അമ്മേ, അമ്മയ്ക്ക് സുഖമാണോ?
അടുത്തിടെ പണി പൂര്‍ത്തിയാക്കിയ, സിമന്‍റ് മാത്രം തേകിയ, ആ കൊച്ചു വീടിന്‍റെ പൂമുഖത്ത് തൂക്കിയ ഇരുപതുകാരിയുടെ ഫോട്ടോ മുറ്റം അടിച്ചു വാരുകയായിരുന്ന അമ്മയോടു ഒരുനാള്‍ ചോദിച്ചു.പക്ഷെ അമ്മ അത് കേട്ടില്ല.മനസ്സ് ചോദിക്കുന്നത് മറ്റാര്‍ക്കും കേള്‍ക്കാന്‍ സാധിക്കില്ലല്ലോ.ജീവനില്ലെന്നു നമ്മള്‍ കരുതുന്ന ചിത്രങ്ങള്‍ക്കു പക്ഷെ ജീവനുള്ള മനസ്സുണ്ട്.
മാസങ്ങള്‍ക്ക് മുമ്പാണ് ആ കുടുംബത്തിന്‍റെ വിളക്കായിരുന്ന ശ്രീജ എന്ന, ഫോട്ടോയില്‍ ചിരിച്ച മുഖത്തോടെ ഇരിക്കുന്ന ആ പെണ്‍കുട്ടി, ദാരുണമായി കൊല്ലപ്പെട്ടത്.ഓടുന്ന ട്രെയിനില്‍ നിന്ന് താഴെ കുറ്റിക്കാട്ടില്‍ വീണ്, അവിടെ മാനഭംഗത്തിനിരയായി, മൂന്നാംപക്കം ഹോസ്പിറ്റലിലെ ശീതീകരിച്ച മുറിയിലെ യന്ത്രസംവിധാനങ്ങളോട് മല്ലിട്ട് എന്നന്നേയ്ക്കുമായി വിട പറഞ്ഞ ജീവന്‍.അതെ. ഇന്നവള്‍ പക്ഷെ സുരക്ഷിതയാണ്. ആ ചില്ലിട്ട ചിത്രമായി…………. ആര്‍ക്കും, കാറ്റിനു പോലും,തൊടാനാവാതെ…………
ആരും കേള്‍ക്കുന്നില്ല എന്നറിയാമെങ്കിലും അവള്‍ കാണുന്നവരോടെല്ലാം ഓരോരോ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു,അമ്മയോട്,അനിയനോട്,ഇടയ്ക്കിടെ വിവരങ്ങള്‍ തിരക്കാനെത്തുന്ന കൂട്ടുകാരികളോട്, നാട്ടുകാരോട്………………… പക്ഷെ ആര്‍ക്കും അവളുടെ മനസ്സ് വായിക്കാനുള്ള കഴിവില്ലായിരുന്നു. എങ്കിലും ചോദിക്കാതിരിക്കാന്‍ അവള്‍ക്കു കഴിയുമായിരുന്നില്ല……….
അമ്മയ്ക്ക് വിഷമമുണ്ടോ, ഞാന്‍ ഇല്ലാത്തതിനാല്‍? :ഒരു വൈകുന്നേരം, വരാന്തയുടെ അറ്റത്ത്,ആകാശത്തെ നക്ഷത്രങ്ങള്‍ക്കിടയില്‍ മകളെ തിരഞ്ഞു കൊണ്ടിരുന്ന, അമ്മയോട് അവള്‍ ചോദിച്ചു.
