വിമലൻ എ.
ഇന്ത്യയും പ്രായോഗിക സോഷ്യലിസവും
ഇന്ത്യയിലെ ഇന്നത്തെ സാഹചര്യത്തിൽ സോഷ്യലിസം പ്രായോഗികമല്ല എന്ന ജ്യോതിബസുവിന്റെ പ്രസ്താവന ഏറെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരിക്കുന്നു. നവമുതലാളിത്തത്തിന്റെ കൂട്ടിക്കൊടുപ്പുകാരന്റെ അവസ്ഥാഭേദമായി ഈ പ്രസ്താവനയെ ചിത്രീകരിക്കാൻ പലർക്കും മടി കണ്ടില്ല. അദ്ദേഹത്തിന്റെ വാദഗതികളെ പിന്തുണച്ചും അഭിപ്രായങ്ങൾ ധാരാളം. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ നേരിടുന്ന സൈദ്ധാന്തികമായ ഒരു പ്രതിസന്ധിയാണ് ബസുവിന്റെ പ്രസ്താവന സൃഷ്ടിച്ച കോലാഹലം എന്ന് അടിസ്ഥാനപരമായി വ്യാഖ്യാനിക്കാൻ സാധിക്കും. കാഴ്‌ച്ചപ്പാടുകളിലെ ഭിന...