ഷീറ്റുകളും കെട്ടിടത്തിന്റെ പ്രായാധിക്യം വിളിച്ചോതുന്നുണ്ട്. കുന്നിന്‍ മുകളിലുള്ള ഒരു കാട്ടുപ്രദേശമായിരുന്നു അത്. കാട്ടിനകത്തേക്ക് ‘റ’ ആകൃതിയില്‍ നിരപ്പാക്കിയെടുത്ത സ്ഥലത്ത് നില കൊള്ളുന്ന ആശുപത്രി കെട്ടിടത്തിന് നേരെ യൂസഫ് നടന്നു.

വാതില്‍ അടഞ്ഞു കിടക്കുകയാണ്. അതിന് മുന്നിലായി തറയില്‍ ഇരിക്കുന്നവരെല്ലാം പ്രായമായവരാണ്. ചുമ്മാ തുറിച്ച് നോക്കുന്നതല്ലാതെ ആരും തന്നെ അയാളോടൊന്നും ചോദിച്ചില്ല. എന്തിന്, അവര്‍ തമ്മില്‍ പോലും വല്ലതും സംസാരിക്കുന്നുണ്ടോ എന്ന് സംശയമാണ്. കാറ്റത്ത് തകര ഷീറ്റുകളടിക്കുന്ന കടകട ശബ്ദം മാത്രമേ തിങ്ങിക്കിടന്ന നിശ്ശബ്ദതയെ ഇടക്കെങ്കിലും അലോസരപ്പെടുത്തുന്നുള്ളു. തിളച്ചു മറിയുന്ന നഗര ബഹളങ്ങളില്‍ ഊളിയിട്ട് പഴകിയ അയാള്‍ക്ക് ആ ശാന്തതയുമായി പൊരുത്തപ്പെടാന്‍ ചെറുതല്ലാത്ത പ്രയാസമനുഭവപ്പെടുന്നുണ്ട്.

നിലത്തിരിക്കുന്നവരുടെ കണ്ണുകള്‍ തന്റെ മേല്‍ നിന്നും മാറിയിട്ടില്ലെന്ന് യൂസഫിന് മനസിലായി. അവരുടെ നോട്ടം മുഴുവന്‍ തന്റെ വസ്ത്രത്തിലേക്കാണെന്ന തോന്നലില്‍ അയാളൊന്നു ചൂളി. പ്രത്യേകിച്ച് കാരണമുണ്ടായിട്ടല്ല; എന്തോ അയാള്‍ക്കപ്പോള്‍ അങ്ങനെയാണ് തോന്നിയത്. അത്ര മികച്ച വസ്ത്രങ്ങളൊന്നുമല്ല അയാള്‍ ധരിച്ചിരുന്നത്. എന്നാല്‍ അവരുടെ പഴകി മുഷിഞ്ഞ വസ്ത്രങ്ങളേക്കാള്‍ എത്രയോ മടങ്ങ് മെച്ചമാണെന്നതില്‍ സംശയമില്ല. നഗരത്തിരക്കുകളിലൂടെ നിര്‍ബാധമെഴുകാറുള്ള വില കൂടിയ വസ്ത്രങ്ങളുടെ മിനുപ്പിലേക്ക് നിയന്ത്രണം വിട്ട് നീളാറുള്ള തന്റെ കണ്ണുകളെ പറ്റിയാണ് പെട്ടെന്നയാള്‍ ഓര്‍ത്തത്. വര്‍ധിച്ച അസ്വസ്ഥതയോടെ എതിര്‍വശത്തെ മാടക്കടയിലേക്ക് അയാള്‍ പതിയെ നടന്നു.