താന്‍ പോയതിനു ശേഷം ഒരിക്കലും അവള്‍ അമ്മയെ ചിരിച്ചു കണ്ടിട്ടില്ല. സദാ മൂകഭാവം. ചിലപ്പോഴൊക്കെ ഒറ്റയ്ക്കിരുന്നു കരയുന്നതും കാണാറുണ്ട്…..അപ്പോഴൊക്കെ അമ്മയെ ആശ്വസ്സിപ്പിക്കണം എന്നു തോന്നുമെങ്കിലും, ഇപ്പോള്‍ തനിക്കതിനുള്ള കഴിവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ പിന്തിരിയും. പിന്നെ ഒറ്റയ്ക്കിരുന്നു കരയും, തനിക്കും കുടുംബത്തിനും സംഭവിച്ച ദുരന്തം ഓര്‍ത്ത്…………
ഉണ്ട്. പറയാതെ തന്നെ എനിക്കറിയാം. എന്ത് ചെയ്യാനാ,അമ്മേ? അങ്ങനെ സംഭവിച്ചു പോയി……..: അവളുടെ വാക്കുകള്‍ വിറച്ചു. കുറച്ചു നേരത്തേക്ക് പിന്നെ,അവള്‍ ഒന്നും പറഞ്ഞില്ല.
അങ്ങനെ സംഭവിച്ചു പോയി……..: സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് അവള്‍ തുടര്‍ന്നു: സാരമില്ല,അമ്മേ……. അമ്മയ്ക്കിനി രാജുമോനുണ്ടല്ലോ. അവന്‍ അമ്മയെ പൊന്നു പോലെ നോക്കും. എനിക്കറിയാം,അവനു അമ്മ എന്ന് വെച്ചാല്‍ ജീവനാണ്: ശ്രീജ പറഞ്ഞു. അനിയന്‍ രാജേഷിനെ അവള്‍ കുഞ്ഞുന്നാള്‍ മുതലേ അങ്ങനെയാണ് വിളിക്കാറ്……. രണ്ടു വയസ്സിന്‍റെ ഇളപ്പമേയുള്ളൂ അവന്.
അമ്മ ഇടയ്ക്കിടെ റോഡിലേക്ക് നോക്കുന്നത് അവള്‍ കണ്ടു. നേരം ഇരുട്ടിയിട്ടും,ജോലി കഴിഞ്ഞെത്താത്ത രാജെഷിനെയാണ് അമ്മ നോക്കുന്നതെന്ന് അവള്‍ക്കു മനസ്സിലായി. കുടുംബത്തിന്‍റെ അവസ്ഥ കണ്ട്,കഴിഞ്ഞ മാസമാണ്,രാഷ്ട്രീയ നേതാക്കള്‍ ഇടപ്പെട്ട് രാജേഷിനു ജോലി ശരിയാക്കിയത്……….തനിക്കു രണ്ടു വയസ്സുള്ളപ്പോള്‍,അച്ഛന്‍ മരിച്ചതിനുശേഷം, അമ്മ കഷ്ടപെട്ടാണ് തങ്ങള്‍ രണ്ടുപേരെയും വളര്‍ത്തിയത്. പ്ലസ്ടുവും കമ്പ്യുട്ടറും കഴിഞ്ഞ്,തനിക്ക് നഗരത്തില്‍ കിട്ടിയ ചെറിയ ജോലിയാണ് കാര്യങ്ങള്‍ ഒരു വിധം പച്ച പിടിപ്പിച്ചത്. അതെല്ലാം ഓര്‍ത്തപ്പോള്‍,നിറം മങ്ങി തുടങ്ങിയ ആ ചിത്രത്തിനു പിന്നിലിരിക്കുമ്പോഴും അവളുടെ നെഞ്ച് പിടച്ചു.
ദൂരെ,റോഡില്‍ നിന്ന് വീട്ടിലേക്കുള്ള ചെമ്മണ്‍ പാതയിലൂടെ രാജേഷ് നടന്നു വരുന്നത് കണ്ടപ്പോളാണ് അമ്മ വരാന്തയില്‍ നിന്ന് മുറ്റത്തേക്കിറങ്ങിയത്. അത് കണ്ടപ്പോള്‍ അവളുടെ കണ്ണുകള്‍ ചെറുതായൊന്നു തിളങ്ങി. പണ്ട് വൈകുന്നേരങ്ങളില്‍ താന്‍ സ്കൂളില്‍നിന്ന് വരുമ്പോള്‍, പതിവായി കൊണ്ടു വരുന്ന നാരങ്ങ മിട്ടായിക്ക് വേണ്ടി, റോഡിലേക്കും നോക്കി ഇരിക്കാറുണ്ടായിരുന്ന പത്തു വയസ്സുകാരന്‍റെ ചിത്രമാണ് അവളുടെ മനസ്സില്‍ അപ്പോള്‍ തെളിഞ്ഞത്.
അമ്മേ, ചെക്കന് പൊടി മീശയൊക്കെ വന്നല്ലോ………… വലിയ ആണുങ്ങളെ പോലെയായിട്ടുണ്ട്………….: തന്‍റെ മുമ്പില്‍കൂടി അകത്തേയ്ക്ക് കയറി പോകുന്ന അനിയനെ നോക്കിക്കൊണ്ട്, അഭിമാനത്തോടെ അവള്‍ അമ്മയോട് പറഞ്ഞു. എവിടെ നിന്നോ ഒരു തേങ്ങലിന്‍റെ ശബ്ദം കേട്ടത് പോലെ തോന്നിയപ്പോള്‍,വാതില്‍ക്കല്‍ എത്തിയ അമ്മ തിരിഞ്ഞു നോക്കി. അവിടെയെങ്ങും ആരുമുണ്ടായിരുനില്ല…………. ഇനി തോന്നിയതാണോ ?ഒരു നിമിഷം ശങ്കിച്ചു നിന്ന് അമ്മ അകത്തേക്ക് നടന്നു.
അമ്മയ്ക്കറിയാമോ, കുറച്ചു മുമ്പ് ഞാനാ കരഞ്ഞത്. എന്തിനാണെന്നോ? ജോലി കിട്ടി കഴിഞ്ഞാല്‍ ആദ്യം, എനിക്ക് ഒരു പുതിയ സാരി വാങ്ങിച്ച തരണമെന്ന് ഞാന്‍ ഇവനോട് പറഞ്ഞിരുന്നു. പക്ഷെ ഇപ്പൊ…………… അതോര്‍ത്തപ്പോ………….: അല്പം കഴിഞ്ഞപ്പോള്‍, പൂമുഖത്തെത്തിയ അമ്മയോട് അവള്‍ പറഞ്ഞു, പിന്നെ ഏങ്ങലടിച്ചു കരഞ്ഞു.
ട്രെയിനില്‍ നിന്ന് വീണ ആ വീഴ്ച…….. അത് ഓര്‍ക്കുമ്പോഴൊക്കെ അവളുടെ കണ്ണുകളില്‍ ഭീതി നിറയും. ജോലി കഴിഞ്ഞ് വീട്ടിലേക്കു വരുന്ന വഴി, സിഗ്നല്‍ കിട്ടാതെ, സന്ധ്യാ സമയത്ത്,ട്രെയിന്‍ ഏതോ വിജനമായ സ്ഥലത്ത് നിന്നതും, മുന്നോട്ടെടുക്കുന്ന സമയത്ത്,കറുത്തു മെലിഞ്ഞ ഒരാള്‍ കയ്യിലുള്ള ബാഗ് തട്ടി പറിച്ച് പുറത്തേയ്ക്ക് ചാടിയതും,അയാളെ പിടിക്കാനുള്ള ശ്രമത്തിനിടയില്‍ താഴെ കുറ്റിക്കാട്ടിലേക്ക് വീണതും മാത്രം ഓര്‍മയുണ്ട്. ആ സമയം പുറകില്‍ എന്തൊക്കെയോ ബഹളം കേട്ടു. പക്ഷെ ആരും സഹായത്തിനെത്തിയില്ല. ഓര്‍മ വന്നപ്പോള്‍ ഏതോ ആശുപത്രിയിലാണ്. ഇടയ്ക്കിടെ വരുന്ന ജീവന്‍ പറിഞ്ഞുപോകുന്ന വേദന…………… മരുന്നുകള്‍……… ഇപ്പോഴും ആ വേദന കാരണം അവള്‍ ഇടയ്ക്കിടെ പുളയാറുണ്ട്. അപ്പോഴൊക്കെ വാവിട്ടു കരയും. ആ സമയങ്ങളിലൊക്കെ എന്തിനെന്നറിയാതെ അവളുടെ അമ്മ അസ്വസ്ഥയാകും.
