മരണ പെടുന്ന ദിവസത്തിൽ,
ആരുടെയൊക്കെ ആത്മാക്കളാണ്
എനിക്ക് കൂട്ടായി വരുന്നതോർത്ത്
ചിത്ര പുരയിൽ എൻ്റെ അമ്മൂമ്മ വരച്ച
നഗ്നചിത്രങ്ങൾക്കു കീഴെ എൻ്റെ
അവസാനത്തെ കവിത ധ്യാനിച്ചിരിക്കുകയാണ്
ഞാൻ…
മലയിടുക്കുകളിൽ നിന്ന് മഴപ്പെണ്ണുങ്ങൾ
പാദസര കിലുക്കത്തോടെ വന്നിരമ്പുന്ന
ഒരു പേ പിടിച്ച സന്ധ്യ….
ഇഷ്ടിക ചുമരിൽ അമ്മൂമ്മ വരച്ച
ഒരിണപ്രാവിൻ്റെ ചിത്രം, എൻ്റെ
കവിതയെ കീറി മുറിക്കുന്നു.
ഞാൻ ഓമനിച്ച്നിർത്തിയ എൻ്റെ
വരികളെ തിമിംഗല പിടിത്തമിട്ട് വിഴുങ്ങുന്നു.
ചിറകുമുറിഞ്ഞ രാപ്പാടികളെ പോലെയാണ് ഞാൻ
എൻ്റെ ചിറകുകളെ ഈ സന്ധ്യ ചുട്ടെരിക്കുന്നു.
ആകാശപരപ്പിൽ കണ്ണുവെട്ടിച്ച്
എൻ്റെ പഴയ കവിതകൾ എന്നെ വല്ലാതെ
കുത്തിനോവിക്കുന്നു. അടഞ്ഞ വാതിൽ
പടിയിലെ വിടവുകളിലൂടെ അരിച്ചെത്തുന്ന
രാത്രി ഭൂതങ്ങൾ മുറിയിൽ തൂക്കിയിട്ടതിൽ വെച്ച്
ഏറ്റവും വൃത്തികെട്ട ചിത്രമാക്കി
എന്നെ മാറ്റുന്നു.
അമ്മ കല്ലുകൾ മാത്രമുള്ള ശവപറമ്പിൽ
മുല്ലപ്പൂക്കൾ മാത്രം പൂക്കുന്ന
അമ്മൂമ്മ കുഴിയിൽ പകൽ പന്തങ്ങളുമായി
ഒരമ്മൂമ്മയക്ഷി എന്നെ കാത്ത് നില്ക്കുന്നത്രേ..
യക്ഷികളെ പേടിക്കേണ്ട കാര്യമില്ലെന്ന്
അപ്പൂപ്പൻ എനിക്കായി പിടിച്ച പെൺ തുമ്പികളെ ,
തുറന്നു വിടാൻ മല കയറുമ്പോൾ ‘ അമ്മൂമ്മ
പറഞ്ഞിട്ടുണ്ട്.
ഒരു യക്ഷിയും ഇതുവരെ
ഇണ തുമ്പികളുടെ കാട് ചുട്ടെരിച്ചിട്ടില്ല.
ഒരു യക്ഷിയും കുളിക്കാനിറങ്ങിയ
പെൺകുട്ടികളെ മുക്കി കൊന്നിട്ടില്ല
ഒരു യക്ഷിയും വീടിനകത്തു കേറി
പണ്ടങ്ങൾ കട്ടിട്ടില്ല,
ഒരു യക്ഷിയും കരയുന്ന കുഞ്ഞുങ്ങൾക്ക്
മൊല കെടുക്കാതിരിന്നിട്ടില്ല,
ആയിരം സന്ധ്യകളുടെ ചോര നിറമുള്ള
അമ്മൂമ്മയുടെ ചിത്രങ്ങൾക്ക്
വെള്ളാര കമ്മലുകളിട്ട അമ്മ യക്ഷികളുടെ
പൂ ചിരി മുഖമായിരിന്നു.
ആൺ പൂക്കൾ ചതിച്ച
ചെമ്പരത്തി പെണ്ണുങ്ങളുടെ കരച്ചിലായിരുന്നു.
പിന്നെ ഏത് നേരവും ആർത്തലച്ചെത്തുന്ന
ഒരു മരണമഴയുടെ വിറക്കുന്ന നനവായിരുന്നു.
അമ്മൂമ്മ മരിച്ച ദിവസം നാട്ടിൽ അടിവാരത്തെ
കരിക്കാടി തളള ചങ്കുടച്ച് പാടി.
