അവൻ താനല്ലയോ ഇവൻ?

images-1

രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യ പറയുന്നത്.,’നിങ്ങളെ തിരക്കി പോലീസ് വന്നിരുന്നു.വന്നാലുടൻ സ്റ്റ്റ്റേഷനിലേക്ക് ചെല്ലണമെന്ന് പറഞ്ഞിട്ടുണ്ട്.ഞാനാകെ ആശയക്കുഴപ്പത്തിലായി.പാവപ്പെട്ട ഒരധ്യാപകനായ എന്നെ തിരക്കി പോലീസ് വരേണ്ട കാര്യമെന്ത്?ഇനി സ്റ്റേഷനിലോ ജയിലിലോ തടവുകാർക്ക് വല്ല ക്ളാസ് എടുക്കാനോ മറ്റോ ആയിരിക്കുമോ?
’’എന്താണ് കാര്യമെന്ന് പറഞ്ഞോ?’’
‘’അതൊന്നും പറഞ്ഞില്ല.എസ്.ഐ.ഭയങ്കര ഗൗരവത്തിലായിരുന്നു.എന്താ നിങ്ങൾ വല്ല പ്രശ്നവുമുണ്ടാക്കിയോ,സാധാരണ വരുന്നതിൽ നിന്നും വൈകുകയും ചെയ്തല്ലോ?’’ അവളുടെ സ്വരത്തിലും പരിഭ്രമം.ഞാൻ മറുപടി പറയാൻ തുടങ്ങുമ്പോഴേക്കും പുറ്ത്തു ജീപ്പ് വന്നു നിൽക്കുന്ന ശബ്ദം കേട്ടു.എസ്.ഐ.യും പോലീസുകാരുംചാടിയിറങ്ങി അകത്തേക്ക് വന്നു. ’’സാറേ,എന്നാൽ നമുക്ക് ഇറങ്ങാം.’’
എവിടെയോ ഒന്നിച്ച് കല്യണത്തിന് പോകാമെന്ന് നേരത്തെ പറഞ്ഞു വെച്ചതു പോലെയാണ് എസ്.ഐയുടെ ചോദ്യം.എങ്കിലും പോലീസുകാരോട് തർക്കിച്ചിട്ടും ഭാര്യമാരെ മര്യാദ പഠിപ്പിക്കാൻ ശ്രമിച്ചിട്ടും കാര്യമില്ലാത്തതിനാൽ ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.ഇനി ഒരു കേസുമിലെങ്കിൽ വെറുതെ കേസുണ്ടാക്കിക്കളയും.’’ചായ കുടിച്ചിട്ട് വന്നാൽ പോരേ ‘’ എന്നും ചോദിച്ചില്ല.കാരണം മറുപടി സെൻസർ ബോർഡ് അനുവദിച്ചിരിക്കുന്ന ഭാഷയിൽ തന്നെ ആയിരിക്കണമെന്നില്ലല്ലോ?
ഏതായാലും പ്രിയതമയോട് യാത്ര പറഞ്ഞ് ആ രാത്രിയിൽ ഞാൻ പോലീസ് സ്റ്റേഷനിലേക്ക് യാത്രയായി.പകൽ മാന്യനായി നടന്നിട്ട് ഇതാണ് പണി,ഏതായാലു ഞങ്ങളെ കുറെ വട്ടം കറക്കി…പോലീസുകാരുടെ ചർച്ചകൾ എന്നെപ്പറ്റിയല്ലെന്ന് വിശ്വസിക്കാൻ ഞാൻ ശ്രമിച്ചു.സ്റ്റേഷനിലേക്ക് കയറുമ്പോൾ തന്നെ നിരനിരയായും കൂട്ടം കൂടിയും നിൽക്കുന്ന ആളുകൾ..സ്വന്തം പത്രക്കാരും ഫോട്ടോഗ്രാഫർമാരും സ്വന്തം ചാനൽകാരും.. ഞങ്ങളിറങ്ങാൻ തുടങ്ങുമ്പോൾ തന്നെ ഒരു ചാനൽ റിപ്പോർട്ടർ ഓടിയെത്തി..’’പ്രതിയെന്ന് സംശയിക്കുന്ന ആളെ അതിസാഹസികമായി കീഴടക്കി പോലീസ് സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്.കേരളം കാത്തിരുന്ന അറസ്റ്റിന് ഇനി ഏതാനും നിമിഷങ്ങൾ മാത്രം…’’ അതിനിടയിൽ കിട്ടിയ സമയം കൊണ്ട് റിപ്പോർട്ടറുടെ വക ഒരു തട്ട്.
ബഹളത്തിനിടയിലൂടെ അകത്തേക്ക് കടക്കുമ്പോൾ നീളമുള്ള മൈക്കുമായി ഒരു ചാനൽ ലേഖകൻ വട്ടം ചാടി വീണു..’’ഏകദേശം എത്ര മണിയോടെ അറസ്റ്റുണ്ടാകുമെന്ന് ഒന്ന് പറയാമോ..ഞങ്ങളുടെ പ്രേക്ഷകരുമായി ആ വിവരം പങ്കുവെക്കാനാണ്..’’
