അവകാശസമത്വമതായിടട്ടെ
അപരന്നു നൽകുന്നൊരാദരവ്
വർഗവർണ ജാതിക്കതീതമാകണം
വർണ്ണ പ്രകർഷംമൊഴിമാറ്റിടാൻ
തമസ്സിൻ തീഷ്ണതയേ വെളിച്ചപ്പൊലിമ
വെൺമതിക്കാധാരം കട്ടക്കറുപ്പ്
കറുത്തവൻ കാരിരുമ്പൊത്തവൻ
വെളുപ്പിൻ കുടിലതയ്ക്കിരയാവൻ
അവനുമുണ്ടർഹതയവനിയിൽ പ്രാണന്
അല്ലലില്ലാതെ ജൻമമാസ്വദിക്കാൻ
പുഴുക്കൾ നുരക്കും ശ്വേതമാം കാൽമുട്ടിനാൽ
പിഴുതെടുത്തു നീ ആ ജീവതാളത്തെ
ഇല്ലൊരവകാശമീഭൂവിലപരനെ നോവിച്ചിടാൻ
ഇരുട്ടില്ലാതൊരു വെളിച്ചമില്ല
ശ്യാമനും ശ്വേതനും മനുവായ് ജനിക്കണം
ശാന്തനായ് മാനവോചിതം രചിച്ചിടാൻ