ഷിജു എസ്. ബഷീർ
ഉറക്കം മുറിഞ്ഞവരുടെ തെരുവ്
വറുത്ത നിലക്കടലയുടെയും വാടിയമുല്ലപ്പൂവിന്റെയും ഗന്ധമഴിച്ചുവെച്ച് നഗരമുറങ്ങുമ്പോഴും ഉണ്ണാതെയുറങ്ങാതെയിരുപ്പുണ്ട് ജനാലക്കു പിന്നിലൊരു വിരൽതുമ്പ്..... മരിച്ചവന്റെ ഫോട്ടോയ്‌ക്ക് പിന്നിൽ ഇണചേരാതെ പിണങ്ങിയിരിക്കുന്ന പല്ലികൾ ഇഴഞ്ഞു കയറാൻ ചുവരുകളില്ലാതെ വഴി തിരയുന്ന ഉറുമ്പുകൾ അവ മാത്രം അറിയുന്നുണ്ടാവണം ഉറക്കം മുറിഞ്ഞ രണ്ടു കണ്ണുകളിലെ ഏകാന്തത. ചായപ്പെൻസിലുകൾ നിറയെ വരഞ്ഞ ഭിത്തികളിൽ ചിത്രശലഭങ്ങൾ ഒരു ചിറകിൻ കടലും മറു ചിറകിൽ മരുഭൂമിയും കൊണ്ട് പറക്കുവാൻ കഴിയാതുറഞ്ഞു പോകുന്നു. ഇരുട്ട് മൂടിയ അഴികൾക്കി...