‘’എല്ലാം നിങ്ങളെ അറിയിക്കാം.അൽപം കൂടി ഒന്ന് ക്ഷമിക്കൂ..’’..ആരെയെങ്കിലും ഒന്നറസ്റ്റ് ചെയ്തിരുന്നെങ്കിൽ വീട്ടിൽ പോകാമായിരുന്നു എന്ന മട്ടിൽ നിൽക്കുന്ന ലേഖകനോട് എസ്.ഐ.പറഞ്ഞു.ഉന്നത പോലീസ് ഉദ്യോഗസ്ഥനിരിക്കുന്ന മുറിയിലേക്കാണ് എന്നെ കൊണ്ടു പോയത്.പത്തു പന്ത്രണ്ടു പേർ അവിടെയിരിപ്പുണ്ട്.എല്ലാവരെയും ചോദ്യം ചെയ്തിട്ട് ഇരുത്തിയിരിക്കുകയാണെന്ന് തോന്നുന്നു.’’പേടിക്കേണ്ട,ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ രേഖാ ചിത്രവുമായി സാമ്യമുളവരെ കസ്റ്റഡിയിലെടുത്ത കൂട്ടത്തിൽ നിങ്ങളെയും വിളിപ്പിച്ചതാണ്.ഞങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി തന്നാൽ നിങ്ങൾക്ക് പോകാം’’
എന്നോട് ചോദിച്ച ചോദ്യങ്ങൾക്കെല്ലാം വ്യക്തമായി മറുപടി പറഞ്ഞതു കൊണ്ടാകാം എന്നെയും മാറ്റിയിരുത്തിയിരിക്കുന്നവരുടെ കൂടെ കൊണ്ടിരുത്തിയത്.’’സാറേ അഞ്ചാറു പേരെക്കൂടി പല ഭാഗത്തു നിന്നായി കിട്ടിയിട്ടുണ്ട്’’.എന്നു പറഞ്ഞു കൊണ്ട് എസ്.ഐ.കടന്നുവന്നതപ്പോഴാണ്,കൂടെ നാലഞ്ച് ഹതഭാഗ്യരും.
‘’ഒരു കാര്യം ചെയ്യ്,ഇവിടെയുള്ളവരെക്കൊണ്ട് വീട്ടിൽ വിട്ടേക്ക്.ഒന്നാമത് ഇവിടെ ഇരിക്കാൻ പോലും സ്ഥലമില്ല.ആൾക്കാർ പല ഭാഗത്തു നിന്നും വന്നു കൊണ്ടിരിക്കുകയുമാണ്.ഈശ്വരാ,ഇത്രയധികം രേഖാചിത്ര സാമ്യക്കാരോ..’’ അതിനിടയിൽ അന്വേഷണ ഉദ്യോഗസ്ഥൻ ആശ്ചര്യപ്പെട്ടു.
ഞങ്ങളെ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ ചാനൽകാരുടെ മുഖങ്ങളിൽ നിരാശ.എന്തൊക്കെ പ്രതീക്ഷകളായിരുന്നു.’’ഇപ്പോൾ അകത്തേക്ക് കൊണ്ടു പോയവരിൽ ആരെങ്കിലുമായാൽ മതിയായിരുന്നു..’’ സ്വലേമാർ കൂടത്തോടെ പ്രാർഥിച്ചു.
‘’സാറേ,ക്ഷമിക്കണം,ഇതൊക്കെ ഞങ്ങളുടെ ജോലിയുടെ ഭാഗമാണെന്ന് കരുതിയാൽ മതി.കൊലക്കേസുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ രേഖാചിത്രവുമായി സാറിന് നല്ല സാമ്യം തോന്നുന്നുണ്ടെന്ന് വിളിച്ചു പറഞ്ഞത് സാറിന്റെ അടുത്തുള്ള ആരോ തന്നെയാണ്.’’ എന്നെ വീടിനടുത്ത് ഇറക്കി വിടുമ്പോൾ എസ്.ഐ.പറഞ്ഞു.പരിഭ്രാന്തയായിരിക്കുന്ന പ്രിയതമയെ ആശ്വസിപ്പിക്കാൻ പാതിരാത്രിയിൽ ധൃതിയിൽനടക്കുന്നതിനിടയിൽ എന്നെ ഇത്രമേൽ സ്നേഹിക്കുന്ന ആ അയൽക്കാരൻ ആരെന്ന് ആലോചിക്കുകയായിരുന്നു ഞാൻ..

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമാറ്റമില്ലാതെ മാറ്റം
Next articleഅനശ്വരനായ ഇ.വി.
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here