സ്കൂൾ കാലം തൊട്ടേയുള്ള ഒരു മോഹമായിരുന്നു എങ്ങിനെയെങ്കിലും ഒന്ന് ഗൾഫിൽ പോകണമെന്ന്. പഠിക്കുന്ന സമയം ചിലർ യാത്ര പറയാനും ബന്ധം പുതുക്കാനും വരുന്നത് കാണുമ്പോൾ ഓർക്കും അവർക്കൊക്കെ എന്താ സുഖം! ചില സത്യങ്ങൾ അനുഭവിച്ചുതന്നെ അറിയണമല്ലോ?
പഠനകാലത്തേക്കാൾ മനോഹരമായ ഒരു കാലമുണ്ടോ? പക്ഷെ അത് അറിയണമെങ്കിൽ ആ കാലം കഴിയേണ്ടിവന്നു. സ്വന്തം നാടിനേക്കാൾ മനോഹരമായ ഒരു പ്രദേശവും ഉലകിൽ ഇല്ലെന്നു മനസ്സിലാക്കാൻ ഒരു പ്രവാസിയാകേണ്ടി വന്നു. അല്ലെങ്കിലും വീടും നാടും കുടുംബ ബന്ധങ്ങളും അറിയണമെങ്കിൽ ഏതൊരുവനും പ്രവാസിയാകേണ്ടിയിരിക്കുന്നു.
“ഹാലോ ഇന്ന് ഇറങ്ങുന്നില്ല…?ചൂട് കൂടുമ്പോഴേക്കും ഓഫീസുകളിൽ ഒക്കെ കയറി സി. വി.കൊടുക്കാൻ നോക്ക്” കൂടെ താമസിക്കുന്ന ചാവക്കാട്ടുകാരൻ അബൂബക്കർക്കയുടെ ശബ്ദമാണ് ഓർമകളിൽ നിന്നുണർത്തിയത്. നാട്ടിൽ നിന്ന് എത്തിയ ഏതാനും ദിവസം നാട്ടുകാരുടെയും ബന്ധുക്കളുടെയും മുടിഞ്ഞ സ്നേഹമാണ്. പിന്നെ ജോലിയൊന്നും ആയില്ല എന്നറിയവേ അത് സാവധാനം ഫോൺ വിളിയിൽ ഒതുങ്ങും. പിന്നെ അതും നിലയ്ക്കും.
കത്തുന്ന സൂര്യനെ വകവെക്കാതെയുള്ള യാത്ര രാവിലെ ഇറങ്ങിയാൽ
രാത്രി ഏറെ വൈകീട്ട് റൂമിൽ തിരിച്ചു എത്തും. യാത്രക്ക് കൂടുതൽ നടരാജ സർവീസ് തന്നെ.
“പറയാം…” “പിന്നെ വിളിക്കാം” ഇപ്പോൾ ഒഴിവില്ല” ഇത്യാദി സ്ഥിരം പല്ലവികൾ കേട്ട് മടുത്തു. രാവിലെ ഒരുസുലൈമാനിയും കുടിച്ച ശേഷം ഉച്ചക്ക് മോട്ട സെറ്റ് കഴിക്കും രാത്രി ഇശാനമസ്കാരം ആകുമ്പോഴേക്കും നൈഫ് സൂക്കിലെ അൽ ഗുറൈർ പള്ളിയിലേക്കെത്തും. അവിടെ നിന്ന് പാക്കിസ്ഥാനി റൊട്ടിയും ഒരു മോരും കിട്ടും. നമസ്കരിക്കാൻ വന്നവർ മാത്രമല്ല ഭക്ഷണം വാങ്ങാൻ വേണ്ടിമാത്രം വരുന്ന ലോഞ്ചിലെ ഇറാനികളും ധാരാളമായി ഉണ്ടാകും. ഞാൻ നമസ്കാരവും കഴിഞ്ഞ് റൊട്ടിയും
കഴിച്ചു റൂമിലേക്ക് പോകും. ഒരിക്കൽ നാട്ടുകാരനായ പ്രദീപ് ചേട്ടനെ പള്ളിയുടെ കോലായിൽ വെച്ച് കണ്ടു അദ്ദേഹം അവിടെയിരുന്നു റൊട്ടി കഴിക്കുന്നു!! എന്നെ കണ്ടതും അദ്ദേഹത്തിന്റെ മുഖത്തു അത്ഭുതം വിടർന്നു….എന്തോ അരുതാത്തതു ചെയ്തപോലെ…. ഞാൻ അടുത്ത് ചെന്ന് കൈപിടിച്ച് സംസാരിച്ചപ്പോൾ അദ്ദേഹത്തിനും വല്ലാത്ത സന്തോഷമായി…
“ഇവിടെ വന്നിരിക്കുമ്പോൾ മനസ്സിന് നല്ല സമാധാനമാണ് റൂമിലുള്ളവർ എത്തുമ്പോൾ പത്തുമണി കഴിയും അതുവരെ ഞാൻ ഇവിടെ ഇരിക്കും”
അദ്ദേഹം പറഞ്ഞു. അല്ലെങ്കിലും വിശപ്പിനു എന്ത് ജാതി, എന്ത് മതം?
