(കേരളത്തെ ഗ്രസിച്ച മഹാപ്രളയം ഒരു താക്കീതും ഒപ്പം മനുഷ്യ നന്മയുടെ തിരിച്ചറിവും ആയിരുന്നു. ഈ പ്രളയം ഒട്ടേറെ പാഠങ്ങള്‍ നമ്മെ പഠിപ്പിച്ചു. അവയിലേക്കുള്ള ഒരെത്തി നോട്ടമാണ് കെ കെ പല്ലശ്ശനയുടെ ‘പൂജ്യം കൊണ്ടുള്ള ഗുണനം’ എന്ന ഇരുപത്തിയഞ്ചു ചെറുകഥകളുടെ സമാഹാരം.അതില്‍ മൂന്നാമത്തെ കഥ)
” അമ്മേ , സ്കൂളടച്ചു . ഇനി പത്തീസം കഴിഞ്ഞേ തുറക്കൂ” ഓണാവധിക്ക് സ്കൂളടച്ചതിന്റെ ആഹ്ലാദം മാളവികയുടെ മുഖത്തു നിന്നും വായിച്ചെടുക്കാമായിരുന്നു.
” നന്നായി”
അമ്മ എന്തോ ഓര്‍ത്ത് അങ്ങനെ തന്നെ നിന്നു.
” അമ്മേ നാളെ ഞാനും സുധേച്ചിയും കൂടിയാ മുറ്റത്തു പൂക്കളമിടുന്നത്” അമ്മയോടൊപ്പം അകത്തേക്കു നടക്കുമ്പോള്‍ അവള്‍ പറഞ്ഞു.
” അതു നാളെയല്ലേ നീയിപ്പോള്‍ കൈയും മുഖവും കഴുകി വല്ലതും കഴിക്കാന്‍ നോക്ക്” അമ്മ അടുക്കളയിലേക്കു ചെന്നു .
പൂക്കളും പൂക്കളവും സ്വപ്നം കണ്ട് മാളവിക ഉറക്കത്തിലേക്കു വീണു.
” മാളൂ എണ്ണീക്ക് ” അര്‍ദ്ധരാത്രിയോടെ അമ്മ അവളെ തട്ടിയുണര്‍ത്തി.
” വീട്ടില്‍ വെള്ളം കയറി ഉടനെ ഇവിടെ നിന്നും മാറണം” അമ്മ അവളെയുമെടുത്ത് ധൃതിയില്‍ പുറത്തിറങ്ങി.
” നമ്മള്‍ എങ്ങോട്ടാ അമ്മേ പോകുന്നത്?”ഉറക്കച്ചടവോടെ അവള്‍ ചോദിച്ചു.
” നിന്റെ സ്കൂളിലേക്ക്”
പടിയടക്കാന്‍ പോലും നില്ക്കാതെ അവളെയും കൊണ്ട് അമ്മ ഓടാന്‍ തുടങ്ങി.