അമ്മൂമ്മയുമൊത്ത് കണ്ണുപൊത്തികളിക്കാൻ
ഞാൻ വന്ന ആ അവധികാലത്ത്
മച്ചിൽ തൂങ്ങി മരിച്ച അമ്മൂമ്മ,
കരിക്കാടി പെണ്ണിൻ്റെ പാട്ടിൽ
പട്ടുടുത്ത ഒരു ദേവസുന്ദരിയാണ്.
കരഞ്ഞു തളർന്നെന്ന മട്ടിൽ
മരവിച്ച ചെവിക്കുടയിൽ വീണ് ഞാൻ
അമ്മൂമ്മയോടായി പറഞ്ഞു.
എൻ്റെ അമ്മൂമ്മയ്ക്ക് എപ്പോഴും
ശവക്കച്ചകളോടായിരുന്നു ഭ്രമമെന്ന്.
മരണം’ തൊട്ടുത്ത് കാത്തിരിക്കുന്ന നേരം
നിലാവു വരുന്നതും കാത്തിരിക്കുന്ന
ഒരു രാജകുമാരിയുടെ കഥയാണ് ഓർമ വരുന്നത്.
കുതിര കുളമ്പടിയുടെ ശബ്ദം എപ്പോഴും
കേൾക്കാനിഷ്ടമുള്ള മഞ്ഞു പെയ്യുന്ന ദേശത്തെ
നീല കണ്ണുള്ള പെണ്ണ്, അവൾ പകലുകൾ
ഉദിക്കുന്നതും കാത്ത് ദിവസവും ,
കാറ്റു പെയ്യണ മട്ടുപ്പാവിലിരിക്കും.
ഗ്രഹണി പിടിച്ചൊരുത്തനെ പോലെ
തണുത്ത പർവ്വതങ്ങളിൽ യുദ്ധചൂട് പിടിക്കുന്ന സമയം.
അവൾക്കായി പകൽ മലമുകളിലൊരു
ചോര സൂര്യനെ സമ്മാനിച്ചു.
ചോര പകലിലാണ് രാജകുമാരിയുടെ
മുറിയിലെ പൂക്കൾ ഭംഗിയോടെ വിരിഞ്ഞത്.
വാൾ പിടിയിൽചത്തു കിടക്കുന്ന കാമുകനെയും
അച്ഛനേയും രാജകുമാരി മേശയിലിരുന്ന്
വരച്ചത്.
അവൾക്കത് എന്ത് സന്തോഷമാണെന്നോ..
തിരശ്ശീലകൾ കൊണ്ട് അവൾ ഒളിപ്പിച്ചു നിർത്തിയ
പൂമ്പാറ്റ ചിത്രങ്ങളെ അവരാണ് ശവംതീനികൾ
മാത്രമുള്ള പർവ്വത കൊക്കയിൽ കൊണ്ടുപോയി കളഞ്ഞത്
മൊട്ടിട്ടു മാത്രം കിടന്നിരുന്ന
മുറിയിലെ പൂക്കളുടെ കുഞ്ഞുതലകളെ
കഴുത്തറത്ത് കൊന്നത്…
അമ്മ കല്ലുകളുടെ തൊടിയിൽ
അമ്മിഞ്ഞ പൂക്കൾ പൂമ്പാറ്റകളെ
കാണാൻ വേണ്ടി വിരിയുന്നുണ്ടാകണം.
അവിടെ കിടന്ന് മരിക്കുമ്പോൾ
മുക്കവത്തിയുടെ തോളിൽ കിടന്ന്
മയങ്ങുന്ന ഒരു കുട്ടിയുടെ സുഖമായിരിക്കും.
മുടിക്കുലകളെ തഴുകി പോകുന്ന
അമ്മ കാറ്റിന് ഇവിടുത്തെ പൂക്കളുടെ
രുചിയായിരിക്കും.
കരിഞ്ഞുണങ്ങിയ പടുമരം പോലെ
മഞ്ഞ വെളിച്ചങ്ങളുടെ നിരത്ത്,
എൻ്റെ നീലിച്ച ഞരമ്പുകളിലൂടെ
ചുകന്ന് കല്ലിച്ച കവിളിലൂടെ
എൻ്റെ വരയൻ കുപ്പായമണിഞ്ഞ
ഒരു കരിവളപ്പെണ്ണ്, അവൾക്കെപ്പോഴും
നിരത്തിലെ ധാന്യങ്ങളുടെ മണമാണ്
വിളക്കു കാലുകൾക്കിടയിൽ വെച്ച്
ചൂടൊടെ ഉമ്മ വെക്കുമ്പോൾ
എൻ്റെ മുറിയിൽ പുസ്തകങ്ങളുടെ
ഉടയാടകളിഞ്ഞ് കെട്ടി പുണരുമ്പോൾ
ആരും കാണാതെ വളകിലുക്കങ്ങളുടെ
കവിതകൾ ചൊല്ലുമ്പോൾ,
തേൻ കുടങ്ങൾ ഏറ്റി പോകുന്നവരെ പോലെ
ഒരു വസന്തകാലം എൻ്റെ കൺകോണിൽ
വന്ന് തട്ടും.
