സൗഷ കെ ബി
ഒരു യാത്രാമൊഴി
നിറമാര്‍ന്ന കനവുകള്‍ക്ക് വിലങ്ങു തീര്‍ത്ത്,
സുഖഭോഗങ്ങള്‍ക്കു നേരെ മിഴികളടച്ച്,
രാജ്യത്തിന് സുഖ നിദ്രയേകി,
ഉറക്കമില്ലാത്ത രാത്രികള്‍ കടന്ന് ,
ഉറ്റവരില്‍ നിന്നകലെ കാലം കഴിക്കുമ്പോഴും,
ശ്വാസത്തില്‍ രാജ്യസ്നേഹമെന്ന താളം മാത്രം.
മാതൃരാജ്യത്തിന്‍ സുരക്ഷയാം കര്‍മത്തിന്‍,
ഉത്തംഗശൃംഗത്തില്‍ നിന്ന് ,
ഭൂമിയാം അമ്മ തന്‍ മാറിലേക്ക്,
ജീവന്‍ ബലിയര്‍പ്പിച്ച
ധീര സൈനികര്‍ക്കായ്
ആത്മാവിന്‍ തൂലികയാല്‍
ഹൃദയമിടിപ്പിന്‍ ശ്രുതിയില്‍
ഇതാ ഒരു യാത്രാമൊഴി.
ഗുരുപ്രസാദം
എന്നാത്മാവിന്‍ പ്രകാശത്തില്‍ കണ്ടു
കാവ്യവാസനയാം പൈതല്‍
സുഷുപ്തിയിലാണ്ടു കിടക്കുന്നു.
എന്റെ ഉണര്‍ത്തുപാട്ടുകള്‍
വിഫലമായ് പതിറ്റാണ്ടുകളോളം
ഒരു നിയോഗമായ്, ഗുരുസ്ഥാനീയയാം
സുഹൃത്ത് മുന്നിലണഞ്ഞു .
കാവ്യ വാസനയാം ശിശുവിനെ
ജ്ഞാനത്താലുണര്‍ത്തി.
പൈതലിന്‍ തേജസ്സാല്‍ ,
ആത്മാവിന്‍ തെളിച്ചമേറുമ്പോള്‍
അസ്തിത്വ ബോധത്തിന്നുള്ളം തുറന്നു .
മനുഷ്യരാശിക്കായുള്ള പരിവേദനങ്ങള്‍-
ആത്മസംഘര്‍ഷങ്ങള്‍-
വാക്കുകളായ്, വരികളായ്,
ഇനി പിറക്കട്ടെയെന്ന്
...
മാനവികതയുടെ പുതിയ മുഖം
മഹാമാരി സമൂഹത്തില്‍,
വിത്തു വിതക്കുമ്പോള്‍ വിളയുന്നത്,
മരണവും ഭീതിയും ; മനുഷ്യമനസുകളുടെ
വെളിപാടുകളും കൂടിയാണ്.
നിസഹായതയുടേയും ഭയത്തിന്റെയും ,
ആലയില്‍ മനുഷ്യഹൃദയം ഉരുകി-
പരിണാമം പ്രാപിക്കുന്നു.
ഒരു സൂക്ഷ്മാണുവിന്‍ മുന്നില്‍,
പണ്ഡിതനും പാമരനും,
രാജാവും പ്രജയും സമന്മാര്‍
മൂല്യച്യുതിയേറിയ മാനവികതയുടെ
പുതിയ രൂപത്തിന്‍ ജ്ഞാനസ്നാനം
നടക്കവേ, കുമ്പസാരക്കൂടിനു മുന്നില്‍
തിരക്കേറുന്നു.
മാനവികതയുടെ ഈ രൂപം വളര്‍ന്ന്,
വന്‍ ശക്തിയായ് മാറുമെങ്കില്‍
നന്മ നിറഞ്ഞ സമൂഹപ്പിറവിക്കായ്
കാതോര്‍ക്കാം...
ഒരമ്മതന്‍ താരാട്ടീന്നീരടി
അമ്മയാം ഉണ്മയില്‍ ,
ഉദിച്ച മുത്തേ....
അച്ഛന്റെ ഉയിരില്‍,
പിറന്ന കുരുന്നേ...
ജീവന്റെ ജീവനാം,
പെണ്‍ വാവേ...
ജന്മസാഫല്യമായ്,
നീ വന്നു കൂടെ...
നന്മതന്‍ നിറവായ്,
വളരുക പൊന്നേ..
അധര്‍മ്മത്തിന്‍,
നിഷ്ഠൂര കാഴ്ചയില്‍
തളരാതെ, പതറാതെ,
മുന്നേറുക നീ...
കരുത്തിന്‍ ജ്വാലയായ്,
ഉയരുക നീ..
ദൈവകൃപയാല്‍,
തെളിയട്ടെ നിന്‍ മനം ...
താരാട്ടിന്നീണമായ് ,
ഞാനുണ്ട് കൂടെ....
ഞാന്‍
പട്ടിണിക്കോലങ്ങളുടെ
വിശപ്പില്‍ ഞാനുണ്ട്
രോഗാതുരതയുടെ
പീഡയില്‍ ഞാനുണ്ട്
നഷ്ടം മാത്രമുള്ളവന്റെ
തേങ്ങലില്‍ ഞാനുണ്ട്
അനാഥ ബാല്യങ്ങളുടെ
അമ്പരപ്പില്‍ ഞാനുണ്ട്
ജീവന്‍ ബലിയാക്കിയവന്റെ
ആത്മാവില്‍ ഞാനുണ്ട്
പീഡിപ്പിക്കപ്പെട്ടവളുടെ
നഷ്ട സ്വപ്നങ്ങളില്‍ ഞാനുണ്ട്
മരിക്കുന്ന നദികളുടെ
വിങ്ങലില്‍ ഞാന്‍ ഉണ്ട്
വിശപ്പിന് അന്നം നല്‍കിയ
കനിവില്‍ ഞാനുണ്ട്
അനീതിക്കെതിരെ പടവാളോങ്ങിയ
ധാര്‍മ്മിക രോഷത്തില്‍ ഞാനുണ്ട്
അദ്ധ്യാപനം തപോനിഷ്ഠയാക്കും
കര്‍മ്മബോധത്തില്‍ ഞാനുണ്ട്
ആതുര സേവനം വ്രതമാക്കിയ
മൃദുലഹൃദയങ്...