Seena N
നിയന്ത്രണരേഖ
എനിക്കും നിനക്കുമറിയാം
നമുക്കിടയിൽ
അകലമൊട്ടുമില്ലെന്ന്
എങ്കിലും നാം വിശ്വാസത്തിന്റെ
ഇരുകരകളിൽ പാർക്കുന്നു.
കാഴ്ചക്കുത്തേൽക്കാതിരിക്കാൻ
ഇടയിലൊരു കടൽ സൃഷ്ടിക്കുന്നു
വാക്കിൽ ചിരിയിൽ നോട്ടത്തിൽ
ഒരു കയം സൂക്ഷിക്കുന്നു.
ഇരുളിൽ ഉടലും മനസ്സും
പകുത്ത് നൽകുമ്പോൾ നൽകുമ്പോൾ
ഉടഞ്ഞ താരാട്ട് പൊതിഞ്ഞു വാങ്ങുന്നു
അകം പിടക്കുന്നു.
അപരം
ആകാശത്തുനിന്ന്
വരണ്ട നാവിലേക്ക്
ഒരു തേൻ തുള്ളി
ഏഴു കാലങ്ങൾ
പകർന്നാടുന്നു
ഒരു ചില്ലു കഷ്ണം
ഉടഞ്ഞു വീഴുന്നോ
ചിതറിയ പൊട്ടുകൾ
നിറഞ്ഞു തൂവുന്നു
ഒരായിരം ബിംബങ്ങൾ
നിറപ്പകർച്ചകൾ
നീ
പിന്നെ
ഞാൻ