വടക്കിനിയോടു ചേര്‍ന്നു നില്ക്കുന്ന മുത്തശ്ശിമാവിന്റെ ചോട്ടില് രാവിലെ വന്നു നിന്ന ബെന്‍സ് കാര്‍ കാര്‍ ഒരു അപശകുനം പോലെയാണ് ഊര്‍മ്മിളക്കു തോന്നിയത്. ഏറെ പ്രതീക്ഷകളോടെ ആയിരുന്നു ഇത്തവണ നാട്ടിലേക്കുള്ള യാത്ര. ടീം ലീഡര്‍ മഹേന്ദ്രപാലിന്റെ കയ്യും കാലും പിടിച്ചാണ് മൂന്നു ദിവസത്തെ അവധിയൊപ്പിച്ചത്. എപ്പോള്‍ ലീവ് ചോദിച്ചാലും ഒരു നൂറു തടസം പറയാനുണ്ടാകും പണക്കൊതി മൂത്ത ഗോസായിക്ക്. കോള്‍ സെന്ററിലെ തിരക്കു പിടിച്ച മുഹൂര്ത്തങ്ങള്ടയില് നിന്ന് അണുവിട മാറി നില്ക്കാന് ആരേയും അയാള്‍ അത്രവേഗം സമ്മതിക്കില്ല. മാറി നില്ക്കുന്ന ഓരോ മണിക്കൂറും കമ്പനിക്കു നഷ്ടപ്പെടുന്നത് ലക്ഷക്കണക്കിനു രൂപയാണെന്ന് അക്കമിട്ടു സമര്‍ത്ഥിക്കുകയാണ് പുള്ളിക്കാരന്റെ പതിവു ശൈലി. എങ്കിലും തറവാട്ടില്‍ പോകണമെന്നും ഭാഗം വയ്പ്പ് ഒരു വലിയ കീറാമുട്ടിയായി മാറുമെന്നും അതോടെ ജീവിതം വഴിമുട്ടുമെന്നും ഒക്കെ വിശദമാക്കിയപ്പോള്‍ അയാളുടെ മനസ്സലിഞ്ഞു എന്നു തോന്നുന്നു. എന്തായാലും ഇത്തവണ വലിയ കണക്കു പറച്ചിലോ പരിഭവമോ ഒന്നും ഉണ്ടായില്ല ഭാഗ്യം.
” ഊര്മ്മിളാജി പ്ലീസ് ടേക്ക് ലീവ് ബോ പ്രോബ്ലം. ബട്ട്, വെന്‍ യു കം ബാക്ക് യു ഹാവ് ടൂ ടേക്ക് എക്സ്ട്രാ കോമ്പന്‍സേറ്റ് ഇട്ട് …”
കേട്ട പാതി കേള്‍ക്കാത്ത പാതി രാവിലെ തന്നെ തയ്യാറാക്കി വച്ചിരുന്ന ട്രോളീ ബാഗുമായി എയര്‍ പോര്‍ട്ടിലേക്ക്. രാത്രി ഏഴര കഴിഞ്ഞു തറവാടിലെത്തുമ്പോള്. സുമംഗല ചിറ്റയുടെ മകന് അപ്പു എയര്‍ പോര്‍ട്ടില്‍ വിളിക്കാന്‍ വന്നിരുന്നു. എം. ബി. എ ക്കു പഠിക്കുകുകയാണവന്. വീടെത്തുവോളം വാതോരാതെ വിശേഷങ്ങള്‍ പറഞ്ഞു കൊണ്ടേയിരുന്നു. പകുതിയിലധികവും തറവാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റിയല്‍ എസ്റ്റേറ്റ് പരസ്യം കണ്ട് ഓരോരുത്തര് വരുന്നതും പറമ്പിന്റെയും വീടിന്റെയും വ്യത്യസ്ഥ ആംഗിളുകളിലുള്ള ഫോട്ടോകള്‍ എടുത്തു കൊണ്ടു പോകുന്നതിന്റെയും വീട്ടുകാരെ അലോസരപ്പെടുത്തുമാറ് വീടുകാണാന്‍ സമയവും കാലവും നോക്കാതെ ആളുകള്‍ വരുന്നതും എല്ലാറ്റിനും പുറമെ തറവാടിന്റെ മുന്‍ഭാഗത്തായി കോറത്തുണിയില്‍ വലിച്ചു കെട്ടിയിരിക്കുന്ന നീളന്‍ ബാനറിലെ ഫോണ്‍ നമ്പറില്‍ നിന്ന് നിരന്തരം വിളികള്‍ വരുന്നതും അന്വേഷണങ്ങള്‍ മുറുകുന്നതും ഒക്കെ അവന് ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു.