ശ്രീജയുടെ വലിയ ആഗ്രഹമായിരുന്നു, സ്വന്തമായി ഒരു കൊച്ചു വീട് എന്നത്. അതിനു വേണ്ടി അധിക സമയം ജോലി ചെയ്ത് അവള്‍ കഷ്ടപ്പെടുകയും ചെയ്തു. പക്ഷെ പണി പൂര്‍ത്തിയാകും മുമ്പേ അവള്‍ പോയി. പിന്നീട് അവളുടെ ആഗ്രഹം സാധിപ്പിക്കുന്നതിനായി, പലരുടെയും സഹായം കൊണ്ട്, അടുത്തിടെയാണ് പണി തീര്‍ത്തത്. പക്ഷെ,വീട്ടില്‍ നിത്യ സാന്നിധ്യമായി എന്നും അവള്‍ ഉണ്ടാവണം എന്നത് അമ്മയുടെയും രാജേഷിന്‍റെയും ആഗ്രഹമായിരുന്നു. അങ്ങനെയാണ് പൂമുഖത്ത് അവളുടെ പടം തൂക്കിയതും, വീടിന് ശ്രീനിലയം എന്ന് പേരിട്ടതും.
രണ്ടു ദിവസ്സം കഴിഞ്ഞുള്ള ഒരു പുലര്‍കാലത്ത്, ഉറക്കം വിട്ടെഴുന്നേറ്റു വന്ന അമ്മയോട്, ഭീതിയോടെ, പരിഭ്രാന്തയായി, അവള്‍ പറഞ്ഞു: അമ്മേ, അമ്മയറിഞ്ഞോ,ആ പിശാച് ജയില്‍ ചാടി,ഇന്നലെ രാത്രി………..
വല്ലപ്പോഴും മാത്രം അതിലെ വരുന്ന ചരക്കു ലോറിയില്‍ കയറി,ആ മലമ്പ്രദേശത്ത് വന്നിറങ്ങുമ്പോള്‍ ആ കറുത്ത് മെലിഞ്ഞ അലസവേഷധാരി അസ്വസ്ഥനായിരുന്നു.
ജയില്‍ചാടിയ വാര്‍ത്ത ഇപ്പോള്‍ പത്രങ്ങളിലും ചാനലുകളിലും എല്ലാം വന്നു കാണുമല്ലോ എന്നയാള്‍ ഓര്‍ത്തു. പക്ഷെ ഈ പട്ടിക്കാട്ടില്‍ അക്ഷരാഭ്യാസമുള്ളവര്‍ വിരലിലെണ്ണാവുന്നവരെയുള്ളൂ. ഒരു ക്ലിനിക്കോ സ്കൂളോ അവിടെയില്ല. അത്രയ്ക്ക് അവികസിതമായ,തോട്ടം തൊഴിലാളികളോ, ചെറിയ കര്‍ഷകരോ മാത്രം ഉള്ള ഒരു കുഗ്രാമം. ഇവിടെ നിന്നാണല്ലോ താന്‍ കുറ്റകൃത്യങ്ങളുടെ ബാലപാഠം തുടങ്ങിയതും………… തന്റെ സ്വന്തം ഗ്രാമം…………. ഒരു പോലീസും തേടി വരാന്‍ ധൈര്യപ്പെടാത്ത സേഫ് സോണ്‍……………. അതോര്‍ത്തപ്പോഴേ ജയന്തന്‍റെ ചുണ്ടുകളില്‍ ചിരി വിടര്‍ന്നു.
വളരെ ചെറുപ്പത്തിലെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട, ഇപ്പൊഴും ഒറ്റത്തടിയായ, അയാള്‍ തന്‍റെ പഴയ വീട് ലക്ഷ്യമാക്കി റോഡില്‍നിന്ന് താഴേയ്ക്ക് ഇറങ്ങി പോകുന്ന വിജനമായ പാതയിലൂടെ നടന്നു.
