സെർഗേയ് അന്തൊനോവ്
ഷീഗ്ലോവോ റയിൽവേസ്‌റ്റേഷൻ
പാസ്സഞ്ചർ ട്രെയിൻ കടന്നുപോയി - എന്ന സിഗ്‌നൽ റെയിൽവേക്രോസിംഗിൽ നിന്നും ലഭിച്ചതിനെ തുടർന്ന് സ്‌റ്റേഷൻ മാസ്‌റ്റർ വാസിലി ഐവാനോവിച്ച്, തന്റെ ഡസ്‌കിൽ നിന്നും എഴുന്നേറ്റു. സമയം 2.30 ആയിരുന്നു. ഉരുണ്ട ഈയ തകിടിന്റെ പ്രതിഫലനമറയുള്ള ഒരു പാരഫിൽ വിളക്ക് ആ ഡ്യൂട്ടി റൂമിന് മങ്ങിയ വെളിച്ചമേ നൽകിയിരുന്നുള്ളൂ. ഷേഡിനുപകരം പുകപിടിച്ച ചില്ലിനു മുകളിൽ മുഷിഞ്ഞ കടലാസുകഷണം വച്ചിരുന്നത് ചുരുണ്ടുകൂടി കടലാസ് കത്തുന്ന മണം മുറിയിലെമ്പാടും പരന്നിരുന്നു. ഉത്തരത്തിനു താഴെ കൂടി അങ്ങോട്ടുമിങ്ങോട്ടും സാവധാനം പറന്ന ഒരു വണ്...