എത്രയോ തലമുറകളെ താരാട്ടു പാടിയുറക്കുകയും തേനും വയമ്പും അരച്ചു നാവില്‍ പുരട്ടി വളര്‍ത്തുകയും ചെയ്ത തറവാട് പുതിയ തലമുറയുടെ സ്വകാര്യതക്ക് ഭംഗം വരുത്തുന്നു എന്ന തിരിച്ചറിവ് ഊര്‍മ്മിളയെ വിഷാദത്തിലാഴ്ത്തി. സ്വത്തു ഭാഗം വയ്ക്കുമ്പോള്‍ ചുറ്റുമുള്ള പാടവും പറമ്പുമൊക്കെ കൈക്കലാക്കാന്‍ ഏട്ടന്മാര്ക്ക് എന്തു താത്പര്യമായിരുന്നു. ഒക്കെയും തുണ്ടു തുണ്ടുകളാക്കി ഭാഗിച്ച് ആവശ്യക്കാര്‍ക്ക് ഇരട്ടി സംഖ്യക്ക് വില്ക്കാമല്ലോ. പോരാത്തതിനു തുണ്ടു സ്ഥലം നോക്കി ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ നാടെങ്ങും നെട്ടോട്ടം നടക്കുന്നു. എന്നാല്‍ തറവാടിന്റെ കാര്യം വന്നപ്പോള്‍ ആര്‍ക്കും അത്ര താല്പര്യം ഒട്ടും കണ്ടതുമില്ല.
” അത് ഊര്മ്മിളക്കിരിക്കട്ടെ. തറവാട്ടിലെ ഏക പെണ്തരിയല്ലേ? അവള് മറുനാട്ടില്‍ ജോലി ചെയ്തു മടുത്തു എന്നു തോന്നുമ്പോള്‍ ധൈര്യമായി വന്നു താമസിക്കാമല്ലോ. ആരുടേയും തീട്ടുരത്തിനു കാത്തു നില്‍ക്കാതെ. പോരാത്തതിനു സാഹിത്യത്തിലും അല്‍പ്പം അസ്കിതയുള്ള കൂട്ടത്തിലല്ലേ ഊര്‍മ്മിള. അവളുടെ എഴുത്തിനും ഈ മണ്ണു തന്നെയാണു നല്ലത്”
വല്യേട്ടന്റെ ഉത്തരവ് ആര്‍ക്കും എതിക്കാന്‍ ധൈര്യമുണ്ടായില്ല. എതിര്‍ത്തിട്ട് വലിയ കാര്യവുമില്ല. അങ്ങനെയാണ് തറവാട് തന്റെ പേര്ക്കാവുന്നത്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വല്യേട്ടന് പറഞ്ഞത് വാസ്തവമാണ്. തറവാടിന്റെ ഓരോ മുറിയും തനിക്ക് ഗൃഹാതുരസ്മൃതികളുടെ തുരുത്താണ്. നീളന്‍ വരാന്തയില്‍ സദാ ഓടിക്കളിക്കുന്ന കുട്ടികളുടെ ശബ്ദകോലാഹലം. ആഘോഷങ്ങളുടെ കാലമായിരുന്നു തറവാട്ടിലെന്നും. തിരുവാതിരക്കും വിഷുവിനും ഓണത്തിനും എല്ലാം ബന്ധു ജനങ്ങള്‍ ഒത്തു ചേരുക പതിവായിരുന്നു. വടക്കിനിയിലും തെക്കിനിയിലും ഒക്കെയായി നിലത്ത് പായ് വിരിച്ചാണ് എല്ലാവരും രാത്രി ഉറങ്ങാറ്. കഥ പറച്ചിലും അക്ഷരശ്ലോകം ചൊല്ലലും. നായാട്ടില്‍ കമ്പക്കാരനായ ചെറിയച്ഛന്റെ വീമ്പു പറച്ചിലും ഒക്കെയായി ഒത്തു കൂടലുകള്‍ അനവധി. തറവാടിന്റെ മുകള്‍ നിലയില്‍ മൂന്നു മുറികളാണുള്ളത്. തെക്കേയറ്റത്തെ മുറിയില്‍ സദ്യവട്ടം ഒരുക്കാനുള്ള ചെമ്പു പാത്രങ്ങളും വാര്‍പ്പും സൂക്ഷിച്ചിരുന്നു. വടക്കേയറ്റത്തെ മുറിയില്‍ വല്യമ്മാമയുടെ അകന്ന ബന്ധത്തിലുള്ള ഒരു അമ്മാവനായിരുന്നു താമസം. ശ്രീധരന് മാമ. വിവാഹം കഴിച്ചിട്ടില്ല. ഏറെ നാള് കൊളബിയയിലായിരുന്നു. കുറെ നാള് ജോലി ചെയ്തു കാശൊക്കെ ഉണ്ടാക്കി തിരിച്ചു വന്നു. നോക്കാനും കാണാനും ആരുമില്ലാതെ വന്നപ്പോള്‍ വല്യമ്മാമയുമായുള്ള ബന്ധത്തിന്റെ അധികാരം വച്ച് തറവാടിന്റെ മുകളിലെത്തെ വടക്കേ മുറിയില്‍ സ്വയം അഭയം തേടി. പുറത്ത് അധികമാരുമായും ബന്ധമില്ല. മര്‍ഫിയുടെ ഒരു പഴയ റേഡിയോയുണ്ട്. അത് സദാ തുറന്നു വച്ചിരിക്കും. പഴയ ഹിന്ദിപാട്ടുകളും ഗസലുകളുമൊക്കെ മിക്കവാറും കേള്‍ക്കാം. പോത്തിറച്ചിയോടാണു പ്രിയം. തറവാട്ടില്‍ മാംസവിഭവങ്ങള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ എന്നും വൈകീട്ട് അങ്ങാടിയില്‍ പോകും മുബാറക് ഹോട്ടലില്‍ പോത്തിറച്ചി തിന്നാന്‍. പകല്‍ മുറിയില്‍ തന്നെ ഒതുങ്ങി കൂടും. പിന്നെ ആകെയുള്ള ഹോബി പുകവലിയാണ്. മുകളിലത്തെ മുറിയില്‍ നിന്ന് കെട്ടു കണക്കിനു ബീഡി വലിച്ചു തള്ളുന്ന പുക പുറത്തേക്കു വരുന്നതു കാണാം. പാതി തുറന്നിട്ട ജനല്പാളിയിലൂടെ ബീഡിച്ചാരം ധൂളികള്‍ പോലെ കാറ്റില്‍ പറന്നു നടക്കുന്നതും പതിവ് കാഴ്ചയായിരുന്നു.
മൂന്നാമത്തെ മുറി മധ്യഭാഗത്തുള്ളതാണ്. തനിക്കൊരിക്കലും മറക്കാന്‍ കഴിയാത്ത മുറി. അപ്പച്ചിയുടെ മകന് വിനയേട്ടന്റെ പഠനമുറിയായിരുന്നു അത്. വിനയേട്ടന് തന്നെ വല്യ ഇഷ്ടമായിരുന്നു. അപ്പച്ചി എന്തു വച്ചുണ്ടാക്കികൊടുത്താലും ഒരു പങ്ക് വിനയേട്ടന് തനിക്ക് സ്വകാര്യമായി തരുമായിരുന്നു. എന്തോ ഒരു പ്രത്യേക സ്നേഹവും അടുപ്പവും നിര്‍വചിക്കാന്‍ കഴിയാത്ത ഒരു ആത്മബന്ധം. വക്കീല്‍ പരീക്ഷക്കു പഠിക്കുകയായിരുന്ന വിനയേട്ടന്റെ മുറിലേക്ക് ഒരിക്കല്‍ നാലുമണി പലഹാരവുമായി കടന്നു ചെന്ന തന്നെ വിനയേട്ടന് തികഞ്ഞ സ്നേഹവായ്പ്പോടെ മാറോട് ചേര്‍ത്തമര്‍ത്തി.
” പരീക്ഷ കഴിയാറായി. ജോലിയാകുമ്പോള്‍ നിന്നെ ഞാന്‍ കെട്ടിക്കോട്ടെ സുന്ദരിപ്പെണ്ണേ?”
