അവകാശികള്‍

mong-4അപ്പുമണിസ്വാമികള്‍ ഓര്‍മ്മയായതോടുകൂടി പുറം ദേശക്കാരുടെ ഒഴുക്കു നിലച്ചു. വേനലിലെ ഗായത്രിപുഴയുടെ അവസ്ഥയായി ആശ്രമത്തിനും. പുഴയിലെ അവശേഷിക്കുന്ന കുഴി വെള്ളത്തിനു കൂട്ടിരിക്കുന്ന ചാരക്കൊറ്റികളേപോലെ ചുരുക്കം ചിലര്‍ മാത്രം ആശ്രമത്തില്‍ അവശേഷിച്ചു. ആറുവിരല്‍ നാരായണനും പാപ്പാന്‍ പാലുണ്ണിയും ചക്ക വേലായുധനും ഉള്‍പ്പെടുന്ന ശിഷ്യഗണം ചിറകു നഷ്ടപ്പെട്ട പറവകളേപ്പോലെയായി.

ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം തേടിയവര്‍ രാമന്‍ മാഷുടെ സ്വാമികൃപയില്‍ യോഗം ചേര്‍ന്നു.

” ആശ്രമം അനാഥമാകരുത് അപ്പുമണി സ്വാമികള്‍ക്ക് അവകാശികള്‍ ഉണ്ടാവണം ”
രാമന്‍ മാഷ് അഭിപ്രായപ്പെട്ടു.

”പക്ഷെ ആര്?” – തൊണ്ടയിടറിക്കൊണ്ട് ശങ്കരേട്ടന്‍ ചോദിച്ചു. ആ ചോദ്യം എല്ലാവരും ഏറ്റു പിടിച്ചു.
അപ്പുമണിസ്വാമികള്‍ക്ക് അവകാശിയാര്?

ആ ചോദ്ത്തിന് ഉത്തരം കണ്ടെത്തുക എളുപ്പമായിരുന്നില്ല. സ്വാമികളുടെ പത്തു ശിഷ്യന്‍മാരും ഉത്തരമല്ലെന്നു വ്യക്തം. ഉത്തരമാകുമായിരുന്ന പ്രഥമശിഷ്യന്‍ ചന്ദ്രന്‍ കുട്ടി എവിടെയാണെന്നു പോലും ആര്‍ക്കും നിശ്ചയമില്ലല്ലോ.

” ഉത്തരം ഒന്നേയുള്ളു വാസുക്കുട്ടന്‍”

രാമന്‍ മാഷ് ഏറെ നേരത്തെ ആലോചനക്കൊടുവില്‍ അഭിപ്രായപ്പെട്ടു.

വാസുക്കുട്ടന്‍ അപ്പുമണിസ്വാമികളുടെ നേര്‍പെങ്ങളുടെ ഏക സന്തതി.
” പക്ഷെ എം ബി എ കാരനായ ആ പയ്യന്‍ ബാംഗ്ലൂരിലെ ഏതോ സ്ഥാപനത്തില്‍ മനേജരോ മറ്റോ ആണല്ലോ”

ശങ്കരേട്ടന്റെ മകന്‍ ജയദേവന്‍ ഇടപെട്ടു.

” ശരിയാണ് പക്ഷെ ഉത്തരം അതുമാത്രമാണ്.” രാമന്‍ മാഷ് ഒന്നു നെടുവീര്‍പ്പിട്ടു.

എം ബി എ കാരനായ വാസുക്കുട്ടന്‍ അപ്പുമണി സ്വാമികള്‍ക്ക് പകരക്കാരനാവുക ! അത് നടക്കുന്ന കാര്യമല്ലെന്ന് മിക്കവരും അഭിപ്ര്രായപ്പെട്ടു .

” അസാധ്യമായി ഒന്നുമില്ല നമുക്കൊരു ശ്രമം നടത്തിയാലോ?”

രാമന്‍ മാഷ് ഓരോരുത്തരേയും മാറി മാറി നോക്കി .

” അവന്‍ ആട്ടി കണ്ണു പൊട്ടിക്കും” ജയദേവന്‍ തറപ്പിച്ചു പറഞ്ഞു.

” മുന്‍വിധി വേണ്ട വാസുക്കുട്ടന്‍ ഇപ്പോള്‍‍ വീട്ടിലുണ്ടാകും ” പൂജാരി മുന്നോട്ടു വന്നു പറഞ്ഞു.

” എങ്കില്‍ ഇന്നു തന്നെ നമുക്ക് വാസുക്കുട്ടനെ ചെന്നു കാണാം..” രാമന്‍ മാഷ് എഴുന്നേറ്റുകൊണ്ട് പറഞ്ഞു. ഒപ്പം മറ്റുള്ളവരും എഴുന്നേറ്റു.

” രാമന്‍ മാഷു തന്നെ മുന്നില്‍ നടക്കുക ഞങ്ങള്‍ ഒപ്പമുണ്ടാക്കും” പൂജാരി ആവേശത്തോടെ പറഞ്ഞു.

യോഗനടപടികള്‍ ധൃതിയില്‍ പൂര്‍ത്തിയാക്കിയ ശേഷം രാമന്‍ മാഷും സംഘവും യാത്രക്കൊരുങ്ങി.

” ശകുനം ഉത്തമം” – പാലുമായി വന്ന മായപ്പന്റെ മകള്‍ കനകമണിയെ നോക്കി പൂജാരി അഭിപ്രായപ്പെട്ടു.

പൂജാരിയുടെ നാവ് പൊന്നാവട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് രാമന്‍ മാഷും സംഘവും പടിയിറങ്ങി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here