ശിവൻ. ടി
ജീവിതം
ഒന്നും മിണ്ടാത്തൊരു
യാത്ര
ഒരിക്കലും കാണാത്തൊരു കാറ്റ്.
തിരിഞ്ഞു നോക്കാൻ
പറ്റാത്ത കണ്ണ്
ചവിട്ടി മെതിച്ച്
വളരാൻ മറന്ന
പുല്ല്.
ഊഞ്ഞാലാടാൻ
കൊതിക്കുന്ന
ഓണത്തുമ്പിയുടെ
നിസ്സഹായത.
കരയാൻവേണ്ടി മാത്രം
കണ്ണീർ സൂക്ഷിക്കുന്ന
വറ്റിവരളുന്ന അക്ഷരങ്ങൾ
വയ്യായ്കയിൽ
വാനോളം ഉയരുന്ന
സ്വപ്നങ്ങൾ
ആർക്കാനുംവേണ്ടി
ഓക്കാനിക്കുന്ന
കപടതയുടെ
വഴുവഴുപ്പുകൾ
എല്ലാമെല്ലാം എനിക്കെന്നോതിയ
സ്വപ്നങ്ങളിൽ
മുങ്ങി മറിയുന്ന
ജീവിതം...
നീതി തേടുന്നവർ
സ്വപ്നങ്ങൾ പുതുക്കി പണിയേണ്ടതുണ്ട്
കാലപ്പഴക്കത്താൽ
ചിതലരിച്ചു പോകുന്നുണ്ട്
ചിലതെല്ലാം
കരഞ്ഞുതീർത്തവർക്കൊന്നും
കണക്കെഴുതാൻ
പുസ്തകതാളുകളുണ്ടായിരുന്നില്ല
നേർവരയിൽ ഒന്നും തെളിയാതെ
എഴുതിയതാണത്രേ
വീരവചനങ്ങളായത്
സത്യത്തിന്റെ വിലയറിയാൻ
എഴുത്താണി ഇപ്പോഴും
ആരെയോ കാത്തിരിക്കയാണ്
നീതി ദേവതയെ
കാണാൻ പോയവർ
വട്ടംക്കൂടിനിൽപ്പാണ്
ആരാണ് വാതുറന്നതെന്ന
ചോദ്യത്തിനുത്ത രമില്ലാതെ
തളർന്നിരിപ്പാണ്
അവരിപ്പോഴും
സത്യം തീർപ്പാകാതെ
കിടപ്പാണ്
എവിടെയോ ഒരു
ഉണർത്തുപ്പാട്ട്
കേൾക്കുന്നുണ്ട്...