ഉണ്ണികൃഷ്‌ണൻ, പുതൂർ
ഞാനെന്തിന് എഴുതുന്നു?
ഞാനെന്തിന് എഴുതുന്നു എന്ന ചോദ്യത്തിനുത്തരം സ്വന്തം അസ്‌തിത്വത്തെ നിലനിർത്തുന്നതിനുവേണ്ടിയുളള പ്രയത്‌നമെന്ന് ചുരുക്കിപ്പറയാവുന്നതാണ്. എനിക്കിപ്പോൾ എഴുപത് വയസ്സ് പിന്നിട്ടിരിക്കുകയാണ്. പത്തൊമ്പതാമത്തെ വയസ്സിൽ 1952-ൽ കരയുന്ന കാൽപ്പാടുകൾ എന്ന ആദ്യപുസ്‌തകം പുറത്തുവന്നു. ഞാനൊരു എഴുത്തുകാരനായി എന്ന ധാരണ എന്റെ ഉളളിൽ വേരോടി. എന്തിന് ഞാനെഴുതി എന്ന ചോദ്യം അന്നും ഇന്നും ഒരുപോലെ പ്രസക്തമാണ്. എനിക്ക് എന്റേതായ ഒരു സ്ഥിര മേൽവിലാസം ഉണ്ടാകണം എന്ന് നന്നേ ചെറുപ്പത്തിലേ ആഗ്രഹിച്ചു. വലിയവരെന്ന് കരുതുന്നവര...