പെണ്ണും പണവും എക്കാലവും ഒരു ദൗര്‍ബല്യമായിരുന്നു, ഈ ജയന്തന്. അതിനു വേണ്ടി ചെയ്യാത്ത അക്രമങ്ങളില്ല. ആരും പക്ഷെ എതിര്‍ക്കാന്‍ ധൈര്യപ്പെട്ടിട്ടില്ല. പോരാത്തതിന് ലോക്കല്‍ പോലീസിലെ സുഹൃത്തുക്കളുടെ സഹകരണവും………….. കരിമ്പിന്‍ തോട്ടങ്ങളില്‍ പണിക്കു വരുന്ന ഇത്തിരി പോന്ന പെമ്പിള്ളേരിലായിരുന്നു തുടക്കം. അങ്ങനെ എത്രയോ പേര്‍…….. വെളുത്തു തുടുത്ത, സുന്ദരിയായ, മേരി എന്ന മുപ്പതുകാരി ആയിരുന്നു അവസാനത്തെ ഇര. സ്വല്‍പം കൃഷിയും തയ്യല്‍പണിയുമൊക്കെ ചെയ്തു കഴിയുകയായിരുന്നു അവര്‍. ബലാത്സംഗ ശ്രമത്തിനിടെ, കല്ല്‌കൊണ്ടുള്ള ഇടിയേറ്റു മരിച്ചു. ആ കേസ്, അവരെ രക്ഷിക്കാനായി ആ സമയത്തു വന്ന അവരുടെ മനോരോഗിയായ ഭര്‍ത്താവിന്‍റെ തലയിലുമായി. ആ സംഭവത്തിനു ശേഷം ഇവിടെ ഇപ്പോഴാണ് കാലു കുത്തുന്നത്.
നാടു വിട്ടശേഷം പലയിടത്തും അലഞ്ഞു. അവസാനം മധുരയിലെയും കോയമ്പത്തൂരിലെയും സുഹൃത്തുകളുടെ സഹവാസം, ജീവിതം. അങ്ങനെയാണ് ട്രെയിനിലെ മോഷണത്തിലെക്കു തിരിഞ്ഞത്. അതിനിടയിലാണ് അവള്‍……………………..
ഇരുട്ട് വീണു തുടങ്ങിയ ആ വൈകുന്നേരം, മലയിടുക്കിലുള്ള തമിഴന്മാരുടെ വാറ്റു കേന്ദ്രത്തില്‍നിന്ന്,ഇറങ്ങുമ്പോള്‍ ജയന്തന്‍ ഉന്മേഷവാനായിരുന്നു. ചുണ്ടില്‍ മൂളിപ്പാട്ടിന്‍റെ സംഗീതം, എരിയുന്ന ബീഡി………..ഇടയ്ക്കൊക്കെ കണ്ണ് മങ്ങുന്നത് പോലെ തോന്നി. ചെങ്കുത്തായി വെട്ടിയ ആ കാട്ടുവഴിയില്‍കൂടി മലയിറങ്ങുമ്പോള്‍, പക്ഷെ അയാള്‍ക്ക് ഒരിക്കല്‍പോലും കാലു വിറച്ചില്ല. പോലീസ് ഉടനെ തേടിയെത്താനിടയുണ്ടെന്ന് ലോക്കല്‍ സ്റ്റേഷനിലെ കോണ്‍സ്ടബിള്‍ സത്യനേശന്‍ ഉച്ചയ്ക്ക് പറഞ്ഞിരുന്നു. നാട് മുഴുവന്‍ ചര്‍ച്ചയായ കേസാണ്. തല്‍ക്കാലം മാറി നില്‍ക്കുന്നതാണ് ബുദ്ധിയെന്നു അയാള്‍ക്കും തോന്നി. അടുത്തുള്ള ചന്തയില്‍ മാടുകളെയിറക്കി രാത്രി ബെല്ലാരിയിലേക്ക് മടങ്ങുന്ന ലോറിയില്‍കയറി സ്ഥലം വിടാന്‍ അയാള്‍ തിരുമാനിച്ചത് അങ്ങനെയാണ്. അവിടത്തെ ഖനികളില്‍ കയറി പറ്റിയാല്‍ അത്രയെളുപ്പം ഒരാളെ കണ്ടുപിടിക്കാന്‍ സാധിക്കില്ല.