കടയോട് ചേര്‍ന്ന് വലിച്ചു കെട്ടിയ ഫ്ലക്സിനടിയിലെ മരബെഞ്ചില്‍ യൂസഫ് ചെന്നിരുന്നു. ചില്ല് ഗ്ലാസില്‍ കിട്ടിയ ചായ തണുത്ത കയ്യില്‍ ഇളം ചൂട് പകരുന്നുണ്ട്. ആവി പറക്കുന്ന ചായ മൊത്തി കുടിക്കുമ്പോഴാണ് കടയുടെ മൂലയില്‍ കൂനിക്കൂടിയിരിക്കുന്ന ചെറുപ്പക്കാരന്‍ പയ്യനെ അയാളുടെ കണ്ണില്‍പ്പെട്ടത്. ഈര്‍പ്പമകന്ന് ചകിരി കണക്കെയുള്ള ചപ്രശ്ശ മുടി, എല്ലുന്തിയ മുഖത്തെ ഒട്ടിയ കവിളുകള്‍, മീശയെന്ന് വിളിക്കാനാകാതെ ചിതറി കിടക്കുന്ന മേല്‍ച്ചുണ്ടിലെ രോമങ്ങള്‍ക്ക് താഴെ മുന്നോട്ട് തള്ളി നില്‍ക്കുന്ന കറ പിടിച്ച പല്ലുകള്‍, മുഷിഞ്ഞു നാറി ഒരേ നിറമായ ഷര്‍ട്ടും മുണ്ടും – ഒരു പട്ടിണിക്കോലത്തിന് വേണ്ട സര്‍വ്വ ലക്ഷണങ്ങളും തികഞ്ഞിട്ടുണ്ട്. മെല്ലിച്ച കൈകള്‍ പിണച്ച് ഇരു തോളിലും പിടിച്ച് കൂനിക്കൂടിയുള്ള ഇരിപ്പ് കണ്ടാല്‍, ചൂട് വമിക്കുന്ന സമോവറിനരികിലിരുന്നിട്ടും അവന് വല്ലാതെ കുളിരുന്നുണ്ടെന്ന് തോന്നും. കുണ്ടില്‍ പോയ അവന്റെ കണ്ണുകള്‍ അകലെയെവിടെയോ തറച്ച് വെച്ചിരിക്കുകയാണ്.

“ഇവിടെ ആരെ കാണാനായിരുന്നു?”

കടക്കാരന്റെ ചോദ്യം കേട്ടാണ് യൂസഫ് ചെറുപ്പക്കാരനില്‍ നിന്നും നോട്ടം പറിച്ചെടുത്തത്.

പുതിയ ചാലുകള്‍ എത്ര വന്നടിഞ്ഞാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന സമുദ്രമാണ് നഗരമെങ്കില്‍, ഗ്രാമങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ്. ഒരു പുറം നാട്ടുകാരന്‍ ഗ്രാമീണനിലുണ്ടാക്കുന്ന സ്വാഭാവികമായ ജിജ്ഞാസയാണ് കടക്കാരന്റേത്. വര്‍ഗ്ഗീസ് ഡോക്ടര്‍ പറഞ്ഞ പ്രകാരം അദ്ദേഹത്തെ കാണാന്‍ വന്നതാണെന്ന വിവരം അയാളെ തൃപ്തിപ്പെടുത്തിയിരിക്കണം. നഗരത്തിലെ ആശുപത്രി തിരക്കുകള്‍ൾക്കിടയിലും ആഴ്ച്ചയിലൊരിക്കല്‍ കാട് കയറി വന്ന് രോഗികളെ കാണുന്ന ഡോക്ടറുടെ നല്ല മനസ്സിനെ പറ്റി അയാള്‍ വാചാലനായി. കൂടിയ രോഗമുള്ളവരെ നഗരത്തിലെ ആശുപത്രിയില്‍ കൊണ്ട് പോയി പോലും ഡോക്ടര്‍ ചികിത്സിക്കുന്നുണ്ടത്രേ; അതും തികച്ചും സൗജന്യമായി.

പെട്ടെന്നാണ് വികൃതമായ ശബ്ദത്തില്‍ കൂകി വിളിച്ച് കൊണ്ട് ആ പയ്യന്‍ കാട്ടിലേക്ക് ഓടിക്കയറിയത്. ആശുപത്രിക്ക് മുന്നിലിരുന്നവരില്‍ ഒന്ന് രണ്ട് പേര്‍ അവന് പുറകെയോടി. മറ്റുള്ളവരാകട്ടെ യാതൊന്നും സംഭവിച്ചില്ലെന്ന മട്ടില്‍ ആ ഇരിപ്പ് തുടര്‍ന്നു.

“ഓനങ്ങനാ സാറേ”

ഇടക്ക് മുറിഞ്ഞ് പോയ സംസാരം കടക്കാരന്‍ വീണ്ടെടുത്തു.