ചുറ്റുമപ്പോൾ പെൺമുടി ചൂരിൻ്റെ ഗന്ധം
നിറയും.
മൊട്ടക്കുന്നിൽ വസന്തകാലത്ത് വരാറുള്ള
പൂമ്പാറ്റകളിലൊന്ന് ഞാനാകും.
പോക്കുവെയിലിൻ്റെ നിറമുള്ള ഒരു പെൺപൂമ്പാറ്റ
എനിക്കു പിറകേ…ഒപ്പം ചിറകടിച്ച്….
പൂമ്പാറ്റ വേട്ടക്കാരുടെ കാലമായേൽ പിന്നെ
ഒരു വസന്തവും ഭൂമിയെ തൊട്ടിട്ടില്ല.
ഇരുട്ടിൽ ചെമ്പരത്തിക്കാട്ടിൽ
തൂങ്ങിയാടണ കരിവളപ്പെണ്ണ് …
അവളുടെ അടഞ്ഞ കണ്ണിൽ ഞാനവൾക്ക്
എഴുതി കൊടുത്ത പകലിൻ്റെ കവിതകൾ…….
കിലുക്കങ്ങൾ മിണ്ടാതിരിക്കുന്ന
എൻ്റെ ആ അറയിൽയുദ്ധം കഴിഞ്ഞെത്തിയ
പടക്കുതിരയുടെ വെപ്രാളത്തോടെ പാടുന്ന
റേഡിയോക്കരികിൽ വസന്തം കഴിഞ്ഞിട്ടും
ഇപ്പോഴും പാറികളിക്കുന്ന ഒരു മല വണ്ട്
കവിതകളെഴുതിയ എൻ്റെ പുസ്തകത്തിലിറങ്ങി.
അതെൻ്റെ വരികളിൽ ചിറകൊതുക്കി തൂറി..
മരിച്ചതിനു ശേഷമുള്ള നിമിഷത്തിൽ വീണ്ടും
വസന്തം വിരുന്നെത്തിയാൽ ഒന്ന് ഓർമിപ്പിച്ചേക്കണം
മരണം അതിരിട്ട കവാടങ്ങൾ കത്തി പൊട്ടിച്ച്
ഒരു പൂമ്പാറ്റയായെങ്കിലുംഞാൻ പറന്നു വരും
എൻ്റെ മരണം എത്രയോ നിസാരമാണ്
അതിന് വെയിൽ കുളിച്ച് നിൽക്കുന്ന ആകാശത്തിലെ
കൊച്ചു കാർ മേഘത്തിൻ്റെ ആയുസ്സു പോലുമില്ല.
ചിത്ര പുരയും ചിത്രങ്ങളും തീപ്പെട്ടു പോകാൻ
കാത്തു നില്ക്കയാണ് എൻ്റെ മരണത്തിന്
ഞാനെഴുതിയ ഒരു കവിതയും ഞാൻ കേട്ട ഒരു പാട്ടും
കൂട്ട് വരുന്നില്ല.
എൻ്റെ മരണത്തിന് തണുത്ത താളം പിടിക്കാൻ
അടിവാരത്ത് പണ്ടത്തെ പാട്ടുകാരി തള്ളയുണ്ടാകുമോ?
അവസാനത്തെ കവിതയ്ക്കുള്ള സമയമായിരിക്കുന്നു
എന്ന് മഴ കി ലുക്കങ്ങൾ
നിർത്തി രാത്രി ഓർമിപ്പിച്ചു.
ആളൊഴിഞ്ഞ തെരുവു പോലെ
ജനലിനപ്പുറം എൻ്റെ എഴുത്തുമേശ
നിലാവെളിച്ചത്തിൽ കുളിച്ച് നിൽക്കുന്നു.
ചിത്ര പുരയിലേക്ക് ഓടികിതച്ചെത്തിയ
മുല്ലപ്പൂ മണമുള്ള ഒരമ്മൂമ്മ കാറ്റിൽ
എൻ്റെ അവസാനത്തെ കവിത
ചെമ്പരത്തി ചെമപ്പിൻ്റെ ചോരയിൽ
നനഞ്ഞു കിടന്നിരുന്നു.