താഴെ ഇറങ്ങിയതും,കുറ്റിക്കാടിന്‍റെ മറവില്‍ ആരോ നില്‍ക്കുന്നത് പോലെ തോന്നി. ആരെണെന്ന് വ്യക്തമായില്ല.
ആരാ അത്? ജയന്തന്‍ ബീഡിയുടെ പുക വിട്ടു കൊണ്ട് ചോദിച്ചു.
ഒരു നിമിഷം. ആ രൂപം പതുക്കെ വെളിച്ചത്തിലേക്ക് വന്നു. കുറച്ചു സമയമെടുത്തു, ജയന്തന്‍ അയാളെ തിരിച്ചറിയാന്‍……………
പൊട്ടന്‍: ജയന്തന്‍ സ്വയം പറഞ്ഞു.
സ്വല്പം മനോരോഗമുണ്ട്. ബെഞ്ചമിന്‍ ജോസഫ് എന്നാണു പേരെങ്കിലും എല്ലാവരും പൊട്ടനെന്നാണ് അയാളെ വിളിക്കാറ്. അവ്യക്തമായി ചില വാക്കുകള്‍ പറയുമെന്നല്ലാതെ, സംസാരിക്കില്ല. മിക്കപ്പോഴും എന്തൊക്കെയോ ചില ശബ്ദ വീചികള്‍ പുറപ്പെടുവിച്ചുകൊണ്ടേയിരിക്കും. പണ്ട് ഇയാളുടെ ഭാര്യ മേരിയെ കൊന്നിട്ടാണല്ലോ താന്‍ നാട് വിട്ടത് എന്ന് ജയന്തന്‍ പെട്ടെന്നോര്‍ത്തു. കേസില്‍പ്പെട്ട് പൊട്ടന്‍ അറസ്റ്റിലായെങ്കിലും മനോരോഗിയായത് കൊണ്ട് മെന്‍റല്‍ഹോസ്പിറ്റലില്‍ ആക്കുകയായിരുന്നു.
നീ എന്താടാ ഇവിടെ? : ജയന്തന്‍ ചോദിച്ചു. മറുപടിക്കു പകരം, പൊട്ടന്‍റെ പുറകില്‍ പിണച്ചു വെച്ചിരുന്ന കൈ അനങ്ങുന്നത് കണ്ടു. പഴകിയ ഒരു കഠാര. അയാളുടെ കണ്ണുകളിലെ പകയുടെ എരിയുന്ന കനലുകള്‍ ജയന്തന്‍ തിരിച്ചറിഞ്ഞു.
നീ പ്രതികാരം ചെയ്യാന്‍ ഇറങ്ങിയതാണോ? :ബീഡി വലിച്ചെറിഞ്ഞു കൊണ്ട് ജയന്തന്‍ മുന്നോട്ടാഞ്ഞു. എന്നിട്ട് പൊട്ടന്‍റെ ഷര്‍ട്ടിന്‍റെ കഴുത്തില്‍ പിടിത്തമിട്ടുകൊണ്ട്, അവന്‍റെരണ്ടു കരണത്തും പൊട്ടിച്ചു. വേദന കൊണ്ട് പൊട്ടന്‍ കരഞ്ഞു പോയി. അതിനിടയില്‍ അയാളുടെ കയ്യിലെ ആയുധം എങ്ങോട്ടോ തെറിച്ചു പോയി.
നിനക്ക് പ്രതികാരം ചെയ്യണം, അല്ലേടാ നായെ ………………. : താഴെ വീണ പൊട്ടനെ അയാള്‍ ചവിട്ടിക്കൂട്ടി. ഞരങ്ങി കൊണ്ട്,രണ്ടു കയ്യും ഉപയോഗിച്ച് ജയന്തനെ തടയാന്‍ അയാള്‍ ആവും വിധം ശ്രമിച്ചു കൊണ്ടിരുന്നു.
