കഴുത്തറുക്കപ്പെട്ട
മനുഷ്യ ജന്മങ്ങൾ
തെരുവിൽ
പുതിയ ചിത്രങ്ങൾ വരക്കുന്നു..
പിച്ചിച്ചീന്തിയ
പെൺമാനങ്ങൾ
കാർമേഘങ്ങൾ തീർക്കുമ്പോൾ
മയിലുകൾ നൃത്തം ചവിട്ടുന്നു.
പശിയടക്കാൻ
കടിച്ചിറക്കിയ ഭക്ഷണത്തിന്റെ
ജാതകം നോക്കാൻ
വയറു പിളർത്തി
കുടൽമാന്തി നോക്കുന്നു..
വഴിയരികിൽ
പച്ച മനുഷ്യനെ
പച്ചക്ക്
തല്ലി
ചുടുരക്തം കൊണ്ട്
ബലിതർപ്പണം ചെയ്യുന്നു..
തിമിരം ബാധിച്ച
കണ്ണുകളിൽ
മഞ്ഞക്കണ്ണട വെച്ച്
അവർ
കവിതയെഴുതുകയാണ്.
ചിറകൊടിഞ്ഞ
കാട്ടു പക്ഷിയെ കുറിച്ച്.
പിച്ചിയെയും
മുല്ലയെയും
വർണ്ണിക്കുകയാണ്.
മഴയുടെ സംഗീതം
വരികളിൽ മുഴക്കുകയാണ്.
പ്രണയത്തിന്റെ ഭാഷയ്ക്ക്
പുതിയ നിഘണ്ടു നിർമ്മിക്കുന്ന
തിരക്കിലാണ്..
അല്ലേലും
അയലത്തെരോദനങ്ങൾ
വിരൽ വെച്ചുപൊത്തിപ്പിടിച്ച്
അകലങ്ങളിലെ
ആകാശ വർണ്ണനകൾ
തീർക്കുമ്പോഴാണല്ലോ
കവികൾ പിറക്കുന്നത്..
NANNAYITTUNDU. പെട്ടെന്ന് കഴിഞ്ഞോ എന്ന് തോന്നി POYI