ഞാനൊരിക്കലും ആത്മകഥയെഴുതണമെന്ന് ഉദ്ദേശിച്ചിട്ടില്ല. പലരും അതിന് പ്രേരിപ്പിച്ചിരുന്നെങ്കിലും ചെറുപ്പം മുതലേ സുഹൃത്തായ ഞായത്തു ബാലന് മാഷാണ് വിടാതെകൂടി ഉത്സാഹിച്ച് ഇങ്ങനെയൊരോര്‍മ്മക്കുറിപ്പ് എഴുതി പൂര്‍ത്തിയാക്കിയത്. ഇതിന്റെ പ്രസിദ്ധീകരണത്തില്‍ കാര്യമായി പരിശ്രമിച്ചത് മാന്യസുഹൃത്ത് എം.പി. സുരേന്ദ്രന് (മാതൃഭൂമി, തൃശൂര്‍) ആണ്. സപ്തതിയാഘോഷത്തോടൊപ്പംതന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശഃ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ആഴ്ചപ്പതിപ്പിന്റെ പത്രാധിപസമിതിയിലെ കമല്‍റാം സജീവ്, ഡോ. എം.ആര്. രാജേഷ് തുടങ്ങിയവരും അങ്ങേയറ്റം സഹായിച്ചിട്ടുണ്ട്. ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുമ്പോള്‍ ഓര്‍മ്മകളേക്കാള്‍ ആകര്‍ഷണീയമായിരുന്നു ആര്‍ട്ടിസ്റ്റ് മദനന്റെ ചിത്രങ്ങള്‍. പലരും എന്നോട് അതിനെപ്പറ്റി പ്രശംസിച്ചുപറയുകയുണ്ടായി. സൂക്ഷ്മനിരീക്ഷണത്തിനുവേണ്ടി കഥകളി വേദികളിലും എന്റെ വീട്ടിലുമൊക്കെ നേരിട്ടുവന്ന് മദനനും സുഹൃത്ത് ശ്യാമും വളരെ ബുദ്ധിമുട്ടിയിട്ടുണ്ട്.
എന്റെ എല്ലാ ഉയര്‍ച്ചയ്ക്കും കാരണഭൂതന്മാരായ ഗുരുനാഥന്മാര് കലാമണ്ഡലം രാമന്‍കുട്ടിനായരാശാനും യശഃശരീരനായ കലാമണ്ഡലം പത്മനാഭന്‍നായരാശാനുമാണ്. അവരില്‍ മുഖ്യനായ കലാമണ്ഡലം രാമന്കുട്ടിനായരാശാന് തന്നെയാണ് അനുഗ്രഹാശിസ്സുകളോടെ ഈ പുസ്തകം അവതരിപ്പിക്കുന്നത്. ഇത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ ആത്മാര്‍ത്ഥമായി സഹകരിച്ചത് മാതൃഭൂമിയുടെ പ്രസിദ്ധീകരണവിഭാഗമാണ്. ഇവരോടെല്ലാം എനിക്കുള്ള അകൈതവമായ നന്ദി രേഖപ്പെടുത്തിക്കൊണ്ട് എന്റെ ഈ പച്ചയായ ഓര്‍മ്മകള്‍ എന്റെ മാതാപിതാഗുരുക്കന്മാരുടെയും ശ്രീ ഗുരുവായൂരപ്പന്റെയും പാദാരവിന്ദങ്ങളില്‍ സമര്‍പ്പിച്ചുകൊള്ളുന്നു.
-കലാമണ്ഡലം ഗോപി