പതിവിലും നല്ല തണുപ്പുണ്ട് ഇന്ന്. മൂന്നാമത്തെ ദിവസം ആയപ്പോഴേക്കും എന്റെ കാര്യം തീരുമാനായി. പനി വരാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഇന്ന് ഒരു ദിവസം ഞാൻ ഹോട്ടൽ മുറിയിൽ റസ്റ്റ് എടുക്കാമെന്ന് കരുതി. ബാക്കി ഉള്ളവന്മാർ ഇന്ന് ഏതോ മലയിൽ കേറണം എന്നൊക്കെ പറഞ്ഞു രാവിലെ പോയതാ. രാത്രി വരെ ഞാൻ തനിച്ചിരിക്കണം. ഹിമാചൽ പ്രദേശ് അങ്ങനെ നീണ്ട് നിവർന്ന് കിടക്കാണ്. ഇവിടത്തെ തണുപ്പ് എനിക്ക് തീരെ പറ്റുന്നില്ല. ജനുവരി ആയാൽ ഇനിയും കൂടുമത്രേ. എന്റമ്മോ ഇവിടെ ഉള്ളവരെ സമ്മതിക്കണം. ബോറടി മാറ്റാനായി വെറുതെ അടുത്തുള്ള കടയിൽ പോയി ചൂടുള്ള കട്ടൻചായ കുടിച്ചാലോ എന്ന് ആലോചനയിലുണ്ട്. പറഞ്ഞാൽ ചായ ഇങ്ങോട് കൊണ്ടുവന്നു തരും പക്ഷെ എത്ര നേരമെന്ന് കരുതിയാ ഇവിടെ ഒറ്റക്കിരിക്ക. ഡോർ ലോക്ക് ചെയ്ത് പതുക്കെ പുറത്തേക്കിറങ്ങി. ഷർട്ടിനു മുകളിൽ സ്വെറ്റർ ഇട്ടിട്ടും വല്യ പ്രയാജനമൊന്നുമില്ല. നാട്ടിലെ പെട്ടിക്കട പോലെ ഒരു കട അവിടെ കാണാനുണ്ട്. ചായ ഉണ്ടോ ആവോ, ആഹ് എന്തായാലും പോയി നോക്കാം.
അവിടെയും പതിവ് കാഴ്ച തന്നെ. കുറെ വൃദ്ധന്മാർ സിഗരറ്റും വലിച്ചു നാട്ടുവർത്തനവും പറഞ്ഞിരിക്കുന്നുണ്ട്. ഹിന്ദി ആയോണ്ട് എനിക്കധികമൊന്നും മനസിലാകുന്നില്ല. “ഭയ്യാ ഏക് ചായ് അയ്യോ ചായ് അല്ല കട്ടൻ ചായ്… സോറി ബ്ലാക്ക് ടീ”. കട്ടന്‍ ചായക്കു എന്താണാവോ ഹിന്ദിയിൽ പറയാ. എന്തായാലും അവിടത്തെ ചേട്ടന് കാര്യം മനസിലായി. “ഏക് മിനിറ്റ് ഭായ് സാബ് അബ്ബ് ഇതർ ബൈട്ടോ” എന്നയാൾ പറഞ്ഞു. പക്ഷെ കുറച്ചു മാറിനിന്ന് അവിടത്തെ പ്രകൃതി ഭംഗി ഒക്കെ നോക്കി നിന്നു. ലോകത്ത് ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അതിവിടെയാണ് എന്നൊരു ഡയലോഗ് കേട്ടിട്ടുണ്ട് പക്ഷെ അത് കാശ്മീർ അല്ലെ. ഇതും ഏതാണ്ട് ഒരു സ്വർഗം പോലെ തന്നെയാ.