അതു ചോദിച്ച് വിനയേട്ടന് തന്റെ കവിളിലും മൂര്‍ദ്ധാവിലും തെരു തെരെ ചുംബിച്ചു. അപ്രതീക്ഷിതമായിരുന്നു അത് എങ്കിലും അന്നോളം അനുഭവിച്ചിട്ടില്ലാത്ത ഒരു പുതിയ മൃദുല വികാരം മിന്നല്‍പ്പിണര്‍ പോലെ ദേഹമാസകലം പടര്‍ന്നു. കരുത്തിന്റെയും സുരക്ഷയുടേയും കരങ്ങള്‍ തനിക്കു ചുറ്റും പ്രഭാവലയം തീര്‍ക്കുന്നത് തിരിച്ചറിഞ്ഞു.
വിനയേട്ടന് ഇപ്പോള്‍ എവിടെയാണോ ആവോ? ഹയര്‍ സ്റ്റഡീസിനു ലണ്ടനില്‍ പോയതറിഞ്ഞു. പിന്നീട് നാട്ടിലേക്ക് വന്നിട്ടേയില്ല എന്നാണു കേട്ടത്.
” ഊര്‍മ്മിളേ…”
സുമംഗല ചിറ്റയുടെ വിളി. ഊര്‍മ്മിള വിവിധ വികാരങ്ങള്‍ നിറഞ്ഞ മനസുമായി വര്ത്തമാനകാലത്തിലേക്കെത്തി.
തറവാടു കാണാന്‍ വരുന്നവര്‍ക്കെല്ലാം നാലുകെട്ടും പടിപ്പുരയുമൊക്കെ കാണുമ്പോള്‍ ഒറ്റ ആശയേ മനസില്‍ വരാറുള്ളു എന്നു തോന്നുന്നു. ഒരു റിസോര്‍ട്ട് പണിയുക. നാലുകെട്ടും പടിപ്പുരയും അതേപടി നിലനിര്‍ത്തുന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. ഒരു ട്രഡീഷണല്‍ ലുക്ക് വേണമെങ്കില്‍ അവ കൂടിയേ തീരു. എന്നാല്‍ ബാക്കിയെല്ലാം ഇടിച്ചു കളയേണ്ടി വരും. പഞ്ചനക്ഷത്ര ഹോട്ടലും റിസോര്‍ട്ടും സ്വിമ്മിംഗ് പൂളും മിനി ബാറും ഹെല്‍ത്ത് ക്ലബ്ബും ഉള്‍ക്കൊള്ളിക്കാന്‍ സ്ഥലം കണ്ടെത്താന്‍ അതേ വഴിയുള്ളു.
”എത്ര വില തരാമെന്നു പറഞ്ഞാലും ഇതു വില്ക്കാന് ഞാന്‍ ഒരുക്കമല്ല. അണ്‍ലെസ് ഓണ്‍ വണ്‍ കണ്ടീഷന്‍. ഇതില്‍ ഇടിച്ചു പൊടിക്കലോ വെട്ടിനിരത്തലോ ഒന്നും പാടില്ല. യു ഹാവ് ടു മെയിന്റയിന്‍ ദി ട്രഡീഷണലിറ്റി ആസ് സച്ച് ഇത് ഇതേപടി നില നിര്‍ത്തിയുള്ള ആര്ട്ടറേഷന്സ് മാത്രമേ പാടുള്ളു. ഇഫ് യു എഗ്രി വി ഷാല്‍ പ്രൊസീഡ് അദര്‍വൈസ് പ്ലീസ് … വി മേ ഡ്രോപ് ”
ബെന്‍സ് കാറിലെത്തി പട്ടു ജൂബയും കസവുമുണ്ടും റാഡോ വാച്ചും മുന്തിയ പെര്‍ഫ്യൂമിന്റെ സുഗന്ധവും വിതറി തറവാടിന് വില പേശാന്‍ വന്ന പണച്ചാക്കിനോട് ഊര്‍മ്മിള്ള നിഷ്ക്കരുണം പറഞ്ഞു.
മറുപടി കേള്‍ക്കാന്‍ കാത്തു നില്‍ക്കാതെ ഊര്‍മ്മിള നാലുകെട്ടിനുള്ളിലേക്കു കയറി.
” ഇന്ദിരാമേ എന്റെ പെട്ടി എടുത്തു വച്ചോളൂ. വൈകുന്നേരത്തെ ഫ്ലൈറ്റിനു എനിക്കു ബാംഗ്ലൂര്‍ക്കു തിരിച്ചു പോകണം …”
വാതില്‍ അടയ്ക്കുന്നതിനു മുമ്പ് ഊര്‍മ്മിള ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു .
സുരേഷ് മുതുകുളം
കടപ്പാട് – സായാഹ്ന കൈരളി