അതേടാ,നിന്‍റെ ഭാര്യയെ ഞാന്‍ തന്നെയാ കൊന്നത്. ഇനിയും ഉണ്ടോടാ, നിന്‍റെ വീട്ടില്‍ കാണാന്‍ കൊള്ളാവുന്ന പെണ്ണുങ്ങള്‍? ഉണ്ടെങ്കില്‍ ഞാന്‍ ഇനിയും വരും. നീയൊന്നും എന്നെ ഒരു ചുക്കും ചെയ്യില്ല…………….. : കലിയടങ്ങാതെ ജയന്തന്‍ ആക്രോശിച്ചു. പൊട്ടന്‍റെ വായില്‍നിന്നും ദേഹത്ത് നിന്നും ചോര വരാന്‍ തുടങ്ങി. എന്നിട്ടും ജയന്തന്‍ നിര്‍ത്തിയില്ല.
ഒരു നിമിഷം. കയ്യിലെടുത്ത ഒരു പിടി മണ്ണ്, ജയന്തന്‍റെ കണ്ണിലേക്കെറിഞ്ഞു കൊണ്ട്, സര്‍വശക്തിയുമെടുത്ത് പൊട്ടന്‍ കുതറി മാറി. ജയന്തന്‍റെ പിടി വിട്ടു. പരിസരം കാണാനാവാതെ അയാള്‍ ഉഴറി.
കണ്ണു തുറന്നപ്പോള്‍ മങ്ങിയ ഒരു നിഴല്‍ അനങ്ങുന്നത് കണ്ടു. അത് അടുത്തേയ്ക്ക് വന്നെങ്കിലും നിന്ന നില്‍പ്പില്‍നിന്ന് മാറാന്‍ അയാള്‍ക്ക് സാധിച്ചില്ല.
അതിനു മുമ്പേ പൊട്ടന്‍റെ കയ്യിലെ കഠാര അയാളുടെ വയറ്റില്‍ ആഴ്ന്നിറങ്ങി. ജയന്തന്‍റെ കണ്ണുകള്‍ പുറത്തേയ്ക്ക് തള്ളി. ഉള്ളില്‍ നിന്ന് പുറത്തേയ്ക്ക് വന്ന ഒരാര്‍ത്ത നാദം തൊണ്ടയില്‍ തന്നെ കുരുങ്ങി.അയാള്‍ പൊട്ടന്‍റെ കയ്യില്‍ ബലമായി പിടിച്ചെങ്കിലും, പൊട്ടന്‍ അത് വലിച്ചൂരിയെടുത്ത് വീണ്ടും അയാളുടെ അടിവയറ്റില്‍ കുത്തിയിറക്കി.സര്‍വ പകയുടെയും ശക്തിയുണ്ടായിരുന്നു അപ്പോള്‍ പൊട്ടന്‍റെ ഓരോ ചലനങ്ങള്‍ക്കും………………അതിനെ നേരിടാന്‍ ജയന്തന്‍ തീര്‍ത്തും നിസ്സഹായനായിരുന്നു.
ജയന്തന്‍റെ പിടച്ചില്‍ കണ്ടപ്പോള്‍ മുന്‍നിരയിലെ പല്ലെല്ലാം കാട്ടി പൊട്ടന്‍ ഇളിച്ചു. ദുര്‍ബലനെന്നു കാഴ്ചയില്‍ തോന്നിപ്പിക്കുന്ന താന്‍, കാരിരുമ്പിന്‍റെ കരുത്തുള്ള ആ പിശാചിനെ വീഴ്ത്തിയിരിക്കുന്നു. അതോര്‍ത്തപ്പോള്‍ പൊട്ടന്‍റെ കണ്ണുകള്‍ തിളങ്ങി.
ജയന്തന്‍ കഠാര ഒരു വിധം ഊരിയെടുത്ത് മുന്നോട്ടാഞ്ഞു. പക്ഷെ അതിനു മുമ്പേ കുടല്‍മാല പുറത്തേക്ക് വരുന്നത് പോലെ തോന്നി അയാള്‍ക്ക്………………….കയ്യിലെ കഠാര താഴെ വീണു. തടയാന്‍ വന്ന പൊട്ടനെ സര്‍വ ശക്തിയുമെടുത്ത് തള്ളി മാറ്റി കൊണ്ട്, വയറ്റില്‍ അമര്‍ത്തിപിടിച്ച്, അയാള്‍ മരങ്ങള്‍ക്കിടയിലൂടെ പ്രാണരക്ഷാര്‍ത്ഥം ഓടി. വീണു പോയ പൊട്ടന്‍, എഴുനേല്‍ക്കുമ്പോള്‍ ജയന്തനെ കണ്ടില്ല. എങ്കിലും അയാള്‍ ഓടിപ്പോയ ദിക്ക് ലക്ഷ്യമാക്കിക്കൊണ്ട് പൊട്ടനും കുതിച്ചു.