ഒരു ബുള്ളറ്റിന്റെ ഒച്ച കേള്‍ക്കുന്നുണ്ട് ഏതെങ്കിലും സഞ്ചാരികൾ ആകും. ബുള്ളറ്റ് റൈഡ് ഇപ്പോഴത്തെ ട്രെൻഡ് ആണല്ലോ. ആ ബൈക്ക് എന്റെ അടുത്ത് വന്ന് നിർത്തി. സ്റ്റാൻഡ് ഇട്ട് അതിൽനിന്നു ഒരാൾ ഇറങ്ങി. പക്ഷെ അതൊരു സ്ത്രീ ആണല്ലോ. നമ്മുടെ നാട്ടിലെ പെൺപിള്ളേർ പോലെ അല്ല നോർത്ത് ഇന്ത്യൻസിന് ഒടുക്കത്തെ ഗട്സ് ആണ്. അവൾ എന്റെ നേർക്കാണല്ലോ നടന്നു വരുന്നത്. “Do you have a lighter”. അവൾ ചോദിച്ചു. എന്റമ്മോ സിഗരറ്റ് വലിക്കാൻ ലൈറ്റർ ചോദിക്കണല്ലോ. ഇല്ലാത്ത മട്ടിൽ തല ആട്ടിയെങ്കിലും എന്റെ വായ ഉണ്ടെന്നു ഉച്ചരിച്ചു. ഇത്ര ലുക്ക് ഉള്ള ഒരു പെൺകുട്ടി ഹെൽപ്പ് ചോദിക്കുമ്പോ എങ്ങനെ ഇല്ലെന്ന് പറയും. പക്ഷെ എന്റടുത്തു ലൈറ്റർ ഇല്ലല്ലോ! “ഇപ്പോ വരാം സോറി… 1 മിനിറ്റ്” എന്ന് പറഞ്ഞു നേരെ കടയിലേക്കു ഓടി പക്ഷെ ലൈറ്റർ കിട്ടിയില്ല തത്കാലം തീപ്പെട്ടി വാങ്ങിച്ചു അവൾക്ക് കൊടുത്തു. പുച്ഛത്തോടെ ആണോ എന്നറിയില്ല അവളുടെ മുഖത്തു ഒരു പുഞ്ചിരി ഉണ്ടായിരുന്നു. കത്തിച്ചു വലിച്ചു ഒരു നീണ്ട പുക പുറത്തേക്കിടുത്തിട്ട് അവൾ ചോദിച്ചു:
“മലയാളി ആണല്ലേ, എന്താ ഒറ്റക്ക് ഹിമാചൽ കാണാൻ ഇറങ്ങയതാണോ”. ദൈവമേ അവളൊരു മലയാളി ആണോ? ഇത്തരം സാധനങ്ങൾ നമ്മുടെ നാട്ടിലും ഉണ്ടല്ലേ എന്ന് മനസ്സിൽ പറഞ്ഞു. “ഒറ്റക്കല്ല ഫ്രണ്ട്സും ഉണ്ട്, അവർ പുറത്തേക് പോയിരിക്കാ” ഞാൻ പറഞ്ഞു. “പിന്നെന്താ താൻ പോവാത്തെ? “അവൾ ചോദിച്ചു. “എനിക്ക് ഇവിടത്തെ തണുപ്പ് അത്ര പറ്റുന്നില്ല അതോണ്ട് ഇന്ന് റെസ്റ്റാ”. ഞാൻ പറഞ്ഞു.
“എന്നാ പിന്നെ വല്ല രാജസ്ഥാനിലും പോയാ പോരെ?” കളിയാക്കി കൊണ്ടുള്ളപോലെ അവളുടെ ചോദ്യവും. എന്റെ ചായ എത്തിയിരുന്നു. അവളും ഒരു കട്ടൻചായ ഓർഡർ ചെയ്തു എന്താ അവളോട് മിണ്ടേണ്ടത് എന്നറിയാതെ നാണം കുണുങ്ങി ഞാനവിടെ നിന്നു. അവൾ ചായ ഇടത്തോണ്ട് എന്റടുത്തേക്ക് പിന്നെയും വന്നു. “സിഗരറ്റ് ഒരെണ്ണം എടുക്കട്ടേ ?” അവൾ ചോദിച്ചു. ഇത്ര വലിയ ചെക്കനായിട്ട് എങ്ങനെയാ വേണ്ടന്ന് പറയാ… പണ്ട് ഹോസ്റ്റലിൽ വല്ലോപ്പോഴുമുള്ള വലി മാത്രേ ഉണ്ടായിരുന്നുള്ളു. അങ്ങനെ ഞാനും ഒരെണ്ണം വാങ്ങിച്ചു… അവൾ തീപ്പെട്ടി കത്തിച്ചു അതിലേക്ക് നീട്ടി. കുറെ കാലത്തിനു ശേഷം കൊണ്ടാണോ എന്നറിയില്ല ഞാൻ പുക എടുത്തതും ചുമച്ചു. “ശീലമില്ലാ ലെ?” അവൾ ചോദിച്ചു ആകെ നാണക്കേടായി…മുഴുവൻ പുരുഷ വർഗത്തിനുപോലും ഞാനൊരു അപമാനമായി എന്നൊരു തോന്നൽ. ഒരു ദീർഘ പുക അകത്തേക് എടുത്ത് വലിച്ചതിനു ശേഷം കട്ടൻചായ പതുക്കെ കുടിച്ചുകൊണ്ടുള്ള അവളുടെ സ്റ്റൈൽ എനിക്കൊരുപാട് ഇഷ്ടായി. എന്തേലും ചോദിക്കണലോ എന്നുള്ളതോണ്ട്” നാട്ടിൽ എവിടെയാ? ” ഞാൻ ചോദിച്ചു” നാട് തൃശൂർ ബട്ട് ഇപ്പോ ഡൽഹി സെറ്റില്‍ഡ്” അവൾ പറഞ്ഞു.