“എന്തോ കൂടിയ സൂക്കേടായിനു. ഡോക്ടറ്ടെ ടൗണിലെ ആസ്പത്രില് എത്ര കെടന്നിട്ടാ ഉയിര് ബാക്കി കിട്ട്യേന്നറിയോ ഇങ്ങക്ക്…. ഇന്ന്ട്ടും ഒറ്റ പൈസ മൂപ്പര് വാങ്ങീട്ട്ലാ.”

യൂസഫിന്റെ ചിന്ത വീണ്ടും മകനിലെത്തി. നഗരത്തിലെ ആശുപത്രിയില്‍ കിടക്കുന്ന മകന്റെ രോഗ വിവരം പറയാനായി ഇത്രയുമകലേക്ക് വരാന്‍ ഡോക്ടര്‍ പറഞ്ഞതെന്തിനാവും? ഡോക്ടറുടെ വലിയ കാറ് മുന്നില്‍ വന്ന് നിര്‍ത്തുമ്പോഴും എത്തും പിടിയുമില്ലാത്ത പല ചിന്തകളിലായിരുന്നു അയാള്‍.

“ആ…യൂസഫ്….നേരത്തെയെത്തിയോ? അകത്തേക്ക് വരൂ ”

തോളില്‍ തട്ടിയാണ് ഡോക്ടര്‍ വിളിക്കുന്നത്. യൂസഫ് ഡോക്ടര്‍ക്ക് പുറകെ നടന്നു. കാത്തിരുന്നു മുഷിഞ്ഞ കണ്ണുകള്‍ ബഹുമാനം നിറച്ച് അവരെ പിന്തുടര്‍ന്നു.

രണ്ട്
——-
ഡോക്ടറുടെ മുറിയില്‍ നിന്നുമിറങ്ങിയ യൂസഫിന് തല തിരിയുന്നത് പോലെ തോന്നി. വേച്ചുവേച്ച് അയാള്‍ ബെഞ്ചില്‍ ചെന്നിരുന്നു. അറുപത് വാട്ട് ബള്‍ബിന്റെ അരണ്ട മഞ്ഞ വെട്ടം പരന്നു കിടന്ന വരാന്തയില്‍, ജനലിനോട് ചേര്‍ത്താണാ ബെഞ്ചിട്ടിരിക്കുന്നത്. ജനലഴികളില്‍ മുഖം ചേര്‍ത്ത് പുറത്തെ ഇരുട്ടിലേക്ക് നോക്കി അയാളിരുന്നു. ഏതോ ഗുഹയില്‍ നിന്നെന്ന പോലെ ഡോക്ടറുടെ ശബ്ദം ചെവിയില്‍ മുഴങ്ങുന്നു. എത്ര നേരമങ്ങനെ ഇരുന്നു എന്നറിയില്ല. നിശബ്ദതയെ ചവിട്ടി മെതിച്ചു കൊണ്ട് അടുത്തടുത്ത് വരുന്ന ബൂട്ടിന്റെ ശബ്ദം തൊട്ടരികിലെത്തി നിന്നിട്ടും അയാള്‍ മുഖമുയര്‍ത്തിയില്ല.

“യൂസഫല്ലേ….?”

കരഞ്ഞു കലങ്ങിയ കണ്ണുകള്‍ ഇടംകൈയാല്‍ തുടച്ച് എണീക്കാന്‍ തുടങ്ങിയ യൂസഫിനെ തടഞ്ഞു കൊണ്ട് വന്നയാള്‍ ബെഞ്ചിലിരുന്നു.

“ഞാന്‍ ബാബു…ഇവിടുത്തെ വര്‍ഗീസ് ഡോക്ടറുടെ സുഹൃത്താണ്. നിങ്ങടെ മോന്‍റെ കാര്യമെല്ലാം ഡോക്ടറെന്നോട് പറഞ്ഞിട്ടുണ്ട്. ഒന്ന് കാണാന്‍ വേണ്ടിയാ ഞാനിപ്പോള്‍ വന്നത്. ”

യൂസഫ് ഒന്ന് മുരടനക്കി; അത്ര മാത്രം.

“കുട്ടിയുടെ അവസ്ഥ എത്രത്തോളം മോശമാണെന്ന് ഡോക്ടര്‍ പറഞ്ഞില്ലേ?”

തനിക്ക് നേരെ ഉയര്‍ന്ന ആ കണ്ണുകളിലെ തിരയിളക്കം ബാബു ശരിക്കും കണ്ടു.