മാത്രവുമല്ല നോമ്പിനുപോലും പകൽ സമയത്തു പള്ളിയിലെ പന്തലിൽ ഗുരുവായൂർ തീർത്ഥാടകർക്ക് സൗകര്യമൊരുക്കികൊടുത്ത നാട്ടിൽ നിന്ന് വരുന്ന തനിക്കു എന്ത് വിരോധം തോന്നാൻ.
പലകുശലങ്ങളും പറഞ്ഞു ഞങ്ങൾ പിരിഞ്ഞു. നല്ല ജോലികിട്ടട്ടെ എന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു. ജോലിക്കായുള്ള പതിനായിരങ്ങളോ ലക്ഷങ്ങളോ അന്വേഷകരിൽ ഒരാളായി ഞാനും യാത്ര തുടർന്ന് കൊണ്ടിരുന്നു.. മാതാപിതാക്കളുടെയും കുടുംബക്കാരുടെയും പ്രാർത്ഥനകൾ തുടർന്ന് കൊണ്ടിരുന്നു,..എന്റെ ജോലിക്കായുള്ള അന്വേഷണങ്ങളും …അതൊക്കെ ഒരുഭാഗ്യമാണ് ദൈവ കൃപപോലെ സംഭവിക്കുന്നത്…വിശ്വാസം പരീക്ഷണമാകാതെ നന്മയുടെ പോകുമ്പോൾ “എല്ലാം ശരിയാകും ” ഈ വാക്കു പറയാത്ത മലയാളികൾ വിരളം.
അന്ന് ഒരു ഇന്റർവ്യൂ കഴിഞ്ഞു വരുമ്പോൾ സമയം വളരെ വൈകി
“നാളെ രാവിലെ പത്ത് മണിക്ക് എത്തണം” മാനേജരുടെ നിർദ്ദേശ കിട്ടി വരുമ്പോഴേക്ക് സമയം വൈകി..വല്ലാത്ത വിശപ്പുണ്ട് പതിവുപോലെ പള്ളിയിലേക്കെത്തി മുഅദ്ദിൻ പൂട്ടാൻ ഒരുങ്ങി തുടങ്ങി വേഗം അംഗശുദ്ദിവരുത്തി പ്രാർത്ഥന നിർവഹിച്ചു … ഒരുമൂലയിൽ പതിവുപോലെ റൊട്ടി ഇടാറുള്ള കാർട്ടൂൺ ഞാൻ വെറുതെ അതിൽ കയ്യോടിച്ചു !! അത്ഭുതം എനിക്കായ് കാത്ത് ഒരു റൊട്ടി കഷ്ണം കിടക്കുന്നു !! സർവ്വശക്തന് സ്തുതി. റൊട്ടിയും കഴിച്ചു കൂളർ ടാപ്പിൽ നിന്ന് തണുത്ത വെള്ളവും കുടിച്ചു റൂമിലേക്ക് നടന്നു. കടകൾ അടച്ചുതുടങ്ങിയതിനാൽ ഇരുട്ട് പരന്നു തുടങ്ങിയിരുന്നു … ആ തക്കം നോക്കി തെരുവിലെ ഇറച്ചികച്ചവടക്കാർ ഇരകൾക്കുവേണ്ടി തക്കം പാർത്തിരുന്നു…