അവൾ പുക കൊണ്ട് വൃത്തങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കുന്നു. പണ്ട് പലവട്ടം ശ്രമിച്ചിട്ടും എനിക്ക് കഴിയാത്തത് അവളിതാ പുല്ലുപോലെ ചെയുന്നു. “ഈ പരിപാടി എനിക്കൊന്ന് പഠിപ്പിച്ചു താരോ”? ഞാൻ ചോദിച്ചു. “അതിനെന്താ ഇത് എളുപ്പല്ലേ” എന്ന് പറഞ്ഞു അവളെന്നെ അത് പഠിപ്പിച്ചു തന്നു. അങ്ങനെ കുറച്ച്നേരം സിഗററ്റിനെ കുറിച്ചും അതിനോടൊപ്പമുള്ള കട്ടൻ ചായയെ പറ്റിയും ഞങ്ങൾ സംസാരിച്ചു. “എങ്കിൽ ശെരി എനിക്ക് പോകാൻ സമയമായി” എന്ന് അവൾ പറഞ്ഞു ബൈക്കിലേക്ക് കയറി.
“ഇവിടെ അടുത്ത് നല്ലൊരു തടാകം ഉണ്ട് താല്പര്യം ഉണ്ടെങ്കിൽ നമുക്കൊന്ന് പോയിട്ട് വരാം” അവൾ പറഞ്ഞു. ഞാനെന്ത് മനസ്സിൽ വിചാരിച്ചോ അതു തന്നെ അവൾ ഇങ്ങോട് ചോദിച്ചു. പിന്നെ ഒന്നും നോക്കിയില്ല ചാടി കയറി പുറകിൽ ഇരുന്നു. ആദ്യായിട്ടാ പെന്‍പിള്ളാരുടെ ബാക്കിൽ കേറി പോണത്. ഫ്രണ്ട്‌സ് ആരേലും കണ്ട കളിയാക്കി കൊല്ലും. നല്ല കാറ്റ് അടിക്കുന്നുണ്ട് തണുത്തു വിറച്ച് ഐസ് പോലെയായി. തല താഴ്ത്തി കണ്ണടച്ചു ഒരുവിധത്തിൽ ഇരുന്നു. ഏതോ ഒരു മലമുകളിലേക്ക് ബൈക്ക് കൊണ്ടുപോകുന്നുണ്ട്. ആ പ്രദേശത്തൊനും ഒരാളുപോലുമില്ല. അവളെന്നെ തട്ടിക്കൊണ്ടുപോവാണോ? വല്ല നക്സലേറ്റോ അതോ തീവ്രവാദി മറ്റും ആകുമോ? ഏയ് കണ്ടിട് അങ്ങനത്തെ ഒരു ലൂക്കൊന്നുമില്ല. വണ്ടി നിർത്തി, ഞങ്ങൾ ഇറങ്ങി. “ഇവിടെ എന്താ കാണാൻ ഉള്ളേ?” ഞാൻ ചോദിച്ചു. “വാ കാണാനുള്ളതൊക്കെ വരുന്നതല്ലേ ഉള്ളു ” അവൾ പറഞ്ഞു. എന്തോ അർഥം വച്ചിട്ടുള്ള സംസാരം പോലെ തോന്നി. ദൈവമേ ഇനി ശരിക്കും കുഴപ്പക്കാരി ആണോ? ഇനിപ്പോ രക്ഷയില്ല, പിന്നാലെ നടക്കാൻ തീരുമാനിച്ചു. പച്ചയോടൊപ്പം ചുവപ്പ് കലർന്ന നിറങ്ങളുള്ള മരങ്ങൾക്കിടയിലൂടെ അവൾ ഓടി മറഞ്ഞു. വല്ല വട്ടും ആണോ ഇവൾക്കിനി?. ഞാനും പുറകെ ഓടി. “ഹോയ് ഐആം ഹിയർ” എന്ന് പറഞ്ഞു അവൾ അലറുന്നുണ്ടായിരുന്നു. എന്റെ മുന്നിലുള്ള ഇലകളെ തട്ടിമാറ്റി മുന്നോട്ട് നോക്കി… ഞാൻ ഏതോ സ്വപ്നങ്ങളിൽ കാണുന്നത്പോലത്തെ ഒരിടത്തു വന്നെത്തിയിരിക്കുന്നു. ഹിമാചലിലെ പ്രസിദ്ധമായ നാകോ തടാകം ആണത്. ഭൂമിയിലെ സ്വർഗം കാശ്മീർ ആണെന്ന് പറയുന്നവർ ഇവിടെ വന്ന് ഈ ദൃശ്യം കണ്ടിട്ടുണ്ടാകില്ല. ശരിക്കും ഞാൻ ഇത്രകാലം കണ്ടതിൽ വച്ചുള്ള ഏറ്റവും മനോഹരമായ സ്‌ഥലം. ഇത് തന്നെയാണ് സ്വർഗ്ഗം. ആകാശത്തിന്റെ നിറമുള്ള തടാകം, ചുറ്റും ചുവപ്പും മഞ്ഞയും നിറമുള്ള മരങ്ങൾ, വെള്ളത്തിനടിയിലൂടെ തടാകത്തിന്റെ ഉൾഭാഗം വ്യക്തമായിരുന്നു. “തനിക്ക് എങ്ങനെ അറിയാം ഈ സ്‌ഥലത്തെ കുറിച്ച്? ഇതിന്റെ ശരിക്കുള്ള സൗന്ദര്യം ഇവിടെ നിന്നാണെന്ന് എങ്ങനെ മനസ്സിലായി?” ഞാൻ ചോദിച്ചു. “ഞങ്ങൾ പണ്ട് എല്ലാ വർഷവും വന്നിരുന്ന സ്ഥാലമായിരുന്നു ഇത്. ജോണിനു ലോകത്ത് ഏറ്റവും ഇഷ്ടമുള്ള സ്‌ഥലം ഇവിടെയാ”. അവൾ പറഞ്ഞു. അവളുടെ കണ്ണ് നിറഞ്ഞിരുന്നു. ജോൺ ആരാണെന്ന് ഞാൻ ചോദിച്ചില്ല. കാമുകനോ,ഭർത്താവോ അല്ലെങ്കിൽ അനുജനോ ആയിരിക്കാം. വെറുതെ ചോദിച്ചു വിഷമിപ്പിക്കണ്ട. അവൾ പാറയുടെ മുകളിൽ നിന്ന് വെള്ളത്തിൽ കാലിട്ടു ഇരുന്നു. ഞാനും അടുത്ത് പോയിരുന്നു. അവിടത്തെ തണുപ്പ് അപ്പോഴും എന്നെ വിട്ട് പോയിരുന്നില്ല. എന്റെ കയ്യ് വിറക്കുന്നുണ്ടായിരുന്നു. അവൾ എന്റെ കയ്യ് ചേർത്ത് പിടിച്ചു. അവളുടെ ശിരസ്സ് എന്റെ തോളോടുതോൾ ചേർത്ത് വച്ച് കിടന്നു. എത്ര സമയമായി എന്നറിയില്ല പക്ഷെ ആ സ്വർഗഭൂമിയിൽ എത്ര നേരം വേണമെങ്കിലും ഇരിക്കാം. ഞാൻ അവളുടെ ജോൺ അല്ല എന്ന തിരിച്ചറിവ് പെട്ടെന്ന് വന്നതുകൊണ്ടാവാം അവൾ ശിരസ്സ് മാറ്റി കണ്ണുകൾ കയ്യുകൊണ്ട് തുടച്ചു. “സമയം ഒരുപാടായി നമുക്കു പോയാലോ” ഞാൻ പറഞ്ഞു. എന്നെ ആ ചായക്കടയിൽ തന്നെ കൊണ്ടുവന്നു ഇറക്കി. “Thankyou…Thankyou for all”. എന്ന് മാത്രം പറഞ്ഞു അവൾ യാത്ര തുടർന്നു.
ഇത്ര നേരം ഒരുമിച്ച് ഉണ്ടായിട്ടും ഞങ്ങൾ പേരുപോലും പരസ്പരം ചോദിച്ചില്ല. വീണ്ടുമൊരു കട്ടൻചായയും ഒപ്പം അവളെപോലെ അതിനൊപ്പം സിഗരറ്റും വലിച്ചു എവിടെനിന്ന് തുടങ്ങിയോ അവിടെ തന്നെ വീണ്ടും ഇരുന്നു. ഇതുവരെ ഇല്ലാത്ത ഒരു രുചി ആ ചായക്ക് അപ്പോഴുണ്ടായിരുന്നു. റൂമിൽ തിരിച്ചെത്തിയ എന്നോട് കൂട്ടുകാർ ഒരു ദിവസം വെറുതെ കളഞ്ഞെന്ന് പറഞ്ഞു കളിയാക്കിയിരുന്നേലും ഞാൻ പുഞ്ചിരിയോടെ അവർക്കുള്ള മറുപടി കൊടുത്തു.
Good work.. Fine detailing… try to avoid major spelling mistakes..