“പറഞ്ഞിക്കണ് സാറേ…മൂപ്പരെന്തെല്ലോ പറഞ്ഞിക്കണ്. ഓപ്പരേശന്‍ ഇനീം വെച്ച് താമസിച്ചാല്‍ ഇന്റെ പൊന്നു മോനെ ഇനിക്ക് തിരികെ കിട്ടൂലാന്നൊക്കെ…”

വാക്കുകള്‍ മുഴുമിപ്പിക്കാനാകാതെ യൂസഫ് പൊട്ടിപ്പൊട്ടിക്കരഞ്ഞു.

“ഏ…എന്തായിത് യൂസഫ്…നിങ്ങളിങ്ങനെ കൊച്ചു കുട്ടികളെ പോലെ കരയാതെ. നമ്മുക്ക് പരിഹാരമുണ്ടാക്കാം. അതിനല്ലേ ഞങ്ങളൊക്കെ ഇവിടെ”

ബാബുവിന്റെ കൈപ്പത്തി അയാളുടെ തോളിലമര്‍ന്നു.

“ഇങ്ങക്കറിയോ സാറേ, ഓന്‍ പെറന്നത് തന്നെ നെഞ്ചിലീ തൊളേങ്കാെണ്ടാ. ശ്വാസം കിട്ടാണ്ടെ ഓന്‍ പെടാപ്പാട് പെടണതെമ്പാടും ഞമ്മള് കണ്ടിക്കണ്. കുട്ട്യോള്‍ടൊപ്പരം കളിക്കാനും സ്കൂളില് പൂവാനും പറ്റാണ്ടെ ഓന്‍ വെശ്മിക്കുമ്പോയൊക്കെ വല്തായാ ഒക്കെ ശെര്യാവുന്ന് ഒറപ്പ് പറഞ്ഞോനാ ഞമ്മള്. പച്ചേങ്കില് അന്നൊന്നും ഇത്രക്കും വല്യ കൊയ്പ്പണ്ട്ന്ന് പടച്ചോനാണെ ഞമ്മക്കറീലാര്‍ന്നു. ഓനെന്തേലും പറ്റൂന്നൊക്കെ കേട്ടാ സഹിക്കാന്‍ കയ്യൂല സാറേ”

സര്‍വ്വ നിയന്ത്രണവുമറ്റ് നിറയുന്ന കണ്ണുകള്‍ ഒളിപ്പിക്കാനായി അയാള്‍ കൈകള്‍ രണ്ടും ചേര്‍ത്ത് മുഖം പൊത്തി.

“അതിനെന്താ യൂസഫെ. ഈ ഓപ്പറേഷന്‍ ഇപ്പൊ കഴിഞ്ഞാപ്പിന്നെ പേടിക്കാനൊന്നുമില്ലെന്നേ. നിങ്ങള് പറഞ്ഞ കണക്ക് മോന് കളിക്കാനും സ്കൂളില്‍ പോവാനുമൊക്കെ പറ്റും. ഡോക്ടറു പറഞ്ഞില്ലേ അതൊക്കെ? ഛെ…നിങ്ങളിങ്ങനെ കരയാതെ”

തോളില്‍ വെച്ച കൈ കൊണ്ട് അയാള്‍ യൂസഫിന്റെ പുറത്ത് പതിയെ തട്ടി.

“മൂപ്പരെല്ലാം പറഞ്ഞിക്ക് സാറേ…പച്ചേങ്കില് ഓനിക്ക് പറ്റിയ ഒരു ഹൃദയം കിട്ടാനും അത് വെച്ച് പിടിപ്പിക്കാനുമൊക്കെപ്പാടും കൂടി ഒരു മുപ്പത് ലച്ചെങ്കിലും ആവൂല്ലേ. അങ്ങാടി ചുമടെടുക്കണോനാ സാറേ ഞമ്മള്. ഇന്നെ കൊണ്ടത്തറയൊന്നും കൂട്ട്യാ കൂടൂല്ല.”

“അപ്പോ പിന്നെ എന്ത് ചെയ്യാനാ താന്‍ ഉദ്ദേശിച്ചിരിക്കുന്നേ?? മോന്‍ അങ്ങ് മരിച്ചു പൊക്കോട്ടേന്നാണോ? ”

കൈ പിന്‍വലിച്ചു കൊണ്ട് ബാബു ശബ്ദമുയര്‍ത്തി.