കാട് പോലെ കുറ്റിച്ചെടികള്‍ പടര്‍ന്നുകിടക്കുന്നതിന്‍റെ ഇടയില്‍ എവിടെയോവീണു കിടക്കുന്ന ജയന്തനെ കണ്ട്, ഇളിച്ചു കൊണ്ട്, പൊട്ടന്‍ കയ്യില്‍ കിട്ടിയ തടിക്കഷണം കൊണ്ട് അയാളെ മാറി മാറി അടിച്ചു.തടയാന്‍ ആവും വിധം ജയന്തന്‍ ശ്രമിച്ചെങ്കിലും, എതിരാളി അതിശക്തനായിരുന്നു. എങ്കിലും അവസാനം ഒരു വിധം എഴുന്നേറ്റ് അയാള്‍ കാടിന്‍റെ അറ്റം ലക്ഷ്യമാക്കി ഓടി. പൊട്ടന്‍ പുറകെയുണ്ടെന്ന് അയാള്‍ക്കറിയാമായിരുന്നു.എത്ര ദൂരം അങ്ങനെ ഓടിയെന്ന് അയാള്‍ക്ക് തന്നെ അറിയില്ല. അയാളുടെ വസ്ത്രങ്ങളെല്ലാം അപ്പോഴേക്കും ചോരയില്‍ കുതിര്‍ന്നിരുന്നു.കാടിന്‍റെ അവസാനം കണ്ടപ്പോള്‍ അയാളൊന്നു നിന്നു.
മുമ്പില്‍ റെയില്‍പാളമാണ്. ജയന്തന്‍ രണ്ടു വശത്തേക്കും നോക്കി. എങ്ങോട്ടാണ് പോകേണ്ടതെന്ന് അയാള്‍ക്ക് തന്നെ നിശ്ചയമില്ലായിരുന്നു. ദൂരെ എവിടെയോ ട്രെയിനിന്‍റെ ഒച്ച കേട്ട് തുടങ്ങി. പുറകില്‍ എന്തോ അനക്കം തോന്നി തിരിഞ്ഞു നോക്കിയപ്പോള്‍ പൊട്ടന്‍റെ വരവാണ്. വീണ്ടും സര്‍വ ശക്തിയുമെടുത്ത് പാളത്തിന്‍റെ പുറത്തു കൂടി ട്രെയിനിന്‍റെ എതിര്‍ദിശ ലക്ഷ്യമാക്കിജയന്തന്‍ ഓടി. അവസാനം എന്തിലോ തട്ടി അയാള്‍ കമിഴ്ന്നടിച്ച് വീണു. അതും പാളത്തിലേക്ക്…………….ഒന്നു തിരിയുമ്പോഴേക്കും മധുര എക്സ്പ്രസ്സ് അയാളുടെ ശരീരം പല കഷണങ്ങളാക്കി കഴിഞ്ഞിരുന്നു………….എന്നിട്ടും കലി തീരാതെ ആ കഷണങ്ങളെക്കൂടി അത് ചതച്ചരച്ചു കളഞ്ഞു. ചോര ഇറ്റു വീണുക്കൊണ്ടിരുന്ന ഒരു തുണ്ട് മാംസം, പുറകെ ഓടി വന്ന പൊട്ടന്‍റെ മുഖത്തേയ്ക്കും തെറിച്ചു വീണു. അതു തുടച്ചു കളയുമ്പോഴും അയാള്‍ ചിരിച്ചു കൊണ്ടിരുന്നു……. അത് പക്ഷെ കൊലച്ചിരിയായിരുന്നില്ല. മറിച്ച് ആത്മനിര്‍വൃതിയുടെ ചിരിയായിരുന്നു………………..
The End