വിനീത ചന്ദ്രൻ
മരണത്തിന്റെ കാവൽക്കാരൻ
ഇടവഴിയിലെ ഇരുട്ടിൽ തപ്പിത്തടഞ്ഞ് വറീത് മുന്നോട്ടു നടന്നു. അയാൾക്കു പിറകിൽ തെരുവോരത്തെ വിളക്കുകൾ കണ്ണടച്ചുറങ്ങി. ആകാശത്തിൽ ഏതോ സ്വപ്നം കണ്ടുപാതിയടഞ്ഞ കണ്ണുകൾ ചിമ്മി നക്ഷത്രങ്ങൾ താഴോട്ടു നോക്കി, അവർ വറീതിനെ കണ്ട് പുഞ്ചിരിച്ചു. കാൽച്ചുവട്ടിൽ ഉണങ്ങിയ കരിയിലകൾ ഞെരിഞ്ഞ് കരകരാ ശബ്ദമുണ്ടായി. അത്യുന്നതനായ ദൈവം ആദിയിൽ ആകാശവും ഭൂമിയും സൃഷ്‌ടിച്ചു. പിന്നെ കോളനിയുടെ ഒരു മൂലയിൽ വറീതിനെയും. വറീത്, ഒരു കുഞ്ഞാടിനെപ്പോലെ നിഷ്‌കളങ്കൻ. കണ്ണിൽ തറക്കുന്ന ഇരുട്ടിന്റെ കരിമ്പടക്കെട്ട് കൈകൾ കൊണ്ടുവകഞ്ഞുമാറ്...