“ഇന്റള്ളോ…അങ്ങനൊന്നും പറയല്ല സാറേ. ഇത്തറ കാലം ഓനെ ചികില്‍സിച്ചെന്റെ കടം തന്നെ വീട്ടി കയിഞ്ഞിക്കില്ല. ഇനി ചോയ്ക്കാന്‍ പരിചയത്തിലൊരാളും ബാക്കീല്ല. ബന്ധക്കാരും കൂട്ടാരന്മാരൊക്കെ ഇന്നേ പോലെ തന്നെ പ്രാരാബ്ധക്കാരാ. വേറെ വയിയൊന്നുല്ല സാറേ മുന്നില്…അതാ…”

തികട്ടി വന്ന കരച്ചിലില്‍ അയാളുടെ ശബ്ദം മുറിഞ്ഞു.

“ഒന്ന് ഞമ്മളൊറപ്പിച്ചിക്ക്; ഓനെ ചാവാന്‍ വിട്ടിട്ട് ഞമ്മള് ഉയിരോടുണ്ടാവൂല….”

അയാള്‍ ഏങ്ങലടിച്ചു.

“പോയങ്ങു മരിച്ചു കളഞ്ഞാല്‍ നിങ്ങള് രക്ഷപ്പെടും…നിങ്ങടെ മോനോ? അതോര്‍ത്തിട്ടുണ്ടോ?”

“പിന്നെ ഞമ്മളെന്താ സാറേ കാട്ടണ്ടെ ? ഓനെ പെറ്റിട്ടിട്ട് പോയതാ ഓന്റുമ്മ. ഇനി ഓന്റെ മയ്യത്തും കൂടെ ഇന്നെക്കൊണ്ട് ചൊമക്കാനാവൂല..ചത്താളും സാറേ.അതൊറപ്പിച്ചതാ ഞമ്മള്”

അടക്കിപിടിച്ച കരച്ചില്‍ ഒരു വികൃത ശബ്ദത്തോടെ അയാളില്‍ നിന്നും പുറത്തേക്കൊഴുകി.

“യൂസഫ്…..”

ബാബു തലകുനിച്ചിരുന്ന് ഏങ്ങലടിക്കുന്ന അയാളെ ചേര്‍ത്ത് പിടിച്ചു.

“മോനെ രക്ഷപ്പെടുത്താന്‍ നിങ്ങള്‍ക്കു ചെയ്യാനാവുന്ന ഒരു കാര്യം ഞാന്‍ പറയാം….”

യൂസഫിന്റെ കലങ്ങിയ കണ്ണുകളില്‍ ഒരു നിമിഷത്തേക്ക് തിളക്കം മിന്നി മറഞ്ഞു..

“ഏതായാലും നിങ്ങള്‍ മരിക്കാന്‍ തീരുമാനിച്ചു. എന്നാ പിന്നെ അത് കൊണ്ട് അവന്റെ ജീവനും ജീവിതവും രക്ഷപ്പെടുമെങ്കില്‍ അതല്ലേടോ നല്ലത്?”

യൂസഫിന്റെ മുഖത്ത് വിരിഞ്ഞ ചോദ്യഭാവം അവഗണിച്ചു കൊണ്ട് ബാബു തുടര്‍ന്നു.

“നിങ്ങളുടെ മകനെ പോലെ പല അവയവങ്ങള്‍ക്കുമായി കാത്തു കിടക്കുന്ന ഒരുപാട് പേരുണ്ട്. ഈ ആരോഗ്യമുള്ള ശരീരത്തിലെ ഓരോ അവയവത്തിനും അതില്‍ പലര്‍ക്കും ഒരു പുതു ജീവൻ നല്‍കാനാകും.”

യൂസഫിന്റെ ഉറച്ച ശരീരത്തില്‍ വിരലൂന്നിയാണ് അയാളത് പറഞ്ഞത്.

“ഇങ്ങള് പറയുന്നെ ഇനിക്ക് തിരിയണില്ല സാറേ”

“അതായത് യൂസഫെ…നിങ്ങല്‍ ഏതായാലും മരിക്കാന്‍ തീരുമാനിച്ചു. ഞാന്‍ നേരത്തെ പറഞ്ഞ പോലെ നിങ്ങളുടെ അവയവങ്ങള്‍ ആവശ്യമുള്ള, അതിനായി കാശെത്ര വേണമെങ്കിലും ചിലവാക്കാന്‍ തയ്യാറുള്ള ഒരുപാട് പേര് എന്റെ കസ്റ്റഡിയിലുണ്ട്. അവര്‍ തരുന്ന കാശ് കൊണ്ട് മകന്റെ ഹൃദയം മാറ്റിവെക്കും. ശസ്ത്രക്രിയ കഴിഞ്ഞാലും ശിഷ്ട കാലം ജീവിക്കാനുള്ള ഒരു തുക അവന്റെ പേരില്‍ ബാങ്കിലുണ്ടാവുകയും ചെയ്യും.”

ഇത്രയും പറഞ്ഞു കൊണ്ടയാള്‍ പതുക്കെയെണീറ്റു.

“ആ പിന്നെ…ചുമ്മാ പോയങ്ങു മരിച്ചു കളഞ്ഞാല്‍ ഇതൊന്നും നടക്കില്ല കേട്ടോ. ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍, “മസ്തിഷ്ക മരണം” സംഭവിച്ച ഒരാളുടെ അവയവങ്ങള്‍ മാത്രമേ മറ്റൊരാള്‍ക്ക് മാറ്റി വെക്കാന്‍ പറ്റൂ. ആഹ്… അക്കാര്യങ്ങളൊക്കെ നിങ്ങളെനിക്ക് വിട്ടേക്ക്. എന്താ വേണ്ടതെന്നു നന്നായി ആലോചിച്ച് ഒരു തീരുമാനം പറഞ്ഞാല്‍ മതി. പിന്നൊരു കാര്യം. ഇപ്പറഞ്ഞതൊന്നും മൂന്നാമതൊരാള്‍ അറിയരുത് കേട്ടോ. പറഞ്ഞേക്കാം….”

നന്നായൊന്ന് ചിരിച്ച്, യൂസഫിന്റെ തോളിലൊന്ന് തട്ടിയ ശേഷം അയാള്‍ നടന്നകന്നു.

യൂസഫിന് തന്റെ കണ്ണുകളില്‍ ഇരുട്ട് പടരുന്നതായി തോന്നി.

ആ ഇരുട്ടില്‍ ആളുകള്‍ ചുമന്നു കൊണ്ട് പോകുന്ന മയ്യത്തു കട്ടിലും കൂട്ടുകാര്‍ക്കൊപ്പം ഉത്സാഹത്തോടെ സ്കൂളിലേക്ക് പോകുന്ന മകനെയും അയാള്‍ കണ്ടു. അപ്പോള്‍ അയാളുടെ വരണ്ട ചുണ്ടുകളില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.

മൂന്ന്
——-
ആദിവാസിക്കോളനി കേന്ദ്രീകരിച്ച് അവയവക്കച്ചവടം നടത്തുന്ന പ്രമുഖ ഡോകടര്‍ അറസ്റ്റിലായ വാര്‍ത്തയുമായാണ് നാട്ടിലെ പത്രങ്ങള്‍ അന്ന് പുറത്തിറങ്ങിയത്. അന്നേ ദിവസത്തെ ഒരു പ്രമുഖ ദിനപത്രത്തിന്റെ “നല്ല വാര്‍ത്ത” പേജില്‍ മറ്റൊരു വാര്‍ത്തയുമുണ്ടായിരുന്നു. അപകടത്തില്‍ മരണപ്പെട്ട മകന്റെ ഹൃദയം അന്യമതസ്ഥനായ കുട്ടിക്ക് നല്‍കാന്‍ സന്മനസ്സു കാട്ടിയ മാതാപിതാക്കളെയും സഹപ്രവര്‍ത്തകന്റെ മകന്റെ ചികിത്സക്കായി ലക്ഷങ്ങള്‍ സമാഹരിക്കാന്‍ മുന്‍കൈയ്യെടുത്ത ചുമട്ടു തൊഴിലാളികളുടെയും അവര്‍ക്കൊപ്പം നിന്ന ഒരു നാടിനേയും കുറിച്ചുള്ള ആ വാര്‍ത്തക്കൊപ്പം മകനെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന യൂസഫിന്റെ പുഞ്ചിരിക്കുന്ന ഫോട്ടോയുമുണ്ടായിരുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here